'നടി പാര്‍വ്വതി തിരുവോത്ത് സംവിധാന രംഗത്തേയ്ക്ക്' മലയാള സിനിമാ രംഗത്ത് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായി. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് നടി പാര്‍വ്വതി ഇപ്പോള്‍. ഈ വര്‍ഷവും അടുത്ത വര്‍ഷവും തിരക്കേറിയതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം തന്റെ പ്രതീക്ഷകളും പദ്ധതികളും പങ്കുവയ്ക്കുന്നത്. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഈ വര്‍ഷം അവസാനത്തോടെ താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുമെന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു. 'ഈ വര്‍ഷാവസാനം ചില യാത്രകള്‍ പദ്ധതിയിലുണ്ട്. കമ്മിറ്റ് ചെയ്ത കുറച്ച് പ്രൊജക്ടുകള്‍ ഇവ ബാക്കിയുണ്ട്. ഇതിന് ശേഷം നവംബര്‍-ഡിസംബര്‍ മാസത്തോടെ ഞാന്‍ തയ്യാറെടുപ്പ് ആരംഭിക്കും. എന്നാല്‍ സിനിമയുടെ യഥാര്‍ത്ഥ ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ളവ 2021ലായിരിക്കും. ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിലായിരുന്നു പ്രവര്‍ത്തിച്ചത് ഇനി ക്യാമറയ്ക്ക് പിന്നില്‍. ഏറെ ആവേശത്തിലാണ് ഞാന്‍.
സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിലും പങ്കാളിയാവുന്നുണ്ട്. ധാരാളം ഗവേഷണങ്ങള്‍ ആവശ്യമുള്ള വിഷയമാണ് പരിഗണിക്കുന്നത്. ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മനശാസ്ത്രപരമായ ഒരു ത്രില്ലര്‍ അതായിരിക്കും സിനിമയെന്ന് സൂചനയും പാര്‍വ്വതി നല്കുന്നു. ഒരു നടന് എന്ന നിലയില്‍ കഥാപാത്രത്തിന് വേണ്ട വിവരങ്ങള്‍ നമുക്ക് വേണ്ട സമയത്ത് മുന്നിലുണ്ടായിരിക്കും. എന്നാല്‍ സംവിധായകന് എന്ന നിലയില്‍ അതിന്റെ പത്തിരട്ടി വിവരങ്ങള്‍ നമുക്ക് വേണ്ടിവരും. പക്ഷെ ആ പ്രക്രിയ ആസ്വദിക്കുന്നു. വിവരങ്ങള്‍ തേടിയുള്ള ഗവേഷണത്തിന് അതിന്റെ ഗുണങ്ങളുണ്ട്. ഒരു സിനിമ യഥാര്‍ത്ഥത്തില്‍ രൂപം കൊള്ളുന്നത് ഒരാളുടെ ശിരസിലാണ്, പാര്‍വ്വതി പറയുന്നു.