Image

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 18 April, 2021
ആര്‍ക്ക് മനശാന്തി,  ഏതു  തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)
കണ്‍കണ്ട ദൈവികമൂര്‍ത്തികളാകുന്ന,
മന്നിടം വിണ്‍മയമാക്കിടുന്ന,
മാതാപിതാക്കളേ, ജീവസമ്മാനമാം-
മക്കളില്‍ നിര്‍വൃതികൊള്ളുന്നുവോ?
കണ്ണീരില്‍ പുഞ്ചിരിപ്പൂക്കള്‍ വിരിയിച്ച്,
വേദനയാനന്ദമാക്കുവോരേ,
ഉണ്ണാതുറങ്ങാതെയൂട്ടിവളര്‍ത്തിയ,
ഉണ്ണികളെയോര്‍ത്തിരിക്കുന്നുവോ?
ജീവിതപ്പൂജയാലോരോ കുടുംബവും,
ശ്രീകോവിലാക്കുമിപ്പൂജാരികള്‍,
ജന്മാന്തരങ്ങള്‍ക്ക് കണ്ണികള്‍ കോര്‍ക്കുന്ന,
എത്ര മഹത്തരമാം നിയോഗം!
സ്‌നേഹാര്‍ദ്ര വാത്സല്യധാരയാകുന്നവള്‍,
അമ്മിഞ്ഞപ്പാലാഴിയാക്കുന്നവള്‍,
സന്മാര്‍ഗ്ഗപാഠങ്ങളോതിത്തരുന്നവള്‍,
സാന്ത്വനദീപം തെളിക്കുന്നവള്‍,
സര്‍വം സഹിക്കുന്ന ത്യാഗമാകുന്നവള്‍,
പെറ്റമ്മയെന്ന ചുമടുതാങ്ങി,
നിഷ്കാമ്മ കര്‍മ്മങ്ങള്‍ക്കാചാര്യയാകുന്ന-
സിദ്ധിക്കുടമയാം ധന്യയെത്രെ.
തായ്മരമേ, നിന്നില്‍ പൊട്ടിമുളച്ചവര്‍,
നാഭിച്ചുഴി ജന്മമുദ്രയായോര്‍,
താതനില്‍ നിന്നു തന്‍ സ്വത്ത്വമെടുത്തവര്‍,
ചോരയില്‍ നീരില്‍ തളിര്‍ത്ത തൈകള്‍,
ആത്മശരീരങ്ങള്‍ക്കൂര്‍ജ്ജം ലഭിച്ചവര്‍,
ആപാദചൂഡം കടപ്പെട്ടവര്‍,
രാപ്പാകലക്കരമാശ്രയമായവര്‍,
ലോകമക്കണ്‍കളില്‍ ദര്‍ശിച്ചവര്‍,
സ്വന്തം തനയരിന്നെത്രപേരീഭൂവി,
സ്വാര്‍ത്ഥത രൂപമെടുത്തവരായ്.
ജന്മദാതാക്കളാമമ്മയെ, യച്ഛനെ-
ആട്ടിയിറക്കുന്ന നാഥരെപ്പോല്‍,
ആലംബമറ്റവര്‍ക്കാശ്വാസമേകാതെ,
ദു:ഖകടലിന്‍ നടുവിലേക്ക്....
കഷ്ടം, ദയനീയ, മമ്പേ ഭയാനകം!
വാര്‍ദ്ധക്യമേ, വിധിയീവിതമോ?
രക്ഷകര്‍ത്താക്കളെ നിര്‍ദയം നിന്ദിച്ച്-
ശിക്ഷ വിധിക്കുന്നതെന്തു നീതി?
മാറാത്തു മാറാതെയൊട്ടിക്കിടന്നവര്‍,
താങ്ങും തണലും കൊടുക്കേണ്ടവര്‍,
ഓര്‍മ്മമകനേ, മകളേ, യീക്രൂരത,
ആര്‍ക്കു മനശ്ശാന്തി, ഏതു തീര്‍ത്ഥം?

Join WhatsApp News
ജോയ് പാരിപ്പള്ളിൽ 2021-04-19 01:17:10
" മാറത്തു മാറാതെ ഒട്ടികിടന്നവർ താങ്ങും തണലും കൊടുക്കേണ്ടവർ " ഓരോ മക്കളും വായിക്കേണ്ട മനോഹരമായ കവിത..!! മാർഗരറ്റ് ജോസഫ്ന് അഭിനന്ദനങ്ങൾ 🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക