Image

മാനിഷാദ....(ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 22 April, 2020
മാനിഷാദ....(ഡോ.നന്ദകുമാര്‍ ചാണയില്‍)
അതേ, 'അരുത് വേടാ' എന്നുള്ള മഹര്‍ഷി വചനം അന്നെന്നപോലെ ഇന്നും അന്വര്‍ത്ഥമാണ്. സ്വാര്‍ത്ഥ തല്‍പരായവര്‍ പ്രകൃതിയെ കൊള്ളയടിച്ചും കവര്‍ന്നു മുടിച്ചും പാപ്പരാക്കിക്കൊണ്ടിരിക്കയാണിന്ന്. പ്രകൃതിയെമാത്രമല്ല, എല്ലാം സഹിച്ച് സര്‍വ്വവും നമുക്കു പ്രദാനം ചെയ്യുന്ന ഭൂമിദേവിയേയും ആ അമ്മയുടെ തന്നെ സന്തതികളായ  മറ്റു ജീവജാലങ്ങളേയും. അമ്മ സര്‍വ്വം സഹയാണെന്നു കരുതി ആ അമ്മയുടെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരതിരില്ലേ! അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ പ്രമാണം. കൊറോണയെന്ന ഈ മഹാമാരിക്കും ഒരളവുവരെ കാരണക്കാര്‍ നമ്മുടെ തന്നെ സഹജീവികളോടുള്ള ക്രൂരതയാണ്. 

കാരണം ഈ വൈറസ്സും ഒരു ജന്തുല്പാദിരോഗം(Zoootic Disease) ആണെന്ന തിരിച്ചറിവാണ്. അതായത് ജന്തുക്കളില്‍ നിന്നുള്ള ന്യൂക്ലിക്കാസിഡിന്റെ ഒരംശത്തിനുണ്ടായ ജനിതകമാറ്റത്താലുണ്ടാകുന്ന പ്രകൃതിയുടെ വികൃതിയാണ് സര്‍വ്വശക്തനെന്ന് ഊറ്റം കൊള്ളുന്ന മനുഷ്യനെ ഇപ്പോള്‍ തരിപ്പണമാക്കി തറപറ്റിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാഞ്ഞാലുള്ള ഒരു പ്രത്യാഘാതമായി ചില ശാസ്ത്രജ്ഞര്‍ ഈ മഹാവിപത്തിനു ഹേതുവായ അണുബാധയെ വിശകലനം ചെയ്യുന്നതായി ഡോ.ഹില്‍ഡര്‍ പാല്‍സ് ഡോട്ടിര്‍ അഭിപ്രായപ്പെടുന്നു. ചൈനയിലെ വൂഹാന്‍ പ്രവിശ്യയിലെ ഒരു മാര്‍ക്കറ്റാണ് അത്യാവശ്യം വേണ്ട സുരക്ഷാ നടപടികളുടെ അഭാവത്താല്‍ മനുഷ്യരിലേക്കു പടര്‍ന്നു പിടിച്ച കോവിഡ്-19 വൈറസ്സിന്റെ പ്രഭവകേന്ദ്രം എന്ന് ഇതിന് ദൃഷ്ടാന്തമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ചൈനയില്‍ തുടങ്ങിയത് അവിടം കൊണ്ടാതുങ്ങിയില്ലെന്ന് ഈ ആഗോളവ്യാപന പ്രതിഭാസവും തെളിയിക്കുന്നു. മാത്രമല്ല, ആഗോള ആരോഗ്യാവസ്ഥയേയും സാമ്പത്തികശേഷിയേയും തന്മൂലം തകിടം മറിച്ച് തരിപ്പണമാക്കുന്നുവല്ലോ ഈ വിരുതന്‍!

വന്യജീവികളില്‍ നിന്നും മനുഷ്യന് തീരാവ്യാധി കിട്ടിയിട്ടുള്ളതിന് ചിമ്പാന്‍സിയില്‍ നിന്ന് ഹെപ്പിസ്സ്, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എണ്ണ ഉല്‍പ്പാദിക്കുന്ന പനങ്ങളുടെ സംഹാരത്താലുണ്ടായ ഇബോള അതുപോലെ Swine Flue, SARS, MERS എന്നിവ സാക്ഷ്യം വഹിക്കുന്നു.

മാനിഷാദ....(ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക