-->

EMALAYALEE SPECIAL

അറുപത്തിനാലിന്റെ നിറവില്‍ കേരളം (സനൂബ് ശശിധരൻ)

Published

on


1956 നവംബര്‍ 1

തിരു-കൊച്ചിയും മലബാറും സംയോജിപ്പിച്ച് ഭാഷ അടിസ്ഥാനത്തില്‍ കേരളമെന്ന സംസ്ഥാനം പിറവിയെടുത്തു. പിന്നീട് ഇങ്ങോട്ടുള്ളതെല്ലാം രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. ലോകത്തിന് തന്നെ മാതൃകയായ കേരള മോഡലും ഭൂപരിഷ്‌കരണവും മതേതരത്വവുമെല്ലാം ഇന്ത്യയുടെ ഏറ്റവും താit is iഴെ ഒരു ബെല്‍റ്റ് പോലെ കിടക്കുന്ന ചെറു സംസ്ഥാനം കാണിച്ചുതന്നു. കലയിലും സാഹിത്യത്തിലും കായികരംഗത്തുമെല്ലാം തനതായ മുദ്രപതിപ്പിച്ചു. രാഷ്ട്രീയരംഗത്തും വലിയ മാതൃകകളും ചരിത്രവുമെഴുതിചേര്‍ത്തിട്ടുണ്ട് ഈ കൊച്ചുകേരളം.
1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസിലാണ് ആദ്യമായി ഭാഷാ അടിസ്ഥാനത്തില്‍ പ്രവിശ്യകള്‍ രൂപീകരിക്കണമെന്നാവശ്യം ഉയര്‍ന്നത്. തമിഴനും തെലുങ്കനും ബംഗാളിക്കുമെല്ലാം സ്വന്തമായ പ്രവിശ്യകള്‍ എന്ന ആവശ്യം മലയാളിയും ഏറ്റെടുത്തു. 1928 ഏപ്രിലില്‍ എറണാകുളത്ത് ചേര്‍ന്ന സ്റ്റേറ്റ് പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് ഐക്യകേരളത്തിനായി പ്രമേയവും പാസാക്കി. 1940 കളില്‍ സ്വാതന്ത്ര്യസമരത്തിനൊപ്പം തന്നെ ഐക്യകേരളത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ശക്തിയാര്‍ജിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1949 ജൂലൈ 1 ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നു. പിന്നെയും വര്ഷങ്ങളെടുത്തു മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാര്‍ തിരു-കൊച്ചിക്കൊപ്പം ലയിപ്പിച്ച് ഇന്നത്തെ കേരളം പിറവിയെടുക്കാന്‍. ഭരണഘടന നിലവില്‍ വന്നശേഷം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപീകരിച്ച സംസ്ഥാനരൂപീകരണസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 1955 ലാണ് ഭാഷാഅടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അനുമതിയായത്. ഒടുവില്‍ 1956 നവംബര്‍ 1 ന് ഇന്ത്യയില്‍ ഭാഷാ അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണപ്രദേശങ്ങളും പിറവിയെടുത്തപ്പോള്‍ അതിലൊന്ന് കേരളമായിരുന്നു.

പിറവിക്ക് മുമ്പേ ഭരണപ്രതിസന്ധിയെതുടര്‍ന്ന് രാഷ്ട്രപതിഭരണത്തിന് കീഴില്‍ ആയ മറ്റൊരുസംസ്ഥാനവും ഇന്ത്യയില്‍ വേറെ കാണില്ല. തിരു-കൊച്ചി സര്‍ക്കാരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് 1956 മാര്‍ച്ചില്‍ സര്‍ക്കാര്‍ താഴെ പോവുകയായിരുന്നു. പിന്നെ ഐക്യകേരള പിറവിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പും ലോകചരിത്രത്തില്‍ ഇടം പിടിച്ചു. ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലേറിയത് ഇവിടെ ഈ കൊച്ചുകേരളത്തിലാണ്. ഇം എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 126 ല്‍ 5 സ്വതന്ത്രരടക്കം 65 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറുമ്പോള്‍ അത് കര്‍ഷകരുടേയും തൊഴിലാളികളുടേയും സര്‍ക്കാരാവുകയായിരുന്നുവെന്ന് ആ സര്‍ക്കാരിന്റെ പിന്നീടുള്ള പ്രവര്ത്തനങ്ങള്‍ തെളിയിച്ചു.

ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളം എവിടെയെങ്കിലും എത്തിനില്ക്കുന്നുണ്ട് എങ്കില്‍ അതിനെല്ലാം തുടക്കമിട്ടത് ആദ്യസര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നുവെന്ന് സംശയമില്ലാതെ പറയാം. ഭൂപരിഷ്‌ക്കരണ നിയമമെന്ന വിപ്ലവകരമായ ഒറ്റ തീരുമാനത്തിലൂടെ കര്‍ഷക കുടിയാനും ജന്മിയുമെല്ലാം ഫലത്തില്‍ഇല്ലാതാവുകയായിരുന്നു. കൃഷിഭൂമിയില്‍ കൃഷിയെടുക്കുന്നവനും അവകാശമെന്നതും കൈവശം വെക്കാവുന്ന കൃഷിഭൂമി 15 ഏക്കറായി നിജപ്പെടുത്തിയതുമെല്ലാം കേരളത്തിന്റെ ഭൂവിനിയോഗത്തേയും കാര്‍ഷികരംഗത്തേയുമെല്ലാം മുന്നോട്ട് നയിച്ചഘടകങ്ങളാണ്. 18 വ്യവസായങ്ങളില്‍ മിനിമം വേതനം എന്നത് നടപ്പാക്കി സാധാരണക്കാരനായ തൊഴിലാളികളെ മുതലാളിത്ത ചൂഷണത്തില് നിന്ന് രക്ഷിച്ചതും ആദ്യ ഇടത് സര്‍ക്കാരാണ്. എന്നാല്‍ സാര്‍വത്രിക സൌജന്യ വിദ്യാഭ്യാസവും സ്വകാര്യ മാനേജ്‌മെന്റുകളുടെ നിയമനസ്വാതന്ത്ര്യം എടുത്തുകളയുന്നതുമായ വിദ്യാഭ്യാസബില്ല് നടപ്പാക്കുന്നുള്ള ശ്രമത്തില്‍ ഇടത് സര്‍ക്കാരിന് അടിതെറ്റി. ഇടത് സര്‍ക്കാര്‍ നടപ്പാക്കിയേക്കാമായിരുന്ന ഏറ്റവും ശക്തമായ നയപരിപാടി ഒരുപക്ഷെ വിദ്യാഭ്യാസരംഗത്തായിരിക്കണം. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം അന്ന് അടക്കിവാണിരുന്ന കാത്തലിക്ക് ചര്‍ച്ചും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും പുതിയ നയം തങ്ങളുടെ മേഖലയിലേക്കുള്ള കടന്നുകയറ്റമായാണ് കണ്ടത്. (അന്നും ഇന്നും വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരാനുള്ള എല്ലാശ്രമങ്ങളേയും ഇക്കൂട്ടര്‍ എതിര്‍ത്ത് കൊണ്ടേയിരിക്കുന്നുണ്ട്.) ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് തന്നെ ദഹിക്കാതിരുന്ന എന്‍ എസ് എസും ക്രൈസ്തവ സഭകളും സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇവരുടെ ആശീര്‍ വാദത്തോടെ അരങ്ങേറിയ വിമോചന സമരം ഇടത് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. അങ്ങനെ 356 ആം വകുപ്പ് പ്രകാരം കേരളത്തില്‍ കേന്ദ്രം പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

അന്നുമുതല്‍ ഇന്ന് വരേയും കേരളത്തിലെ സമ്മര്‍ദ്ദ ശക്തികളായി വിവിധ ജാതിമത സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിക്കുകയും സമദൂരമെന്ന ഇരട്ടതാപ്പ് പിന്തുടരുകയും ചെയ്യുന്ന ഈ സംഘടനകളെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമൂഹത്തിലെ തങ്ങളുടെ സ്വാധീനം കൃത്യമായി തന്നെ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്നുവെന്നും നമ്മുടെ സംസ്ഥാനത്ത് ഇല്ലെന്നും നമ്മള്‍ അവകാശപ്പെടുന്ന, എന്നാല്‍ നമ്മുടെ സംസ്ഥാനത്തും കൃത്യമായി തന്നെ നിലനില്ക്കുകയും ചെയ്യുന്ന ജാതി വ്യവസ്ഥതന്നെയാണ് ഇത്തരം സംഘടനകളുടെ സ്വാധീനത്തിന് വഴിവെക്കുന്നത്. 57 ലെ തിരഞ്ഞെടുപ്പില്‍ ജാതിക്കും മതത്തിനുമെല്ലാം അതീതരെന്ന് അവകാശപ്പെടുന്ന ഇടത്പക്ഷം പോലും സമുദായങ്ങളുടേയും മതത്തിന്റേയുമെല്ലാം സ്വാധീനം അളന്ന് തിട്ടപ്പെടുത്തി തന്നെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഈഴവന് സ്വാധീനമുള്ളിടത്ത് ഈഴവനും മുസ്ലീമിന് സ്വാധീനമുള്ളിടത് മുസ്ലീമിനേയും നായര്‍ക്ക് സ്വാധീനമുള്ളയിടങ്ങളില്‍ നായരേയും കൃസ്ത്യാനിയെ നിര്‍ത്തേണ്ടിടത്ത് കൃസ്ത്യാനിയേയും നിര്‍ത്തിയാണ് കമ്മ്യണിസ്റ്റ് പാര്‍ട്ടി അന്ന് ജയം ഉറപ്പിച്ചത്. അക്കാര്യത്തില്‍ അന്ന് എന്‍എസ്എസിന്റെ തലപ്പത്ത് ഇരുന്ന മന്നത്ത് പദ്മനാഭന് പോലും വിയോജിപ്പുകള്‍ക്കിടയിലും കമ്മ്യൂണിസ്റ്റുകളോട് ഇഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെകാലം കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ക്കെല്ലാം (മുന്നണി സംവിധാനം പോലും ഇന്ത്യക്ക് ആദ്യമായി പരിചയപ്പെടുത്തികൊടുത്തത് കേരളമാണ്.) കേരളത്തിന്റെ പുരോഗതിയിലും തളര്‍ച്ചയിലും ഒരുപോലെ പങ്ക് അവകാശപ്പെടാനുണ്ട്. വ്യാവസായികരംഗത്ത് കാതലായ മാറ്റങ്ങള്‍ കേരളത്തില്‍ നടപ്പിലായി എന്ന് പൂര്‍ണമായും അവകാശപ്പെടാനാവില്ല. മുതലാളിത്ത സംസ്‌ക്കാരം തന്നെമായും അംഗീകരിക്കാന്‍ ഇടത് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ തൊട്ടയല്‍സംസ്ഥാനങ്ങളിലേത് പോലെ വന്‍കിട വ്യവസായങ്ങള്‍ കേരളത്തിലേക്ക് വരാന്‍ കുറച്ചുകാലം മുമ്പ് വരെ മടിച്ചുനിന്നിരുന്നു. കേരളം ജീവിക്കാന്‍ മനോഹരമായ സ്ഥലമാണെങ്കിലും വ്യവസായത്തിന് പറ്റിയ ഇടമല്ലെന്ന കുപ്രസിദ്ധിയും വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ കരസ്ഥമാക്കി. വ്യവസായശാലകളിലെ പണിമുടക്കുകളും ബന്ദും ഹര്‍ത്താലുമെല്ലാം ഒരുകാലത്ത് കേരളത്തെ വ്യവസായങ്ങളുടെ ശവപറമ്പാക്കി മാറ്റി. എന്നാല്‍ എല്ലാകാലവും ഇതേരീതി തുടരാനാവില്ലെന്ന് ഏറെ വൈകിയെങ്കിലും കേരളം തിരിച്ചറിഞ്ഞുതുടങ്ങി. അതിന്റെ ഫലമാണ് കേരളത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുണ്ടായ മാറ്റങ്ങള്‍. രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങിയത്,ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കിന്‍ഫ്രയും ഇന്‍കെലുമെല്ലാം ആരംഭിച്ചതും കേരളത്തെ നിക്ഷേപകസൌഹൃദ സംസ്ഥാനമായി മാറ്റാനാണ്. ഇന്‍ഫോ പാര്‍ക്കും സൈബര്‍ പാര്‍ക്കുകളുമെല്ലാം കേരളത്തിന്റെ പലഭാഗങ്ങളില്‍ ആരംഭിച്ചതും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് ആരംഭിച്ചതുമെല്ലാം ഈ ദിശയിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ കേരളം ഇപ്പോള്‍ ഏറെ മുന്നിലാണ് എന്നത് കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഏറെ സഹായിക്കും.

ആരോഗ്യമേഖലയില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണ്. കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ രാജ്യങ്ങള്‍ തന്നെ വിറങ്ങലിച്ച് നിന്നപ്പോളും കോവിഡ് പ്രോട്ടോക്കോള്‍ നേരത്തെ തന്നെ തയ്യാറാക്കി പ്രവര്‍ത്തിച്ച കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന്റെ കയ്യടി നേടി. ലോകത്തിലെ വിവിധ സംഘടനകള്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറെ ആദരിച്ചതും ലോകമാധ്യമങ്ങള്‍ പരമ്പരകള്‍ എഴുതിയതുമെല്ലാം കേരളത്തിന് തന്നെ അഭിമാനമായി. ഒരൊറ്റരാത്രിയുടെ വിജയമല്ല അതൊന്നും. പതിറ്റാണ്ടുകളായി കേരളം കെട്ടിപടുത്ത പൊതുജനാരോഗ്യസംവിധാനത്തിന്റെ വിജയമാണ് അത്. താഴെതട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ അത്യാധുനിക സൌകര്യങ്ങളോടു കൂടിയ മെഡിക്കല്‍ കോളേജുകള്‍ വരെ കേരളത്തില്‍ പടുത്തുയര്‍ത്തിയതിന് പിന്നില്‍ മാറി മാറി ഭരിച്ച മുന്നണികളുടെ ദീര്‍ഘവീക്ഷണമാണ്. നല്ല പൌരനാവാന്‍ നല്ല ആരോഗ്യം വേണമെന്ന കാഴ്ച്ചപാട് തന്നെയാണ് നല്ല ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ കൊടുക്കാന്‍ കേരളത്തിലെ സര്‍ക്കാരുകളെ പ്രേരിപ്പിച്ചത്. കൊറോണക്ക് മുമ്പേ നിപ്പയെ പ്രതിരോധിച്ച് മാതൃകയായിട്ടുണ്ട് കേരളം. വളരെ വേഗത്തില്‍ തന്നെ രോഗം എന്താണ് എന്ന് കണ്ടെത്തി അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഇവിടത്തെ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതും വര്‍ഷങ്ങളായി പടുത്തുയര്‍ത്തികൊണ്ടുവന്ന മികച്ച പ്രവര്‍ത്തന ശൈലി തന്നെയാണ്. കേരളം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടപ്പാക്കിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നത് സമീപകാലത്താണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പോലും ഒരു സര്‍ക്കാര്‍ നടപ്പാക്കിയത് എന്നറിയുമ്പോളാണ് എത്രമാത്രം ദീര്ഘവീക്ഷണത്തോടെയാണ് കേരളം ഈ മേഖലയില്‍ പ്രവര്ത്തിക്കുന്നത് എന്ന് മനസിലാക്കാനാവുക.

അറിവ് പകരുകയെന്നതും അറിവ് നേടുകയെന്നതും ഒരു നാടിന്റെ വികസനസൂചികയുടെ ഭാഗം തന്നെയാണ്. കേരളത്തിന്റെ സാക്ഷരതയെന്നത് 1956 ല്‍ ഏതാണ്ട് 48 ശതമാനത്തില്‍ താഴെ മാത്രമായിരുന്നുവെങ്കിലത് ഇപ്പോള്‍ 100 ശതമാനത്തോളമാണ്. സമ്പൂര്‍ണ സാക്ഷരതയെന്ന ലക്ഷ്യം കൈവരിക്കാന്‍ കേരളത്തെ സഹായിച്ചത് ഇച്ഛാശക്തി ഒന്നു തന്നെയാണ്. മൂന്നരലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ ബുക്കും പെന്‍സിലും ചോക്കുമെടുത്ത് നഗര ഗ്രാമ വ്യത്യാസമില്ലാതെ നടപ്പാക്കിയ സാക്ഷരത യജ്ഞത്തിന്റെ വിജയമാണ് കേരളം കൈവരിച്ച സമ്പൂര്‍ണ സാക്ഷരത. വിദ്യാഭ്യാസം എന്നത് മൌലികാവകാശമാണെന്ന ഉത്തമബോധ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയം തന്നെയാണ് ഇത്. ആ പ്രവര്‍ത്തനങ്ങള്‍ ഇപ്പോളെത്തിനില്‍ക്കുന്നത് ലോകനിലവാരമുള്ള സ്‌ക്കൂളുകളും ഹൈടെക്ക് ക്ലാസ് മുറികളും ഒരുക്കി ഒരിക്കല്‍ കൂടി ഇന്ത്യക്ക് മാതൃകയായി എന്നിടത്താണ്. കേരളത്തിലെ അഭ്യസ്ഥ വിദ്യരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവരസാങ്കേതിക രംഗത്തും ആരോഗ്യപരിപാലനരംഗത്തുമെല്ലാം ഇപ്പോള്‍ മലയാളി സാനിധ്യം കാണാം. ലോകത്തിലെ ഏറ്റവും മികച്ച നേഴ്‌സുമാര്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്നറിയുമ്പോള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും കേരളം കൈവരിച്ച വളര്‍ച്ച നമുക്ക് മനസിലാക്കാം. സിവില്‍ സര്‍വ്വീസ് പരീക്ഷയിലും നീറ്റ് പോലുള്ള പ്രവേശനപരീക്ഷകളിലും ആദ്യറാങ്കുകളില്‍ മലയാളികള്‍ സ്ഥിരം ഇടം പിടിക്കുന്നതും കൌതുകമില്ലാത്ത വാര്‍ത്തയായി മാറിക്കഴിഞ്ഞു.  

പരിസ്ഥിതി സംരക്ഷണകാര്യത്തിലും ലിംഗസമത്വത്തിലുമെല്ലാം കേരളം ഇന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് വേണ്ടി പ്രത്യേകനിയമം പാസാക്കിയ കേരളം സാമൂഹികക്ഷേമത്തിലും മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി. കല-സാംസ്‌ക്കാരിക-സാഹിത്യരംഗത്തും കായികമേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇന്ത്യയുടെ സാംസ്‌ക്കരിക- സാഹിത്യ മേഖലകളില്‍ ബംഗാളിനൊപ്പമോ അതിന് മുകളിലോ ആണ് മലയാളികള്‍ നല്‍കിയ സംഭാവന. സംസ്ഥാനരൂപീകരണത്തിന് മുമ്പ് തന്നെ സാഹിത്യഅക്കാദമിയും സ്‌പോര്ട്‌സ് കൌണ്‌സിലുമെല്ലാം പിറവിയെടുത്ത മറ്റ് സംസ്ഥാനം വേറെ കാണില്ല. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയ നിരവധി പ്രതിഭകളെ കേരളം ഈ കാലയളവില്‍ സംഭാവന ചെയ്തിട്ടുണ്ട്. സാഹിത്യത്തില് എംടി വാസുദേവന്‍ നായരും ഓ എന്‍ വി കുറുപ്പും തകഴിയും വൈക്കം മുഹമ്മദ് ബഷീറും മാധവികുട്ടിയുമെല്ലാം വെന്നിക്കൊടിപാറിച്ചവരാണ്. പി ടി ഉഷയും ഷൈനി വിത്സണും അഞ്ജു ബോബി ജോര്ജും ഐ എം വിജയനും പി ശ്രീജേഷുമെല്ലാം കായികരംഗത്ത് ഇന്ത്യയുടെ പതാകവാഹകരായിമാറിയവരില്‍ ചിലര്‍ മാത്രമാണ്. ചലച്ചിത്രരംഗത്തും ഇന്ത്യയുടെ പതാകവാഹകരാണ് കേരളം. രാജ്യത്തെവിടേയും സ്ഥിരം ഫിലിം ഫെസ്റ്റിവലെന്നത് ചിന്തിക്കുന്നതിന് മുമ്പേ കേരളം ഐ എഫ് എഫ് കെ സംഘടിപ്പിച്ചു. ലോകസിനിമരംഗത്തെ അതികായന്മാര്‌ക്കൊപ്പം തന്നെ പ്രതിഷ്ടിക്കാവുന്ന നിരവധി സിനിമപ്രവര്‍ത്തകരെ കേരളം സംഭാവനചെയ്തു. സാങ്കേതികവിദ്യയുടെ ഉപയോഗം ഇത്രയും വിജയകരമായി സിനിമയിലടക്കം പരീക്ഷിച്ച മറ്റൊരുകൂട്ടര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ തെളിവാണ് ലോക്‌ഡൌണ്‍ കാലത്ത് ലോകം മുറികളില്‍ തളച്ചിടപ്പെട്ടപ്പോഴും വെറും മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ഒരു സിനിമ മലയാളി നിര്‍മിച്ചത്. സി യു സൂണ്‍ എന്ന സിനിമ അങ്ങനെ ലോകചരിത്രത്തിന്റെ തന്നെ ഭാഗമായി മാറി.

നേട്ടങ്ങള് നിരവധിയാണെങ്കിലും കേരളം സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയോ എന്നചോദ്യം ഇപ്പോഴും പ്രസ്‌ക്തമാണ്. ഇപ്പോഴും ഉപഭോക്തൃ സംസ്ഥാനമായി തുടരുകയാണ് കേരളം. കേരളത്തിന്റെ ധനസ്ഥിതിയും അത്രമെച്ചമല്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അരിയും പച്ചക്കറിയുമെത്തിയില്ലെങ്കില്‍ കേരളം പട്ടിണികിടക്കേണ്ടിവരുമെന്ന സാഹചര്യത്തിന് ഇപ്പോഴും വലിയമാറ്റമുണ്ടായിട്ടില്ല. ഏറ്റവും ശക്തമായ പൊതുവിതരണ സംവിധാനമൊരുക്കി മിതമായ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് സംസ്ഥാനത്താരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ സര്‍ക്കാരാണ് കേരളത്തിലേത്. കേരളത്തിന്റെ നട്ടെല്ല് എന്നത് കൃഷിയായിരുന്നു. എന്നാലിപ്പോള്‍ കൃഷിയിടങ്ങളെല്ലാം ഇല്ലാതാവുകയോ നികത്തപ്പെടുകയോ ചെയ്തു. കാര്‍ഷികവൃത്തി ലാഭകരമല്ലെന്ന ധാരണകളുടേയോ അനുഭവത്തിന്റേയോ അടിസ്ഥാനത്തില്‍ പലരും കൃഷി ഉപേക്ഷിച്ചു. കര്‍ഷകരെ പിടിച്ചുനിര്‍ത്തുന്നതില്‍, കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പക്ഷെ വലിയ വിജയം കാണാന്‍ കേരളത്തിനായില്ല എന്നത് ഒരു വസ്തുതയാണ്. ഗള്‍ഫിലേക്ക് തൊഴില്‍ തേടി ആളുകള്‍ പ്രയാണമാരംഭിച്ചതോടെ കേരളത്തിന്റെ കൃഷിയോടുള്ള സമീപനം മാറിതുടങ്ങിയെന്നുവേണം കരുതാന്‍. പിന്നീടിങ്ങോട്ട് ഗള്‍ഫ് മണിയെ മാത്രം ആശ്രയിച്ചായി കേരളത്തിന്റെ വികസനം. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കെത്തുന്ന പണമാണ് കേരളത്തിന്റെ സമ്പത്ത്ഘടനയെ പിടിച്ചുനിര്‍ത്തിയത്. കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ കേരളത്തിന്റെ റവന്യു മിച്ചത്തിലേക്ക് വന്നത് വെറും 12 തവണയാണ്. 1963-64 സാമ്പത്തികവര്‍ഷം മുതല്‍ 1968-69 സാമ്പത്തികവര്‍ഷം വരെ ഏറ്റവും മികച്ച രീതിയിലായിരുന്ന സാമ്പത്തികരംഗം 1976-77 സാമ്പത്തികവര്‍ഷത്തോടെ പ്രതിസന്ധികളെ നേരിടാന്‍ തുടങ്ങി. 1983-84 സാമ്പത്തികവര്‍ഷം മുതല്‍ ദയനീയാവസ്ഥയിലായ കേരളത്തിന്റെ റവന്യൂ കമ്മിയിപ്പോള്‍ ഏകദേശം ഇരുപതിനായിരം കോടിക്കടുത്ത് എത്തിനില്ക്കുകയാണ്. ധനകമ്മിയാകട്ടെ മുപ്പതിനായിരം കോടിയുടെ അടുത്തും. ഗള്‍ഫിലെ വിവിധ രാജ്യങ്ങള്‍ സ്വദേശിവത്ക്കരണം ആരംഭിച്ചതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരേണ്ടിവന്നതോടെ ഗള്‍ഫ് റെമിറ്റന്‍സില്‍ വലിയ ഇടിവാണ് കേരളത്തിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ കൊവിഡ് കൂടി ആയതോടെ സ്ഥിതി ഇനിയും കൂടുതല്‍ പ്രതിസന്ധിയിലാവും. എന്തുകൊണ്ടാണ് പതിറ്റാണ്ടുകളോളം ഗള്‍ഫില്‍ നിന്ന് പണം വന്നിട്ടും കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയചലനം ഉണ്ടാക്കാന്‍ സാധിക്കാതെ പോയതെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഗള്‍ഫ് മണി നാട്ടില്‍ വിനിയോഗിക്കപ്പെട്ട രീതിതന്നെയാണ് ഇക്കാര്യത്തില്‍ വില്ലനായത്. പലരും ഗള്‍ഫിലെ സമ്പാദ്യം നാട്ടില്‍ നക്ഷേപിച്ചത് വലിയ വീടുകള്‍ പണിയുന്നതിലും റിയല്‍ എസ്റ്റേറ്റിലുമാണ്. ഇത്തരം ഡെഡ് ഇന്‍വെസ്റ്റുമെന്റുകള്‍ സംസ്ഥാനത്തിന്റെ ഖജനാവിന് വലിയ ഗുണം ചെയ്തില്ല. ഈ നിക്ഷേപങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വ്യവസായസംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിലോ അതിനായി ഏതെങ്കിലും തരത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിലോ സര്ക്കാരുകള്‍ പരാജയപ്പെട്ടു എന്നതാണ് സത്യം. പലരും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയപ്പോളാണ് പ്രതിസന്ധി തിരിച്ചറിഞ്ഞുതുടങ്ങിയതും.

ദളിതരടക്കമുള്ള പിന്നാക്കവിഭാഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ കേരളം മാതൃകകള്‍ കാഴ്ച്ചവെച്ചെങ്കിലും പരിപൂര്‍ണമായി വിജയിച്ചുവെന്ന് പറയാനാവില്ല. അക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയപാര്ട്ടികള്‍ക്കെല്ലാം ഇരട്ടതാപ്പ് ഉണ്ടെന്നത് പറയാതെ വയ്യ. അതിന്റെ തെളിവാണ് ഇപ്പോഴും ജനറല്‍ സീറ്റുകളില്‍ ഒരു ദളിതനെ മത്സരിപ്പിക്കാന്‍ കേരളത്തിലെ ഇരുമുന്നണികളും മടിക്കുന്നത്. ദളിതന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവര്‍ അത് കൃത്യമായി നിര്‍വഹിക്കാത്തതാണ് മുത്തങ്ങയും ചെങ്ങറയും നില്പ്പുസമരവുമെല്ലാം കേരളത്തില്‍ പോയകാലങ്ങളില്‍ അരങ്ങേറിയതിന് വഴിവെച്ചത്.. സ്ത്രീസമത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോളും കേരളത്തില്‍ ആണ്‍കോയിമ ഇന്നും നിലനില്ക്കുന്നുവെന്നതും നമ്മെ നിരാശപ്പെടുത്തുന്ന ഒന്നാണ്. ഒരു വനിത മുഖ്യമന്ത്രി ഇല്ലാതെ പോകുന്നതും ഇതുകൊണ്ടാണ്. മുഖ്യമന്ത്രി കസേരയുടെ തൊട്ടരികിലെത്തിയിട്ടും അതിലിരിക്കാന്‍ കെ ആര്‍ ഗൌരിയമ്മയും സുശീല ഗോപാലനും യോഗമില്ലാതെ പോയത് കഴിവില്ലാത്തത് കൊണ്ടായിരുന്നില്ല. മറിച്ച് പാട്രിയാര്‍ക്കിയുടെ ഇരകളാവുകയായിരുന്നു ഇവര്‍.. ഇരുവരും ഏറെ പുരോഗമനവാദികളായ സിപിഎമ്മിന്റെ അംഗങ്ങളായിരുന്നുവെന്നത് വേറെ കൌതുകം. അതേസമയം കോണ്‍ഗ്രസാകട്ടെ മുഖ്യമന്ത്രി പദവി നല്‍കുന്നത് പോയിട്ട് ആ സ്ഥാനത്തേക്ക് ഒരു സ്ത്രീയുടെ പേരിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. സിപിഎമ്മില്‍ ഇന്നേവരെ ജില്ലസെക്രട്ടറി സ്ഥാനത്തേക്ക് ഒരു പെണ്ണുപോലും എത്തിയിട്ടില്ല എന്നതും കോണ്ഗ്രസില്‍ ജില്ലാപ്രസിഡന്റ് സ്ഥാനത്തേക്ക് ഇതുവരെ രണ്ട് വനിതകള്‍ മാത്രമേ വന്നിട്ടുള്ളു എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കാം.

ഇതെല്ലാമാണെങ്കിലും മതവും ജാതിയുമെല്ലാം മറ്റ് സംസ്ഥാനങ്ങളിലെ ജനജീവിതം തന്നെ ദുസഹമാക്കുമ്പോളും കേരളത്തില്‍ അത് പ്രതിസന്ധിയായിട്ടില്ല എന്നത് ആശ്വാസകരമാണ്. അക്കാര്യത്തില്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. കൃസ്ത്യാനിയും മുസ്ലിമുമെല്ലാം ന്യുനപക്ഷമായി തുടരുമ്പോഴും അവരെല്ലാം പുലര്‍ത്തുന്ന സൗഹാര്‍ദ്ദവും സഹകരണവുമെന്നത് ഏറെ ശ്രദ്ധേയമാണ്. ഹിന്ദുത്വ അജണ്ട അതിശക്തമായി രാജ്യമെങ്ങും നടപ്പാക്കുകയും മതത്തിന്റേയും ജാതിയുടേയും പേരില്‍ രാജ്യമെങ്ങും കലാപങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയും ചെയ്യുമ്പോഴും കേരളത്തിള്‍ ഒറ്റപ്പെട്ട ചിലസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയിട്ടുള്ളത്. പക്ഷെ അതിനര്‍ത്ഥം കേരളം രാജ്യത്തെ പൊതുസ്വഭാവത്തില്‍ നിന്ന് മാറി ഇപ്പോഴും ചിന്തിക്കുന്നുവെന്നതല്ല. സമീപകാലസംഭവങ്ങളെല്ലാം കേരളത്തിലും മാറ്റം പ്രകടമാകുന്നുവെന്നതിന്റെ ദു:സൂചനകള്‍ നല്‍കുന്നുണ്ട്. തൊടുപുഴയില്‍ അധ്യാപകന്റെ കൈപത്തി വെട്ടിയസംഭവവും കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകള്‍ പോയതും ഖര്‍ വാപസിയെന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും ശബരിമല വിവാദവും അതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പള്ളി തര്‍ക്കവുമെല്ലാം അത്ര നിസാരമായി കണാനാവില്ല. ജാതിയും മതവും ഒരു യാഥാര്‍ത്ഥ്യമായി മാറുന്നുവെന്നത് പണ്ട് നാട്ടില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിലേക്ക് കേരളത്തെ തിരിച്ചുനടത്തിക്കുമോയെന്ന് പോലും ഭയക്കേണ്ട സാഹചര്യമുണ്ടാക്കുന്നുണ്ട്.
ഇതിനോളംതന്നെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് കേരളത്തില്‍ പെരുകിവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആശയത്തെ ആശയംകൊണ്ട് നേരിടാതെ ആയുധം കൊണ്ട് നേരിടുന്ന പ്രവണത കേരളത്തില്‍ ശക്തമായിട്ട്. നൂറിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിന്റെ തെക്ക് മുതല് വടക്ക് വരെയുള്ള 14 ജില്ലകളിലും പലപ്പോഴായി നടന്നത്. നമ്മുടെ വിദ്യാലയങ്ങള്‍ പോലും പലകുറി കൊലക്കളമായി മാറി. അഹിംസയെന്ന് മന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഒരു കയ്യില്‍ കൊലക്കത്തിയും പിടിച്ചാണ് സമാധാനം സംസാരിക്കാനിറങ്ങുന്നത്.
കേരളം പടുത്തുയര്‍ത്തിയ നവോതാനമൂല്യങ്ങള്‍ നഷ്ടപ്പെടാതെ നോക്കാന്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മതസാമുദായിക സംഘടനകള്‍ക്കും ഏറെ പങ്ക് വഹിക്കാനുണ്ട്. വിദ്യാഭ്യാസമെന്നത് മാര്‍ക്ക് വാങ്ങാനുള്ളത് മാത്രമല്ലെന്നും സ്വതന്ത്ര്യമെന്നത് അന്യന്റെ അവകാശത്തിനുമേല്‍ കുതിരകയറാനുള്ളതല്ലെന്നും ഓരോരുത്തരും തിരിച്ചറിയുകയും വേണം. അല്ലെങ്കില്‍ പണ്ട് സ്വമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് പോലെ വീണ്ടും കേരളമൊരു ഭ്രാന്താലയമായി മാറിയേക്കും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

View More