ന്യൂയോർക്ക്: ഗവർണർ ആൻഡ്രൂ കോമോയുടെ മകളെ പ്രണയിച്ചതിന് സ്റ്റേറ്റ് ട്രുപ്പറിന് കനേഡിയൻ അതിർത്തിയിലേക്ക് സ്ഥലംമാറ്റം. സുരക്ഷാ സംഘത്തിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് ട്രൂപ്പർ ഡെയിൻ ഫിഫറിനാണ് പണി കിട്ടിയത്.
കോമോയുടെ മകൾ കാര കെന്നഡി കോമോ യുമായി ഇയാൾ കദേശം 7 മാസം മുമ്പ് ലോഹ്യത്തിലായി. കൊറോണ വൈറസ് പാൻഡെമിക് മൂലം ആൽബനിയിലുള്ള ഗവർണറുടെ വസതിയിലേക്ക് മാറിയതിനു ശേഷമാണ് ഇവർ ഡേറ്റിംഗ് ആരംഭിച്ചത്. ഈ വിവരം പിതാവ് അറിഞ്ഞു. അതിനാൽ തന്നെ ഇയാളെ സുരക്ഷാ സംഘത്തിൽ നിന്ന് നീക്കം ചെയ്തു എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ ഡെയിൻ ഫിഫർ മെയ് 24-ന് സംസ്ഥാനത്തിന്റെ വടക്ക് കിഴക്കൻ അതിർത്തി പ്രദേശത്തേക്ക് സ്വമേധയാ ട്രാൻസ്ഫറിന് അഭ്യർത്ഥിച്ചതാണ് എന്ന് സംസ്ഥാന പോലീസ് വക്താവ് അറിയിച്ചു.
ഇയാളെ മകളിൽ നിന്ന് അകറ്റി നിർത്താനാണ് സ്ഥലം മാറ്റിയത് എന്ന് ഈ സാഹചര്യങ്ങളെക്കുറിച്ച് അടുത്തറിയാവുന്ന ചില വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ നീക്കത്തിനുശേഷവും അവർ വീണ്ടും ഡേറ്റിംഗ് തുടരുന്നത് ഗവർണറെ കൂടുതൽ അസ്വസ്ഥനാക്കിയാത്രെ.
തലസ്ഥാനത്തു നിന്നും 160 മൈൽ അകലെ കനേഡിയൻ അതിർത്തിക്ക് സമീപം പ്ലാറ്റ്സ്ബർഗ് എന്ന സ്ഥലത്തേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്.
എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കുവാൻ ഫിഫർ ഇതുവരെ തയ്യാറായിട്ടില്ല.
കോമോയുടെ മുൻ ഭാര്യ കെറി കെന്നഡിയുടെ പുത്രിയാണ് കാര. പ്രസിഡന്റ് ജോണ് കെന്നഡിയുടെ സഹോദരൻ റോബർട്ട് കെന്നഡിയുടെ പുത്രിയാണവർ.