ലണ്ടന്‍: മെന്‍സാ ഐക്യൂ ടെസ്റ്റില്‍ പരമാവധി സ്കോര്‍ നേടി കെന്റിലെ സ്കൂള്‍ വിദ്യാര്‍ഥിനി എലയ്ന ജിനു പാഡി ബ്രിട്ടീഷ് മെന്‍സ ഹൈ ഐക്യൂ സൊസൈറ്റില്‍ അംഗത്വം കരസ്ഥമാക്കി.
ഐക്യൂ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമേ മെന്‍സ ഹൈ ഐ ക്യൂ സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുകയുള്ളൂ.ലോകത്തെമ്പാടുനിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ പരമാവധി സ്കോറായ 162 പോയിന്റ് നേടിയാണ് പതിനൊന്നുകാരിയായ എലയ്ന ജിനു പാഡി ഈ അപൂര്‍വ ബഹുമതിക്ക് അര്‍ഹയായത്.
കെന്റിലെ സെക്കന്‍ഡറി സ്കൂളായ ഇന്‍വിക്റ്റാ ഗ്രാമര്‍ സ്കൂളിലേക്ക് 11+ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ എലയ്ന പ്രവേശനം നേടിയിരുന്നു. സഹോദരി ഹാനയുടെ പ്രോത്സാഹനത്താല്‍ പ്രചോദിതയായി മെന്‍സ പരീക്ഷക്കു വേണ്ട കുറഞ്ഞ പ്രായപരിധിയായ പത്തര വയസെത്തിയപ്പോള്‍ തന്നെ ടെസ്റ്റിന് തയാറായിരുന്നുവെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്നു നിശ്ചയിച്ച തീയതി ഒക്ടോബറിലേക്ക് നീണ്ടുപോവുകയായിരുന്നു.
പുസ്തക പ്രേമിയായ എലയ്ന ഇതിനോടകം 600-ലധികം പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞിട്ടുണ്ട്. വായനയില്‍ കുറ്റാന്വേഷണവും മിസ്റ്ററിയും ത്രില്ലറുകളുമാണ് എലയ്നയുടെ ഇഷ്ടവിഷയങ്ങള്‍. ബ്രൂക് തിയേറ്ററില്‍ അവതരിപ്പിച്ച 'മേക്കിംഗ് വെയ്വ്സ്' എന്ന സംഗീത നാടകം തയാറാക്കാനായി മെഡ് വേയിലെ പ്രൈമറി സ്കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ഗത്മക രചനയില്‍ പ്രതിഭയുള്ള കുട്ടികളില്‍ എലയ്നയും ഉള്‍പ്പെട്ടിരുന്നു. നൃത്തത്തിലും പാട്ടിലും താല്പര്യമുള്ള എലയ്ന സഹോദരിയുടെ മാതൃക പിന്തുടര്ന്ന് മൂന്നാം വയസ് മുതല്‍തന്നെ ലാസ്യ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സില്‍ നിന്ന് ഇന്ത്യന്‍ ശാസ്ത്രീയ നൃത്തമായ ഭരതനാട്യം അഭ്യസിക്കുന്നു. ലണ്ടനിലെ ഓറിയന്റല്‍ എക്സാമിനേഷന് ബോര്‍ഡ് ഭരതനാട്യത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഒന്നുമുതല്‍ നാലുവരെയുള്ള ഗ്രെയ്ഡുകള്‍ ഡിസ്റ്റിംഗ്ഷനോടെ പൂര്‍ത്തിയാക്കിയ എലയ്ന ഇപ്പോള്‍ അഞ്ചാം ഗ്രെയ്ഡിനുള്ള തയാറെടുപ്പിലാണ്.
മെഡ് വേ NHS ചാരിറ്റി ഫൗണ്ടേഷന് ട്രസ്റ്റിന്റെ NHS70 ഫണ്ട് റേയ്സിംഗ് ചാരിറ്റി ഇവന്റ്, ദി ഹെരിറ്റേജ്- മെഡ് വേ ആര്‍ട്ട് എക്സിബിഷന് തുടങ്ങി വിവിധ വേദികളില്‍ എലയ്ന ഭരതനാട്യവും ബോളിവുഡ് സിനിമാറ്റിക് ഡാന്‍സും അവതരിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ പ്രൈമറി തലത്തില്‍ നാലാം വര്‍ഷം തന്നെ എലയ്ന മുതിര്‍ന്ന കുട്ടികളെ വരെ പിന്നിലാക്കി ടാലന്റ് ഷോയിലും ഒന്നാമതെത്തിയിരുന്നു. കെ-പോപ്പും അനിമേയും ഇഷ്ടപ്പെടുന്ന എലയ്ന സഹോദരിയോടൊപ്പം മൂന്നാം വയസില്‍ തന്നെ പള്ളിയിലെ കുട്ടികളുടെ ഗായകസംഘത്തിലെ അംഗമാവുകയും സ്കൂള്‍ ഗായകസംഘത്തില്‍ പിയാനോ അഭ്യസിക്കുകയും ചെയ്യുന്നു.
ഫോറന്‍സിക്സില്‍ പ്രത്യേക താത്പര്യത്തോടെ നിയമബിരുദം സമ്പാദിക്കണമെന്ന എലയ്നയുടെ ആഗ്രഹത്തിന് മാതാപിതാക്കളായ ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റ് ജിനു മാത്യുവിന്റെയും ഗവേഷണ ശാസ്ത്രജ്ഞ ഡോ. സ്വപ്ന തോമസിന്റേയും പൂര്‍ണ പിന്തുണയുണ്ട്.
എലയ്ന ജിനുവിനെ യുക്മ ദേശീയ സമിതിക്കുവേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.