മരതകപ്പച്ചപ്പ് കോട്ടുകള്‍ തുന്നിയ മാമലനാടാണെന് ദേശം
അവിടെ മലയാളമാണെനിക്കമ്മ
എന്റെ മനതാരിലുണരുന്ന നന്മ
ഭാരതദേശത്തിന് ദക്ഷിണ ദിക്കിലായ്
മഴുവിനാല്‍ പരശുരാമന് തീര്‍ത്തൊരാ
ഹരിതകമ്പളം മൂടും സുന്ദരിയാമൊരു
കേരള ദേശത്തിന് ഭാഷ
സഹ്യപര്വ്വതക്കോട്ടകളൊരു ഭാഗവും
സാഗരകന്യക മറുഭാഗവും
ആലിംഗനത്തിലാറാടുമാ ദേശത്തിന്
അതിരുകളില്ലാത്ത ഭാഷ
ദ്രാവിഡ സംസ്കാര പൈതൃകച്ചെപ്പിലെ
മുത്തായി മാറിയ ഭാഷ
അമ്പത്തൊന്നക്ഷരക്കൂട്ടുകള് ചേര്‍ന്നൊരാ
സുന്ദര സുദൃഢമാം ഭാഷ
തുഞ്ചത്തെഴുത്തച്ഛന്‍ ജന്മം കൊടുത്തൊരാ
മലയാളമെന്നൊരാ ഭാഷ
എന്റെ മലയാളമാണെനിക്കമ്മ
എന്റെ മനതാരിലുണരുന്ന നന്മ !