Image

പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും വിദ്യാഭ്യാസ കോണ്‍ഫറന്‍സ്‌ ജൂണ്‍ 30-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2012
പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും വിദ്യാഭ്യാസ കോണ്‍ഫറന്‍സ്‌ ജൂണ്‍ 30-ന്‌
ഷിക്കാഗോ: ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ രക്ഷാധികാരിയും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും, മുന്‍ എസ്‌.ബി കോളജ്‌ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ പ്രഥമ വികാരി ജനറാളുമായിരുന്ന റവ. ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിന്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമനം ലഭിച്ചതിനുശേഷം നടത്തപ്പെടുന്ന പ്രഥമ ഉന്നതതല വിദ്യാഭ്യാസ കോണ്‍ഫറന്‍സ്‌ ജൂണ്‍ 30-ന്‌ എറണാകുളത്തുള്ള കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ വെച്ച്‌ നടത്തും.

സീറോ മലബാര്‍ ചര്‍ച്ച്‌ മാനേജ്‌മെന്റിനു കീഴില്‍ വരുന്ന എല്ലാ കാത്തലിക്‌ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും ഈ കോണ്‍ഫറന്‍സില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

ആഗോളവത്‌കരണത്തിന്റേയും വിവരസാങ്കേതികവിദ്യയുടേയും വിപ്ലവാത്മകമായ കടന്നുകയറ്റത്തിലൂടെ ലോകത്തില്‍ സംജാതമായിരിക്കുന്ന അതിശക്തമായ മത്സര പ്രവണതകളെ അതിജീവിച്ച്‌ സന്തുലിതമായ ജീവിതക്രമം വിദ്യാര്‍ത്ഥികളുടെ പ്രായോഗികതലത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ അനിവാര്യമായ വിദ്യാഭ്യാസ പരിശീലനങ്ങളും പാഠ്യപാഠ്യേതര പദ്ധതികളും നല്‍കി കൂടുതല്‍ ശുഭാപ്‌തിവിശ്വാസമുള്ള ഭാവി തലമുറയെ വാര്‍ത്തടെക്കുന്നതിനാവശ്യമായ ചിന്തകള്‍ വിചിന്തനത്തിന്‌ വിധേയമാക്കുകയും ചെയ്യുന്നു കോണ്‍ഫറന്‍സില്‍. ഉന്നത വിദ്യാഭ്യാസ കാര്യാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകളും, കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങളും കൂടുതല്‍ സത്യസന്ധവും സുതാര്യവും നീതിപൂര്‍വ്വവും ആയി എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതും ചര്‍ച്ച്‌ വിധേയമാക്കുന്നതാണ്‌. കൂടാതെ മറ്റ്‌ നിരവധി വിഷയങ്ങളും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എടുക്കുന്നതാണ്‌.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം നിര്‍വഹിക്കുന്ന കോണ്‍ഫറന്‍സില്‍ ആമുഖ പ്രഭാഷണം നടത്തുന്ന റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുന്നതാണ്‌. മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷതവഹിക്കുന്ന വേദിയില്‍ വിവിധ വിദ്യാഭ്യാസ വിഷയങ്ങളെ കേന്ദ്രീകരിച്ച്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി
മുന്‍  വൈസ്‌ ചാന്‍സലര്‍ ഡോ. ബാബു ജോസഫ്‌, ഡോ. റൂബിള്‍ രാജ്‌, റിട്ട. ഉത്തര്‍പ്രദേശ്‌ ഡിജിപിയും സിവില്‍ സര്‍വീസ്‌ ഇന്റര്‍വ്യൂ ബോര്‍ഡ്‌ അംഗവുമായ ഏബ്രഹാം കുര്യന്‍ ഐ.പി.എസ്‌ എന്നിവര്‍ സംസാരിക്കുന്നതുമാണ്‌.

ഡോ ബാബു ജോസഫ്‌, ബാംഗ്ലൂര്‍ എക്‌സ്‌ ഐ.എം.ഇ മുന്‍ ഡീന്‍ ഡോ. സ്റ്റീഫന്‍ മാത്യൂസ്‌, ഷിക്കാഗോയില്‍ നിന്നും വിന്‍സ്‌ മാരിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായിരിക്കും.

സെന്റ്‌ തെരേസാ കോളജ്‌ ഇംഗ്ലീഷ്‌ പ്രൊഫസറായ ഡോ. ബീനാ മനോജ്‌ കോര്‍ഡിനേറ്റ്‌ ചെയ്യുന്ന ഈ കോണ്‍ഫറന്‍സില്‍ മാനന്തവാടി മേരിമാതാ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. രാജു ജോര്‍ജ്‌ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കുന്നതാണ്‌.

കോണ്‍ഫറന്‍സിന്‌ ഷിക്കാഗോ എസ്‌.ബി അസംപ്‌ഷന്‍ അലുംമ്‌നി അസോസിയേഷന്‍ എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ചു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും വിദ്യാഭ്യാസ കോണ്‍ഫറന്‍സ്‌ ജൂണ്‍ 30-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക