ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം!
ചൈനീസ് വിദേശകാര്യ മന്ത്രാലയത്തോടും വുഹാനിലെ പ്രാദേശിക ഉദ്യോഗസ്ഥരോടുമാണ് ഇന്ത്യ ആവശ്യ൦ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വിടാനാവശ്യമായ നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.
700ഓളം വിദ്യാര്‍ഥികളാണ് ചൈനയിലെ വുഹാനിലും സമീപ പ്രദേശങ്ങളിലുമായുള്ള വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. ഇതില്‍ അധികവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
പുതുവത്സര അവധിക്കായി ഭൂരിഭാഗം വിദ്യാര്‍ഥികളും നാട്ടിലേക്ക് വന്നെങ്കിലും 300 ഓളം വിദ്യാര്‍ഥികള്‍ ഇപ്പോഴും ചൈനയില്‍ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി 23ന് നഗരത്തിലെ പല ഭാഗങ്ങളും അടയ്ക്കുന്നതിന് മുമ്ബായി ചില വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചിട്ടുണ്ട്.
അതേസമയം, ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2000ല്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ഗുരുതരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്ന് പ്രസിഡന്റ് ഷീ ജി൦ഗ് പി൦ഗ് പറഞ്ഞു.
ശരീരസ്പര്‍ശനം ഒഴിവാക്കണമെന്ന കര്‍ശനനിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഹസ്തദാനം നല്‍കുന്നത്പോലും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം, ചൈനയിലെ 26 പ്രവിശ്യകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 5.6 കോടി ജനങ്ങളുടെ യാത്രകള്‍ വിലക്കിക്കൊണ്ടു 18 നഗരങ്ങളില്‍ നിയന്ത്രണം പ്രഖ്യാപിച്ചു. ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചകൂടി അവധി നല്‍കുകയും ചെയ്തിരിക്കുകയാണ്.
യൂറോപ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ചൈനയ്ക്കു പുറത്തു 12 രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.