ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോട്ടറിയായി ആം ആദ്മി പാര്‍ട്ടി. ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷം പേര് പാര്‍ട്ടി അംഗത്വം എടുത്തു. ഹാട്രിക് നേടി അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിച്ചതിന്റെ സൂചനയായി അംഗത്വ വര്‍ദ്ധനവിനെ പാര്‍ട്ടി നേതൃത്വം കണക്കാക്കുന്നു. 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.
2015ല്‍ നേടിയ 67 സീറ്റില്‍ നിന്ന് അഞ്ച് സീറ്റ് കുറഞ്ഞുവെങ്കിലും പാര്‍ട്ടിയുടെ വിജയത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി അംഗത്വ ക്യാംപെയ്ന് തുടങ്ങിയത്. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ പാര്‍ട്ടി അംഗങ്ങളാകൂ എന്ന് ആഹ്വാനം ചെയ്താണ് എ.എ.പി ക്യാംപെയ്ന് ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടി രാഷ്ട്ര നിര്മ്മാണ് എന്നാണ് രാജ്യവ്യാപക ക്യാംപെയ്ന്റെ പേര്.
9871010101 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്താല്‍ പാര്‍ട്ടി അംഗങ്ങളാകാം. മിഡ്ഡ് കോള്‍ ക്യാംപെയ്നിലൂടെയാണ് പാര്‍ട്ടി അംഗത്വം വര്‍ദ്ധിച്ചത്.