Image

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

Published on 19 April, 2021
നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

1930-ൽ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണം കഷ്ടപ്പെട്ടു നട്ടം തിരിയുന്ന ഒരുകൂട്ടം വെള്ളക്കാരുടെ കുടുംബത്തിന്റെ കഥയാണ് ‘The Grapes of Wrath’ എന്ന നോവൽ. സർക്കാരിന്റെ സഹായ ഹസ്തങ്ങൾ കിട്ടാത്തതു കൊണ്ട് പൊടിക്കാറ്റിനെയും വരൾച്ചയും അതിജീവിക്കുക എന്ന ലക്ഷ്യം വെച്ച് ഒക്കലഹോമ  സംസ്ഥാനം വിട്ട് ഓറഞ്ചു വിളയുന്ന കാലിഫോര്ണിയയിലേക്ക് കാളവണ്ടിയിൽ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് രക്ഷപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥ. അതെ നോവലിനെ അധികരിച്ചു ഹോളിവുഡിൽ ഇറങ്ങിയ ഒരു ക്ലാസിക് സിനിമയാണ് ബെസ്ററ് ഡയറക്ടർ ആയി ജോൺ ഫോർഡ് എന്ന സംവിധായകന് 1941- ഓസ്കാർ നേടിക്കൊടുത്ത ‘ദി ഗ്രേപ്സ്   ഓഫ് റാത്ത്.’

ജീവിച്ചുവളർന്ന പ്രദേശം വിട്ടൊഴിഞ്ഞു ദേശാന്തഗമനം നടത്തുന്ന മനുഷ്യരുടെ ജീവിതം. സിനിമ ഇറങ്ങിയതിനു ശേഷം 1962-ലാണ് സ്റ്റെയിൻൻബെക്കിന്റെ ആ നോവലിന്‌ നൊബേൽ സമ്മാനം കിട്ടുന്നത്. ജനിച്ചുവളർന്ന പ്രദേശം ഉപേക്ഷിക്കുക എന്ന സങ്കടകരമായ സത്യം  അത് വിളിച്ചോതി.

കലാകാരന്മാർ അവർ ജീവിക്കുന്ന ലോകത്തെ അടയാളപ്പെടുത്താറുണ്ട്‌. അമേരിക്കൻ ജനതയെ കരിവാരിത്തേക്കുന്ന സിനിമ എന്നുപോലും ഈ സിനിമയെ വെള്ളക്കാർ അന്ന് വിമർശിച്ചു. നമ്മൾ കണ്ട ‘സ്ലം ഡോഗ് മില്ലിനിയർ’ എന്ന സിനിമയ്ക്ക് ഇന്ത്യയുടെ ദാരിദ്രം പുറത്തു പ്രദർശിപ്പിക്കുന്നു എന്ന് പഴി കേട്ടതു പോലെ. 

ബെസ്റ്റ് ഡയറക്ടർ, സപ്പോർട്ടിങ് ആക്ട്രസ്സ്‌ എന്നീ അവാർഡുകളിൽ ഒതുങ്ങി നിന്നുവെങ്കിലും ഇന്നും അമേരിക്കയിലെ എതൊരു ക്ലാസ് മുറിയിലും പ്രദശിപ്പിക്കുന്ന ക്ലാസിക് സിനിമയാണ് ‘ദി ഗ്രേപ്സ് ഓഫ് റാത്ത്.’
അമേരിക്ക പോലെയുള്ളൊരു സമ്പന്ന  രാജ്യത്ത് ജനങ്ങൾ ‘ഗ്രേപ്സ് ഓഫ് റാത്ത്’ എന്ന സിനിമയിലെ ടോം ജോഡിന്റെ കുടുംബത്തെ പോലെ വാസ സ്ഥലമില്ലാതെ അലയുന്നു എന്നത് ഈ ആധുനിക അമേരിക്കയിലെ സിനിമാ പ്രേമികൾക്ക് ഒരു കണ്ണുതുറപ്പാണ്. 

ആ ക്ലാസിക് സിനിമയുടെ നിലവാരത്തിലേക്ക് കാണികളെ കൊണ്ടെത്തിക്കുക മാത്രമല്ല സിനിമയുടെ സാങ്കേതിക വശങ്ങളിലേക്കുള്ള ഒരെത്തി നോട്ടം കൂടിയാണ്  ഈയിടെ തീയേറ്ററിൽ നിറഞ്ഞുകളിച്ച ‘Nomadland” എന്ന സിനിമ. സ്ഥിരവാസമില്ലാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അലഞ്ഞു തിരിഞ്ഞു ജീവിക്കുന്നവരെയാണ്  നോമാഡ്‌സ് എന്ന് പറയുന്നത്. ആ പേരിൽ ഒരു സിനിമ ഹോളിവുഡിൽ നിന്നും ഇറങ്ങിയപ്പോൾ അത് അമേരിക്കൻ സിനിമാപ്രേമികൾക്കിടയിൽ സംസാരവിഷയമായി. ഈ മാസം  25-ലെ ഓസ്കാർ മത്സരപ്പട്ടികയിൽ നല്ല ചിത്രത്തിനും, നടിക്കും, സവിധാനത്തിനുമുള്ള മത്സരത്തിൽ ‘നോമാഡ്  ലാൻഡിന്’ ഓസ്കാർ എൻട്രി ലഭിച്ചതോടെ ഈ സിനിമയെ കുറിച്ച് മാധ്യമങ്ങളിൽ ചർച്ച നിറയുന്നു.

കലാപരമായി ഈ സിനിമ സുന്ദരവും അഭിനേതക്കളെല്ലാം തകർപ്പൻ അഭിനയം കാഴ്‌ച്ച വെയ്ക്കുന്നതുമാണ്. സന്തോഷത്തോടെ കാണികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ചു വീട്ടിലേക്കു പറഞ്ഞയക്കുന്ന പരിണാമ ഗുപ്തിയോ ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സോ ഈ സിനിമയിൽ ഇല്ല. സിനിമ തുടങ്ങി കുറച്ചു വൈകിയാണ് എത്തിയെതെങ്കിൽ പോലും കഥയിലേക്ക് സന്നിവേശിപ്പിക്കപ്പെടാൻ തടസവും ഉണ്ടാകുന്നില്ല. കാരണം ജീവിതം എന്ന ഒഴുക്കിൽ അകപ്പെട്ട മനുഷ്യരുടെ പിന്നാലെ ക്യാമറ പിടിച്ചു നടക്കുകയാണ് ചൈനീസ് കുടിയേറ്റക്കാരിയായ  സംവിധായിക, ക്ളോ  ഷാവോ (Chloé Zhao)

അമേരിക്കൻ ചൈനീസ് സംസ്‌കാരങ്ങളുടെ അതിർത്തി വരമ്പുകളിൽ നിന്നും മുന്നോട്ടു നോക്കുമ്പോഴുള്ള വ്യവസ്ഥാപിത സിനിമകളുടെ ഉശിരിതയിൽ സർഗാത്മകതയുടെ തിളച്ചുപൊന്തലാണ് ഈ സിനിമ. സംഭാഷണങ്ങൾ കുറച്ചു ഭൂപ്രകൃതി പകർത്തി അഭിനേതാക്കളെ ഫ്രേമിന്റെ നാലു വശങ്ങളിൽ ഉൾപ്പെടുവാവുന്ന വിധത്തിൽ പറഞ്ഞുവിട്ട് ഹോളിവുഡ് ഇന്നേവരെ ഉൾക്കൊള്ളാത്ത ഒരു പ്രമേയത്തെ ഈ ചൈനീസ് കുടിയേറ്റക്കാരി സിനിമാലോകത്തിനു കാണിച്ചു തന്നിരിക്കുന്നു. 

പ്രമേയ പ്രസക്തികൊണ്ടും പ്രതിപാദ്യ വിഷയം കൊണ്ടും അവരുടെ പ്രതിഭ ശ്രദ്ധിക്കപ്പെടാതെയിരിക്കാൻ ഇടയില്ല. ആനുകാലിക യാഥാർഥ്യങ്ങൾ പ്രമേയമാക്കി മികച്ച സന്ദേശം അമേരിക്കൻ ജനതയ്ക്കു മുന്നിലെത്തിക്കുക എന്ന ലക്ഷ്യം ഈ സിനിമയോടെ സംവിധായിക പൂർത്തീകരിച്ചിരിക്കുന്നു.

ഹോളിവുഡ് സിനിമകളുടെ സ്വത്വം നിര്ണയിച്ചിരുന്ന കെട്ടുകാഴ്ചകളോ ഭൗതികത നിറയ്ക്കുന്ന സന്ദർഭങ്ങളോ കൊണ്ട് കാണികളെ പുളകം കൊള്ളിക്കാതെ വെറുമൊരു റിയലിസ്റ്റിക് സിനിമ, ഹോളിവുഡ് സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം, ഡോക്യൂ-മൂവി എന്നീ വിഭാഗങ്ങളുടെ രീതി പിന്തുടർന്ന് നിർമിച്ച സിനിമ, അമേരിക്കയിലെ വീടില്ലാതെ തെരുവിൽ കഴിയുന്ന ആളുകൾ എന്ന വിവസ്ത്ര സത്യത്തിനു നേരെ പിടിച്ച ലെൻസ് എന്നിങ്ങനെയായിരുന്നു ഈ സിനിമ കണ്ടിറങ്ങിയയുടൻ എനിക്കു തോന്നിയത്.

അമേരിക്കൻ സാമ്പത്തിക വ്യവസ്ഥിതിയുടെ അന്ധകാരം നിറഞ്ഞ ദുർബലമായ ഭാഗം തുറന്നു കാണിക്കുന്ന സിനിമയാണ് നൊമാഡ്‌ലാൻഡ്.’ ക്യാപിറ്റലിസം എന്ന് കൊട്ടിയാഘോഷിക്കുന്ന സാമ്പത്തിക വ്യവസ്ഥതിയിൽ ഒരു കൂട്ടം ആളുകൾ വേണ്ടത്ര പരിഗണിക്കപ്പെടാതെ അരികുവൽക്കരിക്കപ്പെടുന്നു എന്ന സത്യം ഈ സിനിമ തുറന്നു കാണിക്കുന്നു. ഉയർന്ന വിഭാഗത്തെയും മധ്യവർഗ്ഗത്തെയും മാത്രമല്ല ഓരോ വ്യക്തിയെയും സംരക്ഷിക്കാൻ ഈ മുതലാളിത്ത വ്യവസ്ഥിതി പരാജയപ്പെട്ടിരിക്കുന്നു.” എന്ന അഭിപ്രായം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കറുത്ത വംശജനായ അലക്സിസ് പറഞ്ഞത് ഞാൻ കുറിച്ചെടുത്തു. 2018-ലെ സാമ്പത്തിക മാന്ദ്യം കൊണ്ട് ലോകജനതയനുഭവിച്ച കഷ്ടതയെല്ലാം വർഷങ്ങൾക്കു മുൻപുതന്നെ സമൂഹത്തിൽ നിന്നും വിട്ടൊഴിഞ്ഞു എന്നായിരുന്നു എന്റെയും ധാരണ. എന്നാൽ ജെസ്സിക്ക ബ്രൂഡറിന്റെ വര്ഷങ്ങളോളമുള്ള പഠനത്തിനു ശേഷം പുറത്തിറങ്ങിയ ‘Nomadland’ എന്ന പുസ്തകത്തെ ആധാരമാക്കി ഒരു ചൈനീസ് ഇമിഗ്രന്റ് ആയ സംവിധായിക ഒരു സിനിമ നിർമിച്ചുവെങ്കിൽ അത് നമ്മൾ തീർച്ചയായും കാണേണ്ടതുണ്ട്. അമേരിക്കയുടെ മറ്റൊരു മുഖമാണ് നൊമാഡ്‌ലാൻഡ്.’

‘ഒരു സിനിമയിൽ എന്തിരിക്കുന്നു എന്ന  ചോദ്യത്തിന് പ്രസക്തിയില്ല. വെറുമൊരു എന്റർടൈനർ എന്നതിലുപരി നമ്മൾ ജീവിക്കുന്ന ലോകത്തെ മനുഷ്യരുടെ അവസ്ഥകളിലേക്കു നീട്ടിപ്പിടിക്കുന്ന ചൂണ്ടുപലകകളാണ് ഇതേപോലുള്ള സിനിമകൾ. കണ്ണുതുറന്നുകൊണ്ടു ചുറ്റുപാടും വീക്ഷിക്കാനും നമ്മെ യാഥാർഥ്യബോധമുള്ള പൗരന്മാരാക്കാനും ഇത്തരത്തിലുള്ള ചില സിനിമകൾ സഹായപ്രദമാണ് എന്നതിൽ സംശയമില്ല. 

സിനിമയുടെ കഥയെ കുറിച്ച് ഏകദേശം ധാരണയുണ്ടായിരിക്കാൻ കഥയുടെ സാരാംശം പറയാം. ജീവിക്കാൻ വേണ്ടി ദേശാന്തരഗമനം നടത്തുന്ന ഒരു കൂട്ടം അമേരിക്കൻ പൗരന്മാരുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ‘നൊമാഡ്‌ലാൻഡ്.’ സാധാരണ ഒരു അമേരിക്കൻ പൗരനു ലഭിക്കേണ്ട ആരോഗ്യ പരിരക്ഷണമോ ഉദ്യേഗത്തിൽനിന്നും നിന്നും വിരമിക്കുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങളോ ലഭിക്കാൻ വഴിയില്ലാത്ത വയസ്സായ ശരാശരി മനുഷ്യരാണ് വാൻ അല്ലെങ്കിൽ കാർ എന്നീ വാഹനങ്ങളിൽ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്ന  ആളുകൾ. വല്ലപ്പോഴും സീസൺ അനുസരിച്ച്, കിട്ടുന്ന ജോലിയാണവരുടെ ഏക വരുമാനം. 

ഉദാഹരണത്തിന് ക്രിസ്മസ്  സമയത്ത് അവരിൽ ചിലർ ആമസോൺ പാക്കേജിങ് യൂണിറ്റിൽ ജോലിചെയ്യുന്നു. ഈ വാഹനങ്ങളിൽ അന്തിയുറങ്ങി ജീവിക്കുന്നവർക്ക് സീസൺ കഴിയുന്നതുവരെ ആമസോൺ പാർക്കിങ് ഏരിയയിൽ അവരുടെ വാഹനം പാർക്ക് ചെയ്ത് അന്തിയുറങ്ങാം. ക്രിസ്‌മസും പുതുവര്ഷപ്പുലരിയും കഴിഞ്ഞു, സീസൺ ഓർഡർ എല്ലാം പാക്ക് ചെയ്ത് അയച്ചതിനുശേഷം അവിടെ മാസങ്ങളോളം ജോലിയില്ല. പാർക്കിങ് ഏരിയയിൽ പാർക്കുചെയ്തിട്ടിരിക്കുന്ന അവരുടെ വീടായ വാഹനം മൂവ് ചെയ്തേ പറ്റൂ. അവർ അവിടെനിന്നും കുറച്ചും കൂടി കാലാവസ്‌ഥാനുകൂല്യതയുള്ള ഇടത്തേക്ക് വണ്ടിയോടിക്കുന്നു, അവിടെ മാസങ്ങളോളം തമ്പടിക്കുന്നു. 

പിന്നെ വേനൽ കാലത്ത് അമ്യൂസ്മെന്റ് പാർക്കിലാണ് അവരുടെ ജോലി. അതിനിടയ്ക്ക് വറ്റിവരണ്ട ടെക്‌സസിൻ്റെ ഭൂപ്രകൃതിയും മഴയിൽ പച്ചപ്പുപുതച്ചിരിക്കുന്ന അലബാമയും  ചെമ്മൺ കുന്നുകൾകൊണ്ട് നിറഞ്ഞ നോർത് ഡക്കോട്ടാ സ്‌റ്റേറ്റും അവർ കടന്നുപോയിരിക്കും.

ജിപ്സിയം ഫാക്ടറി സ്‌ഥിതിചെയ്യുന്ന എമ്പയർ വ്യവസായ ഗ്രാമത്തിലാണ് ഫേൺ ജനിച്ചു വളർന്നത്. ഫാക്ടറി പൂട്ടുകയും ഫാക്ടറി ജീവനക്കാരായ മാതാപിതാക്കൾ നഷ്ടപ്പെടുകയും ചെയ്ത് ഫാക്ടറിയുടെ അടച്ചുപൂട്ടലിനെ തുടർന്ന് അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകൾ അവിടം വിടുകയും എമ്പയർ എന്ന ആ പ്രദേശം മുഴവുവൻ ആൾപാർപ്പില്ലാത്തൊരു പ്രേതനഗരിയായി മാറുകയും ചെയ്തു. ഭർത്താവും മരിച്ചതോടെ ഫേൺ ഒറ്റപ്പെടുന്നു. ആകെയുള്ളത് വാഹനമായ ‘Van Hansen’ എന്ന് സ്നാനപ്പേരിട്ടിരിക്കുന്ന ഒരു വാൻ മാത്രം. ഉള്ളതെല്ലാം കുത്തിനിറച്ച് അവരതിൽ താമസം തുടരുന്നു. ഉറങ്ങാനും ഭക്ഷണം പാചകം ചെയ്യാനുമുള്ള ഏകയിടമാണ് അവർക്ക് ആ വാഹനം. അവരെപ്പോലെ വാഹനങ്ങളിൽ പാർക്കുന്ന ദേശാന്തരാഗമനക്കാരായ മറ്റു  സ്ത്രീ പുരുഷന്മാരാണ് അവരുടെ സൗഹൃദവലയം. അവർ വാഹനങ്ങളിൽ കാലാവസ്ഥയനുസരിച്ച് ഒരു സ്റ്റേറ്റിൽ നിന്നും മറ്റൊരു സ്റ്റേറ്റിലേക്കു സഞ്ചരിക്കുന്നവരാണ്. അതിൽ പലരും  കൂട്ടുകാരായി.

ഒരു ഡോക്യൂമെന്ററിയുടെയും അതോടൊപ്പം സിനിമയുടെയും  സാങ്കേതികത ഉപയോഗിച്ച സിനിമയാണ് നൊമാഡ്‌സ്  ലാൻഡ് . ഡോക്യൂമെന്ററിയുടെയും മുഖ്യധാരാ സിനിമയുടെയും സാദ്ധ്യതകൾ സംവിധായിക വേണ്ടവിധത്തിൽ ഉപയോഗിച്ചിരിക്കുന്നു. 

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജേർണലിസം പ്രൊഫസറായ ജെസ്സിക്ക ബ്രൂഡർ (Jessica Bruder) എന്ന എഴുത്തുകാരിയുടെ ഇതേ പേരിലുള്ള നോൺ ഫിക്‌ഷൻ കൃതിയെ ആധാരമാക്കിയാണ് ചൈനീസ് ഇമ്മിഗ്രന്റ് ആയ ക്ളോ  ഷായോ (Chloe’ Zhao) ഈ സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫേൺ ഓടിക്കുന്ന വാനിന്റെ ഉള്ളിലെ അവരുടെ ജീവിതത്തിലേക്ക് ക്യാമറ ഇറങ്ങിച്ചെല്ലുന്നു. നൊമാഡുകളുടെ ജീവിതപരിസരം മനസ്സിലാക്കാൻ  ആ ഇന്റീരിയർ കാഴ്ചകൾ നമ്മെ സഹായിക്കുന്നു. നിശ്ചയദാർഢ്യത്തോടെയുള്ള ക്യാമറ ചലനങ്ങൾകൊണ്ടും കൃത്യതയാർന്ന പശ്ചാത്തല സംഗീതം കൊണ്ടും ഈ സിനിമ കാണികളുടെ ഉള്ളുനിറയ്ക്കുന്നു.

രണ്ടുതവണ ഓസ്കാർ നേടിയ അറുപത്തിനാലുകാരിയായ ഫ്രാൻസസ് മാക് ഡോർമെണ്ട്  (Frances McDormend) ഫേൺ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മൂന്ന് യഥാർത്ഥ നൊമാഡുകളെ സിനിമയിലെ കഥാപാത്രത്തങ്ങൾക്കു ജീവൻ പകരാൻ സംവിധായിക ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരമായി, അവരുടെ കൂട്ടത്തിന്റെ നേതാവായ ബോബ് തന്നെ ഇത്തരത്തിൽ ജീവിതം നയിക്കുന്ന ഒരു മനുഷ്യനാണ്. ഒരു ബ്ലോഗ് പോലും ഈ റോഡ് ജീവിതത്തെ കുറിച്ച് ബോബിനുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം തന്നെ അവരുടെ ഹൃദയവിചാരങ്ങൾ പങ്കുവെക്കുന്നത് ഈ സിനിമയുടെ പ്രത്യകതയാണ്. 

ഇവർക്കെല്ലാം പൊതുവെയുള്ള പ്രശ്നം ഇവരൊന്നും ആരോടും പ്രേമസല്ലാപങ്ങളിലോ അതിനെ തുടർന്നുള്ള ആശാപാശത്തിലോ താല്പര്യം കാണിക്കുന്നില്ല എന്നതാണ്.  കാലാവസ്ഥയനുസരിച്ച് മറ്റൊരിടത്തേക്ക് ചെന്നെത്താനുള്ള ധൃതിയിൽ അവരുടെ മുന്നിൽ ‘ഓപ്പൺ റോഡ്’ മാത്രമേ ഉള്ളൂ. ലളിതമായി ജീവിതം നയിക്കുന്നവർ. തുറന്നിട്ട പ്രകൃതി ദൃശ്യങ്ങളും വിശാലമായ ആകാശവും ആകാശത്തിന്റെ അതിർത്തിയെ തൊട്ടു നിൽക്കുന്ന പർവ്വതനിരകളും അവരാ ജീവിതയാത്രയിൽ കണ്ടാസ്വദിക്കുന്നു.

അമേരിക്കയിലെ മധ്യവർഗം  കണ്ടു മനസ്സിലാക്കേണ്ട ഒരു സിനിമയാണ്, Nomadland. അതിന്റെ സന്ദേശം വേണ്ടത്ര ഉൾകൊണ്ടതു കൊണ്ടായിരിക്കാം എന്റെ കൂട്ടുകാരിൽ മിക്കപേരും അഭിപ്രായമൊന്നും പറയാതെ തലതാഴ്ത്തിയിരുന്നത്. അമേരിക്കയിലെ നൊമാഡുകളെപോലെ കുടിയേറിപ്പാർക്കുന്നവരുടെയും ‘അമേരിക്കൻ ഡ്രീം’ വെറുമൊരു സ്വപ്നമായി കൊണ്ടുനടക്കുന്ന, മറക്കപ്പെടുന്ന വര്ഗങ്ങളുടെയും തൊഴിലാളിവര്ഗത്തെയും കുറിച്ച് അവരെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ. 

ഒരുപക്ഷെ, ഈ സിനിമ നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നും വിഭിന്നമായി ജീവിതം കൊണ്ടാടുന്ന ഒരുപറ്റം മനുഷ്യരുണ്ട് എന്നു മനസ്സിലാക്കാനുള്ള ലോകജനതയ്ക്കുള്ള ഒരു കണ്ണുതുറപ്പിക്കൽ ആയിരിക്കാം. നാല് ചുമരുകളോ മുകളിലൊരു മേൽക്കൂരയോ ഇല്ലാത്ത എത്രയോ ജനങ്ങൾ ലോക സമ്പന്ന രാജ്യങ്ങളിൽ  ഒന്നാമതായ, മുതലാത്ത വ്യവസ്ഥിയുടെ ഈറ്റില്ലമായ അമേരിക്കയിൽ പോലും ഉണ്ടെന്നുള്ള തിരിച്ചറിവ്‌ ഈ സിനിമ നമുക്ക് നല്കുന്നു. 

ജീവിത യാഥാർഥ്യത്തിന്റെ പടുകുഴിയിൽ വീണു ജീവിക്കുന്ന ഈ ജനവിഭാഗങ്ങളോട് ഫെഡറൽ ഗവൺമെന്റ് ഉത്തരം പറയേണ്ടതുണ്ട്. കാരണം ഭരിക്കുന്ന സർക്കാർ സമൂഹത്തിനു വേണ്ടത് ചെയ്യുന്നു എന്ന് കൊട്ടിയാഘോഷിക്കുന്നതു കൊണ്ടുതന്നെ.

2018- ൽ ‘ത്രീ ബിൽബോർഡ്സ്  ഔട്ട്സൈഡ് എബിംഗ്, മിസ്സോറി’ എന്ന സിനിമയിലെയും 1997- ൽ ‘ഫാർഗോ’ എന്ന സിനിമയിലെയും അഭിനയത്തിന് രണ്ടു തവണ നല്ല നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഫ്രാൻസസ് മക് ഡോർമെണ്ട്  (Frances McDomand) ഇപ്രാവശ്യവും ആ അവാർഡ് എത്തിപ്പിടിക്കുമോ എന്നറിയാൻ കാത്തിരിക്കാം. അമേരിക്കയിലെ സമ്പന്ന, ഉയർന്ന വർഗ്ഗത്തിലെ ഹോളിവുഡ് ജൂറികൾ ഈ സിനിമയെ ബെസ്ററ് പിക്ചർ കാറ്റഗറി വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട് മുന്നിലെത്തിയതു കണ്ട് എങ്ങനെയാണ് വിലയിരുത്തുക എന്ന് നമുക്ക് കാത്തിരുന്നു കാണാം.

സിനിമയു ടെ അവസാന സീനിൽ ഫേൺ ജനവാസമില്ലാത്ത തന്റെ വീടു നിൽക്കുന്ന പ്രദേശം സന്ദർശിക്കുന്നുണ്ട്. അവർ ഒരിക്കൽ മറ്റൊരു കഥാപാത്രവുമായുള്ള സംഭാഷണത്തിൽ പറഞ്ഞതുപോലെ “വീടിന്റെ പിൻവാതിൽ തുറന്നാൽ വരണ്ട ഭൂമിയാണ് കാണുക, അതിനു ശേഷവും വരണ്ട ഭൂമി, പിന്നെയും ആ ഭൂമി.. പിന്നെ കുന്നുകൾ.” നേർക്കാഴ്ചകൾ അഭ്രപാളികളിൽ പകർത്തുമ്പോൾ ശുഭാന്ത്യത്തെക്കാളുപരി ആ കലാസൃഷ്ടി  പ്രേക്ഷകരുടെ ഹൃദയത്തിൽ തങ്ങി നിൽക്കണം എന്ന് എഴുത്തുകാരിയും സംവിധായകയുമായ യുവ എഴുത്തുകാരി കോളി ഷാവോ മനസ്സിലുറപ്പിച്ചിരുന്നിരിക്കാം. എന്തായാലും ആ ഉദ്യമത്തിൽ സംവിധായിക വിജയിച്ചിരിക്കുന്നു.  മക്‌ഡൊർമണ്ടിനു  ഇതുപോലെയൊരു കഥാപാത്രത്തിന് ജീവൻ പകരാനുള്ള അവസരം ഇനിയൊരിക്കൽ കിട്ടുമോ എന്നത്‌ സംശയമാണ്.
 
ക്ളോ  ഷാവോ (Chloé Zhao)
സെപ്റ്റംബർ 11, 2020-ൽ ‘നൊമാഡ്ലാൻഡ്’ നല്ല ചിത്രത്തിനുള്ള ‘ഗോൾഡൻ ലയൺ’ പുരസ്ക്കാരം നേടി. ടോറോണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘പീപ്പിൾ ചോയ്‌സ്’ അവാർഡ് കരസ്ഥമാക്കി. 78-മത്തെ ‘ഗോൾഡൻ ഗ്ലോബ്’ അവാർഡിൽ നല്ല ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല സംവിധായകയ്ക്കുള്ള അവാർഡ് ഈ സിനിമ നേടിയപ്പോൾ ഈ ഈ പുസ്ക്കാരം കരസ്ഥമാക്കിയ ആദ്യത്തെ ഏഷ്യൻ വനിത എന്ന കീർത്തി ചാർത്തപ്പെട്ട   ഷാവോ  സിനിമാചരിത്രത്തിൽ ഇടം നേടി.
-----------------
നമുക്കെല്ലാം അഭിമാനിക്കുന്ന ഒരു സിനിമയാണ് ‘Nomadland.’ ചൈനയുടെയും അമേരിക്കയുടെയും അതിർ വരമ്പുകളിലെ  എക്കൽ മണ്ണിൽനിന്നും ഊർജ്ജം നേടിയ ഈ കലാകാരിയുടെ  സിനിമയെ കുറിച്ച് നമ്മൾ കണ്ണടച്ചിരുന്നാൽ  ആരാണ് ഇവരെപോലെയുള്ള കലാകാരന്മാരെ പ്രോസ്ലഹിപ്പിക്കുക? നമ്മുടെ കേരള കുടുംബത്തിൽ നിന്നും സിനിമാലോകത്തേക്കു  ചുവടുവെക്കുന്ന പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ഉത്തരവാദിത്വം നമുക്കില്ലേ? നമ്മുടെ കുട്ടികൾക്കുള്ള ഒരു കണ്ണുതുറക്കൽ ആകട്ടെ ഈ സിനിമയും അതിന്റെ സംവിധായികയും. “America land of opportunity”എന്നാണല്ലോ നമ്മുടെ ഈ രാജ്യത്തെ കുറിച്ചു പറയുക. പ്രയത്നം കൊണ്ട് ഒരു ഏഷ്യൻ വൻശജക്ക് ഇതൊക്കെ സാധിക്കുമെന്ന്  നമുക്ക് നമ്മുടെ തലമുറയെ അറിയിക്കേണ്ടതുണ്ട്. ഏപ്രിൽ 25-നാണ് ഓസ്കാർ. നിങ്ങൾ നോക്കി നിന്നൊള്ളൂ, ഈ ഏഷ്യൻ വംശജ നമുക്ക് ഉത്തേജനം നൽകും.

Join WhatsApp News
Rafeeq Tharayil 2021-04-25 19:25:53
Watch Oscar tonight at 8 pm. I hope Nomadland will win the Best Pictor, Best Director and Best Actress.
Rafeeq Tharayil 2021-04-27 21:48:20
The movie won all 3 major awards as I said this essay.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക