Image

തിരുവനന്തപുരത്ത് ഭക്ഷണ വിതരണക്കാരന് കോവിഡ്

Published on 04 July, 2020
തിരുവനന്തപുരത്ത് ഭക്ഷണ വിതരണക്കാരന് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. കഴിഞ്ഞ ദിവസം 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. 

എറണാകുളം ജില്ലയിലെ അഞ്ചു പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ നാലു പേര്‍ക്കും തൃശൂര്‍ ജില്ലയിലെ  മൂന്നു  പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളിലെ രണ്ടു പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ കുന്നത്തുകാല്‍, എരവൂര്‍ സ്വദേശിയായ 37 കാരനും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാളയം പരിസരത്ത് ഇയാള്‍ ഭക്ഷണവിതരണം നടത്തിയിരുന്നു. പാളയം മത്സ്യ മാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. ഇതിന് പുറമേ പൂന്തുറ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന രണ്ട് പേര്‍ക്കും കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനുമാണ് ഇന്ന് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. 

ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. 240 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 2129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ രോഗമുക്തരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക