Image

മരണമേ നിനക്കിത്ര രൂക്ഷഗന്ധമോ? (ഫ്രാൻസിസ് തടത്തിൽ)

Published on 12 April, 2020
മരണമേ നിനക്കിത്ര രൂക്ഷഗന്ധമോ? (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്‌സി: മരണം! എവിടെയും മരണത്തിന്റെ രൂക്ഷ ഗന്ധം മാത്രം. മരണത്തിനു ഇത്രയേറെ നിഗൂഢമായ ഗന്ധമോ? ലോക്ക് ഡൗൺ കാലത്ത്  അടച്ചിട്ട മുറിയിൽ ടി.വി. തുറന്നാൽ അവിടെ മരണം. കമ്പ്യൂട്ടർ തുറന്ന് പത്രങ്ങൾ പരതിയാൽ അവിടെയും മരണം. സമൂഹമാധ്യമങ്ങളിൽ പരതിയാൽ അവിടെയും മരണ മണം മാത്രം. കൊറോണ മഹാരോഗ വ്യാപനത്തെ തുടർന്ന് വാട്സ്ആപ്പിൽ ഗ്രൂപ്പുകളുടെ എണ്ണം മുമ്പുള്ളതിനെക്കാൾ വ്യാപകമായി. പുതിയ ഗ്രൂപ്പുകളൊക്കെ കൊറോണ സ്പെഷ്യൽ ആണ്. ഏതു ഗ്രൂപ്പ് തുറന്നാലും അവിടെയും മരണം മാത്രം.  

ഒരു പത്രപ്രവർത്തകനെ സംബന്ധിച്ച് മരണവും ദുരന്തവുമെല്ലാം ആഘോഷമാണ്. കാരണം മറ്റൊന്നുമല്ല. വായനക്കാർക്ക് വേണ്ടതും മരണത്തിന്റെയും ദുഃഖത്തിന്റെയും കദനകഥകളാണ്. അത് സ്വന്തം കുടുംബത്തിലേത് ആകരുതെന്നുമാത്രം. അത് ഓരോ മലയാളികളുടെയും ജന്മവാസനയാണ്. ഒരു പത്രപ്രവർത്തകന് സ്വന്തം ഭാര്യയുടെയോ മക്കളുടെയോ മാതാപിതാക്കളുടേയുമൊക്ക ചരമവാർത്തകൾ എഴുതേണ്ടി വരും. അത് അവരുടെ കടമയാണ്. അങ്ങനെ സ്വന്തം പിതാവിന്റെ ചരമവാർത്ത എഴുതേണ്ട ഗതികേട് എനിക്കും വന്നിട്ടുണ്ട്. 

നൂറുകണക്കിന് ആളുകൾ മരിച്ചുവീണ ദുരന്ത ഭൂമിയിൽ നേരിട്ടുപോയി റിപ്പോർട്ട് ചെയ്‌ത അനുഭവമുണ്ടെനിക്ക്. തഞ്ചാവൂരിലെ യാഗശാലയിൽ തീപിടുത്തമുണ്ടായപ്പോൾ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പടെ നൂറുകണക്കിന് ശവശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. അവരുടെ ഉറ്റവരും ഉടയവരും കടന്നുപോയ വേദനകളിലൂടെ സഞ്ചരിച്ച് കണ്ണീർ കഥകൾ വായനക്കാരിൽ എത്തിച്ചിട്ടുണ്ട്. പക്ഷെ എന്തോ ഇപ്പോൾ മരണമെന്ന് കേൾക്കുമ്പോൾ ഉള്ളിൽ തീയാണ്. ഇന്നലെവരെ സംസാരിച്ചുകൊണ്ടിരുന്ന പല നല്ല സുഹൃത്തുക്കളുടെയും മരണവാർത്ത പത്രങ്ങളിലൂടെയോ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയോ ഒക്കെയറിയുമ്പോൾ ഉള്ളിൽ തീ ആളുകളാണ്.

നിലവിൽ മറ്റു രോഗങ്ങളില്ലാത്ത (WITHOUT COMORBIDITIES), മധ്യവയസ്‌ക്കർ, യുവാക്കൾ എന്ന് വേണ്ട രണ്ടാഴ്ച്ച മുൻപ് ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുൻപ് വരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിറഞ്ഞു നിന്നിരുന്ന പലരും ഇപ്പോൾ ആറടി മണ്ണിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. ജി. ശങ്കരക്കുറുപ്പിന്റെ "ഇന്ന് ഞാൻ നാളെ നീ.." എന്ന കവിതയിളാണ് ഓരോരുത്തരും മരണമടയുമ്പോൾ മനസ്സിൽ ഉയർന്നു വരുന്നത്. ആരാദ്യം പോകും എന്ന ഉത്ക്കണ്ഠയുമുണ്ടായേക്കാം . ജി .ശങ്കരക്കുറുപ്പിന്റെ മേൽപ്പറഞ്ഞ വരികൾ ഒരു നിമിഷമെങ്കിലും ഈ കൊറോണാക്കാലത്ത് ഓർക്കാത്തവർ വിരളമായിരിക്കും. ഓരോ മരണവർത്തകളും കേൾക്കുമ്പോൾ  മരണത്തിന്റെ കാവലാളുകൾ നമ്മെ നോക്കി പല്ലിളിക്കുന്നുണ്ടാകാം. നമ്മുടെ ഉള്ളും ആകസ്മികമായി പിടയുന്നുണ്ടാകാം.

പണ്ടെന്നുമില്ലാത്ത ഒരു ഭയപ്പാട് പെരുമ്പറ പോലെ  ഹൃദയത്തിൽ മുഴുങ്ങുന്നതു കേൾക്കാറുണ്ട്. പലപ്പോഴും നെറ്റിയിൽ കൈവച്ചു നോക്കും, പിന്നെ തൊണ്ടയിലും. ഒന്ന് മുരളുമ്പോൾ തൊണ്ടയിൽ കിരുകിരുപ്പ് തോന്നും. പിന്നെ ആശങ്ക, വേവലാതി. യുക്തിചിന്തകൾക്ക് താൽക്കാലിക അവധി നൽകി അറിയാവുന്ന ദൈവത്തെ ഓർക്കും. മറ്റാർക്കും എന്ത് വന്നാലും എനിക്കൊന്നും വരരുതേ... മനസിന്റെ ഉള്ളിൽ കിടക്കുന്ന സ്വാർത്ഥത നാം അറിയാതെ പുറത്തു വരുന്ന നിമിഷങ്ങൾ.

കൊറോണയുടെ ആദ്യകാലങ്ങളിൽ സർക്കാരിനെയും അധികാരികളെയുമൊക്ക വിമർശിച്ചവർ ഇന്ന് നിശബ്ദരാണ്. നാളെ നമ്മുക്ക് ശബ്ദമുണ്ടാക്കാൻ കഴിയുമോ എന്ന് എന്താണുറപ്പ്? ഇപ്പോൾ അമേരിക്കയിൽ മരണപ്പെട്ട മലയാളികളുടെ കാര്യം മാത്രം എടുക്കുക. കൊറോണ വൈറസ് എന്ന മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഇവരിൽ പലരും നമ്മുടെ ഇടയിൽ തന്നെ നമ്മളിൽ ഒരാളായി ജീവിക്കുമായിരുന്നു. ന്യൂയോർക്കിലും ഡാളസിലും മരിച്ച രണ്ടു യുവാക്കളുടെ കാര്യം മാത്രം എടുക്കുക. ഷോൺ എബ്രഹാം എന്ന 21 വയസു മാത്രം പ്രായമുള്ള ചെറുപ്പക്കാരനെക്കുറിച്ച്  അവന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും എന്തെല്ലാം പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കാം. ജീവിതത്തിന്റെ വസന്തകാലത്ത് എത്തും മുൻപാണ് നിനച്ചിരിക്കാതെ രംഗബോധമില്ലാതെ കൊറോണ വൈറസിന്റെ രൂപത്തിൽ മരണം അവരെ തട്ടിയെടുത്തത്. നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്തതിനുമപ്പുറമാണ് ഈ ഒളിപ്പോരാളികൾ നമ്മളുടെ ഉള്ളിൽ കയറിക്കൂടുന്നത്.

രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ അതിർത്തിയിൽ നമ്മെ സംരക്ഷിക്കാൻ പട്ടാളത്തിന്റെ സേവനമുണ്ട്. എന്നിരുന്നാലും ചിലർ അവരുടെ കണ്ണ് വെട്ടിച്ച് നുഴഞ്ഞുകയറാറുണ്ട്. അതുപോലെയാണ് കോവിഡ് 19 എന്ന ഈ മഹാമാരി മനുഷ്യ ശരീരത്തിൽ അതിക്രമിച്ചു കടക്കുന്നത്. ഇത് സ്വാഭാവികമരണമല്ല; കൊറോണ വൈറസ് എന്ന മാനവരാശിയുടെ അദൃശ്യ ശക്തി നടത്തുന്ന അരുംകൊലയാണ്. കണ്ണിൽ ചോരയില്ലത്ത ചിലർ നടത്തിയ ജൈവാക്രമണമാണ് ഇതെന്നും പറഞ്ഞു കേൾക്കുന്നു. അങ്ങനെയെങ്കിൽ ഇതൊരു വലിയ ചതി തന്നെ. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.

മരണങ്ങൾക്ക് ഇപ്പോൾ ഒരു വിലയുമില്ല. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ലോകത്തും പ്രത്യേകിച്ച് അമേരിക്കയിലും കൊറോണ മരണത്തിനു റോക്കറ്റു വേഗം കൈവരിച്ചിരിക്കുകയാണ്‌. ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം കാണുമ്പോൾ മനസ് മരവിക്കുകയാണ്. ഇത്രയും പേർ മരിക്കുമ്പോൾ എന്ത് എഴുതാനാണ്. എല്ലാവര്ക്കും എഴുതാനുള്ളത് ഒരേ ഒരു കാര്യം മാത്രം. കൊറോണ, മരണം, അതിജീവനം, പിന്നെ പരസ്‌പരം ചെളിവാരിയെറിയുക . കൊറോണവൈറസ് സംബന്ധിച്ച കണക്കുകൾ പരിശോധിക്കാൻ  WORLD O MEETER ൽ ഓരോ തവണ അപ്ഡേറ്റിനായി പരതുമ്പോഴും ഒരു തരം നിർവികാരിതയാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നത്. മരണവിവരപ്പട്ടിക അറിയിക്കുക എന്നത് പത്രധർമ്മമായതുകൊണ്ട് നോക്കാതിരിക്കാനും പറ്റില്ല.

വെർജീനിയ ടെക്കിൽ  ഒരു വിദ്യാർത്ഥി കൂട്ടക്കൊല നടത്തിയപ്പോഴും ന്യൂസിലാൻഡിൽ സമനില തെറ്റിയ ഒരാൾ മുസ്ലിം പള്ളിയിൽ കയറി 200- പരം നിരപരാധികളെ തന്റെ യന്ത്രതോക്കിനിരയാക്കിയപ്പോഴുമൊക്കെ അനുഭവപ്പെട്ട ആ ഞെട്ടൽ നമുക്ക് ഇപ്പോഴില്ല. അത്രയൊക്കെയേ ഉള്ളു നാം കണ്ടിട്ടുള്ള കൂട്ടക്കൊലകൾ. ഇതിപ്പോൾ ന്യൂജേഴ്‌സി പോലുള്ള ഒരു ചെറിയ സ്റ്റേറ്റിൽ പോലും കഴിഞ്ഞ ഒരാഴ്‌ചയായി ശരാശരി 200 പേർ മരിക്കുന്നു. ന്യൂയോർക്കിലെ കാര്യം പറയുകയേ വേണ്ട. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി കൊറോണോ വൈറസ് മാറുമോ എന്നതാണ് കാണാനിരിക്കുന്നത്.

 നമ്മുടെ നഗ്‌നനേത്രങ്ങൾകൊണ്ട് കാണാൻ പറ്റാത്ത, മൈക്രോസ്കോപ്പിലൂടെ മാത്രം കാണുന്ന ഈ വൈറസ്സിന്റെ ചിത്രങ്ങൾ വലുതാക്കിയാണ് പലരും സോഷ്യൽ മീഡിയകളിൽ പോസ്റ്റുന്നത്. കൊറോണ വൈറസിനെക്കുറിച്ചു  ശരാശരി മലയാളികളെല്ലാം തന്നെ നേടിയ അറിവുകൾ സ്വരുക്കൂട്ടിയാൽ ഒരു സംഭവം തന്നെയായിരിക്കും. പലർക്കും ഒരു പിഎച്ച് ഡി യൊക്കെ നേടാനുള്ള അറിവുകൾ ഇപ്പോൾ തന്നെയുണ്ട്. വാട്സ് ആപ്പ് സർവ്വകലാശായിപ്പോൾ സർവവിജ്ഞാനകോശമായി മാറി. വൈദ്യശാസ്ത്രത്തെ വിദഗ്‌ധർ വരെ ഈ സർവകലാശാലയിലെ റിപ്പോർട്ടുകൾ കണ്ടു അത്ഭുത പുളകിതരാകാറുണ്ട്. അവർ പഠിച്ച മെഡിക്കൽ പുസ്തകങ്ങളെക്കാൾ അറിവുകളാണ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ പടച്ചുവിടുന്നത്.

കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം മൂലം അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ താറുമാറായി എന്നത് ശരിയാണ്. അമേരിക്കക്കാർക്ക് ധാരാളം പണവും സ്റ്റീമില്സ് പാക്കേജ് വഴി ലഭിക്കും. പക്ഷേ ജീവനു ഭീഷണിയായി ഡെമോക്ലീസിന്റെ വാളുപോലെ കൊറോണയുടെ രൂപത്തിൽ മരണം പതിയിരിക്കുമ്പോൾ സ്റ്റീമില്ലസ് പാക്കേജിനു ഗുണഭോക്താക്കൾ ഉണ്ടാകുമോ എന്ന് കണ്ടറിയണം. അമേരിക്ക തകരുമോ എന്നത് അത്ര വലിയ വിഷയമല്ല. നമ്മൾ ഈ ദുരന്തത്തിൽ നിന്ന് എന്ന് കരകയറും എന്നാണ് അറിയേണ്ടത്.  വലിയ ദുരന്തമായ വേൾഡ് ട്രേഡ് സെന്റര് തകർത്തപ്പോൾ ഏവരും കരുതിയത് അമേരിക്ക തകർന്നു എന്നായിരുന്നു. തിടുക്കപ്പെട്ട് യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് ഡോളറിനു പകരം ആഗോള വിനിമയ മാർഗമായി യൂറോ അടിച്ചു. വന്നതുപോലെ തന്നെ പോകേണ്ട അവസ്ഥയിലാണ്. 

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ നഷ്ട്ടം സഹിക്കേണ്ടി വന്നത് ജപ്പാൻ എന്ന കുഞ്ഞൻ രാജ്യത്തിനായിരുന്നു. ജപ്പാൻ ഇനിയൊരിക്കലും തിരിച്ചു വരികയില്ല എന്ന് കരുതിയ ലോകത്തിന് മുൻപിൽ ഒരു വൻ ശക്തിയായി തന്നെ അവർ തിരിച്ചെത്തി. ഇഛാബോധമുള്ള ഭരണാധികാരികൾ അധികാരത്തിൽ വന്നാൽ ഏതു തകർച്ചയിൽ നിന്നും അനായാസം കരകയറും. സാമ്പത്തിക ബാധ്യതകളെല്ല ഇപ്പോഴത്തെ പ്രശ്‌നം. പൗരന്മാരുടെ ജീവനാണ് പ്രധാനം.

വേൾഡ് ട്രേഡ് സെന്റര് തകർന്നപ്പോൾ 3000പ്പരം ആളുകളാണ് മരിച്ചത്. ഇന്ന് കൊറോണ മഹാമാരി ഇതുവരെ 21,667 അമേരിക്കക്കാരുടെ ജീവനപഹരിച്ചു. ഒരു അണുബോംബിനെപ്പോലെ വിഘടച്ചു വിനാശം വരുത്തുന്ന തരത്തിലാണ് അമേരിക്കയിലെ 49 സ്റ്റേറ്റുകളിലും മിലിട്ടറിയിലും വരെയുള്ള നിരപരാധികളെ കൊന്നൊടുക്കുന്നത്. ഉണരേണ്ട സമയത്ത് ജാഗ്രത കാട്ടിയില്ല എന്ന് ട്രമ്പ് അഡ്മിനിസ്ട്രേഷനെതിരെ വിമർശങ്ങൾ ഉയരുന്നുവെങ്കിലും കാലന്റെ ദൂതനെ പിടിച്ചുകെട്ടാൻ ഇപ്പോൾ അവർ കഠിനമായി ശ്രമിക്കുന്നുണ്ട്. നമുക്ക് നാം മരിക്കുന്നതു വരെ വിമര്ശങ്ങളുമായി ഇങ്ങനെ തന്നെ തുടരാം. നമ്മുടെ കാലശേഷം മറ്റുള്ളവരും തുടരട്ടെ. എന്തായാലും എല്ലാവര്ക്കും ഒരു സമയമുണ്ട്. എത്ര സുരക്ഷാവലയത്തിലാണെങ്കിലും ഒരിക്കൽ, ഒരിക്കൽ മാത്രം ഉള്ളിലേക്ക് വലിക്കുന്ന ശ്വാസം നിലക്കും. നാം അറിയുകപോലും ചെയ്യാതെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക