ഫോര്‍ട്ട്വാലി (ജോര്‍ജിയ): ഫെബ്രുവരി 14 വെള്ളിയാഴ്ച മുതല്‍ കാണാതായ ഫോര്‍ട്ട്വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സീനിയര്‍ വിദ്യാര്‍ഥിനി അനിത്ര ഗുനിന്റെ (23) മൃതദേഹം ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ത്രോഫോര്ട്ട് കൗണ്ടി റോഡില്‍ വൃക്ഷനിബിഢമായ സ്ഥലത്തു നിന്നും കണ്ടെത്തി. ചില്ലികമ്പുകള്‍ കൊണ്ട് മൂടപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഫോര്‍ട്ട്വാലി പൊലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അനിത്രയുടെ കാമുകന് ഡിമാര്ക്കസ് ലിറ്റിലിനെ (23) ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു.
സൗത്ത് ഫള്‍ട്ടണ്‍ കൗണ്ടി വെസ്റ്റ് ലേക്ക് ഹൈസ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു, അഗ്രികള്‍ച്ചര്‍, മേജറായി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനം നടത്തിവരികയായിരുന്നു.
ലോക പ്രണയദിനത്തിലാണ് അവസാനമായി അനിത്ര ആശംസകള്‍ അറിയിച്ചു പിതാവിന് ടെക്സ്റ്റ് മെസ്സേജ് അയച്ചതും ദിവസത്തില്‍ ഇടയ്ക്കിടെ ഫോണ്‍ സന്ദേശം അയക്കുന്ന പതിവുള്ള അനിത്രയുടെ സന്ദേശം നേരം വൈകിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ഇതിനു സമാനമായ സംഭവമായിരുന്നു അറ്റ്ലാന്റാ യൂണിവേഴ്സിറ്റി സീനിയര്‍ അലക്സീസ് ക്രോഫേര്ഡിന്റേത് (31). യൂണിവേഴ്സിറ്റി ക്യാംപസിനു പുറത്തു താമസിച്ചിരുന്ന ഇവര്‍ അപ്രത്യക്ഷമായതിന് ഒരാഴ്ചയ്ക്കുശേഷം ഡികാമ്പ് കൗണ്ടി പാര്‍ക്കില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ അലക്സിയുടെ റൂം മേറ്റും റൂം മേറ്റിന്റെ കാമുകനും അറസ്റ്റിലായിരുന്നു. അനിത്രയുടെ മരണത്തെകുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.