Image

ദമ്പതികളുടേയും മകളുടേയും ആത്മഹത്യ: 3 കോടി നല്‍കാനുള്ള പാര്‍ട്ട്ണര്‍ അറസ്റ്റില്‍

Published on 01 October, 2020
ദമ്പതികളുടേയും മകളുടേയും ആത്മഹത്യ: 3 കോടി നല്‍കാനുള്ള പാര്‍ട്ട്ണര്‍ അറസ്റ്റില്‍
വര്‍ക്കല: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 15നു വെട്ടൂര്‍ കയറ്റാഫിസിനു സമീപം കരാറുകാരന്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍, ഭാര്യ മിനി, മകള്‍ അനന്തലക്ഷ്മി എന്നിവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു കോടിയോളം രൂപ നല്‍കാനുള്ള ഉപകരാറുകാരന്‍ അറസ്റ്റില്‍. വിളപ്പില്‍ പേയാട് കുണ്ടമണ്‍ കടവ് ആഞ്ജനേയത്തില്‍ നിന്നു വട്ടിയൂര്‍ക്കാവ് തിട്ടമംഗലം പുലരി റോഡിനു സമീപം കൂള്‍ഹോമില്‍ ഒന്നാം നിലയില്‍ ടിസി 37/3195ാം നമ്പര്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അശോക്കുമാറാണ്(60) പിടിയിലായത്.

ആത്മഹത്യ കുറിപ്പില്‍ അശോക്കുമാര്‍ ആണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് കുറിച്ചിരുന്നു. മൂന്നു കോടിയോളം രൂപ ശ്രീകുമാറിന് തിരികെ നല്‍കാനുണ്ടെന്ന് പൊലീസ് കണ്ടെത്തി.ശ്രീകുമാറിന്റെയും അശോക്കുമാറിന്റെയും  10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷവും, മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും ശേഖരിച്ച വിവരത്തിന്റെ  അടിസ്ഥാനത്തിലുമാണ് അറസ്റ്റ്.

മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസിന്റെ ‘എ’ ക്ലാസ് കരാറുകാരനായിരുന്ന ശ്രീകുമാറിന്റെ സുഹൃത്തായിരുന്നു ഇലക്ട്രിക്കല്‍ കരാറുകാരനായ അശോക്കുമാര്‍.  2014 ല്‍ ശ്രീകുമാര്‍ എടുത്ത ശംഖുമുഖം എയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ 10 കോടി രൂപയുടെ നിര്‍മാണ ജോലി അശോക്കുമാര്‍ ഉപകരാറിലൂടെ ഏറ്റെടുത്തു, ജോലി തുടങ്ങുന്നതിനായി ശ്രീകുമാര്‍ രണ്ടരക്കോടി രൂപ ബാങ്ക് അക്കൗണ്ട് വഴിയും പുറമേ 50 ലക്ഷം രൂപ ഡോക്യുമെന്റ് സെക്യൂരിറ്റി വയ്ക്കുന്നതിനും നല്‍കിയെങ്കിലും അശോക്കുമാര്‍ ജോലി തുടങ്ങുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ല.

അതോടെ ഭീമമായ കടക്കെണിയിലായ ശ്രീകുമാറിന്റെ വീടും വസ്തുക്കളും ജപ്തിയായി.  പണം തിരികെ ആവശ്യപ്പെട്ടെങ്കിലും  നല്‍കിയില്ല. ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിച്ച് കടക്കെണിയില്‍ നിന്നു രക്ഷ നേടാന്‍ ശ്രീകുമാര്‍ വീണ്ടും  വലിയ തുക വായ്പ എടുത്തെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു.  ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നായിരുന്നു സകുടുംബം  ആത്മഹത്യ .  വര്‍ക്കല പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, എസ്.ഐ പി.അജിത്ത് കുമാര്‍, ഗ്രേഡ് എസ്‌ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക