Image

നിരത്തുകൾ സജീവമായി, കോവിഡ് 19: കണക്കുകള്‍ തമ്മില്‍ തെല്ലും പൊരുത്തമില്ല (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 04 May, 2020
നിരത്തുകൾ  സജീവമായി, കോവിഡ് 19: കണക്കുകള്‍ തമ്മില്‍ തെല്ലും പൊരുത്തമില്ല (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: സംസ്ഥാനത്ത് മരണം എണ്ണായിരം കടന്നു. പക്ഷേ, അത്തരമൊരു ദുരന്തത്തെ മറന്നുപോലെ പലരും വീട് വിട്ടു പാര്‍ക്കുകളില്‍ ആഴ്ചാവസാനം ചെലവഴിക്കുന്നതു നല്ലൊരു കാഴ്ചയായിരുന്നു. പാര്‍ക്കുകളിലും നടപ്പാതകളിലും പോലീസ് സാന്നിധ്യം ശക്തമായിരുന്നു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക്കുകള്‍ ധരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. രാജ്യത്ത് മരണം 68,602 ആയി. രോഗബാധിതരുടെ എണ്ണം 1,188,421 ആയി വര്‍ധിച്ചു. അതേസമയം, 178,594 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടുവെന്നതും രോഗമാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കുന്നു. സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമെടുത്തേക്കുമെന്നു നേരത്തെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞിരുന്നു. നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതോടെ, നിരത്തുകളിലും തിരക്കേറിയിട്ടുണ്ട്.

വിവാഹലൈസന്‍സിനും വര്‍ക്ക് പെര്‍മിറ്റുകള്‍ക്കു ഇനി വീഡിയോ കോണ്‍ഫറന്‍സിങ്

കൊറോണ മൂലം സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ ചില കാര്യങ്ങള്‍ ഗുണകരമായി. വിവാഹലൈസന്‍സും വര്‍ക്ക് പെര്‍മിറ്റുമൊക്കെ കിട്ടാന്‍ ഇനി വിഷമമില്ല. ഇതിനു വേണ്ടി നേരിട്ട് എവിടെയും ഹാജരാകേണ്ടതുമില്ല. രണ്ടിനും വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഉപയോഗിക്കാം. ന്യൂജേഴ്‌സിയിലാണ് ഈ സൗകര്യം നിലവില്‍ വന്നിരിക്കുന്നത്. കൊറോണ സമയത്ത് ദമ്പതികള്‍ക്ക് വിവാഹ ലൈസന്‍സും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതും ഇപ്പോള്‍ താരതമ്യേന എളുപ്പമായിരിക്കുന്നുവെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിപരമായി ഈ രേഖകള്‍ നേടേണ്ട ആവശ്യം താല്‍ക്കാലികമായി നിര്‍ത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഗവര്‍ണര്‍ മര്‍ഫി ഒപ്പിട്ടു. ഇത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

സാധാരണഗതിയില്‍, ഒരു വിവാഹത്തിനു സിവില്‍ യൂണിയന്റെ സാന്നിധ്യത്തില്‍ ഒരു ഉേദ്യാഗസ്ഥന്റെയും രണ്ട് സാക്ഷികളുടെയും സാന്നിധ്യമുണ്ടായിരിക്കണം. എന്നാല്‍ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കാം. ലൈസന്‍സിന് അപേക്ഷിച്ചു കഴിഞ്ഞാല്‍ ലഭിക്കാന്‍ കുറഞ്ഞത് 72 മണിക്കൂര്‍ വേണ്ടിയിരുന്നു. ഇതും താല്‍ക്കാലികമായി ഒഴിവാക്കി. ഈ താത്ക്കാലിക ലൈസന്‍സിനു 30 മുതല്‍ 90 ദിവസം വരെ സാധുതയുണ്ടാവും. സമയപരിധി കഴിഞ്ഞാല്‍ പിന്നീടുള്ള ലൈസന്‍സിനു ഫീസ് ഒഴിവാക്കി. അതേസമയം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവരുടെ ജോലി പേപ്പറുകള്‍ ഒരു സ്‌കൂള്‍ ഉദ്യോഗസ്ഥന്‍ വഴി മുന്‍പ് സാക്ഷ്യപ്പെടുത്തണമായിരുന്നു. എന്നാലിപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അത് ചെയ്യാന്‍ കഴിയും. 

എന്‍95 മാസ്‌ക്കുകള്‍ മോഷ്ടിച്ചു, പോലീസ് പിടിയില്‍

കൊറോണ വന്നതോടെ മോഷണത്തിന്റെ മേഖലയും മാറി. ഇപ്പോള്‍ രോഗവ്യാപനത്തെ തടയുന്ന എന്‍95 മാസ്‌ക്കുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വെക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംഭാവന നല്‍കാന്‍ പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ കമ്പനി ശേഖരിച്ചു വച്ചിരുന്ന 1,600 എന്‍ 95 മാസ്‌കുകള്‍ അടങ്ങിയ കേസുകള്‍ മോഷ്ടിക്കപ്പെട്ട വാര്‍ത്തയാണ് ഇത്തരത്തില്‍ പുതുമയേറിയത്. ഇതിനു സഹായിച്ച സൗത്ത് അംബോയിയിലെ സ്റ്റീഫന്‍ മില്ലിഗന്‍, പോയിന്റ് പ്ലസന്റ് ബീച്ചിലെ കെവിന്‍ ബ്രാഡി എന്നിവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയത്. ബ്രാഡിയെപ്പോലെ മില്ലിഗനും നിയമവിരുദ്ധമായി മോഷണം നടത്തിയെന്നും പോലീസ് പറയുന്നു.

രണ്ടുപേരും ഓണ്‍സൈറ്റ് ഇലക്ട്രിക്കല്‍ കരാറുകാരായി ജോലി ചെയ്തിരുന്നു, അവര്‍ക്ക് മാസ്‌ക്ക് സംഭരണ സ്ഥലങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്നു. മാര്‍ച്ച് 27 നും ഏപ്രില്‍ 1 നും ഇടയില്‍, ഏഴ് മുതല്‍ എട്ട് വരെ ബോക്‌സുകള്‍ മോഷ്ടിച്ചു. ഇതിലോരോന്നിലും 200 എന്‍95 മാസ്‌ക്കുകള്‍ അടങ്ങിയിരുന്നു. പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ഒരു ആശുപത്രിയിലേക്ക് സംഭാവന നല്‍കാന്‍ വേണ്ടി ശേഖരിച്ചുവച്ചിരുന്നതാണിത്.

കോവിഡ് 19: കണക്കുകള്‍ തമ്മില്‍ തെല്ലും പൊരുത്തമില്ല

കൊറോണ വൈറസ് ന്യൂജേഴ്‌സിയെ വട്ടം കറക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ എട്ട് ആഴ്ചയായി. എങ്ങനെയുള്ളവരാണ് രോഗം ബാധിച്ച് മരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഇപ്പോഴും സംസ്ഥാനം പുറത്തുവിട്ടിട്ടില്ല. സെന്‍സസ് കണക്കുകളും കൊറോണ ഡേറ്റകളും തമ്മില്‍ ഒരിടത്തും യോജിക്കുന്നില്ല. കോവിഡ് 19 പോസിറ്റീവ് പരീക്ഷിക്കുന്നതിലെ പാളിച്ചകളും കൃത്യമായ ഡേറ്റ പ്രോസ്സസ്സിങ് ഉണ്ടാകാത്തതും കണക്കുകള്‍ അവലോകനം ചെയ്യുന്നവരെ വിഷമിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ പരിമിതി വ്യക്തമാണെങ്കിലും കൃത്യമായ റിപ്പോര്‍ട്ടിങ്ങിലെ പിഴവും പ്രതിസന്ധിയാവുന്നു. അതിനാല്‍ ഡേറ്റ കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ചവരുടെ ഒരു ഭാഗം മാത്രമാണ്. എന്നിരുന്നാലും ലഭ്യമായ ഡെമോഗ്രാഫിക് ഡേറ്റചില പ്രവണതകള്‍ വെളിപ്പെടുത്തുന്നു: 30 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവര്‍ കൊറോണ മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന് പോസിറ്റീവാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രായമായവരാണ്, 65 വയസും അതില്‍ കൂടുതലുമുള്ളവര്‍, ഈ രോഗം മൂലം മരിക്കാന്‍ സാധ്യതയുള്ളത്, ഡേറ്റ സൂചിപ്പിക്കുന്നു.

ആരോഗ്യവകുപ്പില്‍ നിന്നുള്ള ഏപ്രില്‍ 29 വരെയുള്ള ഡേറ്റ കാണിക്കുന്നത് 62.4% പോസിറ്റീവ് കേസുകള്‍ 30 നും 64 നും ഇടയില്‍ പ്രായമുള്ളവരിലാണെന്നായിരുന്നു. 30 മുതല്‍ 64 വരെ വയസ്സിനിടയിലുള്ള ഏകദേശം 4.2 ദശലക്ഷം മുതിര്‍ന്നവര്‍ ന്യൂജേഴ്‌സിയില്‍ താമസിക്കുന്നുണ്ട്. അല്ലെങ്കില്‍ ജനസംഖ്യയുടെ 47%. കഴിഞ്ഞ മാസം ആദ്യം, ഡേറ്റ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍, 30 മുതല്‍ 64 വരെ പ്രായമുള്ള 65% പേര്‍ക്കും കൊറോണ പോസിറ്റീവ് ആയിരുന്നു.

ആ കൂട്ടത്തില്‍ ചില പൊരുത്തക്കേടുകളുണ്ട്. 30 നും 49 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 26% വരും, പക്ഷേ 32.5% കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ, 50 നും 64 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ ജനസംഖ്യയുടെ 21% വരും, ഇവിടെ 30% കേസുകള്‍ മാത്രമാണുള്ളത്. ഈ പ്രവണത പ്രായമായവര്‍ക്കും ബാധകമാണ്. 65 നും 79 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ ജനസംഖ്യയുടെ 12% ആണെങ്കിലും 14.6% കേസുകളുണ്ട്. 80 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ ജനസംഖ്യയുടെ 4% ആണെങ്കിലും 9% കേസുകള്‍. 

പോസിറ്റീവ് കേസുകളില്‍ 13.8% 29 വയസും അതില്‍ താഴെയുമുള്ള ആളുകളാണ്, പക്ഷേ ജനസംഖ്യയുടെ 37% വരുമിത്. ഒരു കൊറോണ വൈറസ് രോഗിയുടെ ശരാശരി പ്രായം 52 വയസ്സാണ്. കൂടാതെ 118,382 പോസിറ്റീവ് കേസുകളുടെ ഡേറ്റ പരിശോധിക്കുമ്പോള്‍ 99.8% ഇങ്ങനെ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് രോഗികളുടെ വംശീയതയ്ക്കുമായുള്ള ഡേറ്റ വളരെ കുറവാണ്, മാത്രമല്ല ഇത് 50,611 കേസുകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ, അല്ലെങ്കില്‍ ഏകദേശം 43%. എന്നിട്ടും, ലഭ്യമായ കണക്കുകള്‍ ആരാണ് രോഗബാധിതനാകുന്നത് എന്നതിലെ വൈരുദ്ധ്യം കാണിക്കുന്നു. ഉദാഹരണത്തിന്, ആഫ്രിക്കന്‍ അമേരിക്കക്കാര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 13.5% വരും, എന്നാല്‍ 18.7% പോസിറ്റീവ് കേസുകളാണ് ഉണ്ടായത്.

അതുപോലെ, സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിസ്പാനിക് വംശജരായ ആളുകള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 20.6% വരും, പക്ഷേ 29% കേസുകള്‍ ഉണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ വക്താവ് ഡോണ്‍ തോമസ് പറഞ്ഞു, കോവിഡ് 19 കേസ് റിപ്പോര്‍ട്ടിംഗില്‍ ഭൂരിഭാഗവും സ്വതന്ത്ര ലബോറട്ടറികളില്‍ നിന്നാണ് വരുന്നതെന്നും അത് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തിലേക്ക് അയയ്ക്കുകയാണ്. അതു കൊണ്ടു തന്നെ കേസുകള്‍ പലപ്പോഴും വംശീയ ഡേറ്റയും കാണിക്കുന്നില്ല.
ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരെ ഉയര്‍ന്ന നിരക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. 65 നും 79 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിയിലധികം പേരും കോവിഡ് 19 പോസിറ്റീവ് ആണ്. 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പേരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണക്കുകള്‍ ഇങ്ങനെയാണ് പുറത്തു വരുന്നതെങ്കിലും ഇതൊന്നും ഒരു തരത്തിലും യോജിക്കുന്നില്ലെന്നതാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക