ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വിതരണത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എല്ലാ മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും.
രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് വാക്സിന് നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടൊപ്പം 50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വാക്സിന് നല്‍കും.
രാജ്യത്ത് ജനുവരി 16നാണ് വാക്സിന് വിതരണം ആരംഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.