Image

ടി.പി.വധം: അശോകന്റെ ആരോപണത്തിനെതിരെ വ്യവസായിയുടെ ബന്ധു രംഗത്ത്

Published on 29 May, 2012
ടി.പി.വധം: അശോകന്റെ ആരോപണത്തിനെതിരെ വ്യവസായിയുടെ ബന്ധു രംഗത്ത്
തലശേരി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ വ്യവസായിയും അഴിയൂര്‍ സ്വദേശിയുമായ പി.വി. സുകുമാരന്റെ പേരില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സുകുമാരന്റെ സഹോദരിപുത്രന്‍ ടി.പി. പ്രദീപ്കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ സുകുമാരനാണെന്ന തരത്തില്‍ അറസ്റിലായ സിപിഎം നേതാക്കള്‍ ജാമ്യഹര്‍ജിയില്‍ സൂചിപ്പിച്ചിതിനെ തുടര്‍ന്നാണു പ്രദീപ്കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. അഴിയൂര്‍ ചോമ്പാല തൊണ്ടിവയലില്‍ താനും അമ്മാവനും ചേര്‍ന്നാണ് മുക്കാളി ഐസ് പ്ളാന്റ് ആന്‍ഡ് കോള്‍ഡ് സ്റ്റോറേജ് എന്ന പേരില്‍ ഐസ്പ്ളാന്റ് സ്ഥാപിക്കാന്‍ മുന്നോട്ട് വന്നത്. പ്ളാന്റിനെതിരെ നടന്ന സമരങ്ങളിലൊന്നും ടി.പി. ചന്ദ്രശേഖരന്‍ പങ്കെടുത്തിട്ടില്ല. 2007 ലാണ് ഐസ് പ്ളാന്റ് സ്ഥാപിക്കാനുള്ള നീക്കമാരംഭിച്ചത്. പഞ്ചായത്തില്‍ അപേക്ഷ കൊടുത്തപ്പോള്‍തന്നെ തങ്ങളുടെ ബന്ധുവായ വാസു എന്നയാളാണ് പ്ളാന്റ് സ്ഥാപിക്കുന്ന സ്ഥലം വയലാണെന്നും അനുമതി നല്‍കരുതെന്നുമാവശ്യപ്പെട്ട് ആദ്യമായി രംഗത്തു വന്നത്. തുടര്‍ന്ന് സമരവും പല തലങ്ങളിലായി കേസുകളും നടന്നു. ഒടുവില്‍ 2009 ല്‍ പ്ളാന്റ് സ്ഥാപിക്കുന്നതിന് ആര്‍ഡിഒ അനുമതി നല്‍കി. വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവിലാണ് ആര്‍എംപിയിലെ ചിലര്‍ രംഗത്തു വന്നത്. അനുമതി ലഭിച്ച ശേഷവും സമരം തുടരുകയായിരുന്നു. ഇതേ തുടര്‍ന്നു നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പണി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അമ്മാവന്‍ പങ്കാളിയാണെങ്കിലും പ്ളാന്റ് തന്റെ പേരിലാണുള്ളത്. മുംബൈയില്‍ ഗുളിക പായ്ക്ക് ചെയ്യുന്നതിനുള്ള കവറുകള്‍ക്കായുള്ള യന്ത്രം നിര്‍മിക്കുന്ന കമ്പനിയാണ് അമ്മാവന്റേത്. അവിടെ തന്നെ നല്ല തിരക്കുള്ള അമ്മാവന്‍ കോണ്‍ഗ്രസ് അനുഭാവിയായതിനാലും കേസ് വഴിതിരിച്ചു വിടുന്നതിനുമാണ് അമ്മാവന്റെ പേര് വലിച്ചിഴച്ചിട്ടുള്ളതെന്നും അഴിയൂരില്‍ തങ്ങള്‍ സ്ഥാപിക്കുന്നത് മിനറല്‍ വാട്ടര്‍ പ്ളാന്റാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക