Image

പ്രചാരണ കൊടുമുടിയില്‍ നെയ്യാറ്റിന്‍കര

Published on 28 May, 2012
പ്രചാരണ കൊടുമുടിയില്‍ നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍കര: പൊരിവെയിലിനെ വകവയ്ക്കാതെ വിവിധ സ്ക്വാഡുകള്‍. വോട്ടര്‍മാരുടെ മുന്നില്‍ തൊഴുകൈകളോടെ സ്ഥാനാര്‍ഥികള്‍. നേതാക്കളുടെ കവലപ്രസംഗങ്ങള്‍. യോഗങ്ങള്‍ക്ക് കൊഴുപ്പു കൂട്ടാന്‍ റാലികള്‍. റോഡ് ഷോകള്‍. അക്ഷരാര്‍ഥത്തില്‍ നെയ്യാറ്റിന്‍കര പ്രചാരണ കൊടുമുടിയിലെത്തിക്കഴിഞ്ഞു. നെയ്യാറ്റിന്‍കര നഗരസഭയും അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളും ചേര്‍ന്ന നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ചരിത്രം സൃഷ്ടിക്കാനുള്ള വിയര്‍പ്പൊഴുക്കുകയാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും. ശക്തമായ പ്രചാരണം തുടരവെ, ഇടയ്ക്ക് ഇരുമുന്നണികള്‍ക്കും മേല്‍ക്കോയ്മ മാറിമാറി നേടാനായി. പക്ഷെ, എതിര്‍ചേരിയെ അതിജീവിക്കാനുള്ള സാഹചര്യങ്ങള്‍ ലഭിച്ചതിന്റെ ആനൂകൂല്യം കൂടുതല്‍ യുഡിഎഫിനാണെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. ടി.പി ചന്ദ്രശേഖരന്‍ വധവും കേസില്‍ പ്രതികളായ സിപിഎമ്മുകാരുടെ അറസ്റും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദപ്രസംഗവുമെല്ലാം യുഡിഎഫിന് പ്രചാരണം എളുപ്പമാക്കുന്നു. എന്നാല്‍, ചിട്ടയോടെ പ്രചാരണ രംഗത്തുള്ള എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇതൊന്നും പരിഗണിക്കില്ലെന്ന കാഴ്ചപ്പാടാണ് പ്രത്യക്ഷത്തില്‍. ശെല്‍വരാജ് രാജി വച്ചതിന്റെ അടുത്ത ദിവസങ്ങളിലേ സിപിഎം ഉപതെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ശെല്‍വരാജ് രാജി വച്ചതിനെതിരെയുള്ള വികാരം വ്യാപകമായി പ്രചരിപ്പിക്കാന്‍ കാര്‍ട്ടൂണുകള്‍, പോസ്ററുകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും അവര്‍ അന്നേ സ്വീകരിച്ചു. ബിജെപി യെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ഥിയായി ഒ. രാജഗോപാലിന്റെ സാന്നിധ്യം പാര്‍ട്ടി ക്യാമ്പിലും പ്രവര്‍ത്തകരിലും ആവേശമുയര്‍ത്തി. മുമ്പെങ്ങും കാണാത്ത വിധം കൂടുതല്‍ ശക്തമായിട്ടാണ് അവരുടെ പ്രചാരണം മുന്നോട്ടു പോകുന്നത്. അഞ്ചാം മന്ത്രി, വിലക്കയറ്റം, ധാര്‍മിക രാഷ്ട്രീയം എന്നിവയ്ക്കൊപ്പം പ്രാദേശിക വിഷയങ്ങളും ബിജെപി പ്രചാരണത്തില്‍ പരിഗണിക്കുന്നു. അതേ സമയം, നെയ്യാറ്റിന്‍കര നഗരസഭയിലും ചില പഞ്ചായത്തു പ്രദേശങ്ങളിലും ഒഴികെ തെരഞ്ഞെടുപ്പ് ചൂട് അനുഭവപ്പെടാത്ത സ്ഥലങ്ങളും നിയോജകമണ്ഡലത്തിലുണ്ട്. തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും തെരഞ്ഞെടുപ്പ് കാഴ്ചകള്‍ക്ക് അത്ര വീറും വാശിയുമൊന്നുമില്ല. പ്രധാന കവലകളില്‍ എല്ലാ പാര്‍ട്ടികളുടെയും കൊടികള്‍. അങ്ങിങ്ങ് കുറെ പോസ്ററുകള്‍, ഫ്ളക്സുകള്‍ അത്രമാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക