Image

ഏകീകൃത വില നിശ്ചയിക്കണം; കേന്ദ്ര വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സോണിയയും മമതയും

Published on 22 April, 2021
ഏകീകൃത വില നിശ്ചയിക്കണം; കേന്ദ്ര വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സോണിയയും മമതയും

ന്യൂഡല്‍ഹി: പുതിയ വാക്‌സിന്‍ നയം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തി രാജ്യത്തുടനീളം കോവിഡ് വാക്‌സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും ഇരുവരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

പുതിയ വാക്‌സിന്‍ നയം കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ ദുരിതം കൂടുതല്‍ വഷളാക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു. ഉയര്‍ന്ന തുക നല്‍കി വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ രാജ്യത്തെ പൗരന്‍മാരെ നിര്‍ബന്ധിതമാക്കുന്നതാണ് പുതിയ വാക്‌സിന്‍ നയം. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സോണിയ ചൂണ്ടിക്കാണിച്ചു. പുതിയ വാക്‌സിന്‍ നയത്തെ ഏകപക്ഷീയവും വിവേചനപരവും എന്നാണ് കത്തില്‍ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.

വാക്‌സിന് രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാര്‍ ഏകീകൃത വില നിശ്ചയിക്കണം. കഴിഞ്ഞ വര്‍ഷം കോവിഡ് തീര്‍ത്ത കഠിനമായ പാഠങ്ങളും ജനങ്ങളുടെ ദുരിതവും തിരിച്ചറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയവും വിവേചനപരവുമായ നയം പിന്തുടരുന്നത് ആശ്ചര്യകരമാണെന്നും സോണിയ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന പുതിയ വാക്‌സിന്‍ നയത്തെ മമത ബാനാര്‍ജിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒരു രാജ്യം ഒരു പാര്‍ട്ടി ഒരു നേതാവ് എന്ന് എല്ലായിപ്പോഴും വിളിച്ചുപറയുന്ന ബിജെപി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള കോവിഡ് വാക്‌സിന് ഒരേ വില ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു. ജാതി, മതം, പ്രായം, പ്രദേശം എന്നിവ കണക്കിലെടുക്കാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍ ആവശ്യമാണ്. കേന്ദ്രമാണോ സംസ്ഥാനമാണോ പണം നല്‍കുന്നതെന്ന് നോക്കാതെ വാക്‌സിന് ഒരേ വില നിശ്ചയിക്കണമെന്നും മമത ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക