Image

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

Published on 18 April, 2021
മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)
"ഒരു കൂട്ടർ ദേ ഇപ്പൊ ഇറങ്ങ്യേതേള്ളൂ. ഉച്ചയ്ക്ക് കൃത്യം രണ്ടേയഞ്ചിന്  ഞാൻ മറ്റൊരു ഇന്റർവ്യൂ അനുവദിച്ചിട്ടുണ്ട്. അതിനിടക്ക് നമുക്ക് പറഞ്ഞു തീർക്കാം" എന്ന് പറഞ്ഞ്  മന്ദാരത്തിൽ മന്ദാകിനി  വന്നവരോട് ഇരിക്കാൻ പറഞ്ഞു.

മാളികപ്പുരയ്ക്കൽ മാധവ മേനോൻ മെമ്മോറിയൽ  അവാർഡ്, പാറുക്കുട്ടിയമ്മ ഷഷ്ടിപൂർത്തി ആഘോഷക്കമ്മറ്റി അവാർഡ്, പങ്കജാക്ഷൻ-പങ്കജാക്ഷി ദമ്പതികളുടെ അമ്പതാം വിവാഹ  വാർഷികാഘോഷ സ്മാരക അവാർഡ്  തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര അവാർഡുകൾ കരസ്ഥമാക്കിയ മാഡം സോഷ്യൽ മീഡിയയിൽ മാത്രമല്ല ഒട്ടേറെ മാസികകളിലും വാരികകളിലും ദിവസേന നാലും അഞ്ചും കഥകളും കവിതകളും വൈജ്ഞാനിക ലേഖനങ്ങളും എഴുതുന്നു. മാഡം ഇന്നു രാവിലെ ചക്കരമാമ്പഴം  ഗ്രൂപ്പിലിട്ട  മദനമോഹിനിയുടെ മനോരഥം എന്ന കഥ ഉച്ചയാകുന്നതിനു മുമ്പേ വൈറലായി. അത്ഭുതം! എങ്ങനെ സാധിക്കുന്നു ഇതിനൊക്കെ? ഇതിനൊക്കെ മാഡം എങ്ങനെ സമയം കണ്ടെത്തുന്നു?  

"നെവർ മൈന്റിറ്റ്! മനസ്സുണ്ടെങ്കിൽ  ഇതും ഇതിലപ്പുറവും സാധിക്കും. വൈവിധ്യങ്ങളുടെ കലവറയാണല്ലോ ഈ പ്രപഞ്ചം. നോക്കൂ.... സൂര്യൻ കിഴക്കുദിക്കുന്നു, പടിഞ്ഞാറസ്തമിക്കുന്നു. ഈ പ്രപഞ്ചത്തിലെ അറിവുകൾ അതറിയാത്ത മറ്റുള്ളവർക്ക് പകർന്നു കൊടുക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നാണ് ഈ മന്ദാരത്തിൽ മന്ദാകിനിയുടെ ഉറച്ച നിലപാട്. അതിന് ഒരുപാട് പഠിക്കേണ്ട. ഡിഗ്രിയും വേണ്ട. ഞാനെടുത്ത പോലെ ഡാക്ടറേറ്റ് എടുക്കുകയും വേണ്ട.  അലംഭാവം മാറണം, അലസതയും മാറണം. അഹംഭാവവും മാറ്റണം. നോക്കൂ, എന്റെ അച്ഛന്റെ മുത്തശ്ശന് പത്ത് ആനകൾ ണ്ടായിരുന്നൂന്ന് മുത്തശ്ശി പറേണത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണ് ആ കുടുംബത്തിന് പത്താനപ്പുരയ്ക്കൽ എന്ന് പേരുവന്നതത്രെ! ആ പേര് പറഞ്ഞ് ഞാൻ രാജകുമാരിയെപ്പോലെ ജീവിച്ചില്ല. വൈ? യൂ നോ...സമ്പത്തും പ്രതാപവുമൊക്കെ വ്യർത്ഥവും അനശ്വരവുമെന്ന് ഞാൻ മനസ്സിലാക്കിയതിനാൽ. അങ്ങനെ ഡോ. എം. മന്ദാകിനി എന്ന ഞാൻ വെറും മന്ദാരത്തിൽ മന്ദാകിനിയായി സാധാരണ ജനങ്ങളിലേക്കിറങ്ങുകയും അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുകയും കവിതകൾ പാടിക്കൊടുക്കുകയും  വിജ്ഞാനം വിളമ്പിക്കൊടുക്കുകയും ചെയ്യുന്നു...ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. യൂ നോ, ഒരു ചൂണ്ടുവിരൽകൊണ്ട് ചെയ്യാവുന്ന കാര്യമേ ഇതിലുള്ളൂ. പക്ഷേ, വിചാരിക്കണം. അതിന് മനോധൈര്യം വേണം; ആർജ്ജവം വേണം. അതായത് നല്ല എബിലിറ്റി വേണമെന്നർത്ഥം. എനിക്കതുണ്ട്. എന്നാൽ, മറ്റുള്ളവർക്കതില്ല. പക്ഷേ, ഞാൻ ഇതിൽ ഒട്ടും അഹങ്കരിക്കുന്നുമില്ലകെട്ടോ. ബട്ട്, ഇനി ആര് എതിർത്താലും വിമർശിച്ചാലും എന്റെ തപസ്യയിൽ നിന്ന് ഞാൻ പിന്തിരിയുകയേയില്ല, നോ ഡൗട്ട്!....ആർക്കും ഒന്നും സ്വന്തമല്ലല്ലോ? വിജ്ഞാനം വിരൽത്തുമ്പിൽ എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ദേ, ഇങ്ങനെ.."
മന്ദാകിനി ഫോണിന്റെ സ്ക്രീനിൽ  ചൂണ്ടുവിരൽ അങ്ങോട്ടുമിങ്ങോട്ടും അല്പനേരം ചലിപ്പിക്കുകയും കുത്തുകയുമൊക്കെ ചെയ്ത ശേഷം വീണ്ടും പറഞ്ഞു:
"തോണ്ടുക; തേക്കുക.
വീണ്ടും തോണ്ടുക; തേക്കുക.
പിന്നെയും തോണ്ടുക; തേക്കുക.
ഇതു മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ"

"മാങ്ങപറീ...ചെളിക്കുത്ത്.... മാങ്ങപറീ...ചെളിക്കുത്ത്..എന്നു പറഞ്ഞപോലെ....അല്ലേ മാഡം?"

"കറക്ട്, യൂ ഷുഡ് വിൽ സെഡ് ഇറ്റ് എക്സാറ്റ്ലി!"

അതിനിടയിൽ കിച്ചണിൽ നിന്ന് ചിക്കൻ മണം വന്നതിനാൽ ഇന്റർവ്യൂക്കാരൻ മൂക്ക് വികസിപ്പിച്ച് മന്ദാരത്തിൽ മന്ദാകിനിയെ മന്ദഹാസത്തോടെയൊന്ന് നോക്കി.

"ഇപ്പഴത്തെ കുട്ട്യോൾടെ ഒരു കാര്യം. യൂ നോ...ഇന്നിവിടെ സാമ്പാറുണ്ട്, അവിയലുണ്ട്, ഓലനുണ്ട്, കാളനുണ്ട്, കിച്ചടിയുണ്ട്, പച്ചടിയുമുണ്ട്. പോരാത്തതിന് ചെമ്മീനുമുണ്ട്. എന്നാലും കുട്യാൾക്ക് ചിക്കനുംകൂടി വേണാച്ചാൽ..."

"മാഡത്തിന്റെ ചെറുപ്പ കാലത്തും ജീവിതം സുഭിക്ഷമായിരുന്നില്ലേ? സാമ്പാറും അവിയലിനുമൊപ്പം ദിവസവും ചിക്കനുംകൂടി കഴിച്ചല്ലേ മാഡവും വളർന്നത്? ആ സുഭിക്ഷതയിൽ വളർന്നതു കൊണ്ടല്ലേ മാഡം ഇപ്പോഴും ഒരു കോളേജ് കുമാരിയെപ്പോലെയിരിക്കുന്നത്?"

അപ്പോഴേക്കും അവരുടെ അഞ്ചാമത്തെ മകന്റെ മൂന്നാമത്തെ കൊച്ചുമോൻ അകത്തുനിന്നു അവരെ വിളിച്ചു:
"മുത്തശ്ശീ... മുത്തശ്ശീ.... മുത്തശ്ശ്യേ....."
മന്ദാകിനി ഒന്നും പതറി. ശേഷം പറഞ്ഞൊപ്പിച്ചു:

"ഓ, പറഞ്ഞാൻ കേൾക്കില്യ.......ബൈദിബൈ....യൂ നോ..
... മുത്തശ്ശി ഈസ് സഫറിംഗ് ഫ്രം.....സ്മോളേജ് ഓഫ് സോഡിയം....ഇന്നലെ രാത്രി അവർ ഒട്ടും ഉറങ്ങിയില്ല....മോനേ മനൂ.....മുത്തശ്ശീനേ വിളിച്ചുണർത്താതെടാ ചക്കരേ....ഇന്നലെ രാത്രി മുത്തശ്ശി തീരെ ഉറങ്ങാത്തതാ.....പാവം, മുത്തശ്ശി ഉറങ്ങിക്കോട്ടെ മനൂ....നിങ്ങൾ ഇരിക്കൂ. ഞാനിപ്പോ വരാമേ..."
എന്ന് അകത്തേക്ക് നോക്കിയും ഇന്റർവ്യൂക്കാരോട് അവരുടെ മുഖത്തേക്ക് നോക്കാതെയും മന്ദാകിനി വളരെ പതുക്കെ പറഞ്ഞു.
പിന്നെ മന്ദാരത്തിൽ മന്ദാകിനി മനസ്സിൽ ഇങ്ങനെ പ്രാകിപ്പറഞ്ഞ് അകത്തേക്ക് പോയി:

"തേങ്ങ, കോളേജ് കുമാരി എന്ന് പറഞ്ഞപ്പഴക്കും ചെക്കന്റെ കോണോത്തിലെ മുത്തശ്ശി പുറത്തുചാടി. കോളേജ് കുമാരിയാകാൻ ചെലവഴിക്കുന്ന സമയത്തെക്കുറിച്ചൊന്നും ചെക്കനറിയില്ല...  അയ്യാ.....ചക്കക്കൂട്ടാൻ പോലും കിട്ടാൻ കൊതിച്ചിരുന്ന അക്കാലത്ത് അവന്റൊരു ഒലക്കേലെ ചിക്കൻ ചോദ്യം"


മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക