Image

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 16 April, 2021
വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)
കേരളവും തമിഴ്‌നാടും പുതുച്ചേരിയും ഏകഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 6-ന് വിധി എഴുതികഴിഞ്ഞു. ഇനി മെയ് രണ്ടിലെ വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.-ബി.ജെ.പി.സഖ്യവും ഡി.എം.കെ.-കോണ്‍ഗ്രസ്- ഇടത് സഖ്യവും തമ്മിലാണ് പ്രധാന മത്സരം. കേരളത്തില്‍ എല്‍.ഡി.എഫും. യു.ഡി.എഴും തമ്മിലും. പുതുച്ചേരിയില്‍ ഓള്‍ ഇന്‍ഡ്യ എന്‍.ആര്‍ കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസ്-ഡി.എം.കെ.-ഇടത് സഖ്യവും ആണ് പ്രധാന എതിരാളികള്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ യു.ഡി.എഫ്. തോറ്റാല്‍ നരേന്ദ്രമോഡിയുടെ സ്വപ്‌നമായ കോണ്‍ഗ്രസ് മുക്തഭാരതം ദക്ഷിണേന്ത്യയില്‍ ആദ്യമായി നടപ്പിലാകും. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏക ഗവണ്‍മെന്റായിരുന്ന വി.നാരായണസ്വാമിയുടെ സര്‍ക്കാരിനെ ഏതാനും ആഴ്ചയ്ക്ക് മുമ്പാണ് പിന്‍വാതിലിലൂടെയുളള തന്ത്രങ്ങളിലൂടെ ബി.ജെ.പി. വീഴ്ത്തിയത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ. ജയിച്ച് അധികാരം പിടിച്ചെടുത്താലും കോണ്‍ഗ്രസ് ഒരു ദുര്‍ബ്ബല, അപ്രധാന സഖ്യകക്ഷി മാത്രം ആണ്. പുതുച്ചേരിയില്‍ എന്‍.ആര്‍.കോണ്‍ഗ്രസ്-ബി.ജെ.പി.സഖ്യം ജയിച്ചാല്‍ ബി.ജെ.പി.ക്ക് കര്‍ണ്ണാടക കഴിഞ്ഞാല്‍ അധികാരത്തില്‍ വരുവാന്‍ സാധിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യന്‍ പ്രവശ്യ എന്ന് അഭിമാനിക്കാം. പക്ഷേ, ഇവിടെയും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എന്നതുപോലെ ഒരു അപ്രധാന സഖ്യകക്ഷിമാത്രം ആണ് ബി.ജെ.പി. എങ്കിലും അധികാരത്തിന്റെ ഒരു കൊടി അടയാളം കൂടെ ദക്ഷിണേന്ത്യയില്‍ അണിയുവാന്‍ സാധിച്ചാല്‍ വടക്കെ ഇന്‍ഡ്യന്‍ പാര്‍ട്ടി എന്ന് മുദ്ര കുത്തപ്പെട്ട ബി.ജെ.പി.ക്ക്, ഒരു നേട്ടം ആയിരിക്കും. ബംഗാളില്‍ ജയ് ശ്രീരാം തീവ്രഹിന്ദുത്വ മതധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യം ആണെങ്കില്‍ കേരളത്തില്‍ 'സ്വാമിയേ ശരണം അയ്യപ്പ' മറ്റൊരു ധ്രുവീകരണ മന്ത്രം ആയി ഈ തെരഞ്ഞെടുപ്പില്‍. പ്രധാനമന്ത്രി മോദിപോലും ഈ മുദ്രാവാക്യം കേരളത്തില്‍ മുഴക്കുകയുണ്ടായി. ഇന്‍ഡ്യന്‍ ജനാധിപത്യവും ജനപ്രതിനിധികളും വെറും വില്പനചരക്ക് ആണെന്ന് തെളിയിക്കുമാറ് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ആസമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാനത്തുനിന്നും രായ്ക്കു രാമാനം കടത്തിയതും ശ്രദ്ധേയമായ ഒരു ജീര്‍ണ്ണതയാണ്. ആസമും ബംഗാളും മറ്റൊരു കത്തില്‍ പരാമര്‍ശിക്കാം.

'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍' എന്ന മുദ്രാവാക്യം ഒരു കാലത്ത് വടക്കെ ഇന്ത്യയില്‍ വ്യാപകമായി മുഴക്കിയ ബി.ജെ.പി. ദക്ഷിണേന്ത്യയിലെ ദ്രാവിഡ് രാഷ്ട്രീയത്തില്‍ ഇന്നും ഇടം കണ്ടിട്ടില്ല. ഈ തെരഞ്ഞെടുപ്പും ഇതിന് ഒരു അപവാദം ആകുവാന്‍ സാദ്ധ്യതയില്ല. എങ്കിലും തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.യിലൂടെയും പുതുചേരിയില്‍ എന്‍.ആര്‍.കോണ്‍ഗ്രസിലൂടെയും ഭരണസാന്നിദ്ധ്യം ഉറപ്പിക്കുവാന്‍ ബി.ജെ.പി.ശ്രമിക്കുകയാണ്. കേരളത്തില്‍ രണ്ടക്കം തികക്കുവാന്‍ ആണ് തന്ത്രപ്പാട്.
തമിഴ്‌നാട്ടില്‍ രണ്ടുപ്രാവശ്യം(10 വര്‍ഷം) തുടര്‍ച്ചയായി ഭരിക്കുകയാണ് അണ്ണാ ഡി.എം.കെ. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി നേരിടുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്. വലിയ വ്യത്യാസം ആണ് ഈ അഭാവം തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ.ക്ക് സൃഷ്ടിക്കുന്നത്. പാര്‍ട്ടി സംഘടന തലത്തില്‍ ദുര്‍ബ്ബലം ആണ്. വ്യക്തിപ്രഭാവം ഉള്ള നേതാക്കന്മാര്‍ കുറവ്. എടപ്പാടി കെ. പളനിസ്വാമി എന്ന മുഖ്യമന്ത്രിക്കും നേതാവിനും മക്കള്‍ തിലകം എം.ജി.രാമചന്ദ്രന്റെയോ (എം.ജി.ആര്‍.) പുരച്ചിതലൈവി ജയലളിതയുടെയോ അഞ്ചയല്‍പക്കത്ത് എത്തുവാന്‍ സാധിക്കുകയില്ല ജനസമ്മതിയുടെ കാര്യത്തില്‍. അഴിമതി കുറ്റത്തിന് രണ്ട് വര്‍ഷം തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 'ചിന്നമ്മ' എന്ന പഴയ മണ്ണാര്‍ഗുഡി മാഫിയ  നേതാവ് വി.കെ.ശശികല വീണ്ടും അണ്ണാ ഡി.എം.കെ. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന്  ഭീഷണി മുഴക്കിയെങ്കിലും പിന്നീട് പിന്മാറി. ബി.ജെ.പി.യുടെ സമ്മര്‍ദ്ദം ആണ് ഇതിന്റെ പിറകിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നു. കാരണം ശശികലക്കെതിരെയുള്ള ഒരു കേസിന്റെ ശിക്ഷ മാത്രമെ കഴിഞ്ഞിട്ടുള്ളൂ.
ജയലളിചയുടെ മരണശേഷം അണ്ണാ ഡി.എം.കെ. ദുര്‍ബലമായെങ്കിലും ജനപ്രിയ പദ്ധതികളിലൂടെയും പിന്നോക്ക സംവരണ നയത്തിലൂടെയും ജനപ്രിതീ നേടുവാന്‍ പളനിസ്വാമി ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അവ എത്രമാത്രം ഫലിക്കുമെന്ന് കണ്ടറിയണം. ബി.ജെ.പി.യുടെ ഒരു വാലായി അണ്ണാ ഡി.എം.കെ. ജയലളിതക്ക് ശേഷം മാറിയെന്നും പരക്കെ ആരോപണം ഉണ്ട്. മാത്രവും അല്ല ബി.ജെ.പി.യുടെ മതധ്രുവീകരണ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ കാര്യമായി വിലപ്പോവുകയും ഇല്ല. ഹിന്ദു മതവും അധികാരത്തിനായിട്ടുള്ള ഹിന്ദുത്വരാഷ്ട്രീയവും ഇവിടെ വേര്‍തിരിക്കപ്പെടുന്നു.
അണ്ണാ ഡി.എം.കെ.യെപ്പോലെ തന്നെ ഡി.എം.കെ.യും കരുണാനിധിയുടെ മരണശേഷം നേരിടുന്ന ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പ്ാണ് ഇത്. കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന് ഒരു പരിധിവരെ പിതാവിന്റെ പ്രഭാവം കാത്തുസൂക്ഷിക്കുവാന്‍ സാധിച്ചിട്ടുണ്ട്. 10 വര്‍ഷം അധികാരത്തിന് വെളിയില്‍ നിന്നതിന്റെ ക്ഷീണം പാര്‍ട്ടിക്ക് ഉണ്ടെങ്കിലും ശക്തമായ ഒരു തിരിച്ചുവരവിനാണ് സ്റ്റാലിന് ശ്രമിക്കുന്നത്. ഭരണവിരുദ്ധവികാരം അണ്ണാ ഡി.എം.കെ.ക്ക് എതിരെ ഉള്ളതും സ്റ്റാലിന് ഒരു താങ്ങായി. പക്ഷേ, ഈ തെരഞ്ഞെടുപ്പ് സ്റ്റാലിനെയും ഡി.എം.കെ.യെയും സംബന്ധിച്ചിടത്തോളം നിലനില്‍പിന്റെ പ്രശ്‌നം ആണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുവാന്‍ ബി.ജെ.പി. നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിക്കുവാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്റെ മൂന്നാം മുന്നണിയും രംഗത്തുണ്ട്. സ്വന്തമായി അധികാരം പിടിക്കുവാന്‍ ഇതിന് സാധിക്കുകയില്ല. തെരഞ്ഞെടുപ്പിനുശേഷം മറ്റേതെങ്കിലും ഒരു സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കാം. അത് അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യം ആകുവാന്‍ സാദ്ധ്യതയില്ല. കാരണം കമലിന്റെ രാഷ്ട്രീയം മതനിരപേക്ഷ രാഷ്ട്രീയം ആണ് ഇതുവരെ.

കോണ്‍ഗ്രസിന്‍ കാര്യമായ യാതൊരു റോളും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇല്ല. അവസാനമായി തമിഴ്‌നാട് കോണ്‍ഗ്രസ് ഭരിച്ചത് 1967-ല്‍ ആണ്. മുഖ്യമന്ത്രി ഭക്തവത്സലം. ഇതിനുശേഷം പാര്‍ട്ടി സ്ഥാനത്ത് നാമാവശേഷമായി. കര്‍ണ്ണാടകയും കേരളവും ഒഴിച്ചാല്‍ ഇതുതന്നെയാണ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. അതുകൊണ്ട് ഡി.എം.കെ. ജയിച്ചാല്‍ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ പേരിന് ഒരു ഭരണസാന്നിദ്ധ്യം ആകുവാന്‍ സാധിക്കും. സംഘടന ശക്തിയോ നേതൃത്വമോ അണികളോ ഇല്ലാത്തതാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പരാജയം, മറ്റെല്ലായിടത്തും എന്നതു പോലെ. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 39-ല്‍ 38 സീററുകളും ജയിച്ചത് ഡി.എം.കെ. ആണ്. ഈ ഒരു ആത്മവിശ്വാസത്തോടെ ആണ് ഡി.എം.കെ. ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇത് ആവര്‍ത്തിച്ചാല്‍ ഡി.എം.കെ. തൂത്തുവാരുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ഇത് സംഭവിക്കണമെന്ന് നിര്‍ബന്ധം ഇല്ല. 2016-ല്‍ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഗംഭീരപ്രകടനം കാഴ്ചവച്ച ആം ആദ്മി പാര്‍ട്ടി(70 ല്‍ 67) 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റിലും തോല്‍ക്കുകയാണുണ്ടായത്. ലോകസഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. ഒന്നിനെ ദേശീയ വിഷയങ്ങളും ദേശീയ നേതാക്കന്മാരും നയിക്കുന്നു. മറ്റൊന്നിനെ പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശീക നേതാക്കന്മാരും സ്വാധീനിക്കുന്നു. ചിലപ്പോള്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളെ ദേശീയനേതാക്കന്മാരും വിഷയങ്ങളും നിയന്ത്രിക്കുന്ന ഉദാഹരണങ്ങളും ഉണ്ട്. പക്ഷേ, ഇവിടെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ 2019 ആവര്‍ത്തിച്ചാല്‍ അതിശയപ്പെടുവാന്‍ ഇല്ല.

പക്ഷേ, കേരളത്തില്‍ ഇത് അത്ര ശരിയാകുവാന്‍ സാദ്ധ്യതയില്ല. 2019-ല്‍ കോണ്‍ഗ്രസിന്റെ യു.ഡി.എഫ്. 20-ല്‍ 19 സീറ്റുകളും ജയിച്ചതാണ്. പക്ഷേ, ഇവിടെ ആരംഭം മുതലെ ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം.ന്റെ എല്‍.ഡി.എഫിന് ആണ് മുന്‍ തൂക്കം. എല്ലാ അഭിപ്രായ സര്‍വ്വെകളും ഇടത് മുന്നണിക്ക് അനുകൂലം ആയിരുന്നു. ഇത് സംഭവിക്കുന്നത് അഴിമതി ആരോപണങ്ങളുടെ  പെരുമഴക്കാലത്ത് ആണെന്ന് ഓര്‍മ്മിക്കണം. സ്വര്‍ണ്ണക്കള്ളക്കടത്തും, സ്വജനപക്ഷപാതവും, പിന്‍വാതലിലൂടെയുള്ള നിയമനവും മറ്റും തുടങ്ങി. പിണറായി വിജയന്‍ ഗവണ്‍മെന്റിന്റെ വികസന പദ്ധതികള്‍ക്ക് ഇവിടെ ജനങ്ങളുടെ ഇടയില്‍ മുന്‍തൂക്കം ഉള്ളതായി കാണപ്പെടുന്നും. കോണ്‍ഗ്രസിലെ ചേരിതിരിവും ഉള്‍പ്പോരും അതിനെ ദുര്‍ബ്ബലം ആക്കിയിരിക്കുന്നു. പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം ആണ്. എല്‍.ഡി.എഫ്. സല്‍ഭരണത്തിന് തുടര്‍ഭരണം ആവശ്യപ്പെടുന്നു, അവകാശപ്പെടുന്നു. യു.ഡി.എഫ്, അഴിമതി നിറഞ്ഞ എല്‍.ഡി.എഫ്. ഭരണത്തില്‍  നിന്നും മോചനം തേടുന്നു. യു.ഡി.എഫിന് പുതുതായി ഒന്നും വാഗ്ദാനം ചെയ്യുവാനോ ഉയര്‍ത്തികാണിക്കുവാനോ ഉള്ളതായി കാണുന്നില്ല. 2019 ലോകസഭ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തദ്ദേശസ്വയം ഭരണ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരിയത് എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നു. ഭരണതുടര്‍ച്ച ഒരു കാലത്തും അനുവദിക്കാത്ത കേരളം ഇക്കുറി ഇത് തിരുത്തി എഴുതുമോ? അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടുവാനും ഇല്ല. പക്ഷേ, കേരളം ഇരുമുന്നണികള്‍ക്കും ഒരു കേക്ക് വോക്ക് ആയിരിക്കുകയില്ല.

ഇനി താമര ബി.ജെ.പി.യുടെ ശ്കതവും വ്യാപകവും ആയ സാന്നിദ്ധ്യം ഒരു മൂന്നാം മുന്നണിയുടെ രൂപത്തില്‍ കേരളത്തില്‍ ഉണ്ട്. അതിന്റെ വോട്ട് ശതമാനവും വര്‍ദ്ധിച്ചേക്കാം. പക്ഷേ, സീറ്റുകളുടെ എണ്ണം ഒന്നില്‍ നിന്നും എ്ത്ര വര്‍ദ്ധിക്കും, അല്ലെങ്കില്‍ കുറയും എന്ന് കണ്ടറിയണം. 'മെട്രോമാന്‍' ഇ.ശ്രീധരന്റെ സാന്നിദ്ധ്യം(പാലക്കാട്) ബി.ജെ.പി.ക്ക് തീര്‍ച്ചയായും ഒരു പുതിയ പ്രതിച്ഛായ നല്‍കുന്നുണ്ട്. ഒപ്പം പ്രസക്തിയും. പക്ഷേ, ശ്രീധരന്‍ തന്നെ ജയിക്കുമോ എന്ന കാര്യം കണ്ടറിയണം. കാരണം ഡെമോക്രസി ബ്യൂറോക്രസി അല്ല, ടെക്‌നോക്രസിയും അല്ല എന്നതുതന്നെ. ബി.ജെ.പിക്ക് സ്റ്റാര്‍ പ്രചാരകന്മാരായി മോദിയും അമിത്ഷായും ഉണ്ടായിരുന്നു. മതധ്രുവീകരണത്തിനായി ശബരിമല വിഷയവും. ഇതില്‍ കോണ്‍ഗ്രസും ഒരു കൈനോക്കി. പക്ഷേ, ഹിന്ദുത്വയില്‍ കോണ്‍ഗ്രസിന് ബി.ജെ.പി.യെ വെട്ടുവാന്‍ പറ്റുമോ? ബി.ജെ.പി.ക്ക് സ്റ്റാര്‍പ്രചാരകന്മാരായി മോദിയും അമിത്ഷായും ഉണ്ടായിരുന്നു. മതധ്രുവീകരണത്തിനായി ശബരിമല വിഷയവും. ഇതില്‍ കോണ്‍ഗ്രസും ഒരു കൈനോക്കി. പക്ഷേ, ഹിന്ദുത്വയില്‍ കോണ്‍ഗ്രസിന് ബി.ജെ.പി.യെ വെട്ടുവാന്‍  പറ്റുമോ? ബി.ജെ.പി.ക്ക് സ്‌ററാര്‍ പ്രചാരകരും ശബരിമലയും മാത്രമല്ല ഉണ്ടായിരുന്നത്. ടണ്‍കണക്കിന് പണവും സുലഭമായിട്ടുണ്ടായിരുന്നു. ഒരു ഔദ്യോഗിക കണക്കുപ്രകാരം(തെരഞ്ഞെടുപ്പ് കമ്മീഷന്‍) 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചിലവഴിച്ചത് 43 കോടി രൂപയായിരുന്നു. ജയിച്ചത് ഒരു സീറ്റും. സി.പി.എം, സി.പി.ഐ., കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചിലവഴിച്ച തുക ഒരുമിച്ചു കൂട്ടിയാല്‍ 30 കോടിയില്‍ താഴെ ആയിരുന്നു! വര്‍ഗ്ഗീയതയും സാമ്പത്തീക ഊര്‍ജ്ജവും ബി.ജെ.പി.ക്ക് വോട്ടുകളും കൂടുതല്‍ സീറ്റുകളും നേടുമോ? ഈ.ശ്രീധരന്‍ പാലക്കാട് ഇപ്പോള്‍ തന്നെ എം.എല്‍.എ.യുടെ ഓഫീസ് തുറന്നു കഴിഞ്ഞു. 35 സീറ്റുകള്‍ ലഭിച്ചാല്‍(ആകെ സീറ്റ് 140) ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന് ബി.ജെ.പി. അവകാശപ്പെടുന്നു. വോട്ട് മറിക്കലിനെ കുറിച്ച് രണ്ട് മുന്നണികളും ബി.ജെ.പി.യും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലും ബി.ജെ.പി.യുടെ എം.എല്‍.എ.മാരെ വാങ്ങുന്ന ചരിത്രവും കൂട്ടിവായിച്ചുവേണം ഈ അവകാശത്തെ വിലയിരുത്തുവാന്‍.

പുതുച്ചേരി ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഒരു കോട്ട ആയിരുന്നു. വി.നാരായണസ്വാമിയുടെ ഗവണ്‍മെന്റിനെ ബി.ജെ.പി. വിലക്ക് വാങ്ങിയതോടെ ഇവിടെ കോണ്‍ഗ്രസിന്റെ കഥകഴിഞ്ഞിരിക്കുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.രംഗസ്വാമിയുടെ എ്ന്‍.ആര്‍.കോണ്‍ഗ്രസ്-ബി.ജെ.പി.- അണ്ണാ ഡി.എം.കെ. സഖ്യത്തിനാണ് ഇവിടെ കോണ്‍ഗ്രസ്- ഡി.എം.കെ.-ഇടത് സഖ്യത്തിനെക്കാള്‍ മേല്‍ക്കൈ. ആകെയുള്ള 30 സീറ്റുകളില്‍ മൂന്നെണ്ണം നോമിനേറ്റഡ് ആണ്. ഇത് ഇപ്പോഴെ തന്നെ ബി.ജെ.പി. മുന്നണിയുടെ കീശയില്‍ ഉണ്ട്. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 30-ല്‍ 15 സീറ്റുകള്‍ നേടി വളരെ കക്ഷ്ടിച്ച് ആണ് നാരായണസ്വാമിയുടെ കോണ്‍ഗ്രസ്് അധികാരത്തില്‍ വന്നത്. അതിനെ കാലം തികക്കുവാന്‍ ബി.ജെ.പി. അനുവദിച്ചില്ല. 2019-ല്‍ ഒരു ലോകസഭ സീറ്റില്‍ ഒന്നും കോണ്‍ഗ്രസ് ജയിച്ചു. പക്ഷേ, ഇതൊന്നും ഈ തിരഞ്ഞെടുപ്പില്‍ വിലപ്പോവുകയില്ല. ബി.ജെ.പി. സഖ്യം പുതുച്ചേരി പിടിക്കുവാനാണ് സാദ്ധ്യത. പക്ഷേ, രംഗസ്വാമി മുഖ്യമന്ത്രി ആകുമോ എന്നത് ആയിരിക്കും സംശയം.
 ഈ മൂന്ന് പ്രവശ്യകളിലും ബി.ജെ.പി.ക്ക് കാര്യമായ മേല്‍ക്കോയ്മ ഒന്നും ഇല്ല. അതിനാല്‍ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സഖ്യത്തിലൂടെ അധികാരത്തില്‍ സാന്നിദ്ധ്യം ഉണ്ടാക്കിയാല്‍ അത് ഒരു നേട്ടം ആയിരിക്കും. കേരളവും ബി.ജെ.പി.ക്ക് ഇനിയും വഴങ്ങിയിട്ടില്ല. ഈ തെരഞ്ഞെടുപ്പ് പ്രാദേശിക കക്ഷികളായ അണ്ണാഡി.എം.കെ.ക്കും ഡി.എം.കെ.ക്കും നിര്‍ണ്ണായകമാണ്. കേരളത്തില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യങ്ങള്‍ക്കും ഈ നിയമസഭ തെരഞ്ഞെടുപ്പ് ഒരു വഴിത്തിരിവ് ആയിരിക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിനും കോണ്‍ഗ്രസ് സഖ്യത്തിനും. ഒരു പരാജയത്തെ അതിജീവിക്കുവാന്‍ അ്ത നിലനില്‍പു പരമായി വളരെ ക്ലേശിക്കും.

ഇത് കഴുത്ത് വെളിയിലേക്കിട്ട് ഒരു അനുമാനത്തിന് മുതിര്‍ന്നാല്‍! തമിഴ്‌നാട്ടില്‍ ഡി.എം.കെ. സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. കേരളത്തില്‍ ഇടതിന് മുന്‍തൂക്കമുള്ള ബലാബലം. പുതിച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ്-ബി.ജെ.പി.-അണ്ണാ ഡി.എം.കെ. സഖ്യം.

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക