മുംബൈയില്‍ ലഹരിമരുന്ന് വേട്ട ശക്തമാക്കി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. ടിവി താരങ്ങള്‍ ഉള്‍പ്പെടുന്ന ലഹരിമരുന്ന് സംഘത്തെ അന്വേഷണ സംഘം പിടികൂടി.
ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി പ്രീതിക ചൌഹാനെ എന്‍.സി.ബി സംഘം അറസ്റ്റ് ചെയ്തു. ഇന്ന് തന്നെ പ്രീതികയെ കോടതിയില്‍ ഹാജരാക്കും. സാവ്ഥാന്‍ ഇന്ത്യ, വോ കെ ദേവ് മഹാദേവ് തുടങ്ങിയ ടിവി സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം നടന്ന മയക്കുമരുന്ന് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരിമരുന്ന് വേട്ട എന്‍.സി.ബി ശക്തമാക്കിയിരിക്കുന്നത്. കേസിലെ പ്രതികളുടെ എല്ലാ ബന്ധങ്ങളും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
റിയ ചക്രവര്‍ത്തിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇഡി വീണ്ടെടുത്തതോടെയാണ് ബോളിവുഡിന്റെ മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ ഇഡി എന്‍.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിരവധി ബോളിവുഡ് താരങ്ങള്‍ എന്‍.സി.ബിയുടെ നിരീക്ഷണത്തിലായി. നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ദ കപൂര്‍, സാറാ അലി ഖാന്, രാകുല്‍ പ്രീത് സിംഗ് എന്നിവരെ കേസില്‍ ചോദ്യം ചെയ്തിരുന്നു.
റിയ ചക്രബര്‍ത്തിയോടൊപ്പം സഹോദരന് ഷോയിക് ചക്രബര്‍ത്തി, സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, ജീവനക്കാരന് ദിപേഷ് സാവന്ത് എന്നിവരെയും നേരത്തെ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു.