കണ്ണൂര്‍: സിപിഎമ്മിലെ കണ്ണൂര്‍ ലോബി ആരാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എ.കെ.ജിയും അഴിക്കോടനുമെല്ലാം ഈ കണ്ണൂര്‍ ലോബിയില്‍ പെടുമോ എന്നും വ്യക്തമാക്കണം. വിമര്‍ശിക്കുമ്പോള്‍ കണ്ണൂര്‍ ലോബിയെന്ന് ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും കണ്ണൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പിണറായി പറഞ്ഞു. ചന്ദ്രശേഖരന് വധത്തില്‍ ആദ്യം പറഞ്ഞ റഫീഖിന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും പിണറായി ചോദിച്ചു.
റഫീഖിന്റെ വിരലയടാളം കാറിലുണ്ടായിരുന്നുവെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. അന്വേഷണം വഴിതെറ്റിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഹോബിയാണ്. ചന്ദ്രശേഖരനെ വധിക്കാനായി സിപിഎം നേതാക്കള്‍ കല്യാണവീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ഇത്രയും അടച്ചുറപ്പുള്ള പാര്‍ട്ടി ഓഫീസുകളുള്ള സിപിഎമ്മിന് കല്യാണവീട്ടില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമുണ്ടോ എന്നും പിണറായി ചോദിച്ചു.
പാര്‍ട്ടിവിട്ടവരെ ആയുധം കൊണ്ടു നേരിടുക എന്നത് സിപിഎമ്മിന്റെ നയമല്ല. പാര്‍ട്ടി ഒന്നാകെ കൈപ്പിടിയിലുണ്ടെന്ന് കരുതിയിരുന്ന എം.വി. രാഘവന് പാര്‍ട്ടി വിട്ടപ്പോള്‍ ഈ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയേല്‍ക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഒന്നും സംഭവിച്ചില്ല. എം.വി.രാഘവനെ പാര്‍ട്ടി ആയുധംകൊണ്ടല്ല നേരിട്ടത്. ഗൗരിയമ്മയുടെ കാര്യവും ഇതുപോലെയാണെന്നും പിണറായി പറഞ്ഞു.