1
ഇന്നലെ പ്രാണന്റെ നാമത്തില്‍
അപരിചിതമായ ഒരു തെരുവിലെ തിരക്കില്‍
ആദ്യദര്‍ശനം!
അറിയാതെ ഇന്ന് പ്രാണന്റെ പ്രാണനായി
ഇനി നാളെ സ്നേഹത്തിനു പ്രമാണം ചോദിക്കരുത്
നിന്റെ ഞരമ്പുകളില്‍ കാണും
എന്റെ നഖക്ഷതങ്ങള്‍!
2
നീ വിദൂരതയിലെ സഞ്ചാരിയില്ലാത്ത
പൊന്തോണിയെ കാട്ടിത്തരാന്‍ നോക്കുമ്പോഴും
വെള്ളെഴുത്തിന്റെ ഈ കണ്ണുകള്‍
കരിംചുവപ്പു ചായമിട്ട് മിനുക്കിയ നിന്റെ
നഖത്തിനപ്പുറം കടക്കാന്‍ കൂട്ടാക്കുന്നില്ല.
കരിംചുവപ്പിന് പകരം പൊന്ചായമിട്ടിരുന്നെങ്കില്
ആകാശത്തിലെ ഒന്നിനെ ഭൂമിയില്‍ പത്തെണ്ണമായി കണ്ട്
ഇവന് സായൂജ്യം പൂകിയേനെ!
3
രാവില്‍ ഇരവെടുത്ത നിന്റെ സ്വപ്നം
പകല്‍ റിബേറ്റില്‍ വിറ്റു
നിനക്ക് തന്നെ
പകല്‍ വാങ്ങിച്ച സുന്ദര സ്വപ്നം
രാവില്‍ കച്ചീട്ടൊന്നും എഴുതാതെ വാടകയ്ക്ക് തന്നു
നീയെനിക്ക്
ഇരുവരിലാരോ ഒരാള്‍
അപരനെ കബളിപ്പിക്കുന്നുണ്ട്
അതാകും സ്വപ്നത്തിനുമപ്പുറത്തെ
യാഥാര്‍ഥ്യം!
4
ഞൊടിക്കൂ
ഞൊടിയിടക്കുളളില്‍
പ്രണയം പുഞ്ചിരിച്ചെത്തും
ഞൊടിക്കൂ
ഞൊടിയിടക്കുളളില്‍
പ്രണയം കറുത്ത സൂര്യനായി മാറി നില്ക്കും
വെമ്പലോടെ വേവലാതിയോടെ
അവിശ്വസിക്കേണ്ട കാര്യമില്ല
പ്രളയത്തിന് ശേഷവും
പ്രണയം പൂത്തുനില്ക്കും!
5
വിശറി കൊണ്ടല്ല വീശേണ്ടത്
ഇടതൂര്‍ന്ന മുടിയാല്‍
അധരത്താലല്ല കുടിക്കേണ്ടത്
കാന്തമിഴിയാല്
മിഴിയാലല്ല നോക്കേണ്ടത്
നാഭിച്ചുഴിയാല്
ചുഴിക്കുമപ്പുറത്താണല്ലോ
നഷ്ടപ്പെട്ട സ്വര്‍ഗ്ഗവും
അതിതീവ്രന്യൂനമര്ദ്ദവും!
6
ആരില്‍നിന്നും പകുത്തെടുത്തതാണ് ഈ പ്രണയത്തെ?
പകച്ചു നില്ക്കുന്നു ഞാന്‍
പകര്‍പ്പ് മാത്രം വില്‍ക്കുന്ന
തെരുവിലെ അസ്സല്ക്കടക്ക് മുന്നില്‍!
അസ്സലിലേക്കെന്നെ പകര്ത്താനാരുണ്ട്
അവര്‍ക്കു അടിയറ വെക്കാം പ്രാണന്റെ ഈ പളുങ്കുനിധി!
7
എന്നോടല്ല നിന്നോടല്ല ഈ പ്രണയം
പ്രണയം മറക്കാത്തവരോടാണീ പ്രണയം
പ്രണയത്തിനുവേണ്ടി കരള്‍ പറിച്ചര്പ്പിക്കുന്നവരോടാണീ പ്രണയം
പ്രണയത്തെ വിസ്മരിക്കുമ്പോഴും അതിനെ തിടമ്പായി ശിരസ്സിലേറ്റി
അഹോരാത്രം നൃത്തം ചവിട്ടുന്നവരോടാണീ പ്രണയം
8
മഷി നിറച്ച പേനയുണ്ട്
രക്തം നിറച്ച വിരലുമുണ്ട്
നിന്റെ പ്രണയത്തെക്കുറിച്ചു എഴുതാന്‍മാത്രം
മനസ്സില്‍ ഒന്നുമില്ല.
ഇനി സൂത്രത്തില്‍ വല്ലതും കുറിച്ചാല്ത്തന്നെ
വെള്ളത്തില്‍ വരച്ച വര പോലെ
അത് ഞൊടിയിടക്കുളളില്‍ ഇല്ലാതാകും!
9
മുള്ള് നല്ലതാ
ഒപ്പം റോസുമുണ്ടെങ്കില്
റോസ് നല്ലതാ
ഒപ്പം മുള്ളുമുണ്ടെങ്കില്
ചോര നല്ലതാ
ഊറ്റിക്കുടിച്ചു തുപ്പാന്‍
എന്നും ഒരു യക്ഷിയെപ്പോലെ
ഒപ്പം നീയുമുണ്ടെങ്കില്‍!
10
വായിക്കാനുള്ള സാക്ഷരത
നമുക്ക് രണ്ടുപേര്‍ക്കുമുണ്ട്.
വ്യത്യാസം ഇത്ര മാത്രം :
ഞാന്‍ വെളുപ്പ് വായിക്കുന്നിടത്ത്
നീ കറുപ്പേ വായിക്കൂ!
നിന്റെ ശാഠ്യം ജയിക്കുമാറാകട്ടെ