Image

വിസ്‌കോസിനില്‍ ഇന്ന് ഗവര്‍ണറെ തിരിച്ചുവിക്കാന്‍ വോട്ടെടുപ്പ്;ജെറി സാന്‍ഡസ്കിയുടെ വിചാരണ ഇന്നാരംഭിക്കും

Published on 05 June, 2012
വിസ്‌കോസിനില്‍ ഇന്ന് ഗവര്‍ണറെ തിരിച്ചുവിക്കാന്‍ വോട്ടെടുപ്പ്;ജെറി സാന്‍ഡസ്കിയുടെ വിചാരണ ഇന്നാരംഭിക്കും
വിസ്‌കോസിനില്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിസ്‌കോസിന്‍ സംസ്ഥാനത്ത് ഇന്ന് ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള വോട്ടെടുപ്പ് നടക്കും. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കര്‍ ആണ് തിരിച്ചുവിളിക്കല്‍ ഭീഷണി നേരിടുന്നത്. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള അധികാരം റദ്ദാക്കിയ നിയമനിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ ഒരു ലക്ഷം ഒപ്പു ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള വോട്ടെടുപ്പ് നടത്തുന്നത്. ഇവിടുത്തെ ഫലം പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താനിടയുള്ള സംസ്ഥാനമാണ് വിസ്‌കോസിന്‍. യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ തിരിച്ചുവിളിക്കല്‍ ഭീഷണി നേരിടുന്ന മൂന്നാമത്തെ ഗവര്‍ണറാണ് വാക്കര്‍. മില്‍വൗക്കി മേയര്‍ ടോം ബാരറ്റാണ് തിരിച്ചുവിളക്കല്‍ വോട്ടെടുപ്പില്‍ വാക്കറിനെതിരെ മത്സരിക്കുന്നത്.

ജെറി സാന്‍ഡസ്കിയുടെ വിചാരണ ഇന്നാരംഭിക്കും

വാഷിംഗ്ടണ്‍: പത്തോളം വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം പരിശീലകന്‍ ജെറി സാന്‍ഡസ്കി(68)യുടെ വിചാരണ ഇന്ന് ആരംഭിക്കും. അമ്പത്തി രണ്‌ടോളം കുറ്റങ്ങളാണ് കേസില്‍ പ്രോസിക്യൂഷന്‍ സാന്‍ഡസ്കിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ നീട്ടണമെന്ന സാന്‍ഡസ്കിയുടെ ഹര്‍ജി പെന്‍സില്‍വാനിയ കോടതിയും യുഎസ് സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം കുളിച്ചിരുന്നുവെന്ന് സമ്മതിച്ച സാന്‍ഡസ്കി അവരെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്നു. കോളജ് തലത്തില്‍ യുഎസിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ ടീമാണ് പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേത്. കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് സാന്‍ഡസ്കിയെ പോലീസ് അറസ്റ്റു ചെയ്തത്.

യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇന്ത്യയിലെത്തി. സൈനിക സഹകരണമുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി വിഷയങ്ങള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ പനേറ്റ ചര്‍ച്ച ചെയ്യും. ഇന്ന് പ്രധാനമന്ത്രി മന്ഡമോഹന്‍ സിംഗുമായും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനുമായും പനേറ്റ കൂടിക്കാഴ്ച നടത്തും. നാളെ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തുന്ന പനേറ്റ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് സംഘടിപ്പിച്ചിരിക്കുന്ന ഇന്ത്യാ-യുഎസ് പ്രതിരോധ സഹകരണത്തെത്തുറിച്ചുള്ള സെമിനാറില്‍ സംസാരിക്കും. കഴിഞ്ഞ വര്‍ഷം യുഎസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റെടുത്തശേഷം പനേറ്റയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

മഡോണയ്‌ക്കെതിരെ ഫ്രാന്‍സില്‍ കേസ് വന്നേക്കും

ന്യൂയോര്‍ക്ക്: പ്രശസ്ത യുഎസ് പോപ് ഗായിക മഡോണയ്‌ക്കെതിരെ(54) ഫ്രാന്‍സില്‍ കേസ് വന്നേക്കും. സംഗീതപരിപാടിക്കിടെ നാസി ചിഹ്‌നം സ്വസ്തിക് ഉപയോഗിച്ചതിന് നാഷനല്‍ ഫ്രണ്ട് പാര്‍ട്ടി ആണ് മഡോണയ്‌ക്കെതിരെ കേസിനൊരുങ്ങുന്നത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പുതിയ ആല്‍ബത്തിന്റെ പ്രചാരണത്തിനും ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിനായുള്ള ലോകപര്യടനത്തിനും തുടക്കം കുറിച്ചു വ്യാഴാഴ്ച നടത്തിയ സംഗീത പരിപാടിയാണ് വിവാദമായത്.

നാഷനല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മാരീന്‍ ലെ പെനിന്റെ നെറ്റിയില്‍ സ്വസ്തിക് ചിഹ്‌നം പതിപ്പിച്ച ചിത്രം പരിപാടിക്കിടെ സ്ക്രീനില്‍ ദൃശ്യമായത് ഫ്രാന്‍സിലെ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 14ന് ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ മഡോണ സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കുകയാണ്. ഇവിടത്തെ പരിപാടിയിലും സ്വസ്തിക് ചിഹ്‌നം ഉപയോഗിച്ചുള്ള പ്രദര്‍ശനം മഡോണ ആവര്‍ത്തിക്കുകയാണെങ്കില്‍ നിശ്ചയമായും കേസെടുക്കുമെന്ന് മാരീന്‍ ലെ പെനിനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക