-->

kazhchapadu

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ 84: ജയൻ വർഗീസ്)

Published

on

താരതമ്യേന വലിപ്പം കുറഞ്ഞ ഒരു വീടായിരുന്നു ഞങ്ങളുടേത്. രണ്ടു ബെഡ് റൂമുകൾ ഉൾക്കൊള്ളുന്ന മുകൾ ഭാഗവും, മുഴുവൻ വലിപ്പത്തിലുള്ള ബേസ്‌മെന്റും എന്ന രീതിയിലായിരുന്നു നിർമ്മാണം. സിൽവസ്‌ട്രി അമ്മാമ്മയുടെ ബിൽഡറായായ സഹോദരൻ സഹോദരിക്ക് വേണ്ടി നിർമ്മിച്ച ഈ വീട് ഏറ്റവും നല്ല നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചും, അസാമാന്യമായ കെട്ടുറപ്പോടെയുമാണ് നിർമ്മിച്ചിരുന്നത്.

സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ഞാൻ ജോലി ചെയ്യുന്പോൾ അവിടെ നിന്ന് കിട്ടിയ ഐഡിയാകളും, സങ്കീർണ്ണങ്ങളായ മെഷീനുകളുടെ ലഭ്യതയും ഉപയോഗപ്പെടുത്തി വീട് മുഴുവനുമായി ഒന്ന് പുതുക്കിപ്പണിയുവാൻ   എനിക്ക് കഴിഞ്ഞിരുന്നു. എല്ലാ മുറികളിലും ടി.വി. യും, കേബിൾ കണക്‌ഷനും ഒക്കെയായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് എന്ന നിലയിൽ വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ അവിടെ താമസിച്ചിരുന്നത്.

ചിലയാളുകൾ, പ്രത്യേകിച്ചും ബന്ധുക്കൾ ഞങ്ങളോട് സംസാരിക്കുന്പോൾ ' ചെറിയ വീട് ' എന്ന പദം ധാരാളമായി ഉപയോഗിക്കുന്നതായി ഞങ്ങൾ മനസിലാക്കി. ഇത് കേൾക്കുന്പോൾ പ്രത്യേകിച്ച് ഒന്നും എനിക്ക് തോന്നിയില്ലെങ്കിലും ' നമുക്കും ഒരു വലിയ വീട് വാങ്ങണം ' എന്ന ആവശ്യം ഭാര്യയിൽ നിന്നും നിരന്തരം ഉയരാൻ തുടങ്ങി.

ഇതിനകം അഞ്ചു ലക്ഷത്തോളം ഡോളർ ഞങ്ങൾക്ക് ബാങ്ക് ബാലൻസ് ഉണ്ടായിരുന്നത് കൊണ്ടും, മമ്മിയുടെ ആഗ്രഹം തികച്ചും ന്യായമാണെന്ന് മകൻ എഗ്രി ചെയ്തത് കൊണ്ടും, ഞങ്ങൾ ഒരു വീട് കൂടി വാങ്ങുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. ( മകന് വേണ്ടിയുള്ള വിവാഹ ആലോചനകൾ നടക്കുന്ന കാലത്ത് വലിയ ആർച്ചുകൾ ഒക്കെയുള്ള ഒരു വലിയ വീട്ടിലേക്ക് ചിത്രപ്പണികളുള്ള ഡബിൾ ഡോർ തള്ളിത്തുറന്ന് ഞങ്ങൾ കയറിപ്പോകുന്നതായി ഞാൻ ഒരു സ്വപനം കാണുകയുണ്ടായിട്ടുണ്ട് എന്ന് കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. )

ധാരാളം വീടുകൾ ഞങ്ങൾ പോയിക്കണ്ടു. ഓരോരോ കാരണങ്ങളാൽ ഒക്കെ ഒഴിവായിപ്പോയി. ഞങ്ങൾ മറ്റൊരു വീട് കൂടി അന്വേഷിക്കുന്നതറിഞ്ഞപ്പോൾ ധാരാളം ' അഭ്യുദയാകാംഷികളായ ' മലയാളികൾ അവരുടെ വിലപ്പെട്ട ഉപദേശവുമായി ഞങ്ങളെ സമീപിച്ചു. വലിയ വീടൊക്കെ വാങ്ങിച്ച് അവസാനം വീട് ബാങ്കുകാർ കൊണ്ടുപോകാൻ ഇടയാവരുത് എന്നായിരുന്നു പ്രധാന ഉപദേശം.

എനിക്ക് യാതൊരു മുൻ പരിചയവുമില്ലാത്ത ഒരു മലയാളി സഹോദരൻ  തികഞ്ഞ ഈർഷ്യയോടെ ' വലിയ വീടൊക്കെ വാങ്ങിച്ച് അവസാനം കുത്തു പാളയെടുത്ത ധാരാളം അച്ചായന്മാരെ എനിക്ക് അറിയാം ' എന്ന് വരെ പറഞ്ഞു കളഞ്ഞു. കൂട്ടത്തിലുള്ള ഒന്നിനെയും പുറത്തു കടന്നു രക്ഷപെടാൻ അനുവദിക്കാത്ത നമ്മുടെ ' ഞണ്ടൻ  സംസ്‌ക്കാര ' സംപ്രദായത്തിന്റെ ബഹിർ സ്‌പുരണമായി കണ്ടു കൊണ്ട് അത്തരം സാരോപദേശങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു.

റിച്ച്മണ്ട് റോഡിലുള്ള ഒരു വീട് എല്ലാം പറഞ്ഞുറപ്പിച്ച് വച്ചതായിരുന്നു. കുട്ടികളെല്ലാം ജോലിയും, പഠനവുമായി വീട് വിട്ടതിനാൽ ഈ വലിയ വീട് വിറ്റ് ഒരു ചെറുത് വാങ്ങാനായിരുന്നു അവരുടെ പ്ലാൻ. അതിനായിട്ടുള്ള ഒരു ചെറിയ വീട് സൗത്ത് ബീച്ചിൽ അവരും പറഞ്ഞുറപ്പിച്ചു വച്ചിരുന്നു. അപ്പോളാണ്  അമേരിക്കയിൽ - പ്രത്യേകിച്ചും സ്റ്റാറ്റൻ ഐലൻഡിൽ - വൻ  നാശം വിതച്ച നമ്മുടെ ' ഹറിക്കയിൻ സാൻഡി ' യുടെ വരവും, അവർ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വീട് സാൻഡി ചുഴറ്റിയെടുത്ത് കടലിലെറിഞ്ഞു  കളഞ്ഞതും. പുതിയ സാഹചര്യത്തിൽ അവരുടെയും, ഞങ്ങളുടെയും പ്ലാനുകൾ മാറ്റിയെടുക്കേണ്ടി വന്നതിനാൽ ആ വീടും ഒഴിവായിപ്പോയി.

സ്വാഭാവികമായും അൽപ്പം നിരാശയൊക്കെ തോന്നി. പിന്നീടറിഞ്ഞ കാര്യങ്ങൾ വച്ച് നോക്കുന്പോൾ ആ വീട് കിട്ടാതിരുന്നത് നന്നായി എന്ന് തോന്നി. ഹരിക്കയിൻ വാട്ടർ ഷെഡ് ഏരിയായിൽ ഉൾപ്പെട്ടു കിടന്ന ആ പ്രദേശത്തും വെള്ളം കയറിയെന്നും , നിശ്ചിത വീടിന്റെ  ബേസ്‌മെന്റ്  മുക്കാൽ ഭാഗവും മുങ്ങിപ്പോയി എന്നുമാണ് അറിയാൻ കഴിഞ്ഞത്.

അങ്ങിനെയിരിക്കുന്പോൾ ഞങ്ങളുടെ ഏരിയായിൽ നിന്നുള്ള ഒരു വീട് മാർക്കറ്റിൽ വന്നു. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന് മുൻപ് കംപ്യുട്ടറിൽ നിന്നുമാണ് വിവരം മനസിലാക്കുന്നത്. നൂറടി ഫ്രണ്ടേജ് ഉള്ള ഒരു പ്രോപ്പർട്ടിയിൽ അത്രയും തന്നെ നീളത്തിലുള്ള ഒരുവീട്. ബാക് യാർഡിൽ നല്ല വലിപ്പത്തിലുള്ള ഒരു പൂളുമൊക്കെയായി അത്രയും വലിപ്പമുള്ള ഒരു വീട് ' മാനർ ഹൈറ്റ്സ് ' എന്ന ഞങ്ങളുടെ ഏരിയായിൽ അധികം ഇല്ലാത്തതിനാലും, ചോദിക്കുന്ന വില അത്രക്ക് കൂടുതലല്ല എന്ന് തോന്നിയതിനാലും എട്ടു ലക്ഷത്തി മുപ്പത്തയ്യായിരം ഡോളറിന്  ഞങ്ങൾ അത് കച്ചവടമാക്കി.

എൽദോസിന്റെയും, ആൻസിയുടെയും പേരിൽ കോൺട്രാക്ട് ഒപ്പിട്ടു കഴിഞ്ഞപ്പോൾ ആണ് ഈ വീട് മറ്റു ചിലരും കണ്ണ് വച്ചിരുന്നതാണെന്ന് മനസിലാവുന്നത്. കോൺട്രാക്ടിൽ നിന്നും പിൻവാങ്ങുകയാണെങ്കിൽ അന്പത്തിനായിരത്തിന് മുകളിലുള്ള ഓഫറുമായി ഒരു വെള്ളക്കാരിയായ യുവതി ഞങ്ങളെ സമീപിച്ചുവെങ്കിലും, നല്ല വാക്കുകൾ പറഞ്ഞ് അവരെ ഒഴിവാക്കി.

മൂന്നര ലക്ഷം ഡോളർ ഡൌൺ പേയ്‌മെന്റും, അഞ്ചു ലക്ഷത്തോളം ഡോളർ ബാങ്ക് വായ്പയുമായിട്ടാണ് ഞങ്ങൾ വീട് സ്വന്തമാക്കിയത്. ഞങ്ങളുടെ ആദ്യ വീട് അതിലുണ്ടായിരുന്ന എല്ലാ ഗ്രഹോപകരണങ്ങളോടും കൂടി മലയാളികൾക്ക് തന്നെ വാടകക്ക് കൊടുത്തിട്ടാണ് പുതിയ വീട്ടിലേക്ക്‌ ഞങ്ങൾ താമസം മാറിയത്. പുതിയ വീട്ടിലേക്കുള്ള മുഴുവൻ സാധനങ്ങളും പുതുതായി വാങ്ങുകയായിരുന്നു ഞങ്ങൾ.

അഞ്ചു ബെഡ് റൂമുകളും, നാല് ബാത്ത് റൂമുകളും, ഉള്ള ഒരു വീടായിരുന്നു ഞങ്ങൾക്ക് കിട്ടിയത്. ( ദൈവം ഞങ്ങൾക്ക്  വാങ്ങിത്തന്നത് എന്നാണ് ഞാൻ കരുതുന്നത്. ) മിക്ക ബെഡ് റൂമുകളും വാക്കിങ് ക്ളോസെറ്റുകളോട് കൂടിയതും, നല്ല വലിപ്പത്തിൽ ഡിസൈൻ ചെയ്തിട്ടുള്ളതുമായിരുന്നു.  മോഡേൺ ഡിസൈനിൽ പണിതിട്ടുള്ള ബാത്ത്  റൂമുകളിൽ ചിലത്തിൽ ജക്കൂസി ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഉൾക്കൊണ്ടിരുന്നു.

വുഡൻ, ഗ്രാനൈറ്റ്, ടൈൽസ്, ലാമിനേറ്റഡ് പ്ലാങ്ക്സ് , കാർപ്പറ്റ് ഫ്ലോറുകളും, ഡെക്കറേറ്റഡ് ലൈറ്റുകളും, ലാൻഡ് സ്‌കേപ് ചെയ്ത ഫ്രണ്ട് യാർഡും, ഭേദപ്പെട്ട വലിപ്പത്തിലുള്ള സ്വിമ്മിങ് പൂളും, ഷേഡിഡ് ഫെൻസ് കൊണ്ട് വേർ തിരിക്കപ്പെട്ട ആവശ്യത്തിന് കൃഷി സ്ഥലവും ഉൾക്കൊള്ളുന്ന ബാക് യാർഡും ഒക്കെക്കൂടി ഞങ്ങൾ  അർഹിക്കുന്നതിനേക്കാളും, ആഗ്രഹിച്ചതിനെക്കാളും വലുതും, വിലപ്പെട്ടതുമായ ഒരു വീടായിരുന്നു ഞങ്ങൾക്ക് കിട്ടിയത്.

ഒരു വടക്കേ ഇന്ത്യൻ ഫാമിലിയുടെ അകത്തെ അന്ത ഛിദ്രങ്ങൾ ആണ് ഈ വീട് വിറ്റു മാറാൻ അവരെ പ്രേരിപ്പിച്ചതെന്ന് പിന്നീടറിഞ്ഞു. കുടുംബത്തിലെ ഏക മകൻ വിവാഹിതനായതോടെ കുടുംബം രണ്ടു ചേരിയായി തിരിഞ്ഞ്  യുദ്ധം ആരംഭിക്കുകയും, യുദ്ധത്തിന്റെ അവസാനം വീട് വിറ്റ്‌ ഭാഗം വച്ച് പിരിയുകയും ആയിരുന്നുവത്രെ ?

മൂന്നു നിലകളിലായി ഉണ്ടായിരുന്ന ഈ വീട്ടിൽ എന്റെ മെയിന്റനൻസ് എക്സ്പീരിയൻസിന് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞാൻ മനസിലാക്കി. ഒരു വർഷത്തോളം നീണ്ടു നിന്ന  റെനോവേഷൻ വർക്കുകളിലൂടെ എന്റെ ഐഡിയാകളും, എക്‌സ്‌പീരിയൻസും സമർത്ഥമായി പ്രയോഗിച്ചു കൊണ്ട് വീട് മനോഹരമാക്കിയെടുത്തു. മുപ്പതിനായിരം ഡോളറിന്റെ മെറ്റീരിയൽസ് വാങ്ങേണ്ടി വന്നു. വെളിയിൽ നിന്ന് ആരെയും വിളിക്കാതെ ഞാൻ തന്നെ ചെയ്തെടുത്ത ഇത്രയും വർക്കുകൾ ഒരു കോൺട്രാക്ടർ ചെയ്യുകയായിരുന്നെങ്കിൽ അതിന് ഒരു ലക്ഷത്തിലേറെ ഡോളർ ചെലവ് വരുമായിരുന്നു എന്നാണ് അറിയാവുന്നവർ പറയുന്നത്.

അനീഷ് മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപ്  മറ്റൊരു  വലിയ അത്യാഹിതം കൂടി ഞങ്ങളുടെ കുടുംബത്തിൽ നടന്നു. ബേബിയുടെ ഭാര്യ കുഞ്ഞമ്മ ഒരു മോട്ടോർ അപകടത്തിൽ പെട്ട് അതിദാരുണമായി മരണമടഞ്ഞു.

പൈങ്ങോട്ടൂരിൽ റോയി ആരംഭിച്ച ' ഫാഷ്യൻ വേൾഡ് ' എന്ന വസ്ത്ര വ്യാപാര സ്ഥാപനം ബേബിയുടെ കുടുംബമാണ് ഏറ്റെടുത്തു നടത്തിക്കൊണ്ടിരുന്നത്. ബേബി പോസ്റ്റ്മാസ്റ്റർ ആയിരുന്നത് കൊണ്ട് ഒരു സഹായിയോടൊത്ത് കുഞ്ഞമ്മയാണ് ബിസിനസ് നടത്തിക്കൊണ്ടിരുന്നത്. സംഭവ ദിവസം കട പൂട്ടി തയാറായി നിന്ന കുഞ്ഞമ്മയെ പിക്ക് ചെയ്‌യാനായി ബേബി സ്‌കൂട്ടറുമായി എത്തുകയും, സ്‌കൂട്ടറിന്റെ പിന്നിൽ കയറാനൊരുങ്ങിയ കുഞ്ഞമ്മയെ ട്രാഫിക് ചെക്കിങ്ങ് ഭയന്നോടിയ ഒരു ടീനേജറുടെ മോട്ടോർ സൈക്കിൾ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് പാഞ്ഞു പോവുകയുമായിരുന്നു. ഒരു കാൽ ഒടിഞ്ഞു തൂങ്ങി, തലയിടിച്ചു വീണ അവൾക്ക് അപ്പോൾത്തന്നെ ബോധം നഷ്ടപ്പെട്ടിരുന്നു.  രണ്ടാം ദിവസം ആശുപത്രിയിൽ വച്ച് ദാരുണമായ മരണത്തിന് അവൾ കീഴടങ്ങി.

കുഞ്ഞമ്മയുടെ വേർപാട്  ഞങ്ങളുടെ കുടുംബത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ ഒരു വലിയ വിടവ് സൃഷ്ടിച്ചു. അനീഷിന്റെ മരണത്തോടെ നിശബ്ദരായിത്തീർന്ന ജോർജും, മേരിയും അവരുടെ മൗന വേദനകളുമായി വീട്ടിൽ തന്നെ കൂടി. അവശരും, വൃദ്ധരുമായ അപ്പനമ്മമാർക്ക്‌ ആശ്രയവും, ആശ്വാസവുമായി കുഞ്ഞമ്മയാണ് ഉണ്ടായിരുന്നത്. മാത്രമല്ലാ ഞങ്ങൾ പണിയിപ്പിച്ച നാട്ടിലെ വീട്ടിലാണ് അപ്പനമ്മമാരോടൊപ്പം അവർ താമസിച്ചിരുന്നത് എന്നതിനാൽ വീട് പണിയുടെ ആരംഭം മുതൽ മരിക്കുന്നത് വരെയുള്ള എല്ലാക്കാര്യങ്ങളും നോക്കി നടത്തിയിരുന്നതും കുഞ്ഞമ്മയായിരുന്നു.

വീട്ടുകാരോടും, നാട്ടുകാരോടും നന്നായി ഇടപെടാൻ അറിയാമായിരുന്ന കുഞ്ഞമ്മയുടെ മരണം ഞങ്ങളുടെ വീട്ടിലുയർത്തിയ കൂട്ടാക്കരച്ചിൽ അത് കൊണ്ട്  തന്നെ നാട്ടുകാരുടെയും കൂട്ടക്കരച്ചിൽ ആയി മാറി. ശവമടക്ക് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് ഞങ്ങൾക്ക് എത്തിച്ചേരാൻ കഴിഞ്ഞത്. നിയക്കുട്ടിയുടെ  മാമ്മോദീസാ കോതമംഗലം ചെറിയ പള്ളിയിൽ വച്ച് നടത്തുന്നതിനായി നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നതിനാലും, അതിനായി നേരത്തേ ഫ്ലൈറ്റ് ടിക്കറ്റുകൾ വാങ്ങിയിരുന്നതിനാലുമാണ് ഒരു ദിവസം മുൻപ് ഞങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാഞ്ഞത് എന്നത് ചിലർക്കെങ്കിക്കും ഉൾക്കൊള്ളാനായില്ല എന്ന് തോന്നി.

എൽദോസിന്റെ കൂട്ടുകാരനായ ദർശന്റെ വിവാഹം തിരുവനന്തപുരത്തു വച്ച് നടക്കുന്നതിൽ സംബന്ധിക്കാനായി ഞങ്ങൾക്ക് പോകേണ്ടി വന്നു. വഴിയിൽ ഒരു ചായക്കടയിൽ നിന്ന് വാങ്ങിക്കഴിച്ച സമോസ ഛർദ്ദിച്ചു കൊണ്ട് നിയക്ക് പനിയും, തുടർന്ന് വയറിളക്കവും ആരംഭിച്ചു. ഒരു വിധത്തിൽ ദർശന്റെ വിവാഹത്തിൽ സംബന്ധിച്ച് ഞങ്ങൾ ആശുപത്രിയിൽ ആയി. ഞങ്ങൾക്ക് വേണ്ടി വണ്ടിയുമായി വന്ന അനീഷ് ഒരു കുടുംബ അംഗത്തെപ്പോലെ ഞങ്ങളോടൊപ്പം എവിടെയും ഉണ്ടായിരുന്നു. ഒരു ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിൽ താമസിച്ചു രോഗ ശമനം വന്നുവെന്ന് കരുതി പത്തനംതിട്ടയിലുള്ള ആൻസിയുടെ കുടുംബ വീട്ടിൽ എത്തിയപ്പോളേക്കും വീണ്ടും രോഗം മൂർച്ഛിച്ചു.

പത്തനം തിട്ടയിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഹോസ്‌പിറ്റലിൽ ഞങ്ങൾ അഡ്‌മിറ്റായി. ഒന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും കൊച്ചിന് ആശ്വാസം കിട്ടാഞ്ഞിട്ട് ഞങ്ങൾ ഏറെ വിഷമിച്ചു. ഛർദ്ദിലും, ഒഴിച്ചിലും പനിയും. കോളറയുടെ ലക്ഷണങ്ങൾ. കരളുരുകി കരഞ്ഞു പ്രാർത്ഥിച്ചു പോയ ദിവസങ്ങൾ. ചെറുപ്പക്കാരനായ ഒരു പീഡിയാട്രീഷ്യൻ ചികിത്സ തുടരുകയാണ്.  മൂന്നാം ദിവസമായപ്പോഴേക്കും നല്ല ആശ്വാസം കണ്ടു. അമേരിക്കയിൽ ആയിരുന്നെങ്കിൽ പതിനായിരക്കണക്കിന്‌ ഡോളറുകൾ ചാർജ് ചെയ്യപ്പെടുമായിരുന്ന  ഈ ചികിത്സക്ക് മുത്തൂറ്റ് ഹോസ്പിറ്റലിൽ ബില്ല് വന്നത് വെറും മൂവായിരം ഇന്ത്യൻ രൂപ മാത്രമായിരുന്നു എന്നത്, ഹോസ്പിറ്റലുകളും, ഡോക്ടർമാരും, ഇൻഷുറൻസ് കന്പനികളും കൂടി ഇവിടെ നടത്തുന്ന കള്ളക്കളികളുടെ ഉള്ളകം വിലയിരുത്തുവാൻ എന്നെ സംബന്ധിച്ചിടത്തോളം ഒരു കാരണമായിത്തീരുന്നു.

ഡിസ്ചാർജായി പത്തനം തിട്ടയിലെ വീട്ടിൽ വന്നു. പിറ്റേ ദിവസമാണ് മാമ്മോദീസാ എന്നതിനാൽ അന്ന് തന്നെ തിരിച്ചു പൊന്നു. ആൻസിയുടെ പപ്പയും, മമ്മിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പോരും വഴി രാത്രിയിൽ വെട്ടിക്കൽ ദയറായിൽ ഇറങ്ങി അവിടെ മനസിന്റെ നന്ദിയിൽ നിന്ന് രണ്ട് മെഴുകു തിരികൾ കത്തിച്ചിട്ടാണ് പോന്നത്.

വളരെ അനാർഭാടമായിട്ടാണ് നിയക്കുട്ടിയുടെ മാമ്മോദീസാ നടന്നത്. നന്നായി നടത്തണം എന്നൊക്കെ ആശിച്ചാണ് പോയതെങ്കിലും, കുഞ്ഞമ്മയുടെ മരണത്തോടെ എല്ലാം കൈവിട്ടു പോയി. ഒഴിവാക്കാൻ ആവാത്തവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ആ ചടങ്ങുകൾക്ക് ശേഷം ഹോട്ടൽ ഭക്ഷണം കഴിച്ചു കൊണ്ട് എല്ലാവരും മടങ്ങിപ്പോയി.

എല്ലാവർക്കും വേണ്ടിയുള്ള പൊതു വീട് എന്ന നിലയിൽ ആണ് ഞങ്ങൾ വീട് പണിയിച്ചത്. ഓരോരുത്തർക്കുമുള്ള ബെഡ് റൂമുകൾ മുന്നമേ പറഞ്ഞു നിശ്ചയിച്ചിരുന്നു. ഓരോ വർഷത്തിലും പരമാവധി ഒരു മാസത്തിൽ കൂടുതൽ ഞങ്ങൾ അവിടെപ്പോയി താമസിക്കാൻ ഇടയില്ലാത്തത് കൊണ്ട് ഒരു ബെഡ് റൂം മാത്രം ഞങ്ങൾക്കായി ഒഴിച്ചിട്ടു കൊണ്ട് മുഴുവൻ വീടും ബേബിയുടെ കുടുംബത്തിനും, അപ്പനമ്മമാർക്കും സർവ സ്വാതന്ത്ര്യമായി അനുഭവിക്കാൻ അനുവദിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ ഇടപെടൽ. ഞങ്ങൾ പണം മുടക്കി എന്നതൊഴിച്ചാൽ ഒരു വീട് പണിക്ക്‌ വേണ്ടി വന്നിരിക്കാൻ ഇടയുള്ള ശാരീരികവും, മാനസികവുമായ അദ്ധ്വാന ഭാരം മുഴുവൻ ഏറ്റെടുത്തത് കുടുംബാംഗങ്ങൾ ആയിരുന്നു. അതിന്റെ മുൻ നിരയിൽ ബേബിയും, കുഞ്ഞമ്മയും, അപ്പനമ്മമാരും ഉണ്ടായിരുന്നു. അവരുടെ ഇടപെടൽ മൂലമാവണം, വീട് നിർമ്മാണത്തിൽ സാധാരണയായി ഉണ്ടാവാറുള്ള പല ചെലവുകളും ഒഴിവായിക്കിട്ടിയിരുന്നു.

എങ്കിലും ഒരു ബെഡ് റൂം ഞങ്ങൾ സ്വകാര്യമായി സൂക്ഷിച്ചത് ചിലർക്കെങ്കിലും ഇഷ്‍ടമായില്ല എന്ന് തോന്നി. എന്റെ ഭാര്യയുടെ പെൺ ബുദ്ധി ആ ബെഡ് റൂം പൂട്ടിക്കൊണ്ട് പോരികയും ചെയ്‌തതിനാലാവണം, ബേബിയും, കുഞ്ഞമ്മയും അവരുടെ സ്വന്തം വീട് പണിയാനുള്ള തീരുമാനം എടുത്തത് എന്ന് കരുതുന്നു. റോഡിൽ നിന്ന് അൽപ്പം ഉയർന്ന സ്ഥലത്താണ് ഞങ്ങളുടെ വീട് നിൽക്കുന്നത്. അതിന്റെ എതിർ വശത്ത് റോഡിന്റെ നിരപ്പിൽ മറു ഭാഗത്താണ് അവർ വീട് പണിഞ്ഞത്. വീട് പണി തീർന്ന് അവസാന മിനുക്കു പണികൾ നടക്കുന്ന സമയത്താണ് കുഞ്ഞമ്മക്ക് അപകടം സംഭവിക്കുന്നതും, സ്വപ്‌നങ്ങൾ ബാക്കി വച്ച് മരണമടയുന്നതും.

വീട് പണി പൂർത്തിയായതോടെ ബേബിക്ക് അങ്ങോട്ട് മാറേണ്ടി വന്നു. നൂറു മീറ്റർ അകലം മാത്രമേ വീടുകൾ തമ്മിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും, അപ്പനമ്മമാർക്ക് ആദ്യ വീട്ടിൽ താമസിക്കുന്നതായിരുന്നു ഇഷ്ടം. രാത്രികളിൽ ബേബി അവരോടൊപ്പം താമസിച്ചിട്ട് രാവിലെ ജോലിക്കു പോവുകയായിരുന്നു പതിവ്.

വാർദ്ധക്യത്തിന്റെ അവശതകൾ കൂടുതൽ അനുഭവപ്പെട്ടതോടെ അപ്പനമ്മമാർ ബേബിയുടെ കൂടെ താഴെ വീട്ടിലേക്ക് മാറി. പകൽ നേരങ്ങളിൽ രണ്ടു വീടുകളിലും, പറന്പിലെ കൃഷികളിലുമൊക്കെയായി. കുറെയൊക്കെ സമയം പോക്കിയിരുന്നുവെങ്കിലും, മുട്ട് വേദന മൂലം അപ്പന് തീരെ നടക്കാൻ വയ്യാതായതോടെ അവർ താഴെ വീട്ടിൽ തന്നെ കൂടി. കുറു പ്രാവുകളുടെ കുറുകലുകളിലും, കാക്കകളുടെ കൂട്ടക്കരച്ചിലുകളിലും ശബ്ദായമാനമായ ജീവിതം തുടിച്ചു നിന്ന ഞങ്ങളുടെ വീട് കിളിയൊഴിഞ്ഞ കൂടു പോലെ അനാസ്ഥമായിക്കിടന്നു.

ഒരു പക്ഷെ, ആഘോഷങ്ങളുടെ സ്വന്തം കൂട്ടിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തേക്കുള്ള വാതിലുകൾ അടക്കപ്പെട്ട ചതിക്കുഴികളിൽ അകപ്പെട്ട് ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞു മരിക്കുന്ന നിസ്സഹായരായ സ്വന്തം കുഞ്ഞോമനകളെ നെഞ്ചിൽ ചേർത്തു പിടിച്ചു   ശ്വാസം മുട്ടി മരിച്ചു വീണ അമ്മപ്രാവുകളുടെ ആത്മ വേദനകളുടെ അനന്ത ശാപമാകുമോ ഈ അവസ്ഥാന്തരത്തിന് വഴി വച്ചത് എന്ന് വാല്മീകിയെപ്പോലെ എന്റെ മനസ്സും തേങ്ങിപ്പോയി.

Facebook Comments

Comments

  1. Elcy Yohannan Sankarathil

    2020-05-04 20:53:02

    Hi Jayan, your life hsitory , a beautiful novel, is a free flowing river, beautifully narrated, I have been reading it ever since it started in the emalayalee, it is really good to enjoy, no artificial make up you have done to the story, keep it up, good luck for this to become a good novel, rgds.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More