Image

സത്യം നിഷേധിക്കുന്ന സംസ്കാരം ഉപേക്ഷിക്കണം - ബനഡിക്ട് 16-ാമന്‍ പാപ്പ

Published on 15 June, 2012
സത്യം നിഷേധിക്കുന്ന സംസ്കാരം ഉപേക്ഷിക്കണം - ബനഡിക്ട് 16-ാമന്‍ പാപ്പ
റോം: സത്യം നിഷേധിക്കുന്ന സംസ്കാരത്തെ പാടേ ഉപേക്ഷിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 10-ാം തിയതി ഞായറാഴ്ച സായാഹ്നത്തില്‍ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ഭദ്രാസന ദേവാലയത്തില്‍ റോമാ രൂപതയിലെ അംഗങ്ങളെ പ്രത്യേകമായി അഭിസംബോധ ചെയ്യവേയാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. പിശാചിനെയും അവന്‍റെ ആര്‍ഭാടങ്ങളേയും ഉപേക്ഷിക്കുന്നുവോ, എന്ന ജ്ഞാനസ്നാന വേളയിലെ ചോദ്യത്തിന് ഉപേക്ഷിക്കുന്നു, എന്ന് ഉത്തരം പറയുന്ന ഒരോ ക്രൈസ്തവനും, നന്മയെ അന്വേഷിക്കാത്തതും ധാര്‍മ്മികത ഇല്ലാത്തതും അനീതിക്കും അക്രമത്തിനും കൂട്ടുനില്ക്കുകയും, ലൗകിക നേട്ടങ്ങള്‍ക്കായി മാത്രം പരിശ്രമിക്കുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്ന സംസ്ക്കാരം ഉപേക്ഷിക്കണമെന്ന് പാപ്പ ആഹ്വാനംചെയ്തു.

പൈശാചികമായ ആര്‍ഭാടങ്ങളെ ജ്ഞാനസ്നാനത്തിലൂടെ പരസ്യമായി നിഷേധിക്കുന്ന ക്രൈസ്തവര്‍, സത്യവും നന്മയും മാനിക്കാത്ത ജീവിതശൈലി ഉപേക്ഷിക്കേണ്ടതാണെന്ന് മാര്‍പാപ്പ തന്‍റെ ഭദ്രാസന ദേവാലയത്തില്‍ തിങ്ങിനിന്ന രൂപാതാംഗങ്ങളെ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവനാകാനുള്ള ദൈവത്തിന്‍റെ വിളിയോട് സമ്മതം മൂളുന്നവന്‍ ദൈവത്തിലും ദൈവത്തോടുകൂടെയും ജീവിക്കേണ്ടതാണെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ നിഷ്ക്കര്‍ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക