കുടുംബസദസ്സുകളുടെ ഇഷ്ടം കവര്‍ന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ബാലേട്ടന്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും ദേവയാനിയുടെയും മക്കളായി എത്തിയ കുട്ടിക്കുറുമ്പികളെയും മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സഹോദരിമാരായ ഗോപികയും കീര്‍ത്തനയുമായിരുന്നു ചിത്രത്തില്‍ ബാലേട്ടന്റെ മക്കളായി എത്തിയത്.
ഗോപിക ഇന്നൊരു ആയുര്‍വേദ ഡോക്ടറാണ്. കീര്‍ത്തന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഗോപികയും കീര്‍ത്തനയും.
പഠനം പൂര്‍ത്തിയാക്കി ഗോപികയും കീര്‍ത്തനയും കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. കബനി എന്ന സീരിയലില്‍ ഇരുവരുമുണ്ട്. കബനി, പദ്മിനി എന്നീ കഥാപാത്രങ്ങളെയാണ് ഗോപികയും കീര്‍ത്തനയും അവതരിപ്പിക്കുന്നത്. മുന്‍പ് അമ്മത്തൊട്ടില്‍ എന്ന സീരിയലില്‍ ഗോപികയും മാംഗല്യം എന്ന സീരിയലില്‍ കീര്‍ത്തനയും അഭിനയിച്ചിരുന്നു.
ബിജു മേനോന്റെ ശിവം എന്ന ചിത്രത്തിലായിരുന്നു ഗോപിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ ബിജു മേനോന്റെ മകളുടെ വേഷമായിരുന്നു ഗോപികയ്ക്ക്. കീര്‍ത്തനയുടെ ആദ്യചിത്രം സീതാകല്യാണം ആണ്. പാഠം ഒന്ന് ഒരു വിലാപം, സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങളിലും കീര്‍ത്തന അഭിനയിച്ചു. അതിനു ശേഷമാണ് ഗോപികയും കീര്‍ത്തനയും ഒന്നിച്ച് ബാലേട്ടനില്‍ അഭിനയിക്കുന്നത്.