Image

ജീര്‍ണമായ അമേരിക്കന്‍ സമൂഹത്തിനു വേണ്ടി ബൈഡന് ഒന്നും ചെയ്യാനാവില്ലെന്ന്: ചൈനയുടെ ഉപദേശകന്‍

Published on 23 November, 2020
ജീര്‍ണമായ അമേരിക്കന്‍ സമൂഹത്തിനു വേണ്ടി ബൈഡന് ഒന്നും ചെയ്യാനാവില്ലെന്ന്: ചൈനയുടെ ഉപദേശകന്‍
ബെയ്ജിങ്: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്ന മിഥ്യാബോധം ചൈന ഉപേക്ഷിക്കണമെന്ന് ഉപദേശകന്‍. വാഷിങ്ടനില്‍നിന്നുള്ള ഏതു കടുത്ത നിലപാടിനെയും സ്വീകരിക്കാന്‍ തക്ക രീതിയില്‍ ബെയ്ജിങ് സജ്ജമായി നില്‍ക്കണമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഉപദേശകനും ഷെന്‍ചെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ അ!ഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്ലോബല്‍ ആന്‍ഡ് കണ്ടംപെററി ചൈന സ്റ്റഡീസ് ഡീനുമായ ചെങ് യോങ്‌നിയന്‍ അഭിപ്രായപ്പെട്ടു.

യുഎസുമായി ബന്ധം ശക്തമാക്കാന്‍ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കണമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘മികച്ച ദിവസങ്ങള്‍ കഴിഞ്ഞു... യുഎസിലെ ശീതയുദ്ധ പ്രാപ്പിടിയന്മാര്‍ ഒറ്റരാത്രി കൊണ്ട് ഇല്ലാതാകില്ല’ – ഗുവാങ്ചൗയില്‍ ഈയിടെ നടന്ന അണ്ടര്‍സ്റ്റാന്‍ഡിങ് ചൈന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈറ്റ് ഹൗസില്‍ എത്തിക്കഴിഞ്ഞാല്‍ ചൈനയോടുള്ള ജനങ്ങളുടെ വിരോധം കണക്കിലെടുത്തുള്ള തീരുമാനങ്ങള്‍ ജോ ബൈഡന്‍ എടുത്തേക്കാം. അമേരിക്കന്‍ സമൂഹം ജീര്‍ണമായിക്കഴിഞ്ഞു. ബൈഡന് അതില്‍ എന്തെങ്കിലും ചെയ്യാനാകുമെന്ന് എനിക്കു തോന്നുന്നില്ല.

അദ്ദേഹം ഒരു ദുര്‍ബലനായ പ്രസിഡന്റ് ആയിരിക്കും. പ്രാദേശിക വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നയതന്ത്രതലത്തില്‍ എന്തെങ്കിലും ചെയ്യും. ചൈനയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യും. ട്രംപിന് യുദ്ധത്തില്‍ താല്‍പര്യമില്ലെങ്കില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് യുദ്ധങ്ങള്‍ തുടങ്ങിയേക്കാം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കീഴില്‍ യുഎസ് – ചൈന ബന്ധം വളരെ മോശമായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പിഴവ്, വ്യാപാര തര്‍ക്കം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. കോണ്‍ഗ്രസില്‍ ചൈനയെ ലക്ഷ്യമിട്ട് 300ല്‍ അധികം ബില്ലുകളാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും അവതരിപ്പിച്ചത്. അതിനാല്‍ത്തന്നെ ബൈഡന്റെ കാലത്തും ഇരുരാജ്യങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ മുന്നോട്ടുപോകുമെന്ന വിലയിരുത്തലുകളാണ് വിദഗ്ധര്‍ നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക