-->

America

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

Published

on

"അമ്മയുടെ ഫോണിൽ കുറേ മെസ്സേജുകൾ!!" 

മകൻ പറയുന്നത് കേട്ടാണ് അനിത ശ്രദ്ധിച്ചത് തന്നെ. ജോലി കഴിഞ്ഞു വന്ന് അത്താഴത്തിനുള്ള വകകൾ ഫ്രിഡ്ജിൽ ബാക്കിയുണ്ടോ എന്ന് നോക്കുകയായിരുന്നു അവൾ. വാട്സാപ്പിലെ ഏതോ ഒരു ഗ്രൂപ്പിൽ നിന്നാവും എന്ന് അറിയാമായിരുന്നിട്ടും അത്ര പ്രാധാന്യമുള്ള വാർത്തയൊന്നും ആവാനിടയില്ല ചുമ്മാ അങ്ങുമിങ്ങും തട്ടിക്കളിക്കുന്ന ഫോർവേർഡഡ് മെസ്സേജുകൾ ആവാം എന്ന് തോന്നിയിട്ടും ഫോണിന്റെ ഉപരിതലത്തിലേക്ക് ഒന്ന് എത്തി നോക്കാതിരിക്കാൻ കഴിഞ്ഞില്ല അവൾക്ക്. 

ചുറ്റുവട്ടത്തുള്ള അമ്മമാരുടെ കൂട്ടായ്മയായ 'നെയ്ബർഹുഡ് മോംമ്സ്' എന്നു പേരുള്ള ഒരു ഗ്രൂപ്പിൽ നിന്നുളള നോട്ടിഫിക്കേഷനുകളാണ് കണ്ടത്. 

അനിതയും കുടുംബവും താമസിക്കുന്നത് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ഒരുൾനാടൻ പ്രദേശമായ ഫിഷ്കിൽ എന്ന സ്ഥലത്താണ്. ഒരു കൊച്ചു ടൗൺ. ഒന്നോ രണ്ടോ ചെറിയ ഷോപ്പിംഗ് കോംപ്ലക്സുകൾ മാത്രമേ അനിതയും കുടുംബവും താമസിക്കുന്നതിന് ചുറ്റുവട്ടമുളളൂ. അതിനടുത്തുള്ള പൊക്കിപ്സി ടൗണിലേക്ക് ചെന്നാൽ കുറച്ചു കൂടി കടകളും മറ്റും കാണാം പക്ഷെ അതിന് അര മണിക്കൂറോളം  യാത്ര ചെയ്യേണ്ടിയിരിക്കുന്നു. 

നഗരങ്ങളുടെ നഗരമായ ന്യൂയോർക്ക് എന്ന മഹാനഗരത്തിൽ നിന്ന് ഫിഷ്ക്കിൽ എന്ന ഈ കൊച്ചു ഗ്രാമത്തിലേക്ക് ജീവിതത്തെ പറിച്ചു നടുമ്പോൾ അനിതയോട് കൂട്ടുകാരികളായ മറ്റ് നഴ്സുമാർ പറഞ്ഞതാണ്, ഇന്ത്യൻ ഭക്ഷണം കിട്ടാനും കുട്ടികളെ തനതായ ആർഷ ഭാരത സംസ്കാരത്തിൽ വളർത്താനും ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന്. പക്ഷേ അനിതയും വിവേകും അത് വക വച്ചില്ല. നഗരത്തിന്റെ മടുപ്പിക്കുന്ന ശ്വാസം മുട്ടലുകളിൽ നിന്ന് വെളിയിൽ വരാനായിരുന്നു അവർക്ക് തിടുക്കം. 

ഇവിടെയെത്തി വീടും ചുറ്റുപാടുകളുമൊക്കെ പരിചയപ്പെടാൻ തുടങ്ങിയ കാലത്താണ് അടുത്ത വീട്ടിലെ 'എമ്മ' എന്ന എഴുപതുകാരി അനിതയെ 'നെയ്ബർഹുഡ് മോമ്സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തത്. അന്ന് മുതൽ ഇന്നോളം അറിയാത്ത ഈ നാട്ടിലെ, അറിയാത്ത ഏതൊരു വിഷയത്തെക്കുറിച്ചും ചുമ്മാ ഒരു മെസ്സേജിട്ടാൽ മതി, അയൽവക്ക കൂട്ടായ്മയിലെ ഏതെങ്കിലുമൊരു അമ്മ സഹായത്തിനെത്തും. 

വീട്ടുജോലിക്ക് ആളെ തേടിയും കുഞ്ഞുങ്ങളെ നോക്കാൻ ആളെ തേടിയും മറ്റ് ഉദ്യോഗാർത്ഥികളെ തേടിയുമൊക്കെ ഏറെ മെസ്സേജുകൾ വരാറുണ്ട് ഗ്രൂപ്പിൽ. 

മറ്റു ചിലപ്പോൾ ചുറ്റുവട്ടത്ത് നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചോ ആഴ്ച ചന്തകളെക്കുറിച്ചോ വാചാലരാവും അമ്മമാർ. ഇതും അതു പോലെന്തെങ്കിലുമാകും പിന്നീട് നോക്കാമെന്ന് കരുതി അനിത വീണ്ടും അടുക്കളയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. 

അവൾ അത്താഴത്തിനുള്ള അത്യാവശ്യം വേണ്ട സാധനങ്ങൾ ഫ്രിഡ്ജിന്റെ തണുത്തുറഞ്ഞ ഒരു മൂലയിൽ നിന്നും വലിച്ചെടുത്ത് വെളിയിൽ വച്ചു. ചിലത് ചൂടാക്കേണ്ടതാണ്. ചിലതിന്റെ തണുപ്പ് മാറിക്കിട്ടിയാൽ മതി. എല്ലാം എടുത്ത് അടുപ്പിനടുത്തെ തറയിൽ നിരത്തിവെച്ച് അവൾ മക്കളെ വിളിച്ചു. രണ്ടാളുടെയും ഹോംവർക്ക് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഗെയിമിന്റെ ആവേശത്തിലായിരുന്ന രണ്ടാളെയും പഠന മേശക്ക് ചുറ്റും പിടിച്ചിരുത്താൻ അല്പം ബുദ്ധിമുട്ടി.  അതിന് ശേഷമാണ് അവൾക്ക് വസ്ത്രം മാറാൻ പോലുമുള്ള സമയം കിട്ടിയത്. അപ്പോഴും ഫോണിൽ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. 

"എന്താണോ ഇന്ന് ഇത്ര അധികം സംസാരിക്കാനുള്ളത് ഈ പെണ്ണുങ്ങൾക്ക്..."
എന്ന് സ്വയം പറഞ്ഞു കൊണ്ടാണ് അവൾ ഫോണെടുത്തത്. 

നൂറ്റിപ്പതിനേഴ് മെസ്സേജുകൾ!! 

അതിനിടയിൽ ഒരു വെളുത്ത വാനിന്റെ അവ്യക്തമായ ഫോട്ടോയുമുണ്ട്. അവൾ മെസ്സേജുകൾ ആദ്യം മുതൽ വായിക്കാൻ തുടങ്ങി.  വായിച്ചു തീർന്നപ്പോഴേക്കും നെഞ്ചിനുള്ളിൽ ഒരു കല്ല് വച്ചതു പോലെ. ചിത്രത്തിൽ കണ്ട വെളുത്ത വാനിൽ ചിലർ കുറച്ചു ദിവസങ്ങളായി തങ്ങളുടെ ചുറ്റുവട്ടത്ത് കറങ്ങുന്നുണ്ടെന്ന്! 

അനിയനേയും കൊണ്ട് നടക്കാൻ പോയ ഒരു പതിന്നാലു വയസ്സുകാരിയുടെ കണ്ണുകളിൽ നോക്കി അവരിൽ ഒരാൾ പറഞ്ഞുവെന്ന്, കാറിലേക്ക് കയറാൻ...!  

മറ്റൊരു ദിവസം, മറ്റൊരു പെൺകുട്ടിയുടെ പിന്നാലെ അവരിലൊരാൾ അതിവേഗം നടന്നു ചെന്നുവെന്ന്... മറ്റേയാൾ അതേസമയം വാനുമായി പിന്തുടരുകയും ചെയ്തു. 

ഭയന്നു പോയ പെൺകുട്ടികൾ രണ്ടാളും അടുത്തുള്ള വീടുകളിലേക്ക് ഓടിക്കയറി സഹായമഭ്യർത്ഥിക്കുകയാണുണ്ടായത്. 

അമ്മമാർ ഇതെല്ലാം കേട്ട് വല്ലാതെ ഭയചകിതരാണ്. 

നാളെ വൈകിട്ട് എട്ട് മണിക്ക് ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. നമ്മുടെ പ്രദേശത്ത് ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലെന്നാണ് അമ്മമാർ പറയുന്നത്. വാർഡ് മെമ്പറും സിറ്റി കൗൺസിലറും പങ്കെടുക്കുന്നുണ്ട്. മീറ്റിംഗിന് എന്തായാലും പോകണം. അനിത തീരുമാനിച്ചു. 

നാളെ വിവേകിന് അവധിയാണ്, കുട്ടികളോടൊപ്പം അയാളുണ്ടാവും. അവൾ അടുക്കളയിലേക്ക് തന്നെ തിരിച്ചോടി. നാളത്തേക്കുളളത് കൂടിയെന്തെങ്കിലും ഇന്നേ ഉണ്ടാക്കി വച്ചാൽ വിവേകിന് വേറെ പരാതികളുണ്ടാവില്ല. 

അന്ന് രാത്രി ഏറെ വൈകിയാണ് വിവേക് വീട്ടിലെത്തിയത്. അയാളുടെ ജോലി തുടങ്ങുന്നത് വൈകിട്ട് മൂന്നു മണിക്കാണ്. രാത്രി പതിനൊന്ന് മണിയോടെ ജോലിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും സാധാരണ അനിതയും കുട്ടികളും ഉറക്കം പിടിച്ചിട്ടുണ്ടാവും. രാവിലെയാകട്ടെ അയാൾ എഴുന്നെഴുന്നേൽക്കുന്നതിന് മുമ്പേ അനിത ജോലിക്ക് പോയിട്ടുണ്ടാവും. അനിതയും വിവേകും തമ്മിൽ കണ്ടു മുട്ടാറുളളത് ആഴ്ചയവസാനങ്ങളിലാണെന്ന് പറയാം. സാധാരണ ഗതിയിലുളള ആശയ വിനിമയങ്ങളൊക്കെ ഇപ്പോൾ ഫോണിലൂടെയായി മാറിയിട്ടുണ്ട്. എന്നാലും അടുക്കളഭിത്തിയിലെ കറുത്ത കൊച്ചു ബോർഡിൽ അനിത ചില കുറിപ്പുകൾ എഴുതിയിടാറുണ്ട്. എന്നത്തെയും പോലെ തന്നെ, വീടിനുള്ളിലേക്ക് കയറി വണ്ടിയുടെ താക്കോൽ യഥാസ്ഥാനത്ത് വച്ച് വിവേക് ആദ്യം പോയത് കറുത്ത ബോർഡിന് മുന്നിലേക്കാണ്. 

ഇന്നത്തെ കുറിപ്പ് കുറിപ്പ് മഞ്ഞ നിറത്തിലുള്ള സ്റ്റിക്കി പേപ്പറിൽ എഴുതി കറുത്ത ബോർഡിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്. 

'ഐ വിൽ ബീ ലേറ്റ് ടുമോറോ... ചെക്ക് യുവർ വാട്സാപ്പ് ഫോർ മോർ ഇൻഫർമേഷൻ' 

കുളി കഴിഞ്ഞ് അടുക്കളയിൽ ചെന്ന് ഭക്ഷണവും കഴിച്ചു തിരിച്ചു മുറിയിലെത്തി ഉറങ്ങും മുമ്പ് അലാറം സെറ്റ് ചെയ്യാൻ ഫോണെടുത്തപ്പോഴാണ് അയാൾ വാട്സാപ്പ് മെസ്സേജുകൾ നോക്കിയത്.. 

ജോലി കഴിഞ്ഞ് ചുറ്റുവട്ടത്തെ പെണ്ണുങ്ങളെല്ലാം ഒത്തുകൂടുന്നു അടുത്തുള്ള  ഒരു നഴ്സറി സ്കൂളിൽ. ഏതോ ഒരു ഒരു വെള്ള വാൻ കണ്ടുപിടിക്കണമെന്ന്. അവരിൽ ആരുടെയോ മകളെ നോക്കി 'പോരുന്നോ' എന്ന് ചോദിച്ചുവെന്ന് ഒരു വെള്ളവാനിൽ വന്നവർ. 

വിവേകിന് ചിരിവന്നു. 

ഈ പെണ്ണുങ്ങൾക്ക് ഭ്രാന്താണ്... വെള്ള വാൻ കണ്ടുപിടിക്കണം പോലും. അതും വെറുതെ പോരുന്നോ എന്നൊരു വാക്ക് ചോദിച്ചതിന്... ഏതോ പയ്യന്മാർ കുസൃതി കാണിച്ചതാവും. ഇതു പോലും മനസ്സിലാക്കാനുള്ള കഴിവില്ലല്ലോ ഇവളുമാർക്ക്. 

ഈ താൻ തന്നെ എത്രയോ കുസൃതികൾ കാണിച്ചിട്ടുണ്ട്...!! അയാളുടെ ചുണ്ടിലൊരു ചിരി വിടർന്നു. 

റേഷൻ കടക്കാരൻ അന്തോണി മാപ്ലയുടെ ഇളയ മകൾ ഷൈനി നാട്ടിലെ ഏറ്റവും സുന്ദരിയായിരുന്നു. പക്ഷേ അഹങ്കാരം തലയ്ക്കു പിടിച്ച ഒരുവൾ. അവളുടെ ഒരു നോട്ടത്തിനായി എത്ര കാലം കാത്തു നിന്നിട്ടുണ്ടെന്നോ...!! തിരിഞ്ഞു നോക്കിയിട്ടില്ല ആ ഭൂലോക രംഭ! അങ്ങനെയിരിക്കുമ്പോഴാണ് അന്തിമയങ്ങിയ നേരത്ത് പെണ്ണിനെ ഒറ്റക്ക് പുഴക്കരയിലേക്കുളള ഇടവഴിയിൽ വച്ചു കണ്ടത്. കൂടെ കൂട്ടുകാരുണ്ടായിരുന്നതിന്റെ ധൈര്യത്തിലാണ് ചുമ്മാ മീശയും പിരിച്ച് അടുത്തേക്ക് ചെന്നതെന്ന് അവളുണ്ടോ അറിയുന്നു!! 

ആ പെണ്ണന്ന് പേടിച്ചോടിയ ഓട്ടം!! ഓർത്താലിന്നും വിവേകിന് ചിരി വരും...!! 

പക്ഷേ അവൾക്കതിന്റെ കലി ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൾ കണ്ടിരുന്നു. അയർലൻഡിൽ നിന്ന് കെട്ടിയോനും മക്കളുമായി അവളും വന്നിട്ടുണ്ടായിരുന്നു. പള്ളിയിൽ വച്ച് കണ്ടപ്പോൾ തറച്ചൊരു നോട്ടം. 

എന്തായാലും ഇതും അതു പോലെന്തോ ആണ്... ആരോ ഒന്ന് നോക്കിയെന്നും വച്ച് ഇത്ര പുകിലുണ്ടാക്കണോ ഈ പെണ്ണുങ്ങൾക്ക്...!! ഇതിനൊക്കെ കൂട്ടു നില്ക്കുന്ന രാഷ്ട്രീയക്കാരുമുണ്ടല്ലോ എന്നോർത്താണത്ഭുതം. ഇതൊക്കെ അതിന്റേതായ ഒരു സ്പിരിറ്റിലങ്ങെടുക്കണം...ഹല്ലാതെ ചുമ്മാ!!! 

വിവേക് ഒരു ചിരിയോടെ കിടക്കയിലേക്ക് ചാഞ്ഞു. കിടന്നയുടൻ ഉറക്കവുമായി. 

പിറ്റേന്ന്... മീറ്റിംഗും കഴിഞ്ഞ് അനിത പ്രതീക്ഷിച്ചതു പോലെ വൈകിത്തന്നെയാണ് വീട്ടിലെത്തിയത്. അന്നും പിറ്റേന്നും അതിൻറെ പിറ്റേന്നും ഒക്കെ അവൾ ആ വെളുത്ത വാനിനെക്കുറിച്ച് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടുന്ന ഓരോ വിവരങ്ങളും അവൾ വിവേകിനെ അറിയിക്കുമായിരുന്നു. ചില നേരത്തെ അവളുടെ പെരുമാറ്റം കണ്ട് 'ഈ പെണ്ണിന്റെ പിരിയിളകിയോ ദൈവമേ' എന്നു പോലും പറഞ്ഞു പോയി വിവേക്. 

അതിനിടയിലാണ് ചില വീട്ടുകാർ തങ്ങളുടെ വീടിന് മുന്നിലും പിന്നിലുമെല്ലാം സിസിടിവി ക്യാമറ ഫിറ്റ് ചെയ്യുന്നുണ്ട് എന്ന കാര്യം അനിത പറഞ്ഞത്. 

വിവേകിനിതെല്ലാം കണ്ടിട്ടും കേട്ടിട്ടും സത്യത്തിൽ ചിരി വന്നു. അയാളത് അനിതയോട് പറയാതെയിരുന്നില്ല. 

"ചുമ്മാ നേരം കളയാനായിട്ട്!!  വന്നു വന്നിപ്പോൾ പെൺകുട്ടികളെയൊന്ന് നോക്കാനും വയ്യെന്നായോ... !!" 

പക്ഷേ തീരെ താല്പര്യമില്ലാതെയും 
അനിതയുടെ നിർബന്ധത്താൽ വീടിന് മുന്നിൽ അവനും വക്കേണ്ടി വന്നു സിസിടിവി കാമറയൊന്ന്. 

ആ കാമറ വച്ചതിന് ശേഷം ജോലി കഴിഞ്ഞ് വന്നാലുടൻ വീഡിയോകളെല്ലാം കണ്ട് എത്ര വാഹനങ്ങൾ വീടിന് മുന്നിലൂടെ കടന്നു പോയി എന്നും അവയുടെ രീതികൾ എന്തൊക്കെയാണെന്ന് നിരീക്ഷിക്കുന്നതും അവയിൽ ഏതെങ്കിലുമൊന്ന്  സംശയാസ്പദമാണോ എന്ന് പരീക്ഷിക്കുന്നതുമെല്ലാം അനിതയുടെ സ്ഥിരം സ്വഭാവമായി മാറി. മറ്റൊന്നിനും സമയം മാറ്റി വെക്കാനില്ലാത്ത വിധം ചില ദിവസങ്ങളിൽ അവൾ ആ പ്രവർത്തിയിൽ സ്വയം മറന്ന് മുഴുകിത്തുടങ്ങി. 

"യൂ നോ വിവേക്! ഏതോ സെക്സ് റാക്കറ്റിലെ കണ്ണികളാവാം അവർ... കുട്ടികളെ തട്ടിയെടുക്കാൻ വരുന്നവർ...
പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സുരക്ഷിതരല്ല... അമേരിക്കയിലെ ഏറ്റവും ക്രൂരനായ ജോക്കറുടെ കഥ നീ കേട്ടിട്ടില്ലേ...!?" 

കട്ടിലിൽ കിടന്നുറങ്ങുന്ന രണ്ടാൺമക്കളുടെയും നേരെ ചകിതമായ ഒരു നോട്ടമെറിഞ്ഞു കൊണ്ട് അനിത 'ഇനിയും നിർത്താറായില്ലേ' എന്ന വിവേകിന്റെ ചോദ്യത്തിന് മറുപടിയായി മറ്റൊരു ചോദ്യമെറിഞ്ഞു. 

"കേട്ടിട്ടുണ്ട്...ജോൺ വെയ്ൻ ഗേസിയല്ലേ...! മുപ്പത്തിമൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊല ചെയ്ത...!!" 

വിവേക് ചോദ്യം പാതിയിൽ നിർത്തി. പിന്നെ മറുപടിക്ക് കാക്കാതെ പറഞ്ഞു 

"അതും ഇതും തമ്മിൽ ബന്ധിപ്പിക്കല്ലേ അനിതാ... ഇതങ്ങനെയൊന്നുമാവില്ല! നീ വന്നു കിടക്ക്...!" 

ആ രാത്രി വിവേക് പതിനൊന്ന് മണിക്ക് ജോലി കഴിഞ്ഞു വന്നപ്പോഴും ഉറങ്ങാതിരുന്ന് വീഡിയോകൾ കാണുകയായിരുന്നു അനിത. അപ്പോഴാണ് അവർ തമ്മിൽ ഇത്തരമൊരു സംഭാഷണമുണ്ടായത്. 

പിന്നീട് അനിതയുടെ ഈ ഉറക്കം കളഞ്ഞുളള ഈ സിസിടിവി പരിശോധന 
പിന്നീടൊരു തുടർക്കഥ ആയപ്പോൾ അയാൾക്ക് ഭയം തോന്നി. അയാൾ അനിതയറിയാതെ തന്നെ അവളെ നിരീക്ഷിക്കാൻ തുടങ്ങി. അതിനൊരു കാരണവുമുണ്ട്. നാടു വിട്ടു പോരുന്നതിന് മുമ്പ് പലവട്ടം ചുഴലി ദീനത്തിന്റെ ചുഴലിക്കാറ്റിൽ കശക്കിയെറിയപ്പെട്ടിട്ടുളളവളാണ് അനിത. അമേരിക്കയിലെത്തുകയും ജീവിത സാഹചര്യങ്ങളും സ്ഥലവും ഒക്കെ മാറുകയും ചെയ്തതോടെയാണ് രോഗത്തിന് ഒരല്പം കുറവ് വന്നത്. ഇനിയും ഒരിക്കൽ കൂടി അവൾ അതിന്റെ പിടിയിലേക്ക് പോകാനിട വരുത്തുന്ന യാതൊരു കാരണവും അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വിവേകിന് ആഗ്രഹമുണ്ടായിരുന്നില്ല. 

ഇതിനിടയിൽ ഒരു ദിവസം സിസിടിവി ക്യാമറ പെട്ടെന്ന് പ്രവർത്തിക്കാതായി. അതോടെ മൂന്നാം കണ്ണ് പോയ ശിവശക്തിയെപ്പോലെ അസ്വസ്ഥയായി അനിത. അവൾ അന്ന് ലീവെടുത്ത് കാമറ ശരിയാക്കാനുളള ആളെത്തേടിപ്പോയി. 

"ഓരോരോ ഗുലുമാലുകൾ... ചുമ്മാ പൈസാ കളയാനായിട്ട്!! ഒന്നും രണ്ടുമല്ല എഴുന്നൂറ് ഡോളറാ പൊടിഞ്ഞത്..."
കാമറ വീടിന് മുന്നിൽ പിടിപ്പിച്ചതിനേക്കുറിച്ചും തുടർന്നു വന്ന ചിലവുകളെക്കുറിച്ചുമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞതിനവസാനമായി  'ദ വൂൾഫ് പാക്ക്' എന്നു പേരുള്ള പഴയ കൂട്ടുകാരുടെ മെൻസ് ഒൺലി വാട്സാപ്പ് ഗ്രൂപ്പിൽ വിവേക് എഴുതി. 

"അനാവശ്യ ചിലവ്" രതീഷ് പറഞ്ഞു 

"സാരമില്ലെന്നേ... ഇനി കള്ളന്മാരെ പേടിക്കേണ്ടല്ലോ..." ഹബീബാണ്. 

"ക്രിസ്തുമസിന് വിലക്കുറവിൽ വേറൊരു മോഡൽ വാങ്ങണമെന്നായിരുന്നു എനിക്ക് പക്ഷേ നമ്മുടെ പെണ്ണുമ്പിളള സമ്മതിക്കണ്ടേ!!" വിവേക് മറുപടി എഴുതി. 
അയച്ചു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്. മനോജ് കണ്ടാൽ അതു മതി. ഡിലിറ്റ് ചെയ്യാനായി മെസ്സേജിൽ കൈവിരൽ ചേർത്ത് അമർത്തിയപ്പോഴേക്കും കണ്ടു; 'മനോജ് ടൈപ്പിംഗ്' ഇനി രക്ഷയില്ല. വിവേക് വിഷണ്ണനായി വരാൻ പോകുന്ന മെസ്സേജിനെ കാത്തിരുന്നു. ഒടുവിൽ പ്രതീക്ഷിച്ചത് പോലെ തന്നെ അത് വന്നു. 

"എന്താ വിവേകേ ഇത്!! സ്വന്തം ഭാര്യയെ നിലക്ക് നിർത്താനറിയില്ലാത്തവൻ ഏതമേരിക്കയിലായിട്ടും ഒരു കാര്യവു മില്ല..." 

പിന്നെ കുറേ അലറിച്ചിരിക്കുന്ന സ്മൈലികൾ...!  

പഴയ ഗാംഗിൽ ഇനി നാട്ടിൽ മനോജ് മാത്രമേയുള്ളൂ. കോളേജിനടുത്ത് ഒരു ബേക്കറി നടത്തുകയാണവനിപ്പോൾ. ഗ്രൂപ്പിൽ നിന്നും അവസാനം നാട് വിട്ടയാളായത് കൊണ്ടാണോ എന്നറിയില്ല വിവേകിനോട് പേരിട്ട് വിളിക്കാനാവാത്ത ഒരു വിരോധം മനോജിനുണ്ടെന്ന് തോന്നും പലപ്പോഴും. എപ്പോഴൊക്കെ അനിതയെക്കുറിച്ച് പറഞ്ഞാലും എന്തെങ്കിലും പറഞ്ഞ് ഒന്ന് 'ചൊറിയുന്നത്' മനോജിന്റെ സ്ഥിരം സ്വഭാവമാണ്. 

വിവേക് അനിതയെ കല്യാണം കഴിച്ച് അമേരിക്കക്ക് പോന്നപ്പോൾ അവൻ പറഞ്ഞത് പാവാട വിസയാണെന്നാണ്. അന്ന് വിവേകും അവനും തമ്മിലൊന്നുടക്കി. അവസാനം മറ്റു കൂട്ടുകാർ ചേർന്ന് പറഞ്ഞ് ഒതുക്കിത്തീർത്തു. പക്ഷേ പരസ്പരം ചാടി വീഴാൻ തക്കം പാർക്കുന്ന പോരു കോഴികളെപ്പോലെയായി അന്ന് മുതൽ അവർ.  രണ്ടു പേരും വീണ്ടുമൊരിക്കൽ കോർത്തത് അമേരിക്കയിൽ പോകുന്ന ഇന്ത്യക്കാരെല്ലാം രണ്ടാം തരം പൗരന്മാരാണെന്ന മനോജിന്റെ കമന്റിലാണ്. 

ഹോ! ഇങ്ങനെയുമുണ്ടോ മനുഷ്യർ. വിവേകോർത്തു. ഇവന് മറുപടി കൊടുക്കാൻ നിന്നാൽ വീണ്ടും വഴക്കാവും പിണക്കമാവും. വേണ്ട ഇപ്പോൾ അതിനുള്ള മൂഡിലല്ല.  വിവേക് വാട്സാപ്പ് അടച്ച് ഫോൺ ഒരു മൂലയിലേക്കെറിഞ്ഞു. 

കാര്യം അലമ്പനാണെങ്കിലും ഇത്തവണ മനോജ് പറഞ്ഞതിൽ കുറച്ചു കാര്യമില്ലാതില്ല. അനിത പലപ്പോഴും തന്നിഷ്ടപ്രകാരമാണ് പലതും ചെയ്യുന്നത്. അയാൾ ഓർത്തു. 

വിവാഹം കഴിഞ്ഞ് ഒരിക്കൽ പോലും അവൾ വിവേകിന്റെ വീട്ടിൽ താമസിച്ചിട്ടേയില്ല. നാട്ടിലായിരുന്ന കാലത്തും വിവേക് ആഴ്ചയവസാനങ്ങളിൽ സ്വന്തം വീട്ടിൽ പോയി വന്നാലും അനിത വാടക വീട്ടിൽ ഒറ്റയ്ക്ക് തന്നെ താമസിച്ചു. 

വിവേകിന്റെ അപ്പച്ചൻ അവരുടെ പ്രണയ വിവാഹത്തിന് എതിരായിരുന്നു എന്നത് സത്യമാണ്. പക്ഷേ ഏത് മാതാപിതാക്കളാണ് കുറച്ചു കാലം മുമ്പ് വരെ പ്രണയ വിവാഹങ്ങൾക്ക് കൂട്ട് നിന്നിട്ടുളളത്!! ഇഷ്ടപ്പെട്ടവർ തമ്മിലങ്ങ് വിവാഹം കഴിക്കും. വീട്ടുകാരുമായുളള ബന്ധം പതിയപ്പതിയെ ശരിയാവും. പക്ഷേ വിവേകിന്റെയും അനിതയുടെയും കാര്യത്തിൽ അനിത ഒരിക്കലും അത് ശരിയാവാൻ സമ്മതിച്ചിട്ടേയില്ല. അവളൊരിക്കലും വിവേകിന്റെ തറവാട്ടിൽ കാലെടുത്ത് കുത്തിയിട്ടില്ല. അമ്മച്ചിയോട് അത്ര അകൽച്ച കാണിച്ചിട്ടില്ലെങ്കിലും അപ്പച്ചനോട് അവൾ സംസാരിച്ചിട്ടു പോലുമില്ലെന്ന് വിവേകിനുറപ്പാണ്. ഒരിക്കൽ അപ്പച്ചൻ നേരിട്ട് സംസാരിക്കാൻ വാടക വീട്ടിലെത്തിയതാണ്. പക്ഷേ അന്നാണ് അനിതക്ക് ചെറുപ്പത്തിലെന്നോ വന്നു ഭേദപ്പെട്ടു എന്ന് കരുതിയ ചുഴലിദീനം വീണ്ടും വന്നത്. അതോടെ ഒരല്പം താഴ്ന്നു വന്ന അപ്പച്ചന്റെ വാശി പിന്നെയും കൂടി. പിന്നീടുളള അപ്പച്ചന്റെ വാദങ്ങളെല്ലാം വിവേകിന് ചുഴലി ദീനക്കാരിയെ കെട്ടേണ്ട കാര്യമെന്താണ് എന്നതായിരുന്നു...!! 

എന്തായാലും അതോടെ അപ്പച്ചനെക്കൊണ്ട് അനിതയെ മരുമകളായി അംഗീകരിപ്പിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 

അപ്പച്ചൻ മരിച്ചപ്പോൾ അവൻ  സെമിത്തേരിയിൽ വന്നിരുന്നു. പെട്ടിയുടെ മൂടി വക്കും മുമ്പ് കല്ലും പോലെ അവൾ ആ പെട്ടിക്ക് മുന്നിൽ കുറേ നേരം പോയി നില്ക്കുന്നത് കണ്ടും. അപ്പോൾ മാത്രമാണ് അവളെയും അപ്പച്ചനെയും ഒരുമിച്ച് കുറച്ചു നേരമെങ്കിലും കണ്ടതെന്ന് വിവേകോർത്തു. 

ചില കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ സ്വയം അല്പം ചെറുതാവുന്നത് പോലെ വിവേകിന് തോന്നും. 

"എന്റെ വീട്ടുകാരെ വേണ്ടാത്ത നിന്നെ എനിക്കും വേണ്ടെടീ പുല്ലേ" 

എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഒരിക്കൽ ഇറങ്ങിപ്പോകണമെന്ന് ചിലപ്പോഴൊക്കെ അയാൾ ഓർക്കാറുണ്ട്. പക്ഷേ കഴിയാറില്ല. രോഗിയായ അവളോടുള്ള സഹതാപമാണോ അതോ ശരിക്കും പ്രണയം തന്നെയാണോ തന്നെ ഇത്ര അധീരനാക്കുന്നത് എന്ന് അയാൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഒരിക്കലും ഉത്തരം കിട്ടാറില്ല. 

ചിന്തകളുടെ നൂലാമാലകളിൽ നിന്ന് യാതൊരു മുക്തിയും നേടാതെയാണ് അന്ന് വിവേക് ഉറങ്ങിയത്. 

എന്തായാലും ചുറ്റും വന്നു പോകുന്ന ഓരോ വാഹനത്തെയും സംശയത്തോടെ ചുറ്റുവട്ടത്തുള്ള ചിലരെങ്കിലും നോക്കാൻ തുടങ്ങി എന്ന് പറയാം. അതു കൊണ്ടൊക്കെ ആവണം ആരും പിന്നീടൊരിക്കലും ആ വെളുത്ത വാൻ കണ്ടതേയില്ല. 

പതിയെ പതിയെ വാട്സാപ്പ് ഗ്രൂപ്പിന്റെ അനക്കം നിലച്ചു. എല്ലാവരും വാനിനെപ്പറ്റി മറന്നു തുടങ്ങി. ഇതിനിടയിൽ ചിലരൊക്കെ വെളുത്ത വാൻ എന്നത് ഒരു വെറും കെട്ടുകഥ മാത്രമാണെന്നും  പറയാൻ തുടങ്ങി. എന്തായാലും അങ്ങനെയൊന്ന് ഇല്ലെന്ന് വരുന്നത് തന്നെയാണ് തനിക്കാശ്വാസമെന്ന് അനിത തുടരെത്തുടരെ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ അവളിപ്പോഴും സിസിടിവി വിഡിയോ നിരീക്ഷിക്കുന്നത്  നിർത്തിയിട്ടില്ല. 

ജീവിതം പിന്നെയും പഴയ താളത്തിലേക്ക് ഒതുങ്ങിത്തുടങ്ങിയെന്ന് തോന്നിയ ഒരു രാത്രിയിലാണ് അതുണ്ടായത്. വിവേക് ജോലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. വീടിനടുത്തെത്തുന്നതിന് മുമ്പേ അയാൾ കണ്ടു വീട്ടിൽ നിന്നും അധികം ദൂരത്തല്ലാതെയുളള ഓക്ക് മരച്ചുവട്ടിൽ ഒരു വെളുത്ത വാൻ നിർത്തിയിട്ടിരിക്കുന്നു. അനിത പറഞ്ഞു കേട്ട് ഇപ്പോൾ വെളുത്ത വാൻ എവിടെക്കണ്ടാലും അതിനെ ഒന്ന് കണ്ണാൽ ഉഴിയാതെ കടന്നു പോകാൻ അയാൾക്കും കഴിയാതെ ആയിരിക്കുന്നു. അതുകൊണ്ടു തന്നെ ആ വാഹനത്തിനരുകിൽ എത്തിയപ്പോൾ വിവേക് സ്വയമറിയാതെയാണ് സ്വന്തം വാഹനത്തിന്റെ വേഗത കുറച്ചത്. ആദ്യം വാനിന്റെയുള്ളിൽ ആരുമില്ല എന്നാണ് അയാൾക്ക് തോന്നിയത്. പക്ഷേ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് നിർത്തിയിട്ടിരുന്ന ആ വണ്ടിക്കുളളിൽ രണ്ടു പേരുണ്ടായിരുന്നു. വിവേക് സ്വന്തം വണ്ടിയുടെ വേഗത കുറച്ച് ആ വാഹനത്തോട്  ചേർത്ത് നിർത്താൻ ശ്രമിക്കുന്നു എന്ന് അവർക്ക് തോന്നിയ അതേ നിമിഷം ആ വാൻ സ്റ്റാർട്ടായി. അതേ നിമിഷം തന്നെ അതിൻറെ പിൻഭാഗത്തുനിന്നും എന്തൊക്കെയോ തട്ടി മറിഞ്ഞു വീഴുന്നത് പോലെ ഒരു വലിയ ശബ്ദം കേട്ടു. ഒരു നിമിഷത്തേക്ക് വിവേകിന്റെ പ്രജ്ഞകളെ മരവിപ്പിച്ചു കൊണ്ട് അത് ശരം പോലെ പാഞ്ഞു പോയി. ഒന്ന് പകച്ചു പോയി എങ്കിലും അയാൾ ആ വാഹനം പോയ വഴിയേ അല്പദൂരം പിന്തുടർന്നു നോക്കി. എങ്കിലും പ്രയോജനമുണ്ടായില്ല.  

അന്ന് വീട്ടിലെത്തിയപ്പോൾ വിവേകിന് അനിതയെ ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേല്പിച്ച് ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവളുണ്ടാക്കാൻ പോകുന്ന വയ്യാവേലികളെപ്പറ്റി ഓർത്തപ്പോൾ വേണ്ടെന്ന് തോന്നി. അവൾ പോലീസിനെയും അയൽക്കാരെയും വിളിച്ച് വരുത്തും. അനാവശ്യമായി ഓരോരോ ഗുലുമാലുകൾ. 
എന്തിന് വെറുതേ മനുഷ്യന്റെ മന:സമാധാനം കളയുന്നു...!! ഒന്നും വേണ്ട. അയാൾ ആരോടും ഒന്നും പറയേണ്ടെന്ന് തന്നെ തീരുമാനിച്ചു. 

പക്ഷേ പിറ്റേന്ന് അയാൾ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അനിത സ്വീകരണമുറിയിലെ കസേരകളിൽ ഒന്നിൽ ചടഞ്ഞിരിപ്പുണ്ടായിരുന്നു. വിവേകിനെ കണ്ടപാടേ അവൾ ചോദിച്ചത് ഒന്നു മാത്രം. 

"ഇന്നലെ നിങ്ങൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വെളുത്ത വാൻ കണ്ടിരുന്നോ...? മങ്ങിയ വെളിച്ചത്തിൽ നിങ്ങളുടെ വണ്ടി ആ വെളുത്ത വാനിനടുത്ത് നിർത്തുന്നതും അതിനെത്തുടർന്ന് ആ വാൻ അതി വേഗം സ്ഥലം വിട്ടു പോകുന്നതുമായ വീഡിയോ ഞാൻ കണ്ടു..." 

വിവേക് തലക്കടിച്ചു. സത്യത്തിൽ സിസിടിവി കാമറയിൽ ഇന്നലത്തെ സംഭവം പതിയാനുളള സാധ്യത അയാൾ മറന്നേ പോയിരുന്നു. 

"ഉവ്വ്...അത് ഏതോ ഒരു വാഹനം... നീയത് അത്ര കാര്യമാക്കേണ്ട..." 

"നിങ്ങൾ എന്തു കൊണ്ട് പോലീസിനെ വിളിച്ചില്ല! അല്ലെങ്കിൽ എന്നെ വിളിച്ചെഴുന്നേല്പിക്കാമായിരുന്നില്ലേ...!" ഞാൻ പോലീസിൽ അറിയിച്ചേനേ..." 

"അതേ! അതു കൊണ്ട് തന്നെയാണ് നിന്നോട് പറയാതിരുന്നത്. അനിതാ ഒരു വെളുത്ത വാൻ കണ്ടതിന് പോലീസിലറിയിക്കാനോ...! യൂ ആർ ഓവർ റിയാക്ടിംഗ്....!!"  

"ഓവർ റിയാക്ടിംഗോ!!" അനിത അലറി 

"അല്ല വിവേക് അല്ല. അവർ കുഴപ്പക്കാരല്ലെങ്കിൽ പിന്നെന്തിനാണ് വിവേകിന്റെ വണ്ടി സ്ലോഡൗൺ ചെയ്തപ്പോൾ കടന്നു കളഞ്ഞത്...!!" 

ആ ചോദ്യത്തിന് ഉത്തരം പറയാതെ വിവേക് നിന്നു. 

വെളുത്ത വാൻ കുറേ നാളുകളായി ചുറ്റുവട്ടങ്ങളിൽ ഉളളവർ തേടുന്നു എന്ന് അറിയാവുന്ന ആളുകൾ തന്നെയാവാം അതിനുള്ളിൽ ഉണ്ടായിരുന്നത്. വിവേക് അവരുടെ അടുത്തേക്ക് ചെല്ലുകയോ പോലീസിനെ വിളിക്കുകയോ ചെയ്യുമെന്ന്  കരുതി പുലിവാല് പിടിക്കാതിരിക്കാൻ കടന്നു കളഞ്ഞതാവാം. എന്നിങ്ങനെ മറ്റു ചില ന്യായങ്ങൾ തിരിച്ചു നിരത്താൻ തോന്നിയെങ്കിലും അനിതയുടെ കോപം കണ്ടതോടെ അവൻ സംയമനം പാലിക്കുകയാണുണ്ടായത്. 

പക്ഷേ അനിത വിടാനുള്ള ഭാവമില്ലായിരുന്നു.

"വിവേക് എപ്പോഴും പറയും പോലെ ചിലപ്പോൾ ആ വാനിലുളളവർ സെക്സ് റാക്കറ്റിലെ കണ്ണികളാവില്ല. 
ചിലപ്പോൾ വെളുത്ത വാൻ തന്നെയും ഒരു കെട്ടു കഥയായിരിക്കാം... അല്ലെങ്കിൽ ആ പെൺകുട്ടികൾക്ക് തോന്നിയതാവാം. അതുമല്ലെങ്കിൽ അവർ കള്ളം പറഞ്ഞതാവാം. പക്ഷെ മുതിർന്നവർ ഇതൊന്നും തമാശയോ തോന്നലുകളോ ആണെന്ന് തളളിക്കളയരുത്..." 

അനിതക്ക് വിവേകിനോട് തുടർന്ന് ഒരു പഴയ കഥ പറയാനുണ്ടായിരുന്നു. പക്ഷേ വലിഞ്ഞു പോയ പഴയ ഒരു ടേപ്പ് റെക്കോർഡറിൽ നിന്നും ഉതിർന്നു വീഴുന്ന ചിലമ്പിച്ച ചില ശബ്ദങ്ങൾ പോലെ അവളുടെ സ്വരം വഴുതി. അവൾ കുഴഞ്ഞു. പേടിച്ചിരുന്നത് വീണ്ടും നടക്കുന്നുവല്ലോ എന്ന നടുക്കത്തിലും വിവേക് അവളെ വീഴാതെ താങ്ങി. പക്ഷേ ഒന്നോ രണ്ടോ നിമിഷത്തെ ആ ഒരു ചെറിയ താളംതെറ്റലിൽ നിന്നും വളരെ പെട്ടെന്ന് മുക്തി നേടി അനിത കഥ തുടങ്ങി. 

പെട്ടെന്ന് പ്രഖ്യാപിച്ച ഒരു പ്രൈവറ്റ് ബസ് സമരത്തിൽ വലഞ്ഞ ഒരു സന്ധ്യയിൽ ഒറ്റക്കായിപ്പോയ ഒരു പ്രീഡിഗ്രിക്കാരിയുടെ കഥയായിരുന്നു അത്. 

വീടിന് അടുത്തുള്ള പട്ടണത്തിൽ ഒറ്റപ്പെട്ടു പോയ ഒരു ദിവസം. ഇരുണ്ടു തുടങ്ങിയ ആ നേരത്ത് എങ്ങനെ വീട്ടിലേക്കെത്തേണ്ടൂ എന്ന് വേപഥു പൂണ്ടാണ് നിന്നത്. 'ഇനിയും നിനക്ക് കൂട്ടിന് നിന്നാൽ എന്റെ വീട്ടിൽ നിന്നും ഞാൻ പുറത്താവു'മെന്ന് പറഞ്ഞ് അവസാന കൂട്ടുകാരിയും സ്വന്തം വീടു പറ്റാനുളള വഴി തേടിയപ്പോഴാണ് അനിതക്ക് കണ്ടു പരിചയമുള്ള ഒരാളുടെ  കാറിൽ കയറേണ്ടി വന്നത്. കൊഴുത്ത കഞ്ഞിപ്പശയിൽ മുക്കി തേച്ച് നിവർത്തി എടുത്ത വെളുത്ത ഖദർ മുണ്ടും അതിനൊത്ത വെളുത്ത ഖദർ ഷർട്ടും ധരിക്കാറുണ്ടായിരുന്ന ആ മനുഷ്യനെ അനിത അതിന് മുമ്പ് പള്ളിയിൽ വച്ചും മറ്റിടങ്ങളിൽ വച്ചും കണ്ടിട്ടുണ്ടായിരുന്നു. അനിതയുടെ അപ്പച്ചനെ നന്നായി അറിയാമെന്ന് പറഞ്ഞ  അയാളോടൊപ്പമാണ് അവൾ അന്ന് നഗരത്തിൽ നിന്നും പുറപ്പെട്ടത്. 
ആളില്ലാത്ത വഴിയോരത്ത് പക്ഷേ വണ്ടിയൊതുക്കി നിർത്തി അവളുടെ ദേഹത്തേക്ക് കടന്നു കയറിയ അയാളുടെ ശ്രമങ്ങളെ ചെറുക്കാൻ അപ്പച്ചനെ പരിചയമുണ്ട് എന്ന തുറുപ്പു ചീട്ടിന് ശക്തി തീരെ പോരായിരുന്നു. 

അന്ന് ഏറെ നേരം വൈകി വീട്ടിലെത്തിയപ്പോൾ അനിതയുടെ അപ്പച്ചന്റെ അടി ആദ്യവും ചോദ്യം പിന്നീടുമാണ് വന്നത്... രാത്രി അമ്മച്ചിയുടെ നെഞ്ചിൽ തലയിട്ടുരുട്ടി കാര്യം പറഞ്ഞു കരഞ്ഞപ്പോൾ 'ആരോടും പറയല്ലേ പൊന്നു മോളേ... തൊണ്ടയിൽ പുഴുത്താൽ കീഴ്പ്പോട്ടിറക്കണം' എന്ന അടക്കിയ സ്വരം മാത്രം മറുപടിയായി കിട്ടി. പുറത്തേക്ക് വരാനാഞ്ഞ കരച്ചിലിനെ അടക്കിപ്പിടിച്ചാൽ അതിന്റെ അവസാനം ഛർദ്ദിക്കും എന്ന് അനിത അന്നാണ് അറിഞ്ഞത്. 

പിന്നീടങ്ങോട്ടാണ് ഉറക്കം മറന്ന രാത്രികളും ഭീതിയും അനിതയെ മറ്റൊരു ലോകത്തെത്തിച്ചത്. ധ്യാനങ്ങളെത്ര കൂടിയിട്ടും പൈശാചിക ശക്തികളെ പരിശുദ്ധാത്മാവിന്റെ നാമത്തിലെത്ര പേർ പിടിച്ചടക്കിയിട്ടും അനിതയുടെ പേടി കുറഞ്ഞില്ല. അനിതയുടെ ദേഹത്തിൽ കൂടിയ ചുഴലി പിന്നീട് ഒരിക്കലും ഇറങ്ങിയില്ല. 

കഥ കേട്ട് വിവേക് ശബ്ദമില്ലാതെ നിന്നു പോയി. അയാളുടെ മിഴികൾ നിറഞ്ഞു. 
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ
ആരോടൊക്കെയോ മാപ്പ് ചോദിക്കണം എന്ന് അയാൾക്ക് തോന്നുന്നുണ്ടായിരുന്നു.   റേഷൻകടക്കാരൻ അന്തോണിച്ചന്റെ മകൾ ഷൈനിയോട്, പിന്നെ പേരറിയാത്ത, മുഖമില്ലാത്ത ആരോടൊക്കെയോ...! 

പക്ഷേ ഒന്നിനും കഴിയാതെ  ലോകത്തിന്റെ മുഴുവൻ കുറ്റവും സ്വയം ഏറ്റു വാങ്ങുന്ന ഒരുവന്റെ മുഖഭാവത്തോടെ അയാൾ ഭിത്തിയിൽ ചാരി നിന്നു. 

അപ്പോൾ കുട്ടികളെ നെഞ്ചോട് ചേർക്കുന്നത് പോലെ അനിത അയാളെ നെഞ്ചോട് ചേർത്തു. പിന്നെ പറഞ്ഞു 

"നിങ്ങളുടെ അപ്പച്ചന്റെ നിഴൽ കാണുന്നതേ എനിക്ക് പിന്നീടെന്നും ഭയമായിരുന്നു വിവേക്. അതു കൊണ്ട് മാത്രമാണ് അയാളുളള വീട്ടിലേക്ക് ഞാനൊരിക്കലും കടന്നു ചെല്ലാതിരിക്കാൻ ശ്രമിച്ചിട്ടുളളത്." 

അനിതയെ ചേർത്തു പിടിച്ചിരുന്ന വിവേകിന്റെ കൈകൾ പെട്ടെന്ന് അയഞ്ഞു. അയാൾ അവളുടെ മുഖത്തേക്ക് അല്പനേരം അവിശ്വസനീയതയോടെ തറച്ചു നോക്കി. പിന്നെ അവളെ വിട്ട് പതിയെ ലാപ്ടോപ്പ് വച്ചിരിക്കുന്ന ചെറിയ മേശക്ക് നേരെ നടന്നു. അയാൾ തലേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എടുത്തു പരതാൻ തുടങ്ങി, അയാൾക്കും ഇപ്പോൾ ആ വെളുത്തവാനിലുളളവരെ കണ്ടുപിടിക്കണമെന്ന് തോന്നുന്നുണ്ടായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Is Love Real or Does an Arranged Marriage Just Make Sense? (Asha Krishna)

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

ജാതകദോഷം (ചെറുകഥ: സാംജീവ്)

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

കുട്ടൻ (കവിത: ശങ്കരനാരായണൻ മലപ്പുറം)

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

അനിത (കഥ : രമണി അമ്മാൾ)

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

View More