Image

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

Published on 11 April, 2021
ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ്  ഫോമ  മുഖാമുഖത്തിൽ
(നിയുക്ത ഐഎസ്ആർഒ (ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ) ചെയര്‍മാനായ ഡോ.എസ്.സോമനാഥ് നിലവിൽ തിരുവനന്തപുരം വി.എസ്.എസ്.സി (വിക്രം സാരാഭായി സ്‌പെയ്‌സ് സെന്റർ) ഡയറക്ടറായി സേവനം അനുഷ്ഠിച്ചുവരികയാണ്.  എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നീ മലയാളികളാണ് മുൻപ് ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ളത്. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക. 
 
സീനിയോറിറ്റിയേക്കാൾ  അസാധാരണ പ്രകടനമിടുക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനെ നിയമിക്കുന്നതിന്റെ  മാനദണ്ഡം. മെറിറ്റ് പ്രൊമോഷൻ സ്‌കീം അനുസരിച്ചാണ് സോമനാഥിന് ലെവൽ 16ൽ നിന്ന് ലെവൽ 17ലേക്ക് സ്ഥാനക്കയറ്റം നൽകിയത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും സോഫ്റ്റ് വെയർ വികസനത്തിലുമുള്ള മികവാണ് ഡോ. സോമനാഥിനെ ഉന്നത പദവിയിലെത്തിച്ചത്.)
 
 
കേരളത്തിലെ ഗ്രാമത്തിൽ ജീവിക്കുകയും  മലയാളം മീഡിയം സ്‌കൂളിൽ പഠിക്കുകയും ചെയ്ത തന്റെ ജീവിതത്തിലേക്ക് ബഹിരാകാശം എന്ന വലിയ ലോകം തെളിഞ്ഞു വന്നത് എഞ്ചിനീയറിംഗ് ബിരുദ പഠനത്തിനിടയിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഡോ.എസ്.സോമനാഥ് ഫോമായുടെ നാലാമത് മുഖാമുഖം പരിപാടിയിൽ സംസാരിച്ചു തുടങ്ങിയത്.. മുഖാമുഖം പരിപാടിയിലെ ആദ്യ അതിഥിയായി പങ്കെടുത്ത ചീഫ് സെക്രട്ടറി വി.പി .ജോയിയും എഞ്ചീനയറിംഗിൽ  സതീർത്യനായിരുന്നു. ഇരുവരും ഒരുമിച്ചാണ്   വിക്രംസാരാഭായ് ഗവേഷണ കേന്ദ്രത്തിൽ ചേർന്നതും!   ഒരുമിച്ച് രണ്ടു വര്‍ഷം പ്രവർത്തിചു. പിന്നെ അദ്ദേഹം ഐ.എ.എസ് . നേടി പോയി.  ഓർമ്മകൾ പങ്കുവച്ചുകൊണ്ട്  ഔദ്യോഗിക ജീവിതത്തിലെ 35 വർഷക്കാലത്തെ അഭിമാനകരമായ നേട്ടങ്ങളെക്കുറിച്ച്  അദ്ദേഹം വാചാലനായി.
 
ഡ്രോയിങ് ബോർഡിൽ ഒരു ചിത്രമായി വിഭാവനം ചെയ്ത സമയം മുതൽ പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തത്തിലെ അനുഭവത്തെക്കുറിച്ച് സാധാരണക്കാർക്കുപോലും വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയിലാണ് വിവരിച്ചത്. 
 
 
കടലാസിൽ വരച്ച ചിത്രത്തിൽ നിന്ന് പത്ത് വർഷമെടുത്ത് പൂർത്തീകരിച്ച ആദ്യ വിക്ഷേപണം പരാജയമായിരുന്നെങ്കിലും രണ്ടാമൂഴം വിജയകരമായത് ഏവരെയും പ്രചോദിപ്പിക്കുന്ന രീതിയിൽ വിശദീകരിച്ചു. 50 ലധികം വിജയകരമായ വിക്ഷേപണങ്ങൾ പിഎസ്എൽവി നടത്തിയതിനെപ്പറ്റിയും  ഡയറക്ടർ സ്ഥാനത്തിരുന്ന് കോവിഡ് കാലത്ത് 3 വിക്ഷേപങ്ങൾ നടത്തിയതും  പറയുമ്പോൾ   ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിലെ അഭിമാനവും അതിൽ  സ്ഫുരിച്ചു.
 
 അദ്ദേഹത്തിന്റെ വാക്കുകൾ...
 
'ഐഎസ്ആർഒ ഇന്ത്യയിൽ സ്ഥാപിതമാകുന്നത് അറുപതുകളിലാണ്. അമേരിക്ക അതിനോടകം ചന്ദ്രനിൽ കാലു കുത്തിക്കഴിഞ്ഞു. അന്ന് വിക്രം സാരാഭായിയും സഹപ്രവർത്തകരും അമേരിക്കയിൽ നിന്നും  റഷ്യയിൽ നിന്നും  റോക്കറ്റുകൾ ഇന്ത്യയിൽ എത്തിച്ച് , തുമ്പയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. അവിടെ നിന്ന് നമ്മുടെ രാജ്യം 50 വർഷംകൊണ്ട് വളരെയധികം വളർന്നു. സ്വന്തമായി ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും ഇന്ത്യയിൽ നിന്നുള്ള ലോഞ്ച്പാഡിൽ നിന്ന് ഇന്ത്യയിൽ നിർമ്മിച്ച റോക്കറ്റുകൾ ഉപയോഗിച്ച്  വിക്ഷേപിക്കാനും ഐഎസ്ആർഒ കരുത്താർജ്ജിച്ചു. ലോകത്ത് തന്നെ അഞ്ചോ ആറോ  രാജ്യങ്ങൾക്ക് മാത്രം സാധ്യമായ നേട്ടമാണത്. 
 
മറ്റൊരു രാജ്യത്തെയും ആശ്രയിക്കാതെ ഡിസൈൻ മുതൽ ഏത് ഘട്ടത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിവുറ്റ ആളുകളും സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയിൽ ഉണ്ടെന്നത് ഏറെ അഭിമാനകരമാണ്. 'മംഗൾയാൻ' എന്ന പേരിൽ പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ചൊവ്വയിലേക്ക് ഇന്ത്യ നടത്തിയ വിക്ഷേപണത്തിന് ഇത്തരം ദൗത്യങ്ങളുമായി ബന്ധപ്പെട്ട് മറ്റുരാജ്യങ്ങൾ നടത്തുന്ന ചിലവുമായി താരത്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ആദ്യ വിക്ഷേപണത്തിൽ  തന്നെ അത് ഭ്രമണപഥത്തിൽ എത്തിക്കാനും സാധിച്ചു.
 
ഇന്ന്‌  ഐഎസ്ആർഒ യ്ക്ക് സ്വന്തമായി 50 ഉപഗ്രഹങ്ങളുണ്ട്. അവയിൽ 15 മുതൽ 18 എണ്ണം വരെ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകളാണ്. ടെലിവിഷൻ സംപ്രേഷണം, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ബാങ്കിങ് കമ്മ്യൂണിക്കേഷൻ ഇവയെല്ലാം നടക്കുന്നത് ഐ എസ് ആർ ഒ യുടെ ഉപഗ്രഹങ്ങൾ വച്ചാണ്. അതിന്റെ മറ്റു പ്രവർത്തനങ്ങളും മെയ്ന്റനൻസും നടത്തുന്നതും ഐഎസ്ആർഒ യുടെ സ്ഥാപനങ്ങളാണ്. 
 
റിമോട്ട് സെൻസിങ്ങിനു വേണ്ടിയും 18 ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാണ്. അവയിൽ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് സവിശേഷത. എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ, വിവിധ തരത്തിലെ ഇമേജുകൾ ആ ക്യാമറയിൽ പതിയും. വെളിച്ചമുള്ളവയും ഇരുട്ടിൽ റഡാർ ഇമേജുകളും സ്പെക്ട്രൽ ഇമേജുകളും ഒക്കെ ലഭിക്കും. കാലാവസ്ഥ പ്രവചിക്കാനും , കാർഷിക രംഗത്ത് വിളകളുടെ ഉല്പാദന ക്ഷമത കണ്ടുപിടിക്കാനും  ഇവ സഹായിക്കും. 
 
സ്ട്രാറ്റജിക് പ്ലാനിങ് ഉപഗ്രഹങ്ങളും നമുക്കുണ്ട്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് അതിർത്തികൾ നിരന്തരം വീക്ഷിക്കാനും ഇവ സഹായിക്കും. ചുഴലിക്കാറ്റ് പോലെ വൻ വിപത്തുകൾ മുൻകൂട്ടി അറിഞ്ഞ് അവയെ ചെറുക്കാനുള്ള ഉപഗ്രഹങ്ങളുമുണ്ട്. 
 
 
ജിപിഎസിന് തത്തുല്യമായി ഇന്ത്യ 'നാവിക്' എന്ന പേരിലൊരു ഉപഗ്രഹം ഏറ്റവും പുതിയതായി  ലോഞ്ച് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണുകളിലേക്കും മറ്റും സമീപ ഭാവിയിൽ അതിന്റെ സേവനം ലഭ്യമായി തുടങ്ങും. ഗ്ലോബൽ കവറേജ് ഉള്ള സിസ്റ്റമല്ല, ഇന്ത്യ മാത്രം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. പിന്നീട് വിപുലീകരിക്കുമെന്നാണ് പ്രതീക്ഷ.
 
ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 , മംഗൾയാൻ എന്നിവയ്ക്ക് ശേഷം ആദിത്യ- എൽ 1 എന്ന പേരിൽ സൂര്യനെക്കുറിച്ച് പഠിക്കാൻ ഒരു ഉപഗ്രഹം ഉടൻ സാധ്യമാകും. സൂര്യനും ഭൂമിക്കുമിടയിൽ ഈ ഉപഗ്രഹത്തെ സ്ഥാപിച്ചുകൊണ്ടാണ് പഠനം നടത്തുക. വീനസിനെക്കുറിച്ച് പഠിക്കാനും നമ്മളൊരു ഉപഗ്രഹം വികസിപ്പിക്കുന്നുണ്ട്. ചന്ദ്രയാൻ 3 എന്ന പേരിൽ ചന്ദ്രനിലേക്ക് മൂന്നാം ലോഞ്ചിനുള്ള തയ്യാറെടുപ്പും നടക്കുന്നുണ്ട്. അടുത്ത രണ്ടു വർഷത്തിനിടയിൽ ചൊവ്വയിലേക്ക് പോകാൻ മറ്റൊരു ഉപഗ്രഹം കൂടി ഒരുക്കുന്നുണ്ട്.
 
നമ്മുടെ സൗരയൂഥത്തിൽ  സൂര്യനു ചുറ്റും ഗ്രഹങ്ങൾ ഉള്ളതുപോലെ പ്രപഞ്ചത്തിൽ  വേറെ സൂര്യനും ചുറ്റും ഗ്രഹങ്ങളും ഉണ്ടാകും. അവയെ എക്സോ പ്ലാനറ്റ് എന്നാണ് വിളിക്കുക. അത്തരം ഗ്രഹങ്ങളെക്കുറിച്ചു പഠിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. അവിടെയൊക്കെ ജീവൻ ഉണ്ടായിക്കൂടായ്കയില്ല.
 
ഹ്യൂമൻ സ്‌പേസ് ട്രാവൽ ആണ് മറ്റൊരുപദ്ധതി. ഇന്ത്യക്കാരനെ ഇന്ത്യൻ റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ വെഹിക്കിളിൽ സുരക്ഷിതമായി ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗഗൻയാൻ പ്രോഗ്രാമിനു വേണ്ടിയാണ് കഴിഞ്ഞ കുറേക്കാലമായി ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രോജക്ടിന്റെ മാനേജ്‌മന്റ് കൗൺസിൽ ചെയര്‍മാന്‍ കൂടിയാണ്. 
 
ഇതുവരെ മനുഷ്യനുമായി നമ്മൾ ഉപഗ്രഹം വിട്ടിട്ടില്ല. ഒരാളുടെ ജീവൻ കൂടി ഇതിൽ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് ഭാരിച്ച ഉത്തരവാദിത്വമാണ്. മനുഷ്യനെ കയറ്റാതെ ഒന്ന്-രണ്ട് ലോഞ്ച് നടത്തി ഉറപ്പുവരുത്തിയ ശേഷമായിരിക്കും സ്വപ്നദൗത്യം. 2021 ഡിസംബറിൽ ആളില്ലാത്ത ലോഞ്ച് നടത്തണമെന്നാണ് നമ്മൾ ഉദ്ദേശിക്കുന്നത്.
 
അമേരിക്കയിൽ നാസ ഒരു ദൗത്യം ചെയ്യുമ്പോൾ റോക്കറ്റ് നിർമാണവും മറ്റു കാര്യങ്ങളും ഡെൽറ്റയും അറ്റ്ലസും പോലെയുള്ള  സ്വകാര്യ  സ്ഥാപനങ്ങളാണ്  ചെയ്യുന്നത്. ഐഎസ്ആർഒ യും അത്തരത്തിൽ വരും കാലങ്ങളിൽ സ്വകാര്യ  വ്യവസായത്തെ കൂടി  ആശ്രയിക്കണമെന്ന ആശയം ഇന്ത്യ ഗവണ്മെന്റിനുണ്ട്. അതിനുള്ള ശ്രമങ്ങളും തുടങ്ങി. ഓപ്പറേഷനൽ ലോഞ്ച് പ്രൈവറ്റ് സെക്ടറിനെ ഏൽപ്പിക്കുന്നത്, പുതിയ ഡിസൈൻ ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവസരം ഐഎസ്ആർഒ യ്ക്ക് നൽകും. ഇൻ സ്‌പേസ് എന്ന പേരിലൊരു സംഘടന ഇതിനായി രൂപീകരിക്കും. 
 
റിക്കവറി റീ-യൂസബിൾ റോക്കറ്റുകൾ ഉണ്ടാക്കാനും പദ്ധതിയുണ്ട്.
 
40 കിലോഗ്രാം ഭാരമുള്ള ആര്യഭട്ട എന്ന ഉപഗ്രഹത്തിൽ  തുടങ്ങി ടൺ കണക്കിന് ഭാരമുള്ള ഉപഗ്രഹം നിർമ്മിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നത് ഒരുപാടുപേരുടെ  സ്വപ്നങ്ങളുടെയും അധ്വാനത്തിന്റെയും ഫലമായാണ്.
 
 
ഐഎസ്ആർഒ യിൽ പ്രവർത്തിക്കണമെന്ന താല്പര്യത്തോടെ മുന്നിട്ടുവരുന്ന യുവ എഞ്ചിനീയർമാരും പുതിയ ആശയങ്ങളും സർക്കാരിന്റെ പിന്തുണയും ഇനിയും കൂടുതൽ കാര്യങ്ങൾ ഈ രംഗത്ത് സാധ്യമാക്കാൻ കരുത്ത് പകരും, സോമനാഥ് പറഞ്ഞു.
 
ഒട്ടേറെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും പറഞ്ഞു.
 
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ തോമസ് ടി. ഉമ്മൻ നന്ദിയും പറഞ്ഞു. ജോ. സെക്രട്ടറി ജോസ് മണക്കാട്ടാണ് മുഖാമുഖം പരിപാടിയുടെ കോർഡിനേറ്റർ. വൈസ് പ്രസിഡന്റ പ്രദീപ് നായർ, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നേതൃത്വം നൽകി. 
ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ്  ഫോമ  മുഖാമുഖത്തിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക