Image

ടി.പി വധത്തില്‍ രണ്ട് ഏരിയാ കമ്മിറ്റികള്‍ക്ക് പങ്കെന്ന് അന്വേഷണ സംഘം

Published on 16 May, 2012
ടി.പി വധത്തില്‍ രണ്ട് ഏരിയാ കമ്മിറ്റികള്‍ക്ക് പങ്കെന്ന് അന്വേഷണ സംഘം
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന്റെ രണ്ട് ഏരിയാ കമ്മിറ്റികള്‍ക്ക് പങ്കെന്ന് അന്വേഷണ സംഘം കോടതിയില്‍. പാനൂര്‍, ഒഞ്ചിയം  ഏരിയ കമ്മിറ്റികള്‍ക്ക് കൊലപാതകവുമായി  ബന്ധമുണ്ടെന്ന് അന്വേഷണസംഘം കുന്നമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ  റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണവിവരം മാധ്യമങ്ങള്‍ക്ക്  ലഭിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ. സി. രാമചന്ദ്രനടക്കം നാലുപേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. ചന്ദ്രശേഖരനെ വധിക്കാന്‍ കൊടിസുനിക്ക് ക്വട്ടേഷന്‍ കൊടുത്തയാളാണ് രാമചന്ദ്രന്‍. മറ്റ് മൂന്നുപേരും സിപിഎമ്മുമായി  അടുത്തബന്ധമുള്ളവരാണ്.  ഇതോടെ ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 

സിപിഎം ഒഞ്ചിയം ഏരിയാകമ്മിറ്റിക്കുകീഴിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗമായ കെ. സി. രാമചന്ദ്രന്‍. വടകര മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയാണ് രാമചന്ദ്രന്‍. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന് വാടക നല്‍കിയത് രാമചന്ദ്രനാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഏറ്റവും താഴത്തെ കണ്ണിയാണ്  രാമചന്ദ്രനെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരനെ വധിക്കാന്‍ കൊടി സുനിയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് കൊലപാതകത്തിന് ഒരു മാസം മുമ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലെത്തിയാണ് രാമചന്ദ്രന്‍ ക്വട്ടേഷന്‍ നല്‍കിയത്.  താനാണ് ക്വട്ടേഷന്‍ കൊടുത്തതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമാണ് രാമചന്ദ്രന്റെ മൊഴി. എന്നാല്‍ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാമചന്ദ്രന്റെ മൊബൈല്‍ഫോണിലെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗൂഡാലോചനയിലെ പങ്ക് തെളിഞ്ഞത്.  

അഴിയൂര്‍ സ്വദേശി ദില്‍ഷാദ്, പി.കെ. മുഹമ്മദ് ഫൈസല്‍, കൂത്തുപറമ്പ് പൊന്ന്യം സ്വദേശി സനീഷ്  എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍. ഇതില്‍ ദില്‍ഷാദും മുഹമ്മദ് ഫൈസലും വ്യാജ സിംകാര്‍ഡുകളും  മൊബൈല്‍ഫോണുകളും തരപ്പെടുത്തിക്കൊടുത്തവരാണ്. കൊലയ്ക്ക് ശേഷം കൊടി സുനിയ്ക്ക് രക്ഷപ്പെടാന്‍ ബൈക്കില്‍ കൂട്ടുപോയത് പൊന്ന്യം സ്വദേശി സനീഷാണ്.
കസ്റ്റഡിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക