അധികം മലയാളികളും ധാര്‍മ്മികമൂല്യങ്ങളെ മാനിക്കാത്ത സ്വാര്ത്ഥബുദ്ധികളും അഹങ്കാരികളുമാകുന്നു. മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കല്പിക്കാത്ത കാട്ടാളന്മാരേക്കാള് ദുഷ്ടന്മാരും നീചരുമായിത്തീര്ന്നിരിക്കുകയാണ് മലയാളികള്‍ ഇന്ന്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അരുംകൊലകള്‍ നടക്കുന്ന നാടായിത്തീര്ന്നിരിക്കുകയാണ് കേരളം ഇന്ന്! കഴിഞ്ഞ 12 ദിവസങ്ങള്‍ക്കുള്ളില്‍ 8 കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നതായി പത്രവാര്‍ത്തകള്‍ വായിക്കുകയുണ്ടായി. ഇത് ഇനിയും വര്ധിക്കുകയേള്ളൂ. ഹിന്ദു മതവിശ്വാസ പ്രകാരം കലിയുഗമാണിത്. നീതി നിയമങ്ങളോ, ശിക്ഷാവിധികളോ ഇല്ലാത്ത "വെള്ളരിക്കാപട്ടണം' തന്നെയാണ് ഇന്ന് കേരളം.
സ്ത്രീകള്‍ക്കും മാന്യതയോ, സുരക്ഷിതത്വമോ ഇല്ലാത്ത നാട്! മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അടിമകളായി ആയുസും, ആരോഗ്യവും നശിപ്പിച്ച്, മനസാക്ഷിയും മരവിച്ച്, സ്ത്രീകളേയും കുട്ടികളേയും പോലും പീഡിപ്പിച്ച് ജീവിക്കുന്ന ദുരാത്മാക്കളുടെ നാടാണ് ഇന്ന് കേരളം.! "ഞാന്‍' എന്ന അന്ധമായ സ്വാര്‍ത്ഥതയുടെ ആള്‍രൂപങ്ങളാകുന്നു അധികം മലയാളികളും. ഒരാളെ വെള്ളത്തിലിട്ട് മുക്കിക്കൊല്ലുന്നതോ, തെരുവിലിട്ട് തല്ലിക്കൊല്ലുന്നതോ നേരില്‍ കണ്ടാല്‍ പോലും അവനെ രക്ഷിക്കാന്‍ ശ്രമിക്കാതെ കൂട്ടമായി ആ കാഴ്ച കണ്ട് രസിക്കുന്നവരാണ് അഭ്യസ്തവിദ്യരായ മലയാളി മക്കള്‍! തെലുങ്കരോ, തമിഴരോ, കന്നടക്കാരോ അവരുടെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് കണ്ടാല്‍ ഒരിക്കലും നിഷ്ക്രിയരായി നോക്കി നില്ക്കുകയില്ല. അതാണ് ആരാധ്യമായ അവരുടെ ധര്‍മ്മബോധം.
പല പതിറ്റാണ്ടുകള്‍ക്ക് മുമ്പായി മലയാളികളെപ്പറ്റിയുള്ള ഒരു വിലയിരുത്തല്‍ ശ്രീ ചങ്ങമ്പുഴ നടത്തിയിട്ടുള്ളതുകൂടി ഉദ്ധരിച്ചുകൊണ്ട് ഉപസംഹരിക്കട്ടെ.
ഓമല്സ്സഹജര് തന്നസ്ഥികൂടങ്ങളാല്
പൂമണിമേടകള് തീര്‍ത്തു സുഖിപ്പൂ നാം!
ഒന്നിനൊന്നായ് സമസൃഷ്ടികളെത്തന്നെ
കൊന്നു തിന്നും വെറും കാട്ടുമൃഗങ്ങള്‍ നാം!
മലയാളികള്‍ നിര്‍ദ്ദയം സമസൃഷ്ടികളെ വെട്ടിവീഴ്ത്തിക്കൊണ്ടിരിക്കുന്നു. കാട്ടുമൃഗങ്ങളേക്കാള്‍ ക്രൂരരായി. അധര്‍മ്മമൂര്‍ത്തിയായ സാത്താന് പല വേഷത്തിലും രൂപത്തിലും കേരളം മുഴുവന്‍ ഇന്ന് ഉറഞ്ഞുതുള്ളുകയാണ്. മനസാക്ഷിയും ധര്‍മ്മബോധവും ഇല്ലാത്ത മലയാളിക്ക് ഇന്ന് എന്താണ് ചെയ്തുകൂടാത്തത്? അങ്ങനെയുള്ളവരുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാകുന്നു കേരളത്തിലങ്ങളോമിങ്ങോളമായി ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.