ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. അല്‍ഫോണ്‍സ് പുത്രന്, രമേഷ് പിഷാരടി, സത്യന് അന്തിക്കാട്, തുടങ്ങിയവരും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. ഫഹദും മഹേഷ് നാരായണനും, ഈ രണ്ടു കാരണങ്ങള്‍ മതി മാലികിനായി കാത്തിരിക്കാനെന്ന് പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന് സത്യന് അന്തിക്കാട് കുറിച്ചു.
27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ. ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.