Image

ആവണിപ്പുലരി (കവിത; ദീപ ബിബീഷ് നായർ)

Published on 19 August, 2020
ആവണിപ്പുലരി (കവിത; ദീപ ബിബീഷ് നായർ)
ആവണിപ്പുലരിയിലാനന്ദമേകുവാൻ
അരുണജ കിരണങ്ങൾ വന്നു ചെമ്മേ
അകലെയായുതിരുമൊരുകുയിലിൻ്റെ കൂജനം
അലയടിക്കുന്നിതാ അരികിലായി

അവനിയിലുണർന്നതാ കുസുമങ്ങളും
അനുരാഗലോലുപരായി ദളങ്ങൾ
ആലസ്യവതിയായുണർന്നൊരാമ്പൽ
ആടിയുലഞ്ഞതാ  ഓളങ്ങളിൽ

അരളിപ്പൂക്കളുണർന്നുവല്ലോ മെല്ലേ
അരിമുല്ലപ്പൂക്കൾ മിഴിതുറന്നു
അത്തമൊരുക്കാനായ് പൂത്തുമ്പയും
അതിരുകൾ തോറും നിറഞ്ഞുവല്ലോ

അംബുജവും നറു തെച്ചി മന്ദാരങ്ങൾ
അണിനിരന്നവിടെയാ വാടാമല്ലികൾ
ആ വഴിയിലഴകേറി കാക്കപ്പൂക്കളും
അഴകിലോ മുന്നിലായ് ശംഖുപുഷ്പം

അങ്കണ മുറ്റത്തൊരുങ്ങിയൂഞ്ഞാൽ
അമ്മയകത്തളത്താകെ തകൃതിയിൽ
ആനന്ദപ്പൂമഴ പെയ്യുന്നകതാരിൽ
ആകെയൊരുത്സവമെന്ന പോലെ.......

ദീപ ബിബീഷ് നായർ (അമ്മു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക