Image

ഞങ്ങടെ ചോരക്കെന്തു വില? (ചെറുകഥ: ഞാനാര്)

Published on 02 March, 2020
ഞങ്ങടെ ചോരക്കെന്തു വില? (ചെറുകഥ: ഞാനാര്)

(കുറിപ്പ് :-  ഇന്ത്യയിൽ ഞാൻ ജോലി ചെയ്തിരുന്ന ഒരു വലിയ സർക്കാര്  കമ്പനി അടച്ചുപൂട്ടുന്നു എന്ന് കേട്ടപ്പോൾ കുറെ പഴയ ഓർമ്മകൾ   വന്നു . അതിലൊന്ന് അനുഭവ കഥയായി അവതരിപ്പിക്കണമെന്ന് തോന്നി.കാലം 1981 -82 )

===================


പുതിയ കമ്പനിയുടെ കൺസ്ട്രക്ഷൻ തീർന്നു ഉത്പാദനം തുടങ്ങുന്നതിനു മുമ്പുള്ള ട്രയൽ റൺ നടക്കുന്ന സമയം. ഓരോ മിഷീനും ഓരോ പൈപ്പും ആദ്യം ഓരോന്നോരോന്നായും പിന്നെ എല്ലാം കുടിയും  ടെസ്റ്റ് ചെയ്തു ഓടിച്ചു ഉല്പാദനശേഷിയും ഗുണമേന്മയും എല്ലാം ഉറപ്പ് വരുത്തണം. പിന്നീട് മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങാവൂ.


ഏകദേശം തൊണ്ണൂറ്  ദിവസത്തെ പരിപാടി.


ലോകത്തിന്റെ നാനാഭാഗത്തു നിന്നും വാങ്ങി പിടിപ്പിച്ചിരിക്കുന്നു വലിയ യന്ത്രങ്ങൾ ! ഓരോന്നിന്റെയും നിർമാതാക്കളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്  അവ ടെസ്റ്റ് റൺ ചെയ്യേണ്ടത്. ചില മെഷീനുകളുടെ പ്രധാന ഭാഗങ്ങൾ ഒന്നിൽ കൂടുതൽ നിർമാതാക്കളുടെതാണ് .


പവർ പ്ലാന്റിൽ ഉപയോഗിക്കുന്ന  ഹൈ പ്രഷർ ഫീഡ് പമ്പ്  ഓസ്‌ട്രേലിയയിൽ നിന്നും വന്നതാണ്. അതിന്റെ  2000  ഹോഴ്സ് പവറിന്റെ മോട്ടോർ ഇന്ത്യയിൽ നിന്നും  മോട്ടോറും പമ്പും തമ്മിൽ ബന്ധിക്കുന്ന സ്പെഷ്യൽ ഗിയർബോക്സ്  (VSD) ജർമനിയിൽ നിന്നുമാണ്.


ട്രയൽ റണ്ണിനും റെസ്റ്റിനുമായി മോട്ടോറിന്റെയും VSD യുടെയും ആളെത്തി. പയ്മെന്റ്റ് വിസ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ആസ്‌ട്രേലിയൻ  പമ്പ് കമ്പനി കാർ എത്തിയില്ല. എന്ന് വരുമെന്നും തീർച്ചയില്ല.


AC ഹോട്ടലിൽ താമസം, ഡെയിലി അലവൻസ്   യാത്ര തുടങ്ങി ഒരു പ്രതിനിധിക്ക് വേണ്ടി ഒരു ദിവസം ചിലവാക്കുന്ന പൈസ ഞങ്ങളിൽ ഒരു എഞ്ചിനീറിനു  കിട്ടുന്ന ഒരു മാസത്തെ  ശമ്പളത്തിനൊപ്പമോ അതിലധികമോ  വരും.പല കമ്പനികളിൽ നിന്നായി നാല്പതോളം സ്റ്റാർട്ട് അപ്പ് എഞ്ചിനീർമാരും  ടെക്‌നിഷ്യൻസും ക്യാമ്പുസ്സിലുണ്ട്. 


ഞങ്ങളുടെ ഫീഡ് പമ്പ് ഓടാതെ പവർ പ്ലാന്റ് ഓടില്ല. പവർ പ്ലാന്റ് ഓടാതെ പ്രധാന പ്രൊഡക്ഷൻ പ്ലാന്റ് ഓടില്ല. കമ്പനിയുടെ പ്ലാൻസ് അപ്പാടെ പാളുന്ന അവസ്ഥ.ദിവസവും ഉണ്ടാകുന്ന ഭീമമായ നഷ്ടം . ഏറ്റവും കഷ്ടം ഇനിയു ഇത്രയധികം നിർമാതാക്കളുടെ സ്റ്റാർട്ട് അപ്പ് സേവനം ഒന്നിച്ചു സംഘ ടിപ്പിച്ചെ ടുക്കുന്നതെങ്ങനെ, എപ്പോൾ എന്നതാണ്. 


VSDയുടെ ജർമൻ പ്രതിധിക്കു ഇനി നാലു ദിവസം കുടി മാത്രമേ നിൽക്കാനാവൂ . അയാൾക്കു   സിംഗപ്പൂരിൽ വേറൊരു ക്ലിയന്റിന്റെ അടുത്തെത്തേണ്ടതുണ്ട് .അതിനു മുമ്പ് പോയേ പറ്റൂ എന്നയാൾ നോട്ടീസ് തന്നിരിക്കുന്നു .


എന്ത് ചയ്യും? ഡെയിലി കോഓർഡിനേഷൻ മീറ്റിംഗിൽ ജനറൽ മാനേജരുടെ ചോദ്യമുയർന്നു.


"സർ.തമിഴ് നാട്ടിൽ ഞാൻ ജോലി ചെയ്തിരുന്ന പവർ പ്ലാന്റിൽ ഇത് പോലത്തെതും  ഇതിലും വലുതായ അനേകം പമ്പുകളുണ്ട്.കാൽപ്പാക്കം നുക്ലീർ പ്ലാന്റിൽ ജോലി ചെയ്തവരുൾപ്പടെ പരിചയമുള്ളവരും ഫ്റഷുമായിട്ടുള്ള  അതിമിടുക്കരായ എഞ്ചിനീർമാരും മെക്കാനിക്കുകളും നമുക്കുണ്ട്.അനുവാദം തന്നാൽ ഞങ്ങൾ ഈ പമ്പ് സ്റ്റാർട്ട് ചെയ്യാം."


"വല്ലതും പറ്റിയാൽ വാറന്റി നഷ്ടപ്പെടും. പക്ഷെ ഐ വിൽ  ടേക്ക് ദി റിസ്ക് . ഗോ എഹെഡ് ആൻഡ് സ്റ്റാർട്ട് ദി പമ്പ് "


ജനറൽ മാനേജരുടെ വാക്കിന്റെ ധൈര്യത്തിൽ ഞങ്ങൾ പമ്പ് സ്റ്റാർട്ട് ചെയ്തു.പത്തു സെക്കന്റുകൾക്കകം പമ്പിന്റെ മെക്കാനിക്കൽ സീലിൽ നിന്നും പുക കണ്ടതു  കൊണ്ട് പാമ്പ് നിറുത്തി.


കാരണം വയക്തമായില്ല. ഒരായിരം പ്രാവശ്യം ഒന്നൊന്നായി ചെക്ക് ചെയ്ത ശേഷമാണു പമ്പ് സ്റ്റാർട്ട് ചെയ്തത് . എല്ലാവരും കൈ കടിച്ചു.


പമ്പിന്റെ കമ്പനിയുടെ ആളില്ലാതെ പമ്പ് സ്റ്റാർട്ടാക്കിയതെന്തിന് എന്ന് ചോദിച്ചു വർക്സ് മാനേജർ രംഗത്ത് വന്നു. മീറ്റിംഗിൽ ഒന്നും മിണ്ടാതെയിരുന്ന ആളാണ്. ജനറൽ മാനേജരുമായുള്ള ശീതസമരം കൊഴുപ്പിക്കാൻ കിട്ടിയ അവസരം! ജിഎം ഒഴിഞ്ഞാൽ കസേരയിലുള്ള കണ്ണ്. വീണു കിട്ടിയ അവസരം അയാൾ ഉപയോഗിക്കാൻ തുടങ്ങി.

.............


കമ്പനി ഉത്പാദനം തുടങ്ങണമെങ്കിൽ അതിനു മുമ്പ് ശമ്പള വർധനയും കൺസ്ട്രക്ഷൻ ബോണസ്സും തരണമെന്നു ഡിമാൻഡ് ചെയ്തു യൂണിയനുകൾ പണിമുടക്ക്  നോട്ടീസ് നൽകിയിരിക്കുകയാണ് . കുറഞ്ഞത് രണ്ടു ഡസൻ  യൂണിയനുകളെങ്കിലുമുണ്ട്. കമ്പനിയിൽ നേരിട്ട് ജോലിക്കാരായവർ , തൽക്കാല ജീവനക്കാർ അനേകം കോൺട്രാക്ടർമാരുടെ പണിക്കർ, ഓരോ രാഷ്ട്രീയ പാർട്ടികളുടെയും അവയ്ക്കുള്ളിലെ ഗ്രൂപ്പുകളുടെയും യൂണിയനുകൾ!


കമ്പനി വാതുക്കൽ സമര ഷെഡുകൾ, അനുബന്ധമായി, സമരം പൊടിപൊടിക്കണമേ  എന്ന പ്രാർത്ഥനയോടെ  ചായ പലഹാരങ്ങൾ വിക്കുവാനൊരുങ്ങുന്നവർ!  നാട്ടിലെ അമ്പലത്തിൽ വരാൻ പോകുന്ന ഉത്സവത്തിനു തയാറെടുക്കുന്നതു പോലെയുള്ള  അന്തരീക്ഷം.


ഇനിയെന്ത് ചെയ്യും എന്ന് പരസ്പരം ചോദിച്ചു കൊണ്ട് ഞങ്ങൾ ഓപ്പറേറ്റിംഗ് മാന്വലും ഡ്രായി ങ്ങുകളും  നോക്കിയിരിക്കുമ്പോഴാണ് വാർത്ത വന്നത്. 

"രാത്രി ഏഴു   മണി വരെ നീണ്ട  ചർച്ച പരാജയപ്പെട്ടു. നാളെ മുതൽ സമരം!"


കമ്പനിക്കകത്തേക്കു ഒരു തൊഴിലാളിയെയോ എഞ്ചിനീറെയൊ , മാനേജരെയോ കടത്തിവിടില്ല എന്ന് യൂണിയൻ  പ്രഖ്യാപിച്ചു.അകത്തുള്ള ഞങ്ങൾ കുറെ എഞ്ചിനീയർമാരും മെക്കാനിക്കുമാരും കമ്പനിയിൽ നിന്നും പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു. 


പമ്പ് എങ്ങനെയെൻകിലും ഓടിക്കണം.


ഏറ്റവും ശാന്തനായ  എന്നാൽ 'വൂൾഫ്ഗാങ്'  എന്ന് പേരുള്ള,  VSD യുടെ, ജർമൻ എഞ്ചിനീയർ ഞങ്ങളെ സഹായിക്കാമെന്ന് പറഞ്ഞു കൂടെ നിന്നു. ഒരു വാക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിലും  മെക്കാനിക്കൽ റിപയറുകളിൽ തനിക്കുള്ള അഗാധമായ പരിചയം ഞങ്ങളുമായി ആംഗ്യ ഭാഷയും സ്കെച്ചുകളും വഴി പങ്കിട്ട്   ഞങ്ങൾ കൊടുത്ത ഭക്ഷണവും കഴിച്ചു ഞങ്ങൾക്കൊപ്പം അവസാനം വരെ ഉണ്ടായിരുന്നു.


പമ്പ് അഴിക്കുവാനുള്ള അനുവാദം ഹെഡ് ഓഫീസിൽ നിന്നും കമ്പനിയിൽ നിന്നും വാങ്ങി. പിറ്റേ ദിവസം ഉച്ച  മുതൽ ഞങ്ങൾ പണി തുടങ്ങി. അഴിക്കുന്ന ഓരോനട്ടും ബോൾട്ടും നമ്പറിട്ടു അതിന്റെ സ്ഥാനവും  അടയാളപ്പെടുത്തി. തിരിച്ചു പിടിപ്പിക്കുമ്പോൾ ഒന്നും അങ്ങോട്ടുമിങ്ങോട്ടും മാറി പോകരുത് . ഏറ്റവും ശ്രദ്ധയോടെ പമ്പ് അഴിക്കാനാരംഭിച്ചു.


യൂണിയൻ നേതാവായിരുന്ന ഒരു മെക്കാനിക് സഹ നേതാക്കന്മാരുടെ ഭീക്ഷണി മൂലം പണിമുടക്കിൽ ചേരാൻ പുറത്തുപോയി. മറ്റു രണ്ടു പേർ  എന്തുവന്നാലും പമ്പിന്റ പണി തീരത്തെ പോകില്ല എന്ന് പറഞ്ഞു കൂടെ നിന്നു.


.............................


അത്യാവശ്യമായി വൈകുന്നേരം വീട്ടിലെത്തണമെന്നും അമേരിക്കയിൽ നിന്നും നാട്ടിൽ വന്നിട്ടുള്ള  അളിയനും കുടുംബവും  വിരുന്നു വരുന്നു എന്നും പറഞ്ഞുള്ള ഭാര്യയുടെ എഴുത്തു  സെക്യൂരിറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടത് കിട്ടിയപ്പോഴാണ് ഞാനക്കാര്യം ഓർത്തത്. വീട്ടിൽ പോയെ പറ്റൂ . അല്ലെങ്കിൽ കുടുംബജീവിതം തന്നെ കുളമാകും.


പോരുമ്പോൾ ചന്തയിൽ നിന്നും വാങ്ങാനുള്ള , വറുക്കാനുള്ള മീനിന്റെ പെരുൾപ്പടെ, സാധനങ്ങളുടെ ലിസ്റ്റും എഴുത്തിലുണ്ട്.


ബോസിനോടും മറ്റുള്ളവരോടും. അത്യാവശ്യം പറഞ്ഞിട്ട്  ഞാൻ ബൈക്  സ്റ്റാർട്ട് ചെയ്തു. ഗേറ്റിൽ പങ്കജാക്ഷൻ സമരം നയിക്കുകയാണ്.


തൊള്ള കീറി വിളിക്കുന്നു.


"ഞങ്ങടെ ചോരക്കെന്തു വില?

അണികൾ അതിലുമുച്ചത്തിൽ ഏറ്റു വിളിക്കുന്നു 

"ഞങ്ങടെ ചോരക്കെന്തു വില?"

ഓരോ കമ്പനി മാനേജര്മാരെയും സീനിയർ ഓഫീസർമാരെയും എഞ്ചിനീർമാരെയും പേരെടുത്തു മുദ്രാവാക്യം വിളിച്ചു അവർ ചെയ്ത അഴിമതികളെയും  എടുത്തു പറഞ്ഞു ചീത്ത പറയുന്നു . മിക്കവരെയും വ്യക്തിപരമായി തന്നെ അസഭ്യം പറയുന്നു.


എന്റെ പേരില്ല. അല്പം സമാധാനത്തോടെ ഓർത്തു.  ജാട  കാണിക്കാതെ,കൂടെ പണിയുന്ന തൊഴിലാളികളോട്  സ്നേഹമായി പെരുമാറുന്നത് കൊണ്ടാകാം, ലളിതമായി ജീവിക്കുന്നതുകൊണ്ടാകാം കഠിനമായി ജോലി ചെയ്യുന്നത് കൊണ്ടാകാം   തൊഴിലാളികൾ കഠിനമായി വെറുക്കുന്ന വരുടെ ലിസ്റ്റിൽ ഞാനില്ലായിരിക്കാം.


പക്ഷെ, കമ്പനിയുടെ ഗേറ്റ് കടന്നതും പങ്കജാക്ഷൻ എന്നെ തടഞ്ഞു. കൂടെ മുന്ന് നാലുപേരും ബൈക്കിന്റെ ഹാന്ഡിലിൽ പിടിച്ചു. എന്നെ നേരിട്ടറിയുന്നവർ ദൂരെ മാറി നോക്കി നിന്നു 

" സാറെ, ഞങ്ങൾ സമരത്തിലാണെന്നറിയാമല്ലോ.ഇന്ന് കയറിയത് ഞങ്ങൾ ക്ഷമിക്കാം. ഇനി സാറ്  കമ്പനിയിൽ  കയറുന്നതു സമരം ഞങ്ങൾ ജയിച്ചു കമ്പനിയിൽ കയറുന്ന ദിവസം മാത്രം. വെറുതെ പ്രശനം ഉണ്ടാക്കരുത്"


"ഫീഡ് പമ്പ് സ്റ്റാർട്ട് ആക്കിയപ്പോൾ ഫെയിൽ ആയി. ഇന്നലെ മുതൽ ഞങ്ങൾ കമ്പനിയിൽ  ആയിരുന്നു. വീട്ടിൽ പോയിട്ട് ഉടനെ തിരിച്ചു വരും. ഈ പമ്പില്ലെങ്കിൽ  കമ്പനി തന്നെ ഓടിക്കാനാവില്ല എന്നറിയാമല്ലോ. തടസം നിൽക്കരുത്.  " അഭ്യർത്ഥനയും അല്പം അധികാരവും കലർത്തി ഞാൻ പറഞ്ഞു തീരും മുമ്പ് കൂടെ നിന്ന ഒരാൾ എന്റെ  കോളറിൽ പിടിച്ചു താഴോട്ട് വലിച്ചു എന്നെ അയാളിലേക്കടുപ്പിച്ചു.


" വല്യ വർത്തമാനമൊന്നും പറയാതെ പോ സാറെ. ഇനി ഞങ്ങൾ പറയാതെ കമ്പനിയിൽ കയറിയാൽ മുട്ട് തല്ലി  ഒടിക്കും. തത്കാലം പൊയ്ക്കോ" 



അവർ പിടി വിട്ടു. വണ്ടി സ്റ്റാർട്ട് ആക്കി രണ്ടു മിനിറ്റ് പോയപ്പോൾ വളവിൽ വച്ച് വിജയൻ കൈ കാണിച്ചു നിറുത്തി . യൂണിയൻ പ്രസിഡന്റ് ആണ്. എന്റെ ഡിപ്പാർട്മെന്റിലെ ഏറ്റവും മിടുക്കനായ മെക്കാനിക്. 


"സാറെ, ഒരു ചെറിയ വഴക്കുണ്ടാക്കിയത്‌ വേറാരും സാറിനെ ഉപദ്രവിക്കാതിരിക്കാനാണ് .  കമ്പനിയിൽ  കയറുന്നവർ എത്ര ഉന്നതരായാലും തീവ്രമായി തടയണമെന്നാണ് നിശ്ചയം അവർ ശക്തരാണ്. എന്റെ കൈ വിട്ടു പോകാൻ മതി "


"എന്നാലും വിജയാ ......! ഇങ്ങനെ?"


"സാറിനോട് സത്യം പറയാം. രഹസ്യമാണ്. സമരം കല്കട്ടയിലെ ഹെഡ് ഓഫീസിന്റെ  അറിവോടും ആവശ്യപ്രകാരവുമാണ്. മെയിൻ മെഷീൻ റെഡി അല്ല. അവർ ഓർഡർ ചെയ്തപ്പോൾ പറ്റിയ പിഴയാണ്. റെഡിയാകാൻ ഇനിയും സമയമെടുക്കും. മിനിസ്ടറിയും മിനിസ്റ്ററും അറിഞ്ഞാൽ കുറെ വല്യ ആളുകളുടെ തലകൾ പോകും. പണി മുടക്കുണ്ടാക്കിയാൽ  അതിന്റെ പേരിൽ ഒരു 2 -3  മാസത്തെ സാവകാശം കിട്ടും . ഒരു ഒത്തുകളി"


"പാർട്ടിയുടെ യൂണിയൻ അതിനു കുട്ടു നില്കുവാണോ"


"അതാണ് കാര്യം!മറ്റു യൂണിയൻ  കാർ സമരത്തിന് ആഹ്വാനം ചെയ്യുമ്പോൾ ഞങ്ങൾ എതിർത്താൽ തൊഴിലാളികളെ ഞങ്ങൾക്ക് നഷ്ടപ്പെടും."


"അവസരവാദം. അല്ലെ?" വിജയൻ മിണ്ടിയില്ല.

" പക്ഷെ വിജയ. വിജയനെന്നെ അറിയാമല്ലോ. പമ്പിന്റെ പ്രാധാന്യവും ഞാൻ പറയേണ്ടല്ലോ. ഞാൻ പത്തു  മണിക്ക് തിരിച്ചു വരും. എന്നെ കൊന്നില്ലെങ്കിൽ അല്ലെങ്കിൽ  നടക്കാൻ വയ്യാത്ത വിധം എന്റെ മുട്ട് തല്ലി  ഒടിച്ചില്ലെങ്കിൽ  ഞാൻ കമ്പനിയിൽ  കയറും. മറ്റന്നാൾ ജർമൻ കാരൻ പോകുന്നതിനു മുമ്പ് പമ്പ് സ്റ്റാർട്ട് ചെയ്യണം."


വിജയൻ മിണ്ടിയില്ല. അല്പ മൗനത്തിനു ശേഷം വിജയൻ പതുക്കെ പറഞ്ഞു 


" സാർ ഒരു പതിനൊന്നായിട്ട്  വന്നാൽ മതി"

========================


ചന്തയിലെത്തിയപ്പോൾ എട്ടു  മണി. 

"സാറെ നല്ല പുത്തൻ കരിമീനുണ്ട്, രണ്ടുകിലോ തൂക്കിത്തരാം."


പരിചയമുള്ള മീൻകാരി . പലപ്പോഴും മീൻ ചുമന്നു വീട്ടിൽ കൊണ്ടുവരും. നല്ല മീനുണ്ടെങ്കിലേ വരൂ. പോകുമ്പോൾ ഒരു ചക്കയോ, ചക്കകുരുവോ,പച്ചക്കപ്പയോ തുടങ്ങി എന്തെങ്കിലും കൊടുക്കുന്നതും വാങ്ങി  വയറു നിറയെ ഭക്ഷണവും കഴിച്ചെ  മടങ്ങുകയുള്ളു. 


കാണുമ്പോഴെല്ലാം ITI പാസ്സായ മകന് എന്തെങ്കിലും ജോലി കമ്പനിയിൽ  മേടിച്ചു കൊടുക്കണമെന്ന് പറയും. ചാള ചുമന്നു കാശുണ്ടാക്കി പഠിപ്പിച്ചു  പാസ്സാക്കിയ മകൻ രണ്ടു വർഷമായി ഒരു ജോലിയുമില്ലാതെ അലയുന്നു.


വേണമെന്നോ  വേണ്ടെന്നോ പറയുന്നതിന് മുമ്പ് മീൻ തൂക്കി പൊതിഞ്ഞു കയ്യിൽ തന്നു. 


പൈസക്കായി  പോക്കറ്റിൽ കൈ ഇട്ടപ്പോഴാണറിഞ്ഞത്, പിടിവലിയിൽ പോക്കറ്റ് കീറി താഴേക്ക് മലർന്നു തൂങ്ങി  കുടക്കുന്നു. അടിയിലെ നാലോ അഞ്ചോ തുന്നലിൽ  തൂങ്ങി. ഒരു നൂറിന്റെയും ഒരൻപതിന്റെയും  ഒരിരുപതിന്റെയും   , അങ്ങനെ 170 രൂപ ഇന്നലെ പോക്കറ്റിൽ ഇട്ടതായിരുന്നു.


മീൻകാരി കാര്യം മനസ്സിലാക്കിയ പോലെ  .......


"എന്റെ മോൻ കമ്പനിപ്പടിക്കെന്ന്  ഇപ്പോൾ വന്നു പോയേയുള്ളു .എല്ലാം പറഞ്ഞു. ഞാൻ നാളെ വീട്ടിൽ വരുമ്പോൾ വാങ്ങിക്കൊള്ളാം. ദേ ഇതും കുടി നോക്കിക്കോ. മീൻപൊതിയുടെ സൈഡിൽ നൂറിന്റെ ഒരു നോട്ട് ഞാൻ കാണെ വച്ച് എന്നെ ഏല്പിച്ചു."


"നന്ദി " എന്റെ കെ മനസ്സ് പറഞ്ഞു.


നാട്ടിൽ വീട്ടുമുറ്റത്ത് ഭാര്യക്കും ഭർത്താവുനും ഇത്രയും  നല്ല ജോലിയുണ്ടായിട്ടും, സ്വൊന്തമായി വീടുണ്ടായിട്ടും,   കുടുംബത്തിൽ അത്യാവശ്യം വകകളൊക്കെ ഉണ്ടായിട്ടും  സത്യസന്ധതയും തോളിൽ തൂക്കി നടക്കുന്ന ഒരു പാവം എന്ന് പൊതുവെ അറിയപ്പെടുന്ന എന്നോട് സഹതാപമുണ്ടായിരുന്നവരിൽ മീൻകാരി ഒരാളാണ് . 'വിഡ്ഢി' എന്ന്  വിളിച്ചവരും, നിർഗുണനെന്ന് വിളിച്ചവരും ഉണ്ടായിരുന്നെങ്കിലും അനുകമ്പയും നേരിനോട് ബഹുമാനവും  മാഞ്ഞിട്ടില്ലാത്ത നാട്ടിൽ  തല താഴ്ത്താതെ നടക്കാൻ സാധിച്ചിരുന്ന കാലം!


ഒരു മൂലയിലേക്ക് മാറി നിന്ന് ശേഷിച്ച തുന്നലുകൾ വിടീച്ചു  പോക്കറ്റ് പറിച്ചെറിഞ്ഞു. തിരക്കിട്ടു സമാനങ്ങളും  വാങ്ങി വീട്ടിലെത്തിയപ്പോൾ 7 :45  

മോട്ടോർ ബൈക്കിന്റെ ശബ്ദം ആദ്യം കേൾക്കുന്നത് പപ്പൻ പട്ടിയാണ് . എന്നത്തേയും പോലെ ഞാൻ വരുന്നു എന്ന് എല്ലാവരെയും അറിയിക്കാൻ രണ്ടു പ്രാവശ്യം  കുരച്ചിട്ടു അവൻ ഗേറ്റിങ്കൽ വന്നു നിൽക്കും . കൂടെ ഓടി  നടക്കാറായ എന്റെ മൂന്നു വയസ്സ് കാരൻ മകനും.


അവനെ കോരിയെടുത്തു പപ്പന്റെ പുറത്തു തടവി വാതിൽക്കലെത്തിയപ്പോഴേക്കും  എല്ലാവരും ഹാജർ.


"കൊച്ചിനെ താഴെ വിട്ടിട്ടു ഒന്ന് പോയി കുളിച്ചു വാ.  തുണിയെല്ലാം മാറ് ".


"വല്യ എഞ്ചിനീയറാണെന്നു   പറഞ്ഞിട്ട് ദേഹം മുഴുവനും ഓയിലും ഗ്രീസുമാണല്ലോ.  ഇതെന്താ സത്യം?" അളിയൻ സംശയം ചോദിച്ചു.


കുളിക്കുമ്പോൾ ഭാര്യ പുറത്തുവന്നു ചോദിച്ചു " ചമന്നുള്ളിയും സവാളയും മുട്ടയും കേക്കുമൊക്കെ എവിടെ"? ലിസ്റ്റിലെഴുതിയിട്ടുണ്ടായിരുന്നു !


"സോറി . ലിസ്റ്റ് നഷ്ടപ്പെട്ടു. കേക്ക് വണ്ടിയുടെ പെട്ടിയിലുണ്ട്. ഉള്ളിയും മുട്ടയും മറന്നു". ബക്കറ്റിൽ നിന്നും തലയിൽ വീണ വെള്ളത്തിന്റെ ശബ്ദത്തിൽ ഭാര്യയുടെ നീണ്ട നെടുവീർപ്പ് കേൾക്കാതെ  പോയി . 


അമേരിക്കക്കാർ വരുമ്പോഴേക്കും ഒരു ഷവർ  ഹെഡ് മേടിക്കണം  എന്ന് പറഞ്ഞു പറഞ്ഞു അവസാനം അവൾ  പറച്ചിൽ നിറുത്തി.  ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം കോരിയൊഴിച്ചു കുളിക്കണം.


കുളി കഴിഞ്ഞിറങ്ങുവാൻ ഭാര്യയും പെങ്ങളും കാത്തുനിന്നു 


" ഈ ഷിർട്ടിന്റെ പോക്കറ്റ് എന്തിയേ ?"അവൾ അതും കണ്ടു പിടിച്ചു.


"അത് പോക്കറ്റടിച്ചുപോയി "


"അപ്പോൾ പൈസയോ ?"


"അതും പോയി . നാളെ മീൻകാരി  വരുമ്പോൾ ഒരു 140 രൂപ അധികം കൊടുത്തേക്കണം."


"140 രൂപയുടെ മീനോ?"


"അല്ല, 100 രൂപ പുള്ളിക്കാരി കടം തന്നതാ"


ഭാര്യയും അടുത്തുനിന്ന പെങ്ങളും ഒന്നും പറഞ്ഞില്ല. എല്ലാം മനസ്സിലായ പോലെ അവർ തല  കുനിച്ചു.

 

അളിയന്റെ മക്കൾ അത്ഭുതത്തോടെ എല്ലാം കാണുകയാണ്.

അമ്മായിയെ, അമ്മാവനെ, വല്യമ്മയെ, വല്യപ്പനെ, എല്ലാവരേയും  മാറി മാറി നോക്കുകയാണ് 

അരമതിലിൽ ഇരുന്ന്  അവരുമായും എല്ലാവരുമായും  വിശേഷങ്ങൾ പറഞ്ഞു.

ജീവിതത്തിൽ ആദ്യമായി കാണുന്ന പല്ലികൾ , നീണ്ടതും  കുറിയതുമായ അട്ടകൾ , ആട്, കോഴി,  എല്ലാത്തിനെപ്പറ്റിയും അവർക്കറിയണം. മൂത്ത മോൾക്ക് നാളെ പശുവിനെ കറക്കണം മോര് കടയണം , അരകല്ലിൽ മുളകരക്കണം 

യൂറോപ്യൻ കക്കൂസില്ലാത്ത , കുളിക്കാൻ ജക്കൂസി പോയിട്ട് ഷവർ പോലും  ഇല്ലാത്ത,AC യില്ലാത്ത വീടാണെങ്കിലും അവർക്കു കുറെ നാളു  കൂടി ഇവിടെ കഴിയണം.

അളിയൻ ഗൗരവമുള്ള കാര്യം പറഞ്ഞു തുടങ്ങി:

"കുറ്റം പറയുകയോ ഉപദേശിക്കുകയോ അല്ല. നിങ്ങളുടെ ജീവിതം കണ്ടിട്ട് എനിക്ക് വലിയ വിഷമം തോന്നുന്നു. ഇത്രയും നല്ല ജോലിയുണ്ടായിട്ടും, ശമ്പളത്തിനും പുറമെ എത്ര പൈസ വേണമെങ്കിലും  കിമ്പളം കിട്ടാൻ സാധിക്കുന്ന ജോലിയായിട്ടും  ഇങ്ങനെ ജീവിക്കുന്നതെന്തിനാണെന്നു എനിക്ക് മനസ്സിലാകുന്നില്ല."


ആരും ഒന്നും മിണ്ടിയില്ല 


"അവസരമുള്ളപ്പോൾ കിട്ടാവുന്നതെല്ലാം വാങ്ങി അടിപൊളിയായി ജീവിക്കാൻ നോക്കണം. ഭാവിയിലേക്ക് വേണ്ടത് കരുതുകയും വേണം. ആദർശവും ചുമന്നു നടന്നാൽ നടുവൊടിയും. ഇപ്പോൾ ഇവനൊരു മകനേയുള്ളു. ഇനിയും ഒന്നോ രണ്ടോ പേർ കുടിയുണ്ടാകും. അവർക്കു പ്രായമാകുമ്പോൾ, കോളേജിലിക്കെ പോകാറാവുമ്പോൾ, കെട്ടിച്ചു വിടാറാകുമ്പോൾ  ആദർശം കൊടുത്താൽ കോളേജിൽ അഡ്മിഷനോ ചിലവിനു പൈസയോ കിട്ടില്ല. പൈസ മേടിക്കാതെ  പെണ്മക്കളെ കല്യാണം കഴിക്കാനും ആരുമുണ്ടാവില്ല ."


ഭക്ഷണത്തിനിരുന്നപ്പോൾ പാലപ്പത്തിന് കറിയായി  മുട്ടക്കറി!. കുറ്റബോധത്തോടെ ഭാര്യയെ നോക്കി. അടുത്ത വീട്ടിൽ  പോയി സവാളയും മുട്ടയും കടം വാങ്ങിയിരിക്കുന്നു. 


ആങ്ങളയുടെ മുമ്പിൽ ചിരിക്കുന്ന മുഖം കാണിക്കുന്ന  പെങ്ങൾ!  കണ്ണുനീർ സ്വന്തം കവിളിൽ കുടി ഒഴുകാതെ   ഉള്ളിലൂടെ ഹൃദയത്തിലേക്കൊഴുക്കുന്നത് കണ്ടത് ഞാൻ മാത്രം. 


വളരെ ചുരുക്കം സ്ത്രീകൾക്ക് മാത്രം കഴിയുന്ന ഒരത്ഭുതം !


കമ്പനിയിൽ ഉടനെ തിരിച്ചു ചെല്ലേണ്ട  അത്യാവശ്യത്തെ പറ്റി  പറ്റും  വിധം എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി യാത്ര പറഞ്ഞു   പത്തു മണിക്ക് കമ്പനിയിലേക്കു തിരിച്ചു പോരാനിറങ്ങി.അളിയന്റെ ധാർമിക രോക്ഷം പിന്നെയും ഉയർന്നു

 

"ഈ പൊട്ട വണ്ടി മാറ്റി ഒരു കാറ് വാങ്ങാൻ പാടില്ലേ? ലോണും  മന്ത്‌ലി  മൈന്റെനൻസിനുള്ള അലവൻസും എല്ലാം കിട്ടുമല്ലോ."


"വേണ്ട. ഇനിക്കു മോട്ടോർബൈക്കാണ്‌  ഇഷ്ടം. കാറിനിത്രേം ഒച്ചയില്ല " മകൻ എതിർത്തു 

"ഒരു 200 രൂപ ഇവിടെ വച്ചിട്ട് പോണേ . നാളെ പണിക്കാർക്ക്   കൂലി കൊടുക്കണം. കടം പറഞ്ഞിരിക്കുവാ. ഇന്ന് കപ്പ  പറിച്ചു വിറ്റിട്ടു കൂലി   കൊടുക്കാനുള്ള  പൈസ പോലും കിട്ടിയില്ല. കപ്പക്ക് തീരെ വില കുറഞ്ഞു പോയി"

അപ്പൻ  ആവശ്യം ഉന്നയിച്ചു. ബൈക് നിറുത്തി പോയി 250  രൂപ എടുത്തു അപ്പനെ ഏല്പിച്ചു. 


പഠിക്കാൻ പോകുമ്പോൾ ആവശ്യപ്പെടുന്നതിലും കുറച്ചു കൂടി പൈസ തന്നെ അപ്പൻ വിടുമായിരുന്നുള്ളു. ഒരു പത്തു രൂപയെങ്കിലും.


ബൈക് വിയ് ക്കില്ല എന്ന് മകനെ പറഞ്ഞാശ്വസിപ്പിച്ചു  ടാറ്റ പറഞ്ഞു 10 :30 ന് കമ്പനിയിലെത്തി.


ഗേറ്റിൽ 10 -15 പേര് മാത്രം. പങ്കജാക്ഷൻ  ഇല്ല. ഗേറ്റിൽ ആരും എന്നെ  തടഞ്ഞില്ല. വിജയന് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് പമ്പിന്റെ അടുക്കലെത്തി. 


മെയിൻ കേയ്‌സ് അഴിക്കുന്നതിനു മുമ്പ് തന്നെ പ്രശ്നം ഏതാണ്ട് മനസ്സിലാക്കിയതായി അറിഞ്ഞു. ലൂബ്രിക്കേഷൻ സ്പ്രേ  ചെയ്യുന്ന ഒരു റിങ് പൊട്ടി ഉരഞ്ഞത് മൂലമാണ് പുകയുയർന്നത് . വേഗം നിറുത്തിയത്‌കൊണ്ടു മറ്റു ഡാമേജ് ഒന്നുമില്ല. ഒരു ചെറിയ സോൾഡറിങ് വർക്കും അല്പം M സീലും കൊണ്ട് പ്രശനം പരിഹരിച്ചു.


പിന്നെ എല്ലാം കുടി ഒന്നൊന്നായി തിരിച്ചു പിടിപ്പിച്ചു പമ്പും ഗിയർ ബോക്സും മോട്ടോറുമായി അലയിൻമെന്റും ചെയ്തു പമ്പ് സ്റ്റാർട്ടാക്കി. സമയം പിറ്റേന്ന്  1 :00 പിഎം . ആരും അത് വരെയും ഉറങ്ങിയില്ല. 


പമ്പ് സുന്ദരമായി ഓടുന്നു........


ജർമൻ സായിപ്പു ഉടനെ തന്നെ സ്ഥലം വിട്ടു. താൻ കേട്ടുപടിച്ച മലയാളത്തിൽ എല്ലാവർക്കും  നന്ദി പറഞ്ഞിട്ടാണ് പോയത്. ഒരസാധാരണ മനുഷ്യൻ.


മൂന്നു മണിയായപ്പോൾ വർക്സ് മാനേജർ വിളിച്ചു. പമ്പ് സ്റ്റാർട്ടാക്കിയതിൽ അങ്ങേയറ്റം അഭിനന്ദിച്ചു. സിഎംഡിയെ ഹെഡ് ഓഫീസിൽ വിളിച്ചു പറഞ്ഞു എന്നും പറഞ്ഞു. മിടുക്കൻ. GM നു മുമ്പേ കാര്യം മണത്തറിഞ്ഞു CMD യെ വിളിച്ചു പറഞ്ഞിരിക്കുന്നു. എന്റെ ബോസ്സാകട്ടെ അവസാനം വരെ കൂടെയിരുന്നു അര  മണിക്കൂറിലധികം പമ്പ് ഓടുന്നത് കണ്ട ശേഷമാണു GM നെ അറിയിച്ചത്.


" തന്നെ ഒരു സുപ്രധാന ജോലി ഏല്പിക്കുവാനാണ് ഞാൻ വിളിച്ചത്, കമ്മ്യൂണിസ്റ്റ് യൂണിയൻ സമരം ചെയ്തു കമ്പനിയെ നശിപ്പിക്കുവാൻ പോവുകയാണ്. CM ന്റെ ഗ്രൂപ്പിന്റെ യൂണിയൻ മാത്രം സമരത്തിനില്ല. CM നെ താറടിക്കുക എന്ന ഒരു ഗൂഢ ലക്ഷ്യവും സമരക്കാറുണ്ട് പ്രത്യേകിച്ചും സിഎം പാർട്ടിയുടെ എതിർ ഗ്രൂപ്പിന് ."


ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നുറപ്പ് വരുത്തി എന്നെ നോക്കി:

"പക്ഷെ സാർ ! CM ന്റെ ഗ്രൂപ്പ് യൂണിയനിൽ 10 പേരിൽ താഴെയേ ഉള്ളു. തൊഴിലാളികൾ മുഴുവനും കമ്മ്യൂണിസ്റ്റ് യൂണിയനിലോ CM ന്റെ എതിർ ഗ്രൂപ്പിൽപെട്ട  യൂണിയനിലോ ആണ്."


" ആ നില മാറണം . ഈ സമരത്തോട് കുടി CM ന്റെ യൂണിയൻ ശക്തിമാത്താവണം. അതിനു നമ്മൾ ഒത്താശ ചെയ്യണം "


"എങ്ങനെ?" 


"അവരിൽ എട്ടു പേരും തന്റെ ഡിപ്പാർട്മെന്റിലാണ് . പക്ഷെ ബോസ് (എന്റെ ബോസ്സിന്റെ പേര്) എന്നോട് സഹകരിക്കുന്നില്ല."


ഞാൻ കൂടുതൽ ശ്രദ്ധിച്ചു കേട്ടു 


"അവർ യൂണിയൻ പ്രവർത്തനവുമായി സ്ഥിരം പുറത്താണ്. പ്രേരിപ്പിച്ചും  ആവശ്യത്തിന് ഭീഷണിപ്പെടുത്തിയും  തൊഴിലാളികളെ ജോലിക്കു കയറ്റി സമരം പൊളിക്കാൻ പ്രവർത്തിക്കുകയാണ്.  CM അവർക്കു ആനുകൂല്യങ്ങളും ശമ്പളവര്ധനയും മേടിച്ചു കൊടുക്കുമെന്ന് പറഞ്ഞു അവരെ യൂണിയൻ മാറ്റി CM ന്റെ യൂണിയനിൽ ചേർക്കുകയാണ് " . 

"so ......"

"പുറത്താണ് പ്രവർത്തിക്കുന്നതെങ്കിലും അവർ  സ്ഥിരം കമ്പനിയിൽ ജോലി ചെയ്യുകയാണ് എന്ന് നിങ്ങൾ അവർക്ക് അറ്റന്റൻസ് മാർക്ക് ചെയ്യണം. കാർഡ് പഞ്ച് ചെയ്യാൻ ഞാനേർപ്പാടാക്കിയിട്ടുണ്ട്. ഏതെങ്കിലും കേസുണ്ടായാൽ അവർ ജോലിയിലായിരുന്നു എന്ന് തെളിയിക്കാൻ ഇതാവശ്യമാണ്.

ബോസ്സ് അത് ചെയ്യില്ല എന്ന് തീർത്തു പറഞ്ഞു. അയാൾ കമ്മ്യൂണിസ്റ്റാണ്. തനതു ചെയ്യണം. തനിക്കു അത് ചെയ്യാനുള്ള അധികാരമുണ്ട് ".


"സാർ ഈ സമരം തന്നെ ഹെഡ്ഓഫീസിലെ വമ്പന്മാർ അറിഞ്ഞു ആവശ്യപ്പെട്ടു ചെയ്യിക്കുന്നതാണ് എന്ന് ഒരാൾ എന്നോട് പറഞ്ഞു. "


വർക്സ് മാനേജരുടെ നടുക്കം ഞാൻ കണ്ടു.


" പരമ രഹസ്യമായിരിക്കണം  ഇക്കാര്യം. ഇതവരുടെ ഹെഡ് ഓഫീസ്‌കാരുടെ കാര്യം. പക്ഷെ ഇവിടെ നമുക്ക് ഇത് CM നെ സഹായിക്കേണ്ട അവസരമാണ്. CM ന്റെ ഓഫീസിൽ നിന്നും എന്നെ നേരിട്ട് വിളിച്ചാണ് പറഞ്ഞത്. സമരം കഴിയുമ്പോളേക്കും CM ന്റെ ഗ്രൂപ്പിന്റെ യൂണിയൻ ആയിരിക്കണം ഇവിടത്തെ മെയിൻ യൂണിയൻ . നമ്മൾ CM ന്റെ ആൽക്കരയാൽ പിന്നെ എന്തെന്തു ഗുണങ്ങളാണുണ്ടാവുക എന്ന് ആലോചിക്കണം.


ദിസ് ഈസ് ആൻ അസൈന്മെന്റ് ഫോർ യൂ ."


"ബോസ്സ് സാർ ഇക്കാര്യം എന്നോട് സംസാരിച്ചിരുന്നു. അവർ പ്ലാന്റിൽ ശരിക്കും ജോലി ചെയ്യുന്ന സമയം മാത്രം പ്രസന്റ്  ആയിരുന്നു എന്നെഴുതി റിപ്പോർട്ട് തരാം.ജോലിക്കു വരാതെ ജോലിക്കു വന്നു എന്നു  എഴുതാനാകില്ല എന്ന സാറിന്റെ നിലപാടിനോട് എനിക്ക് പൂർണ യോജിപ്പാണ്. അവർ വെളിയിൽ അടിപിടി, കത്തികുത്തു  മുതലായ കുറ്റങ്ങൾ ചെയ്താൽ, അതിനു ശേഷം ഞങ്ങൾ ജോലിയിലായിരുന്നു എന്ന് പറഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങളാണുണ്ടാവുക ?"


വർക്സ് മാനേജരുടെ മുഖം കറുത്തു. എങ്കിലും അനുനയിപ്പിക്കുവാനായി 

"നോക്കൂ . തന്റെ എക്സ്‌പീരിയൻസും ബാക്ഗ്രൗണ്ടും വച്ച് ബോസിനെ കാൾ  ഈ പ്ലാന്റ് ഹെഡ് അകാൻ എന്ത് കൊണ്ടും താൻ യോഗ്യനാണ് . അയാൾ ഇതുപോലൊരു പ്ലാന്റ് കണ്ടിട്ട് പോലുമില്ല. പിന്നെ ഇത് തന്റെ സ്വന്തം നാട്. നമ്മൾ മലയാളികളും അയാൾ വടക്കനും . സമരം കഴിയട്ടെ. തനിക്കു പ്രൊമോഷൻ നൽകി ബോസിനെ ഞാനിവിടന്നു കെട്ട് കെട്ടിക്കും. ഈ എട്ടു പേര് പ്ലാന്റിൽ ജോലി ചെയ്തു എന്ന് താൻ  റിപ്പോർട്ട് എഴുതി തന്നാൽ മാത്രം മതി."


"പക്ഷെ സാർ! ഇക്കാര്യത്തിൽ ബോസ് സാറ് പറയുന്നത് വളരെ ശരിയാണെന്നതാണ് എന്റെ അഭിപ്രായം. സാർ ആവശ്യപ്പെടുന്നതുപോലെയുള്ള ഒരു റിപ്പോർട്ട് താരാനെനിക്കാവുകില്ല."


തലമുറകളായി മിലിറ്ററി ഓഫീസർസ് IPS കാർ തുടങ്ങിയ  ജോലികളിൽ ആദർശ ധീരരായി ജോലി ചെയ്തവരുടെ  പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന ബോസ് സാറിനെ, അതെ പാരമ്പര്യം ജോലിയിൽ കാണിക്കുന്ന എന്റെ   ബോസിനെ ബഹുമാനത്തോടെയല്ലാതെ  കാണാനാവില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. 


വർക്സ് മാനേജരുടെ മുഖം കറുത്ത് കരുവാളിച്ചു. 

"താൻ  വളരെ മിടുക്കനായ ഒരു എഞ്ചിനീയർ തന്നെ. പക്ഷെ അഹങ്കാരം കുറെ കൂടുതലാണ്. effluvent  പ്ലാന്റിലെ വേസ്റ്റിനെപ്പറ്റി താനെഴുതിയ റിപ്പോർട്ട് കണ്ടപ്പോഴേ  തന്നെ പുറത്താക്കേണ്ടതായിരുന്നു. ട്രീറ്റ് ചെയ്യാത്ത വെള്ളം രാത്രിയിൽ എന്റെ ഓർഡർ പ്രകാരം പുറത്തേക്കൊഴുക്കുന്നു എന്ന് താനെഴുതിയില്ലേ?"


"അത് വളരെ തെറ്റായ ഒരു ഓർഡർ ഞാനറിയാതെ എന്റെ ജൂനിയർ എഞ്ചിനീർകു  സാറ് കൊടുത്തിട്ടല്ലേ? നമ്മൾ മലയാളികൾ എന്ന് സറി പ്പോൾ പറഞ്ഞതെ ഉള്ളു. ഈ നാട്ടിലെ അതിസുന്ദരമായ ഈ പുഴയിലേക്ക് വിഷം  എല്ലാമൊഴുക്കി നാട് നശിപ്പിക്കുന്നത് ചെയ്യരുത് എന്ന് ഞാൻ വിലക്കിയത് തെറ്റാണോ? "


ഒരു കമ്പനി നടത്തുമ്പോൾ അങ്ങനെയൊക്കെ ചിലപ്പോൾ ചെയ്യേണ്ടിവരും . അടുത്ത ആഴ്ച മുതൽ എഫ്‌ളുവന്റ് പ്ലാന്റ് തന്റെ കീഴിൽ നിന്നും മാറ്റുകയാണ്.  YOU ARE OUT "


ഇനിയുമുണ്ട്. തന്റെ ജീവിതം ഞാൻ നരകമാക്കും. വാട്ടർ മെയിൻ കോൺട്രാക്ട് തൻ കുരുവിള ക്കു കൊടു ക്കാതെ  തേർഡ് ലോവെസ്റ്റിന് കൊടുത്ത ഒരു കാരണം മതി തന്റെ ജോലി കളയാൻ .


" സാർ. കുരുവിള ഒരു സിവിൽ കോൺട്രാക്റ്റർ ആണ്. ഇന്ന് വരെ അയാൾ ഒരു ഫാബ്രിക്കേഷൻ ആൻഡ് വെൽഡിങ് കോൺട്രാക്ട് അതും Xray ക്വാളിറ്റി വെൽഡിങ് നടത്തേണ്ട പണി ചെയ്തിട്ടില്ല.കമ്പനിയിലേക്കു വെള്ളം കൊണ്ടുവരുന്ന മെയിൻ പൈപ്പിന്റെ പണി ചെയ്യുവാനുള്ള ഒരു യോഗ്യതയും അയാൾക്കില്ല. അയാൾ ഗുണ്ടകളെ വച്ച് പണിയുന്ന ഒരു റൗഡി കോൺട്രാക്ടർ ആണ്. വർക്ക്  തന്നില്ലെങ്കിൽ തട്ടിക്കളയുമെന്നു വരെ അയാൾ ഭീക്ഷണി മുടക്കിയതാണ്. ഞാനതു ജിഎം നു റിപ്പോർട്ട് ചെയ്തു.

പിന്നെ വർക്ക്  കൊടുതതോ ഏറ്റവും വലിയ ഫാബ്രിക്കേഷൻ ഫസിലിറ്റിയുള്ള കേരളത്തിലെ ഏറ്റവും വലിയ ഗവണ്മെന്റ്  കമ്പനിക്കാണ്. ഏറ്റവും ഭംഗിയായി പണി തീർക്കുകയും ചെയ്തു. ഇനി ഒരൻപതു കൊല്ലം കഴിഞ്ഞു നോക്കികൊള്ളൂ.  ഒരു തുള്ളി വെള്ളം ലീക്ക് ഉണ്ടാവുകയില്ല ."


കൂടാതെ കോൺട്രാക്ട് അവാർഡ് ചെയ്തതിന്റെ സർവ കാരണങ്ങളും റെക്കോർഡിലുണ്ട്. കമ്മിറ്റി അത് മുഴുവനും കണ്ടു unanimus ആയാണ് തീരുമാനമെടുത്തത് .


"അപ്പോൾ താൻ ഈ വർക്കേഴ്സിന് അറ്റന്റൻസ് കൊടുക്കില്ല?"


"ജോലിക്കു വന്നില്ലെങ്കിൽ കൊടുക്കില്ല. മൈ സ്റ്റാൻഡ് ഈസ് ഓൺ പ്രിൻസിപ്ൾ "


"എന്നെ ധിക്കരിച്ചവർ അനുഭവിച്ചിട്ടേ ഉള്ളു. തന്റെ ഊഴമാണടുത്തത്. ബി റെഡി ടു  പാക്ക് അപ്പ്  "


ഞാൻ പുറത്തിറങ്ങി. വിറക്കരുത് എന്ന് വിലക്കിയെങ്കിലും ഹൃദയം വിറച്ചു.


മണി 5 :30  കഴിഞ്ഞു. അളിയനും കുടുംബവും 3 നു എയർപോർട്ടിൽ പോകുന്നതിനു മുമ്പ് എത്താമെന്ന് പറഞ്ഞിരുന്നതാണ്.  അതും നടന്നില്ല. 


ഗേറ്റിൽ പങ്കജാക്ഷൻ സുമുഖനായി ഉടുത്തൊരുങ്ങി  വിളിച്ചു കൊടുക്കുന്നു.


ഞങ്ങളില്ല ഹൈന്ദവ രക്തം 

ഞങ്ങളില്ല മുസ്ലിം രക്തം 

ഞങ്ങളിലില്ല ക്രൈസ്തവ രക്തം 

ഓരോന്നും അണികൾ ഏറ്റു വിളിക്കുന്നു.

 അവസാനം ശക്തിയോടെ  പങ്കജാക്ഷൻ വിളിച്ചു കൊടുക്കുന്നു 

ഞങ്ങളിലുള്ളത് മനുഷ്യരക്തം.

എല്ലാവരും ചേർന്ന് എറ്റു വിളിക്കുന്നു 

"മനുഷ്യ രക്തം. മനുഷ്യ രക്തം" 


പിന്നെ അതി ശക്തിയോടെ 


"ഞങ്ങടെ ചോരക്കെന്തു വില?"


അണികൾ ദിഗന്തം പൊട്ടുമാറു ഏറ്റു  വിളിക്കുന്നു 


 "ഞങ്ങടെ ചോരക്കെന്തു വില?"

.................

വീട്ടിൽ ചെന്നയുടനെ എല്ലാവരുടെയും മുഖത്ത് പരിഭവം


"മുന്നു മണിക്ക് മുമ്പ് വരാമെന്നു പറഞ്ഞിട്ട്? അവരു  പോയി."

 

ഒന്നും പറയാതെ മോനെയും വണ്ടിയിൽ കേറ്റി കൂര് മലയുടെ  മുകളിൽ ആൾതാമസമില്ലാത്ത സമതലത്തെത്തി...


സൂര്യൻ അസ്തമിക്കുന്നതിന്റെ  ചുവപ്പു  നിറഞ്ഞ ആകാശത്തേക്ക് നോക്കി മോന് മേടിച്ചു കൊടുത്ത മെഗാഫോൺ എടുത്തു ഉറക്കെ വിളിച്ചു.


"ഞങ്ങടെ ചോരക്കെന്തു വില?"

മെഗാ  ഫോൺ മോന്റെ കയ്യിൽ കൊടുത്തിട്ടു ഏറ്റു  വിളിക്കാൻ പറഞ്ഞു പഠിപ്പിച്ചു


മോൻ ഏറ്റു വിളിച്ചു 


"ഞങ്ങടെ ചോരക്കെന്തു വില?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക