ആലപ്പുഴ: കുട്ടനാട് സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരുന്നു. ഇടതുമുന്നണിയിലാകട്ടെ ഘടകക്ഷിയായ എന്‍സിപിയിലും സ്ഥാനാര്‍ഥിയെച്ചൊല്ലി കലഹം. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സുചനകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയതോടെ ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുഡിഎഫില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞ സ്ഥിതിയാണുള്ളത്. കേരളകോണ്‍ഗ്രസിന്റെ സീറ്റായ ഇവിടെ ജോസഫ് വിഭാഗവും ജോസ്. കെ .മാണി വിഭാഗവും യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറായിട്ടില്ല. സീറ്റുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി രണ്ടു വിഭാഗങ്ങളും ഉറച്ചു നില്ക്കുന്നു. ജോസഫ് പക്ഷം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു കഴിഞ്ഞു. ജോസ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുള്ള കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ ഇവരില്‍ ആരു മല്‍സരിച്ചാലും തോല്വിയുണ്ടാകുമെന്നാണ് പാലാ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചതെന്ന വാദവുമായി സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ആഞ്ഞുപിടിച്ചാല്‍ ജയിക്കാവുന്ന ഒരു സീറ്റ് കേരളകോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കു മൂലം നഷ്ടപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനും മറ്റു ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. അതുകൊണ്ടു തന്നെ ഇരു വിഭാഗങ്ങളും തമ്മില്‍ യോജിപ്പുണ്ടായില്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി ഇതു പരസ്യമായി പറഞ്ഞിട്ടുമില്ല. ജോസഫ്-ജോസ് പക്ഷം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ശനിയാഴ്ച ചര്‍ച്ച നടത്താനിരുന്നതാണ്. എന്നാല്‍ മുസ്ലിം ലീഗിന്റെ അസൗകര്യം മൂലം ചര്‍ച്ച അടുത്തയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.ആ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുമെന്നറിയുന്നു. എന്നാല്‍ ഇരു വിഭാഗങ്ങളേയും അനുനയിപ്പിച്ച് എങ്ങനെ സീറ്റ് ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള വെല്ലുവിളി.
സീറ്റ് ഉറപ്പായിട്ടില്ലെങ്കിലും സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസില്‍ പല പേരുകളും പ്രചരിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് എം.ലിജു, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്, ജോസി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെയൊക്കെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.
ഇടതുമുന്നണിയിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്ബോള്‍ മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ളവര്‍ അതിനെ എതിര്‍ക്കുന്നു പാര്‍ട്ടിയില്‍ കുടുംബാധിപത്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് അവര്‍. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം.പി .മാത്യു, സുള്‍ഫിക്കര്‍ എന്നീ പേരുകളാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്.