Image

ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമോ

Published on 06 June, 2012
ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമോ
അറവുകാരന്‍ തന്റെ അറവു മാടിനോട് കാണിക്കുന്ന കാരുണ്യം പോലും കാണിക്കാതെ ക്രൂരമായി കൊലപ്പെടുത്തിയ ടി. പി. ചന്ദ്രശേഖരന്റെ ആത്മാവ് കേരളത്തില്‍ അലഞ്ഞു നടക്കുകയാണ്. മരണ സമയത്ത് തന്റെ സുരക്ഷിതത്വത്തിനുവേണ്ടി ഒരു അടയ്ക്കാ കത്തിപോലും കൈയില്‍ സൂക്ഷിക്കാതിരുന്ന ആ മനുഷ്യനെ എതിര്‍ ദിശയില്‍ വലത് വശത്തു കൂടി വണ്ടി ഓടിച്ച് വന്ന് ഇടിച്ചിട്ട ശേഷം വെട്ടിനുറുക്കി കൊല്ലുകയാണ് ചെയ്തത്.

മരിച്ച ടി. പി. ജീവിച്ചിരിക്കുന്ന ടി. പി. യെക്കാള്‍ ശക്തനായി ഇന്ന് കേരളത്തില്‍ ഓടി നടക്കുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ആത്മാവ് ഫലം തരാത്ത ഒട്ടേറെ അത്തി വൃക്ഷങ്ങളെ കടപുഴക്കും എന്നുള്ളതില്‍ സംശയം ഇല്ല. ആ കടപുഴക്കല്‍ നടക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മാത്രമായിരിക്കില്ല എന്നു ഉള്ളതിന്റെ തെളിവാണ് രമേശ് ചെന്നിത്തല വിറളി പൂണ്ട് സി. പി. എം. പിളര്‍ന്നു എന്ന് നടത്തിക്കൊണ്ടിരുന്ന പ്രസ്താവന എങ്ങനെ എങ്കിലും സിപിഎമ്മിന്റെ പിളര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍, കുഞ്ഞാലിക്കുട്ടി, ആര്‍. ബാലകൃഷ്ണപിള്ള, കെ. എം. മാണി എന്നിവര്‍ അടങ്ങുന്ന മതാധിഷ്ഠിത ഫാസിസ്റ്റ് കൂട്ടു കെട്ടിന്റെ തകര്‍ച്ച ആയിരിക്കും എന്ന തിരിച്ചറിവാണ് ഇതിന് പുറകില്‍. ഇതു കൊണ്ട് ഒന്നും ടി. പി. യുടെ ആത്മാവ് അടങ്ങും എന്ന് തോന്നുന്നില്ല അത്രമാത്രം വലിയ പ്രതിസന്ധിയാണ് കേരള രാഷ്ട്രീയത്തില്‍ ഈ കൊലപാതകം സൃഷ്ടിച്ചിരിക്കുന്നത്.

ചരിത്രത്തിലേയ്ക്കു തിരിഞ്ഞ് നോക്കിയാല്‍ രക്തസാക്ഷിത്വം ഒട്ടേറെ സാമൂഹ്യ മാറ്റത്തിനും ചരിത്രം സൃഷ്ടിക്കലിനും കാരണം ആയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും.

1770 - ല്‍ അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സ്‌റ്റേറ്‌സിലെ ബോസ്റ്റണ്‍ എന്ന സ്ഥലത്ത് ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം നിറ ഒഴിച്ചതിന്റെ ഭാഗമായി 5 പേര്‍ മരിക്കുക ഉണ്ടായി. ബോസ്റ്റണ്‍ കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെട്ട ഈ കൊലപാതകം അമേരിക്കന്‍ സ്വാതന്ത്രസമരത്തിന് വളെരയേറെ കരുത്ത് ഏകി. അമേരിക്ക സ്വതന്ത്രമാവാനും ബ്രിട്ടന്‍ എന്ന അതി ബൃഹത്തായ സാമ്രാജ്യത്തെ ഒരു ചെറിയ ദ്വീപിലേയ്ക്ക് ഒതുക്കുന്നതിന് തുടക്കം കുറിക്കുകയായിരുന്നു ആ അഞ്ച് രക്തസാക്ഷികള്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലേയ്ക്ക് തിരിഞ്ഞ് നോക്കിയാല്‍ സമരത്തിന്റെ ചരിത്ര ഗതിയെതന്നെ മാറ്റി മറിച്ച സംവമായിരുന്നു 1919 - ല്‍ ജാലിയന്‍വാലബാഗില്‍ നടന്ന കൂട്ടക്കൊല. ആ രക്തസാക്ഷികളുടെ ചൂടു രക്തം ബ്രിട്ടീഷ്‌ക്കാരെ ഇന്ത്യ എന്ന രാജ്യത്ത് നിന്നും കെട്ടു കെട്ടിക്കുന്നതിന് കാരണമായി. ബിരുദധാരിയായ മുഹമ്മദ് ബോസിസി എന്ന ടുനേഷ്യന്‍ ചെറുപ്പക്കാരന്‍ യാതൊരു തൊഴിലും ലഭിക്കാത്തതുകൊണ്ട് ഒരു കൈവണ്ടിയില്‍ തുടങ്ങിയ തെരുവ് കച്ചവടത്തെ എതിര്‍ത്ത മുന്‍സിപ്പാലിറ്റിക്കാര്‍ അദ്ദേഹത്തിന്റെ കൈവണ്ടിയും, സാധനങ്ങളും കണ്ടു കെട്ടിയതില്‍ പ്രതിഷേധിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. അതില്‍ നിന്നും ഉണ്ടായ അറബ് വസന്തം എന്നറിയുന്ന സാമൂഹ്യ വിപ്ലവവും മദ്ധ്യപൂര്‍വ്വദേശത്തെ ഏകാധിപത്യം ഭരണകൂടങ്ങളെ തകര്‍ത്തടിച്ചു കൊണ്ടിരിക്കുന്നു.

ഒരു നേഴ്‌സിന്റെ ആത്മഹത്യയിലൂടെ ഇന്ത്യയിലെ നേഴ്‌സിംഗ് സമൂഹം എത്ര വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചത് എന്നു വിശദീകരിക്കേണ്ട ആവശ്യമില്ല അത്തരം ഒരു വലിയ സാമൂഹ്യമാറ്റത്തിന് തുടക്കം കുറിക്കാന്‍ ചിലപ്പോള്‍ ടി. പി. ചന്ദ്രശേഖരന്റെ മരണത്തിന് കഴിഞ്ഞേക്കാം എന്നുള്ളതിന്റെ തെളിവാണ് ചന്ദ്രശേഖരന്റെ വധത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം സി. പി. എം. ല്‍ ഇന്ന് സജീവമായിരിക്കുന്നത് അവരുടെ പ്രതിഷേധം അഗ്നിപര്‍വ്വതം പോലെ പൊട്ടി ഒഴുകിയാല്‍ അതില്‍ കടപുഴകുന്നത് കേരളത്തിലെ സിപിഎം നേതാക്കള്‍ മാത്രമായിരിക്കില്ല മതാധിഷ്ഠിത, ജന്‍മി, ഏകാധിപത്യ, അഴിമതി മൂല്യങ്ങളെ താങ്ങി നിര്‍ത്തുന്ന എല്ലാ പാര്‍ട്ടിയിലും പെടുന്ന കൂട്ടു കച്ചവടക്കാര്‍ ആയിരിക്കും എന്നുള്ളതില്‍ സംശയം ഇല്ല. കേരളത്തില്‍ മതാധിഷ്ഠിത ജന്‍മി ഫാസിസ്റ്റ് രാഷ്ട്രീയം ഈ കാലഘട്ടങ്ങളിലും ഇത്ര ശക്തമായി നില്‍ക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം സിപിഎമ്മിന്  തന്നെ എന്നു പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര വാദികളായ ജനങ്ങള്‍ പുരോഗമനം പ്രതീക്ഷിച്ച് ഇടതുപക്ഷത്തെ വിജയിപ്പിച്ചാല്‍ അവര്‍ നടപ്പിലാക്കുന്ന ഫാസിസ്റ്റ് പ്രവണതയില്‍ ശ്വാസം മുട്ടി അതിനെ പ്രതിരോധിക്കാന്‍ വേണ്ടി മതസംഘടനകളുടെ മാളങ്ങളില്‍ അഭയം തേടേണ്ടി വരുന്നു. അത്തരം മതസംഘടനകളുടെ പിന്‍തുണ തേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും മതാധിഷ്ഠിത താല്‍പ്പര്യങ്ങള്‍ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു അങ്ങനെ ഇവര്‍ രണ്ടും ഒരമ്മപെറ്റ മക്കളെപോലെ കേരളത്തെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു. ഇത്തരം സാമൂഹ്യ സാഹചര്യത്തിന് എന്തെങ്കിലും പോറല്‍ ഏല്‍ക്കുമ്പോള്‍ ഇവര്‍ പരസ്പരം ആക്രമിക്കുന്നതായി ഭാവിച്ചു രണ്ട് വിഭാഗങ്ങളുടെയും നില മെച്ചപ്പെടുത്തുന്നു. ഇതില്‍ ഒന്നിന് പോറല്‍ ഏല്‍ക്കാന്‍ പോലും എതിര്‍ഭാഗം അനുവദിച്ചില്ല അങ്ങനെ സംഭവിച്ചാല്‍ രണ്ടിന്റെയും പതനമായിരിക്കും ഫലം എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെയും ഇന്ന് വേദനിപ്പിക്കുന്നത്. മതേതര സംസ്‌കാരത്തിന് വളരാന്‍ കഴിയുന്ന വളക്കൂറുള്ള മണ്ണാണ് കേരളം ആ വളര്‍ച്ച സംഭവിക്കുന്നതിന്റെ പുറകില്‍ മാര്‍ക്‌സിസ്റ്റും ഫാസിസ്റ്റും ആണ് എന്നു പറയാതിരിക്കാന്‍ കഴിയില്ല.

മാക്‌സിസ്റ്റ് ഫാസിസ്റ്റുകള്‍ അധികാരം ബിഷപ്പുമാരുടെയും തങ്ങള്‍മാരുടെയും കാല്‍ചുവട്ടില്‍ എത്തിക്കുന്നു ഇതില്‍ നിന്നും കേരളം മാറണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കൂടുതല്‍ ജനാധിപത്യവും, മാനവികതയും രൂപപ്പെട്ടതുകൊണ്ട് അതിലൂടെ മാത്രമെ കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ മുഖം കൈവരിക്കന്‍ കഴിയും അതിലൂടെ മാത്രമേ കേരളത്തിന് ഒരു നല്ല ഭാവി സ്വപ്നം കാണാന്‍ കഴിയൂ. അതിന് ഒരു പക്ഷെ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കാരണമായാല്‍ അദ്ദേഹം ചിന്താശക്തിയുള്ള സമൂഹത്തിന്റെ മുന്‍പില്‍ എന്നും ജീവിക്കും അതു സംഭവിച്ചില്ലെങ്കില്‍, ഖദര്‍ ഇട്ടു നടന്ന ഇഎംഎസും, മഹാത്മഗാന്ധിയ്ക്കും ഇടുക്കിയിലൂടെ നടക്കാന്‍ എന്റെ അനുവാദം വേണ്ടി വരും എന്നു പറയുന്നവരും ചന്ദ്രശഖരന്റെ വധത്തിന് കൊട്ടേഷന്‍ കൊടുത്തവരും നമ്മെ നയിക്കും.

സര്‍വ്വ ദേശീയ തലത്തില്‍ യാതൊരു പ്രസക്തിയും ഇല്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി കേട്ടു കേള്‍വിപോലും ഇല്ലാത്ത ഇംഗ്ലണ്ടിലേയ്ക്ക് ഇത്രയും രാഷ്ട്രീയ പാര്‍ട്ടിളെ കൊണ്ട് വന്ന് ഇവിടുത്തെ മലയാളി സമൂഹത്തിന്റെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നവരുടെ അറവു മാടായി മാറ്റാതിരാക്കാന്‍ ഇവിടുത്തെ മലയാളികള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ എങ്കിലും നമുക്ക് ശാന്തമായി കഴിഞ്ഞ് കൂടാന്‍ കഴിഞ്ഞേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക