Image

ബൗദ്ധനാഥ് സ്തൂപത്തിലേക്കുള്ള യാത്ര (ചരിത്രമുറങ്ങുന്ന നേപ്പാൾ-11: മിനി വിശ്വനാഥൻ)

Published on 12 April, 2020
ബൗദ്ധനാഥ് സ്തൂപത്തിലേക്കുള്ള യാത്ര (ചരിത്രമുറങ്ങുന്ന നേപ്പാൾ-11: മിനി വിശ്വനാഥൻ)
ലൗകിക ജീവിതത്തിൽ നിന്ന് സ്വയം പിൻമാറിയ ഗൗതമബുദ്ധന്റെ ശരീരാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്ന്  വിശ്വസിക്കുന്ന ബൗദ്ധനാഥ് സ്തൂപത്തിലേക്ക് യാത്ര തുടരുമ്പോഴും മനസ്സിൽ നിന്ന് ഗുഹ്യേശ്വരി ക്ഷേത്രത്തിലെ വിവാഹഘോഷങ്ങളുടെ മേളക്കൊഴുപ്പ്  മായുന്നുണ്ടായിരുന്നില്ല.

കാശി യാത്രക്കിടെ സാരാനാഥിലെ സ്തൂപം സന്ദർശിച്ചതു മുതൽ നേപ്പാളിലെ ബൗദ്ധസ്തൂപം കാണണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചതാണ്. അന്ന് കൂടെയുണ്ടായിരുന്ന ഗൈഡും ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇതും ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എനിക്കിത് ആഗ്രഹ സാക്ഷാത്കാരത്തിന്റെ കൂടെ സമയമാണ്.

ഞങ്ങളുടെ വാഹനം സാവധാനം നേപ്പാളിലെ ഗ്രാമ പ്രാന്തങ്ങളിലൂടെ നീങ്ങി. റോഡിനിരുവശവും നിത്യോപയോഗ സാധനങ്ങളുടെ കടകൾ മാത്രം. നാട്ടിൻ പുറത്തെ സാധാരണ ജീവിതത്തിരക്കുകളിലൂടെ ഈ യാത്രക്കിടയിൽ ഒന്നു കണ്ണോടിക്കാൻ പറ്റി.

 ഒരു ചെറുപട്ടണത്തിനിടയിൽ സ്ഥിതി ചെയ്യുന്ന ബൗദ്ധനാഥ് ക്ഷേത്രപരിസരത്തെത്തി. ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച സ്മാരകങ്ങളിലൊന്നായിട്ടു പോലും അവിടേക്ക് എത്തിപ്പെടാനുള്ള വഴികൾ ദുർഘടം പിടിച്ചതായിരുന്നു.
നിരന്തരം വാഹനങ്ങൾ കടന്നുപോവുന്ന റോഡ് കഴിഞ്ഞ ദിവസത്തെ മഴയിൽ ചളിക്കുഴമ്പായി മാറിയിരുന്നു.. അത്  ക്രോസ് ചെയ്യൽ വലിയ ഒരു സാഹസ പ്രവൃത്തി തന്നെയാണ്.

പക്ഷ വളരെ ശാന്തമായ ഒരന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ നടന്നു നീങ്ങിയത്. ധൂപങ്ങളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ഇടുങ്ങിയ വഴിയിലൂടെ അകത്തു കടന്നു. ഗോളകാകൃതിയിൽ സ്ഥിതി ചെയ്യുന്ന സ്തൂപത്തിന് ചുറ്റുപാടും ബുദ്ധ വിഗ്രഹങ്ങളും പ്രാർത്ഥനാ ചക്രങ്ങളും തുണിത്തരങ്ങളും നിറഞ്ഞ കച്ചവട സ്ഥാപനങ്ങൾ ആയിരുന്നു. ധാരാളം  മൊണാസ്ട്രികളും ഉണ്ടായിരുന്നു അവിടെ .

ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണത്രെ ഇപ്പോഴവിടെയുള്ള വമ്പൻ സ്തൂപത്തിന്റെ ആദിരൂപം. ഇതിന്റെ നിർമ്മാണത്തിന് പിന്നിലെ കഥകളിലൊന്നിതാണ്.

പിതാവിന്റെ മരണത്തിന് താനറിയാതെ കാരണമായതിൽ പശ്ചാത്തപിച്ച് തിബത്തൻ രാജാവ് സങ്സ്റ്റെൻ ബുദ്ധമതാനുയായി ആയി മാറിയെന്നും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ സ്തൂപം നിർമ്മിച്ചതെന്നുമാണത്. അതുകൊണ്ട് തന്നെ ഇന്നും ഇവിടം തിബത്തൻ വാണിജ്യ കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമാണിത്.

എട്ടാം നൂറ്റാണ്ടിൽ ലിച്ചാവി രാജവംശത്തിലെ രാജാക്കൻമാർ നവീകരിച്ചെങ്കിലും പിന്നീട് മുഗളൻമാരുടെ ആക്രമണത്തിനും ഈ സ്തൂപം വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ വീണ്ടും പുതുക്കിപണിത ഇതിന് ഭൂകമ്പത്തിലും സാരമായ നാശനഷ്ടങ്ങൾ വന്നു. ഇപ്പോൾ വീണ്ടും മിനുക്കുപണികൾ തീർത്ത് മനോഹരമായി തലയുയർത്തി നിൽക്കുന്നു.

മുപ്പത്തി ആറ് മീറ്ററോളം ഉയരമുള്ള ഒരു സ്തൂപമാണിത്. മുകളിലെ ഗോളകം ദൂരേ നിന്നേ വെള്ളച്ചായത്തിൽ തിളങ്ങി നിന്നു. പഞ്ചഭൂതാത്മകമായ അടിത്തട്ടിൽ മനുഷ്യന്റെ നിർവ്വാണ അവസ്ഥ വരെ യുള്ള പതിമൂന്ന് ഘട്ടങ്ങളാണത്രെ ഈ സ്തൂപം പ്രതിനിനിധാനം ചെയ്യുന്നത്. ഗൗതമബുദ്ധന്റെ ജ്ഞാനോദയത്തിലേക്കുള്ള പാതയുടെ പ്രതീകാത്മക ബിംബവും കൂടിയാണ് ഇത്.

പതിനാറ് വശങ്ങളുള്ള ചുമരിനു ചുറ്റുമായ ബോധിസത്വ ബുദ്ധന്റെ (പത്മപാണി ) നൂറ്റെട്ട് രൂപങ്ങളും , അഞ്ച് ധ്യാനബുദ്ധൻമാരടെ രൂപവും കാണാം. അടിത്തട്ടിലെ നൂറ്റെട്ട് പ്രാർത്ഥനാ ചക്രങ്ങളും, അതിനോട് ചേർന്നുള്ള ഭീമൻ ചക്രവും കറക്കി ശാന്തി മന്ത്രങ്ങൾ ഉരുവിട്ട് ഞങ്ങൾ മുകൾത്തട്ടിലേക്ക് നടന്നു. ദ്വാരപാലകരുടെ പ്രതിമകൾ ഇരുവശത്തും കാവൽ നിൽക്കുന്നതിന് താഴെ ഒരു തമിഴ് കുടുംബം പൂക്കൾ അർച്ചിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

ശാന്തഗംഭീരമായി നാല് ദിക്കുകൾക്കും ശാന്തിയും സമാധാനവും ചൊരിഞ്ഞു കൊണ്ട് സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന ബുദ്ധനേത്രങ്ങൾ മനസ്സിനെ ശാന്തമാക്കി. ശാന്തി മന്ത്രം ലിഖിതം ചെയ്ത നിറമുള്ള കൊടിക്കൂറകൾ മുകളിൽ നിന്ന് താഴേക്ക് വലിച്ച് കെട്ടിയത് കാറ്റിലാടുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

നഗരത്തിന്റെ മനോഹരമായ ദൂരക്കാഴ്ചകൾ ഫോട്ടോയിൽ പകർത്താനുള്ള തിരക്കായിരുന്നു അവിടെ. കാഠ്മണ്ടു താഴ്വരയുടെ മനോഹരമായ കാഴ്ച കിട്ടുന്നുണ്ടായിരുന്നു. താഴെ അതിപുരാതനമായ ഒരു മൊണാസ്ട്രിക്ക് മുന്നിൽ ഭീമനൊരു മണി സ്ഥാപിക്കപ്പെട്ടിരുന്നു. ഭൂകമ്പത്തിൽ യാതൊരു കേടുപാടുകളും പറ്റാത്ത ഒരിടം കൂടിയായിരുന്നത്രെ അത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏറ്റവും മുകൾഭാഗത്ത് പോവാനുള്ള അനുവാദമുണ്ടായിരുന്നില്ല. വിദേശ സഞ്ചാരികൾക്കൊപ്പം തന്നെ ധാരാളം തീർത്ഥാടകരും ഉണ്ടായിരുന്നു. തിബറ്റിലെ ബുദ്ധമതാനുയായികൾ ഏറ്റവും പവിത്രമായി കരുതുന്ന തീർത്ഥാടന കേന്ദ്രം കൂടിയാണ് ഇത്.

മുകളിൽ നിന്നുള്ള കാഴ്ചകൾക്ക് ശേഷം ഞങ്ങൾ താഴെയിറങ്ങി. സ്തൂപത്തിന് ചുറ്റുപാടും കല്ല് പാകി മനോഹരമാക്കിയ നടപ്പാതകളുമുണ്ടായിരുന്നു. ധ്യാനനിമഗ്നരായിരിക്കുന്ന ബുദ്ധസന്യാസിമാർക്കിടയിലൂടെ ഞങ്ങളും നിശബ്ദരായി നടന്നു. പെട്ടെന്നാണ് തൊട്ടടുത്ത മൊണാസ്ട്രിയിലെ ക്ലാസ് കഴിഞ്ഞ് കുട്ടികൾ പുറത്തേക്ക് പ്രവഹിച്ചത്. കളിതമാശകളുമായി ഒരു കൂട്ടം ഞങ്ങളെ കടന്നുപോയി.

ഞങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വൃദ്ധയായ ഒരു ബുദ്ധസന്യാസിനി സ്തൂപത്തിന് താഴെയുള്ള ക്ഷേത്രത്തിന് സമീപത്ത് പടിഞ്ഞിരിക്കുന്നത് ശ്രീക്കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. അതി സൂക്ഷ്മമായി തന്റെ കൈയിലുള്ള ഒരു സാരി ഒരു കവറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും, അതിൽ പരാജയപ്പെടുന്നതും അവളുടെ കണ്ണിൽപ്പെട്ടു. മുത്തശ്ശിയോട് തോന്നുന്ന സ്നേഹ വായ്പോടെ അവൾ അവരെ സഹായിക്കാൻ എന്നോടാവശ്യപ്പെട്ടു. എന്റെ സഹായം അവർ സന്തോഷത്തോടെ സ്വികരിച്ചു എന്ന് മാത്രമല്ല, ചുറ്റുപാടും ഒന്ന് വൃത്തിയാക്കാനും എന്നോട് ആവശ്യപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം കവറുകളൊക്കെ മുന്നിലുള്ള ഗ്രില്ലിൽ കെട്ടിവെച്ചു ഞാൻ.
ഞങ്ങളെ എല്ലാവരെയും തലയിൽ കൈ വെച്ച് അനുഗ്രഹിക്കുകയും ചെയ്തു. സുന്ദരിയായ ആ മുത്തശ്ശി ഓർമ്മകളിൽ എന്നുമുണ്ടാവും.

ബുദ്ധിസ്റ്റ് ആരാധനക്രമത്തോടൊപ്പം ഹിന്ദു ആചാര രീതികളും ഇവിടത്തെ ക്ഷേത്രങ്ങൾ പിൻ തുടരുന്നുണ്ട്....

അവിടം മുഴുവൻ കറങ്ങിക്കണ്ടതിനു ശേഷം ഞങ്ങൾ  ഭക്ഷണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങി. സ്തൂപത്തിനഭിമുഖമായുള്ള പഴയ തെരുവിലെ റെസ്റ്റോറന്റുകൾ വ്യു പോയന്റ് എന്നവകാശപ്പെട്ട് വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയ ബാർ ഹോട്ടലുകളായിരുന്നു. ഒടുവിൽ ഞങ്ങൾ അവിടെ നിന്ന് പുറത്തിറങ്ങി. പ്രധാന റോഡിനിരുവശത്തും റെസ്റ്റോറന്റുകൾ തപ്പി. ഏതാനും വാര മുന്നോട്ട് നടന്നപ്പോഴാണ് സാക്ഷാൽ ദോശയുടെ ചിത്രവുമായി ഒരു കുഞ്ഞി റെസ്റ്റോറന്റ് ഞങ്ങളെ കാത്തിരിക്കുന്നത് കണ്ടത്.

കാണാനൊരു ലുക്കില്ലെങ്കിലും ഇനി ഒരടി മുന്നോട്ട് വെക്കാൻ പറ്റാത്തത്രയും ഞങ്ങൾ തളർന്നിരുന്നു. പതിനഞ്ചു മിനുട്ടിനുള്ളിൽ ഭക്ഷണം റെഡിയാക്കാമെന്ന് പറഞ്ഞ് അവർ ഓർഡർ എടുത്തു. ഓർഡർ കിട്ടിയ ഉടനെ ഒരാൾ സൈക്കിളെടുത്ത് പുറത്തേക്ക് പറക്കുന്നത് കണ്ടു. അഞ്ചു മിനുട്ടിനുള്ളിൽ ആട്ടയും മറ്റ് സാധനങ്ങളുമായി അയാൾ തിരിച്ച് വന്നു...പിന്നെ ഊഹിക്കാമല്ലോ! കുക്കറിന്റെ വിസിലടിയും ചപ്പാത്തി പരത്തുന്ന ശബ്ദവുമായി ഒരു വീടിന്റെ അടുക്കള പോലെ അത് സജീവമായി....

അരമണിക്കൂറിനുള്ളിൽ രുചിയുള്ള ചൂടുള്ള പറാത്തകളും , ദാലും, പനീർ മസാലയുമൊക്കെ ഞങ്ങളുടെ മുന്നിലെത്തി. അതിഥിസത്കാര പ്രിയരായ അവിടത്തെ സ്റ്റാഫ് ഞങ്ങൾക്ക് ചുറ്റും കൂടി നിന്ന് ഊട്ടി. ഭൂകമ്പത്തിന് ശേഷം ബിസിനസിൽ വന്ന നഷ്ടങ്ങളെക്കുറിച്ച് അവിടത്തെ മാനേജർ പരിതപിക്കുകയും ചെയ്തു.

(നേപ്പാളിൽ ഞങ്ങൾ പോയ മിക്ക റെസ്റ്റോറന്റുകൾക്കും ഹാൻഡ് വാഷ് ഏരിയ ഇല്ലായിരുന്നു. കൈ കഴുകുക എന്നത് ഭക്ഷണത്തിന് മുന്നും ശേഷവും അവരുടെ ആചാരങ്ങളിൽ പെടുന്നില്ല എന്ന് തോന്നുന്നു !)

നല്ല ഗംഭീരൻ ലഞ്ചിനു ശേഷം ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. ബുദ്ധിസ്റ്റ് മൊണാസ്ട്രികളായിരുന്നു യാത്രാ ലിസ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ നരേഷ് മറ്റൊരു സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടു പോവാമെന്ന് പറഞ്ഞു.....
കണ്ടിരുന്നില്ലെങ്കിൽ നഷ്ടമാവുമായിരുന്ന ആ കാഴ്ചയുമായി
അടുത്ത ആഴ്ച.
ബൗദ്ധനാഥ് സ്തൂപത്തിലേക്കുള്ള യാത്ര (ചരിത്രമുറങ്ങുന്ന നേപ്പാൾ-11: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക