കാലടി : രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതില്‍ ലോകത്ത് ഒന്നാം
സ്ഥാനക്കാരനായ സ്റാലിന്റെ സിദ്ധാന്തങ്ങളും മാതൃകയുമാണ് കേരളത്തില്‍
എക്കാലത്തും സിപിഎം പിന്തുടരുന്നതെന്ന് വി.ടി ബല്‍റാം എംഎല്‍എ പറഞ്ഞു.
ശ്രീമൂലനഗരത്ത് നടന്ന കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്താണ് തങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം മനസിലാക്കണം. തങ്ങളുടെ പ്രവര്‍ത്തനം
സംബന്ധിച്ച് സിപിഎം ആലോചന നടത്തണം. ടി.പി ചന്ദ്രശേഖരനെ എന്തിന് ക്വട്ടേഷന്‍
സംഘത്തെ ഉപയോഗിച്ച് കൊന്നുവെന്ന് ഒരോ സിപിഎം അനുഭാവിയും നേതൃത്വത്തോട്
ചോദിക്കണമെന്നും ക്വട്ടേഷന്‍ സംഘത്തിനുവേണ്ടി തീപ്പന്തമാകാനുള്ള പാര്‍ട്ടി
സെക്രട്ടറിയുടെ ആഹ്വാനം തള്ളികളയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി അംഗം പി.എന്‍ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ അന്‍വര്‍
സാദത്ത് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഹംസ, മുന്‍ എംഎല്‍എ പി.ജെ
ജോയി, എം.ഒ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.എസ് ബിനീഷ്,
അഡ്വ.പി.ബി സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. പോളിടെക്നിക്ക് ഡിപ്ളോമ
പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പി.എസ് അഖിലിനെ ചടങ്ങില്‍
അനുമോദിച്ചു.