ന്യൂയോര്‍ക്ക്: 2011 ജൂലൈ 21 മുതല്‍ 24 വരെ തീയതികളില്‍ ന്യുയോര്‍ക്കില്‍
ഹഡ്സണ്‍വാലി റിസോര്‍ട്ടില്‍ വച്ചു നടത്തുവാന്‍ ക്രമീകരിച്ചിരിയ്ക്കുന്ന സുറിയാനി
ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനത്തിന്റെ ഇരുപത്തിയാറാമത് ഫാമിലി
കോണ്‍ഫറന്‍സിനു ശ്ലൈഹിക വാഴ്വുകള്‍ നേര്‍ന്നുകൊണ്ടുളള പരിശുദ്ധ ഇഗ്നാത്തിയോസ്
സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹകല്പ്പന ലഭിച്ചു.
പാത്രിയാര്‍ക്കല്‍ വികാരിയായ ആര്‍ച്ചുബിഷപ്പ് അഭി. യല്‍ദോ മോര് തീത്തോസ്
മെത്രാപ്പോലീത്തയ്ക്ക് നല്കിയ കല്പ്പനയില്, `നാം വിശ്വാസരഹിതരായാല് പോലും
ദൈവം അതി വിശ്വസ്തനായി നിലകൊള്ളുന്നുവെന്നും; യേശു രക്ഷിതാവിന്റെ വരവിന്റെ
മഹത്വനാളില് നാം കുറ്റരഹിതരായി കാണപ്പെടുവാന്‍ തക്കവണ്ണം അവിടുന്ന് നമ്മെ
വിശ്വാസത്തില്‍ ഉറപ്പിയ്ക്കുമെന്നും, തന്റെ പുത്രനും
നമ്മുടെ കര്‍ത്താവുമായ
യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേയ്ക്ക് നമ്മെ വിളിച്ചിരിയ്ക്കുന്ന ദൈവം
വിശ്വസ്തന്' എന്നും തുടങ്ങിയ അനുഗ്രഹീത വേദവചനങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്
ഏവരും സത്യവിശ്വാസം മുറുകെപ്പിടിയ്ക്കുവാന് പരി. ബാവാ
ഉത്ബോധിപ്പിച്ചു.
ഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ 26 -മത് ഫാമിലി
കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനും സംബന്ധിക്കുന്നവരുടെ അനുഗ്രഹത്തിനുമായി
എല്ലാ ഭാവുകങ്ങളും പരിശുദ്ധ പിതാവ് നേര്‍ന്നു. അതേ സമയം ഭദ്രാസനത്തെയും പരി.
സഭയേയും അസ്ഥിരപ്പെടുത്തുന്ന വിധത്തിലുള്ള അന:ധികൃതമായ മറ്റു മീറ്റിങ്ങുകളോ,
സംഗമങ്ങളോ അനുവദനീയമല്ലെന്നും പരി. ബാവാ കല്പ്പിച്ചു. സത്യവിശ്വാസികളായ സഭാമക്കള്‍
എല്ലാവരും ഐക്യതയോടെ മലങ്കര അതിഭദ്രാസനത്തെയും അതിലൂടെ പരിശുദ്ധ സുറിയാനി സഭയേയും ഈ
മഹത് രാജ്യത്ത് ശക്തിപ്പെടുത്തുവാന്‍ പരി. പിതാവ് ആഹ്വാനം ചെയ്തു.