Image

പാസ്റ്റര്‍ അച്ചോയ് മാത്യുസ്: ആദ്യകാല മലയാളികള്‍ക്ക് പിത്രുതുല്യനായ വ്യക്തി

Published on 18 August, 2020
പാസ്റ്റര്‍ അച്ചോയ് മാത്യുസ്: ആദ്യകാല മലയാളികള്‍ക്ക് പിത്രുതുല്യനായ വ്യക്തി
ആദ്യ കാല മലയാളികള്‍ക്ക് പിത്രുതുല്യനായിരുന്നു അന്തരിച്ച പാസ്റ്റര്‍ അച്ചോയ് മാത്യുസ്- ചാക്കോ വെള്ളരിങ്ങാട് ഓര്‍ക്കുന്നു.

ലോംഗ് ഐലന്‍ഡ് ബൈബിള്‍ കോളജില്‍ ദൈവശാസ്ത്ര പഠനത്തിനു അദ്ദേഹം എത്തുമ്പോള്‍ സ്വീകരിച്ചത് പാസ്റ്റര്‍ എം.എസ്. സാമുവല്‍ ആയിരുന്നു-1961-ലെ കാര്യമാണ്.

1965-ഇല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണ്‍ ഒപ്പു വച്ച നിയമത്തിലൂടെയാണ് ഏഷ്യാക്കാരടക്കമുള്ളവര്‍ക്ക് പൗരത്വത്തിനു അനുമതി കിട്ടിയതെന്നോര്‍ക്കണം. അതിനു ശേഷമാണ് അമേരിക്കയിലേക്ക് ഇന്ത്യാക്കരുടെ ഒഴുക്ക് ആരംഭിക്കുന്നത്.

വൈകാതെ അദ്ദേഹം ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി രൂപീകരിക്കുകയും ന്യു യോര്‍ക്കില്‍ ആദ്യത്തെ മലയാളം ക്രൈസ്തവാരാധന നടത്തുകയും ചെയ്തു. എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ മാത്രമല്ല മറ്റു മതസ്ഥരും അതില്‍ പങ്കെടുത്തു എന്നത് ചരിത്രം.

ആദ്യ പ്രസിദ്ധീകരണം 'ചലനം' കയ്യെഴുത്തു മാസിക ആയിട്ടാണു തുടങ്ങുന്നത്.

വിവിധ ബിസിനസുകള്‍ സ്ഥാപിച്ച ചാക്കോ വെള്ളരിങ്ങാട് അനുസ്മരിക്കുന്നു: വളരെ വര്‍ഷങ്ങളുടെ, സുദീര്‍ഘമായ ഒരു കാലഘട്ടത്തിലെ സ്നേഹബന്ധമാണ് പാസ്റ്റര്‍ അച്ചോയിയും ഞാനും തമ്മിലുള്ളത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 1967-ല്‍ തുടങ്ങിയ ബന്ധം.

കോട്ടയത്തുവച്ച് 1967-ല്‍ അമേരിക്കയില്‍ നിന്നും അവധിക്കുവന്ന അച്ചോയിയെ കണ്ടുമുട്ടാനിടയായി. അന്നു ഞാന്‍ കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. കോട്ടയം പ്രസ്‌ക്ലബില്‍ എന്നോടൊപ്പം വരികയും, അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് തന്റെ ജീവിതാനുഭവങ്ങള്‍ പത്രപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അമേരിക്കന്‍ മലയാളികള്‍ വളരെ വിരളമായിരുന്ന ആ കാലയളവില്‍ അത് ഒരു സംഭവമായിരുന്നു.

എനിക്ക് അമേരിക്കയില്‍ പോകാനുള്ള അവസരം ഉണ്ടാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് അച്ചോയി മടങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്കകം സ്റ്റുഡന്റ് വിസയ്ക്കുള്ള പേപ്പറുകള്‍ അദ്ദേഹം അയച്ചു തന്നു. അച്ചോയിയുമായുള്ള ബന്ധത്തിലൂടെയാണ് എനിക്ക് ന്യൂയോര്‍ക്കിലെത്താന്‍ സാധിച്ചത്.

എന്നെപ്പോലെ തന്നെ ഒരു ഡസനിലേറെപ്പേര്‍ക്ക് അമേരിക്കയില്‍ വരാനുള്ള സൗകര്യം ഒരുക്കിയത് അച്ചോയിയാണ്. മലയാളി കുടിയേറ്റക്കാര്‍ക്ക് പിതൃതുല്യമായ ഒരു സ്ഥാനമാണ് അദ്ദേഹവുമായുണ്ടായിരുന്നത്.

ഞാനിവിടെ എത്തിയശേഷം ആദ്യകാലത്തെ താമസം അച്ചോയിയോടൊപ്പമായിരുന്നു. അന്നുതുടങ്ങിയ സ്നേഹബന്ധം ഇന്നുവരെ ഒരു പോറലുമില്ലാതെ കാത്തുസൂക്ഷിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അച്ചോയി അക്കാലത്ത് നേതൃത്വം നല്‍കിയ പല പ്രസ്ഥാനങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ആദ്യത്തെ മലയാളം പ്രസിദ്ധീകരണമായ 'ചലനം' അച്ചോയിയാണ് തുടങ്ങിയത്. ക്രിസ്തീയ കൂട്ടായ്മയോടൊപ്പം പില്‍ക്കാലത്ത് ആദ്യ കുടിയേറ്റക്കാര്‍ക്കുവേണ്ടി പയനിയര്‍ ക്ലബ് അച്ചോയിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. അതിനായി മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചു. ക്ലബിന്റെ ആദ്യ പ്രസിഡന്റായിരുന്നു. ആദ്യകാല കുടിയേറ്റക്കാര്‍ക്കുവേണ്ടി അദ്ദേഹം ചെയ്ത നന്മകളെ നന്ദിയോടെ ഓര്‍ക്കുന്നു. എന്തെല്ലാം പ്രയാസങ്ങള്‍ ഉണ്ടായാലും അതെല്ലാം ഒരു പുഞ്ചിരിയോടെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്-ചാക്കോ വെള്ളരിങ്ങാട് പയനിയര്‍ ക്ലബിന്റെ ഇപ്പോഴത്തെ സെക്രട്ടറി തോമസ് ടി. ഉമ്മനുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ചാണ് അച്ചോയ് മാത്യൂസ് അമേരിക്കയിലേക്കു പോരുന്നത്. ഇവിടെ വന്ന ശേഷം ആദ്ധ്യാത്മിക ജീവിതത്തിലേക്ക് കൂടുതലായി തിരിഞ്ഞു. 'സാള്‍ട്ട് കവനന്റ്' എന്ന പേരില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ലോകമെമ്പാടും സാമൂഹ്യ സേവനം നടത്തുന്ന സഭയുടെ പ്രവര്‍ത്തകനായി അദ്ദേഹം അനേക കാര്യങ്ങള്‍ ചെയ്യുകയുണ്ടായി. അനാഥ കുഞ്ഞുങ്ങളെ പരിപാലിച്ച് വളര്‍ത്തി ജീവിതമാര്‍ഗ്ഗം കണ്ടെത്തി വിടുന്ന രണ്ട് ആതുരാലയങ്ങള്‍ അദ്ദേഹം സ്വന്തം ചെലവില്‍ തന്നെ കേരളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് ജന്മനാടായ വടവാതൂരും, മറ്റൊന്ന് നിലമ്പൂരിലും.

അച്ചോയി മാത്യൂസിന്റെ ത്യാഗോജ്വലമായ സേവനങ്ങള്‍ സാള്‍ട്ട് കവനന്റ് ദൈവസഭയുടെ ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായി.

ഒരു കാലഘട്ടത്തിന്റെ പ്രതിനിധി ആണു വേര്‍പിരിഞ്ഞതെന്നു പയനീയര്‍ ക്ലബിന്റെയും ഐ.ഒ.സിയുടെയും നേതാവ് ജോര്‍ജ് ഏബ്രഹാം അനുസ്മരിച്ചു.

അക്കാമ്മ മാത്യുസ് ആണ് ഭാര്യ.
ജമൈക്കന്‍ വംശജയായ് ആദ്യ ഭാര്യ ടീന കാന്‍സറിനേത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. ഒരു മകനും രണ്ടു പുത്രിമാരും കൊച്ചുമക്കളുമുണ്ട്.
പാസ്റ്റര്‍ അച്ചോയ് മാത്യുസ്: ആദ്യകാല മലയാളികള്‍ക്ക് പിത്രുതുല്യനായ വ്യക്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക