പ്രശസ്ത നടനും സൂപ്പര്‍ താരവുമായ മിഥുന് ചക്രവര്‍ത്തിയുടെ മകന് മഹാക്ഷയ് ചക്രവര്‍ത്തിക്കെതിരെ ബലാല്‍സംഗ കേസ്. 38 വയസുകാരിയുടെ പരാതിയെ തുടര്‍ന്ന് മുംബയ് ഓഷിവാര പൊലീസാണ് കേസെടുത്തത്.
സംഭവം ഇങ്ങനെ മഹാക്ഷയ് ചക്രവര്‍ത്തി 2015 മുതല്‍ 2018 വരെ യുവതിയുമായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് 2015ല്‍ അന്ധേരിയിലെ ആദര്‍ശ് നഗറിലുളള ഫ്ളാറ്റില്‍ വച്ച് മഹാക്ഷയ് യുവതിയെ പീഡിപ്പിച്ചു.
തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിട്ടും മഹാക്ഷയ് തയ്യാറായില്ല. ഒടുവില്‍ 2018ല്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കില്ലെന്നും ഗര്‍ഭം അലസിപ്പിക്കണമെന്നും മഹാക്ഷയ് യുവതിയെ അറിയിച്ചു.പിന്നീട് മഹാക്ഷയുടെ അമ്മയായ യോഗിത ബാലിയെ വിളിച്ചെങ്കിലും യോഗിത ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ യുവതി ഡല്‍ഹി ബീംഗംപൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ബലാല്‍സംഗം,നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കല്‍ ഉള്‍പ്പടെ വിവിധ ക്രിമിനല്‍ ചട്ടങ്ങളനുസരിച്ച പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വൈകാതെ ഈ കേസില്‍ മഹാക്ഷയ്ക്കും അമ്മയ്ക്കും ജാമ്യം ലഭിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതി സംഭവം നടന്നയിടത്തെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്ട്രര്‍ ചെയ്തത്.