Image

യാത്രികൻ (ഫൈസല്‍ മാറഞ്ചേരി)

Published on 24 August, 2020
യാത്രികൻ (ഫൈസല്‍ മാറഞ്ചേരി)
ഓർമ്മകൾ കുഴിച്ചു മൂടാൻ  തടമെടുത്തപ്പോഴാണ് ആരോ പറഞ്ഞത് അവിടെ ഒരു പ്രത്യാശയുടെ തൈ നട്ടുകൂടെ

കൂടെ കളിച്ചവർ പലരും കൂട്ടം തെറ്റി പോയപ്പോഴും ഒരു പുലരി വെട്ടം സ്വപ്നം കണ്ടാണ് ഓരോ രാത്രിയും കരിമ്പടം വാരി ചുറ്റി പകലിലേക്ക് കണ്ണു തുറക്കുന്നത്

വേനലിനെ വരവേൽക്കാൻ നിൽക്കുന്നവരാണ് മഴയെയും പ്രളയത്തിനെയും ഭയക്കുന്നത് വേനൽ വന്നാൽ ഒരു കുളിർ മഴക്കായി കൊതിക്കുന്നതും

തേങ്ങലും കൊഞ്ചലും ഒരുമിച്ചാണ് പിറന്നതെങ്കിലും അവർ രണ്ടു കുടിലിലാണ് വളർന്നത് എപ്പോഴെങ്കിലും കണ്ടു മുട്ടുന്നവർ നിമിഷാർധങ്ങളിലാണ് വിട പറയുന്നത്

പ്രണയമാണ് ലോകത്ത് ആദ്യം ജനിച്ചത് എന്നതിനെ കുറിച്ചായിരുന്നു ഇന്ന് ചാനൽ ചർച്ച എന്നാൽ കലഹത്തിന്റെയും ചതിയുടെയും കൂടെ പ്രണയം വഴി തെറ്റി വന്നതാണെന്ന് പറഞ്ഞു തല്ലി പിരിയുകയായിരുന്നു പതിവുപോലെ യോജിപ്പുകൾക്കിടയിലെ  വിയോജിപ്പുകാർ

*വിറയാർന്ന കരങ്ങളാൽ എഴുതിയതൊക്കെയും വരിമാഞ്ഞു കിടപ്പുണ്ട് വരമാഞ്ഞു പോയ ഹൃദയ കടലാസുകളിൽ*

നടന്നു തേഞ്ഞ കാതങ്ങൾ കടംകഥയായപ്പോഴും നടക്കാനുണ്ട് ഇനിയും മുള്ളു നിറഞ്ഞ കനൽ പഥങ്ങൾ 

ഭാരം താങ്ങിയ തലചുമടുകൾ ഇറക്കി വെക്കാൻ ഒരത്താണി തേടുമ്പോൾ എന്നേ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട് പഴയ കടങ്ങൾ എഴുതി തള്ളി ധനികരയായവർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക