Image

ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി മേധാവി

Published on 22 April, 2021
ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി മേധാവി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പല ചെറിയ ആശുപത്രികളും ഓക്‌സിജന്‍ ക്ഷാമവും രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത കുഴപ്പങ്ങളും കാരണം വീര്‍പ്പുമുട്ടുകയാണ്. ആശുപത്രിയിലെ സ്ഥിതി വിവരിക്കുമ്ബോള്‍ ഡല്‍ഹിയിലെ ശാന്തി മുകുന്ദ് ആശുപത്രി സി.ഇ.ഒ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ വിവരിച്ച്‌ കരഞ്ഞുപോയി. കേവലം രണ്ട് മണിക്കൂര്‍ നേരത്തേക്കുള‌ള ഓക്‌സിജന്‍ മാത്രമാണ് ബാക്കിയായുള‌ളതെന്ന് ആശുപത്രി സി.ഇ. ഒ സുനില്‍ സഗ്‌ഗര്‍ അറിയിച്ചു.

ഡിസ്‌ചാര്‍ജ് ചെയ്യാന്‍ ആരോഗ്യമുള‌ളവരെയെല്ലാം ഡിസ്‌ചാര്‍ജ് ചെയ്യാനാണ് ഡോക്‌ടര്‍മാരോട് പറഞ്ഞത്. നിലവില്‍ രോഗികള്‍ക്ക് മിതപ്പെടുത്തി മാത്രമേ ഓക്‌സിജന്‍ നല്‍കാനാകുന്നുള‌ളൂ. '110 രോഗികളാണ് ഓക്‌സിജന്‍ സഹായത്തോടെ ചികിത്സ തുടരുന്നത്. ഇതില്‍ 12 പേര്‍ വെന്റിലേ‌റ്ററിലാണ്. 5 ലി‌റ്റര്‍ ഓക്‌സിജന്‍ നല്‍കേണ്ട രോഗികള്‍ 85 ആണ്. കൊവിഡ് രോഗികള്‍ക്ക് പുറമേ ക്യാന്‍സര്‍ രോഗികളും ഹൃദ്യോഗികളുമെല്ലാമുണ്ട് ഓക്‌സിജന്‍ വേണ്ടവര്‍. ഇവരുടെയെല്ലാം ജീവന്‍ നിലനിര്‍ത്താന്‍ ബാദ്ധ്യസ്ഥരാണ് ഞങ്ങള്‍ ഡോക്‌ടര്‍മാര്‍. പക്ഷെ ആ ഞങ്ങള്‍ക്ക് ഇവിടെ അതിന് കഴിയാത്തത് വലിയ നിര്‍ഭാഗ്യമാണ്.' ഡോ. സുനില്‍ സഗ്‌ഗര്‍ കണ്ണീരോടെ പറയുന്നു.

700 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഡല്‍ഹിയില്‍ പ്രതിദിനം വേണ്ടത്. 378 മെട്രിക് ടണ്ണാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് 480 മെട്രിക് ടണ്ണായി കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പല ആശുപത്രികളും സര്‍ക്കാരില്‍ നിന്ന് പേരിനുപോലും ഒരു സഹായവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലി‌റ്റി ആശുപത്രിയില്‍ രണ്ടര മണിക്കൂറത്തേക്കുള‌ള ഓക്‌സിജന്‍ മാത്രമാണുള‌ളത്. ഇവിടെ 900 രോഗികളാണുള‌ളത്.




സരോജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സ്‌റ്റോക് രണ്ട് മണിക്കൂറത്തേക്ക് മാത്രമാണുള‌ളത്. ഓക്‌സിജന്‍ വിതരണത്തിന് കോടതിയുടെ സഹായം തേടിയത് സരോജ് ആശുപത്രിയാണ്. 70 ശതമാനം രോഗികള്‍ക്കും ഓക്‌സിജന്‍ ആവശ്യമാണെന്ന് കാട്ടി ഡല്‍ഹി ഹൈക്കോടതിയിലാണ് ആശുപത്രി അധികൃതര്‍ ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക