Image

കറൻസി നോട്ടിലും മൊബൈൽ ഫോണിലും 28 ദിവസം വരെ കൊറോണ വൈറസ് ജീവിക്കും

മീട്ടു Published on 12 October, 2020
കറൻസി നോട്ടിലും മൊബൈൽ ഫോണിലും 28  ദിവസം വരെ കൊറോണ വൈറസ് ജീവിക്കും
കോവിഡ് 19 ന് കാരണമാകുന്ന വൈറസിന്റെ അതിജീവനവുമായി ബന്ധപ്പെട്ട് നടത്തിയ ഏറ്റവും പുതിയ പഠനം നൽകുന്ന ഫലം ആശങ്ക വളർത്തുന്നു. കറൻസി നോട്ടുകൾ , മൊബൈൽ ഫോൺ സ്ക്രീനുകൾ , ഗ്ലാസ് പ്രതലങ്ങൾ , സ്റ്റെയിൻലെസ്സ് സ്റ്റീൽ എന്നീ ഇടങ്ങളിൽ കോറോണവൈറസ് 28 ദിവസങ്ങൾ വരെ രോഗം പർത്താൻ പര്യാപ്തമായ വീര്യത്തോടെ നിലനിൽക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. മുൻപത്തെ പഠനങ്ങളിൽ വൈറസിന് ഇത്രമാത്രം ദിവസങ്ങൾ അതിജീവിക്കാമെന്ന് കണ്ടെത്തിയിരുന്നില്ല. ഫ്ലൂവിന് കാരണമാകുന്ന വൈറസ് സമാന പ്രതലത്തിൽ പതിനേഴ് ദിവസങ്ങളാണ് അതിജീവിച്ചതെന്നും താരതമ്യ പഠനത്തിൽ വ്യക്തമായി. ഓസ്‌ട്രേലിയയുടെ സയൻസ് ഏജൻസിയായ സി എസ് ഐ ആർ ഓ ആണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസിനെ ഇരുട്ടിൽ 68 ഡിഗ്രി ഊഷ്മാവിലാണ് പരീക്ഷണവിധേയമാക്കിയത്. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ വൈറസിനെ നിർവീര്യമാക്കുമെന്ന് ചില പഠനങ്ങളിൽ കണ്ടതുകൊണ്ടാണ് പരീക്ഷണം ഇരുട്ടിൽ നടത്തിയത്. 

കഴിയുന്നത്ര തവണ കൈകഴുകുന്നതിന്റെയും സാനിറ്റൈസ് ചെയ്യുന്നതിന്റെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ് ഈ കണ്ടെത്തലെന്ന് ഗവേഷണത്തിന് നേതൃത്വം വഹിച്ച ഷെയ്ൻ റിഡിൽ മാധ്യമങ്ങളോട് പറഞ്ഞു. വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ള ഏതു പ്രതലത്തിൽ തൊട്ടാലും കഴുകുന്നത് ശീലമാക്കണം. 

കൃത്രിമമായി നിർമ്മിച്ച സ്രവത്തിൽ വൈറസിലെ ഈർപ്പം കളഞ്ഞ്, കൊറോണ ബാധിതരായ രോഗികളുടെ സാമ്പിളുകൾക്ക് തുല്യമായ അളവിൽ വിവിധ പ്രതലങ്ങളിൽ വച്ചായിരുന്നു പഠനം. ഒരു മാസത്തിന് ശേഷവും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി. 
68, 86, 104 ഡിഗ്രി ഫാരൻഹീറ്റിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് വൈറസ് തണുപ്പുള്ള അന്തരീക്ഷത്തെ കൂടുതൽ അതിജീവിക്കും എന്നാണ്. മിനുസമാർന്ന പ്രതലങ്ങളിലും കൂടുതൽ നാൾ വൈറസ് തങ്ങിനിൽക്കും. ഉദാഹരണത്തിന് കറൻസി നോട്ടുകളിൽ. ചില പ്രതലങ്ങളിൽ 104 ഡിഗ്രിയിൽ 24 മണിക്കൂറിനകം വൈറസ് നിർവീര്യമാകുന്നതും പഠനത്തിൽ തെളിഞ്ഞു. ശരീരത്തിലെ ഫ്ലൂയിഡുകളിലെ കൊഴുപ്പും പ്രോടീനുകളും വൈറസിന്റെ അതിജീവനത്തിന്റെ കാലയളവ് വർദ്ധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. 

ആളുകൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പകരാമെങ്കിൽ പ്രതലങ്ങളിലൂടെയുള്ള വ്യാപനവും സാധ്യമായിരിക്കില്ലേ എന്ന സംശയം  ചില വിദഗ്ദ്ധർ മുൻപേ പ്രകടിപ്പിച്ചതാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന കണങ്ങളിൽ  നിന്നും വൈറസ് വ്യാപിക്കാമെന്നതിനും തെളിവുണ്ട്. മുൻപ് നടത്തിയ പരിശോധന ഫലങ്ങളിൽ കറൻസി നോട്ടുകളിലും ഗ്ലാസിലും രണ്ടോ മൂന്നോ ദിവസങ്ങളും  പ്ലാസ്റ്റിക്കിലും സ്റ്റെയിൻലെസ്സ് സ്റ്റീലിലും ആറ്  ദിവസങ്ങൾ വരെയും വൈറസ് അതിജീവിക്കുന്നതായാണ് കണ്ടത്. 

എന്നാൽ, ഈ പഠനം ജനങ്ങളിൽ ഭീതി പരത്തുന്ന ഒന്നാണെന്ന് കാർഡിഫ് സർവകലാശാലയിലെ പ്രൊഫ.റോൺ എക്ലസ് വിമർശിച്ചു.' പ്രതലങ്ങളിൽ വൈറസ് വ്യാപനമുണ്ടാകുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവത്തിൽ നിന്നും ശുചിത്വമില്ലാത്ത വിരലുകളിൽ നിന്നുമാണ്. ഈ പഠനം നടത്തിയിരിക്കുന്നത് മനുഷ്യനിൽ നിന്നെടുത്ത സ്രവത്തിൽ നിന്നല്ലാത്തതുകൊണ്ട് ഈ നിഗമനങ്ങളുമായി പൊരുത്തപ്പെടാനാകില്ല. മനുഷ്യന്റെ സ്രവം വൈറസിന് പ്രതികൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. അതിൽ ശ്വേത കോശങ്ങളുണ്ടായിരിക്കും. അവ വൈറസിനെ നശിപ്പിക്കുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കും. കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളും മറ്റു കെമിക്കലുകളും വൈറസിനെ നിർവീര്യമാക്കും. എന്റെ അഭിപ്രായത്തിൽ രോഗം പടർത്തുന്ന വൈറസുകൾ പ്രതലങ്ങളിലെ  സ്രവങ്ങളിൽ ഏതാനും മണിക്കൂറുകളോ കുറച്ച് ദിവസങ്ങളോ മാത്രമേ നിലനിൽക്കൂ. ' പ്രൊഫസർ കൂട്ടിച്ചേർത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക