Image

ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു

Published on 06 June, 2012
ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മലയാളി സമൂഹത്തിലെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി ഇന്ത്യാപ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. മെയ് 29-ാം തീയതി ചൊവ്വാഴ്ച സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ കൂടിയ പ്രൗഢഗംഭീര സമ്മേളനത്തില്‍ മാവേലിക്കര എം.പി.യും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയായിരുന്നു.
ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയസ് തിരുമേനി മുഖ്യ പ്രാസംഗികനും പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ വേണുഗോപാല്‍ പ്രത്യേക അതിഥിയുമായിരുന്നു.
ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ടിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ എഴുത്തുകാരന്‍കൂടിയായ റോയി തീയാടിക്കല്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.
ഹൂസ്റ്റണിലെ മലയാളി പത്രപ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള അഭിലാഷം നിറവേറുന്ന സുന്ദരസുദിനമായി ജോര്‍ജ് കാക്കനാട്ട് ഈ ദിവസത്തെ വിശേഷിപ്പിച്ചു. ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് സത്യസന്ധമായ പത്രപ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് 'ആഴ്ചവട്ടം' വാര്‍ത്താവാരികയുടെ പത്രാധിപര്‍കൂടിയായ ജോര്‍ജ് കാക്കനാട്ട് ഓര്‍മ്മിച്ചു.
അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഹൂസ്റ്റണില്‍ ഇന്നത്തെ ചരിത്രപരമായ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഉദ്ഘാടകന്‍ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ അവഗണിക്കാനാവാത്ത സമൂഹമാണ് പത്രപ്രവര്‍ത്തകരുടേതെന്നും അവരാണ് ലോകത്തെ മുമ്പോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗശേഷം മറ്റ് അതിഥികള്‍ക്കൊപ്പം ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് അദ്ദേഹം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
തുടര്‍ന്നു സംസാരിച്ച പ്രൊഫ. ജഗദീഷ് ഇന്നത്തെ സാംസ്‌കാരിക മൂല്യച്യുതിയില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കയറുകതന്നെ ചെയ്തു. കണ്ണൂരില്‍ ടി.പി.ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തെ അതിനിശിതമായി വിമര്‍ശിച്ച ജഗദീഷ് ചില പത്രക്കാരെങ്കിലും ആ വാര്‍ത്ത വൈകാരികമായി മുതലെടുക്കാന്‍ ശ്രമിച്ചതായും അഭിപ്രായപ്പെട്ടു. അവിടെ ഒരു ഭാര്യയുടെയോ അമ്മയുടെയോ ദുഃഖത്തിനുപരി വാര്‍ത്തയുടെ രാഷ്ട്രീയവശമാണ് പലരും കണ്ടതെന്നും അത്തരം പത്രപ്രവര്‍ത്തനം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച അഭിവന്ദ്യ തിരുമേനിയും ഒരു നല്ല സമൂഹത്തെ നന്മയിലൂടെ നയിക്കാന്‍ പത്രപ്രവര്‍ത്തകരാണ് മറ്റാരെക്കാളും അഭികാമ്യരെന്ന് അഭിപ്രായപ്പെട്ടു. ഹൂസ്റ്റണ്‍ ചാപ്റ്ററിന് എല്ലാ നന്മകളും അദ്ദേഹം ആശംസിച്ചു.
തുടര്‍ന്നു സംസാരിച്ച പിന്നണി ഗായകന്‍ വേണുഗോപാലും ഇന്നത്തെ സമൂഹത്തിലെ ഏറ്റവും ഉത്തരവാദപ്പെട്ട ജോലി പത്രപ്രവര്‍ത്തകന്റേതാണെന്നും ഒരു പത്രപ്രവര്‍ത്തകനായാണ് താന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചതെന്നും പറഞ്ഞു.
ഹൂസ്റ്റണില്‍ കഴിവുറ്റ ഒരു നേതൃത്വം വരാനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നും ഇന്നത്തെ ഭാരവാഹികളിലൂടെ അത് ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നു വിശ്വാസമുണ്ടെന്നും ആശംസ അര്‍പ്പിച്ചുകൊണ്ട് ഇന്ത്യാ പ്രസ്‌ക്ലബ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മാത്യു
വര്‍ഗീസ്‌ പറഞ്ഞു.
ഐപിസിഎന്‍എ സെക്രട്ടറി മധു കൊട്ടാരക്കരയും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തുടര്‍ന്ന് ഹൂസ്റ്റണിലെ സാംസ്‌കാരിക നായകന്മാരും ഹൂസ്റ്റണ്‍ ചാപ്റ്ററിന് ആശംസകള്‍ ചൊരിഞ്ഞു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള, മുന്‍ ഫോമാ പ്രസിഡന്റ് ശശിധരന്‍നായര്‍, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ജെയിംസ്, ഐഎന്‍ഒസി പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ഡബ്ല്യു.എം.സി. ഹൂസ്റ്റണ്‍ പ്രസിഡന്റ് എല്‍ദോ പീറ്റര്‍, മലയാളംപത്രം ചീഫ് എഡിറ്റര്‍ ലൂക്കോസ് പി.ചാക്കോ, മാത്യു നെല്ലിക്കുന്ന്, എന്‍.എസ്.എസ് പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചവരില്‍പെടുന്നു.
30 വര്‍ഷത്തിലധികം പത്രപ്രവര്‍ത്തന രംഗത്ത് നടത്തിയ സേവനത്തിന്റെ പേരില്‍ ഹൂസ്റ്റണ്‍ കമ്യൂണിറ്റി കോളജ് അധികൃതര്‍ ഹോണററി ബിരുദം നല്‍കി ആദരിച്ച വോയ്‌സ് ഓഫ് ഏഷ്യയുടെ പത്രാധിപര്‍ കോശി തോമസിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
വിദേശമലയാളികളോട് അടുത്തുനില്‍ക്കുന്ന കേരളത്തിലെ വ്യവസായ പ്രമുഖന്‍ തോമസ് കരിക്കിനേത്തിനെയും ഭാര്യ റിനു തോമസിനെയും ചടങ്ങില്‍ ആദരിച്ചു.
ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി അനില്‍ ആറന്മുള നന്ദി പ്രകാശിപ്പിച്ചു. കൈരളി ടി.വി അവതാരക ഡോ. മോളി മാത്യു എം.സി. ആയി ചടങ്ങുകള്‍ നിയന്ത്രിച്ചു.
ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
ഇന്ത്യാ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക