Image

നമുക്ക് പരിചിതമാണ് ഈ പൂവന്‍കോഴിയെ

Published on 29 December, 2019
നമുക്ക് പരിചിതമാണ് ഈ പൂവന്‍കോഴിയെ
അപരിചിതരായ ആളുകള്‍ അത് പുരുഷനായാലും സ്ത്രീയായാലും നമ്മുടെ ദേഹത്ത് സ്പര്‍ശിക്കുന്നത് ആര്‍ക്കും ഇഷ്ടമാകില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് ഏറെ ചര്‍ച്ചകളും എഴുത്തുകളും നടക്കുന്ന ഇക്കാലത്തും ഏതിടത്തു നിന്നും സ്ത്രീ ശരീരത്തിലേക്ക് അപ്രതീക്ഷിതമായ ഒരു കടന്നു കയറ്റം അവളുടെ അനുമതിയില്ലാതെ ഉണ്ടായേക്കാം. ബസില്‍, തിരക്കേറിയ വഴികളില്‍, തിയേറ്ററില്‍, എന്തിന് ആശുപത്രികളില്‍ പോലും പുരുഷന്‍മാരുടെ ഭാഗത്തു നിന്നും സ്ത്രീകള്‍ക്ക് തോണ്ടലും പിടിക്കലും നേരിടേണ്ടി വരുന്നു എന്നത് സത്യമാണ്. അത്തരം സംഭവങ്ങള്‍ക്കു നേരെ ചില സ്ത്രീകള്‍ പെട്ടെന്ന് സ്തംഭിച്ചു പോകുന്നതു പോലെയാകും. ചിലര്‍ പ്രികരിക്കും. ചിലരാകട്ടെ, അപമാനിക്കപ്പെട്ട ആസംഭവം മനസിന്റെ ഉള്ളിലിട്ട് ,സ്വയംനീറ്റി വേദനയും അസ്വസ്ഥതയും അനുഭവിച്ചു കൊണ്ടേയിരിക്കും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍ കോഴി എന്ന ചിത്രം അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള നിരവധി സ്ത്രീകളുടെ പ്രതിനിധിയായി മാധുരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്. തന്റെ ദേഹത്തു കൈവച്ച ഒരുത്തനെ പല പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിട്ടും അവന്റെ പിന്നാലെ പോയി തിരഞ്ഞു പിടിക്കുന്ന പെണ്ണിന്റെ കഥയാണ് ഈ ചിത്രം.

മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന മാധുരിയാണ് ചിത്രത്തിലെ നായിക. നാട്ടിന്‍പുറത്തുകാരിയായ മഞ്ജു പട്ടണത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര ശാലയില്‍ സെയില്‍സ് ഗേളാണ്. മാധുരിയുടെ പ്രിയസുഹൃത്തായ റോസിയും അവള്‍ക്കൊപ്പം ഒരേ കടയില്‍ തന്നെ ജോലി ചെയ്യുന്നു. മാധുരിക്ക് വീട്ടില്‍ സാമ്പത്തിക ബാധ്യതയുണ്ട്. ബാങ്കിലെ കടം വീട്ടാന്‍ ഇത്തിരി സ്ഥലം വില്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് അവള്‍. കൂടാതെ തയ്യലുമുണ്ട്.

മാധുരിയും റോസും എന്നും പട്ടണത്തിലേക്ക് പോകുന്നതും വരുന്നതും ഒരുമിച്ചാണ്. അങ്ങനെ ഒരു ദിവസം ഒരു യാത്രയ്ക്കിടയില്‍ ഒരാള്‍ മാധുരിയെ ശരീരത്ത് കയറി പിടിക്കുന്നു. അപ്രതീക്ഷിതമായ സ്പര്‍ശനത്തില്‍ അവള്‍ ആദ്യം പകച്ചു പോയെങ്കിലും ധൈര്യം വിടാതെ അവള്‍ അയാളെ തേടിയിറങ്ങുന്നു. തനിക്ക് നേരിടേണ്ടി വന്ന അപമാനം ഒരു കനല്‍ പോലെ അവളുടെ ഉള്ളില്‍ കിടന്ന് നീറുന്നുണ്ട്. തന്റെ ദേഹത്ത് തൊട്ടവനെ എങ്ങനെയെങ്കിലും കണ്ടെത്തി അവനെ തല്ലുക എന്നതാണ് മാധുരിയുടെ ലക്ഷ്യം. അതിനായി അവള്‍ പ്രതികാര മനോഭാവത്തോടെ ഇറങ്ങുന്നു. കാര്യമറിഞ്ഞ വീട്ടുകാരും സുഹൃത്ത് റോസിയും അവളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കുന്നുണ്ടങ്കിലും മാധുരി അതിന് തയ്യാറാകുന്നില്ല. തന്നെ ഉപദ്രവിച്ചത് ആന്റപ്പന്‍ എന്നയാളാണെന്ന് മാധുരി തിരിച്ചറിയുന്നു. അപ്പോഴാണ് മറ്റൊരു പ്രശ്‌നം. അയാള്‍ ചന്തയിലെ കുപ്രസിദ്ധ ഗുണ്ടായാണ്. പക്ഷേ മാധുരി പതറുന്നില്ല. അവള്‍ക്ക് അയാളെ തല്ലിയേ തീരു. എന്നാല്‍ ഇതിനായി തുനിഞ്ഞിറങ്ങുന്ന മാധുരിക്ക് പിന്നീട് പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നു. ഇതിനെ മറികടക്കാന്‍ മാധുരി നടത്തുന്ന ശ്രമങ്ങളും ആന്റപ്പനെന്ന ഗുണ്ടയെ കണ്ടെത്താനും തന്റെ പ്രതികാരം നടപ്പിലാക്കാനുമായി മാധുരിയുടെ നീക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മാധുരിയിലൂടെയാണ് കഥ വികസിക്കുന്നത്. ബസിലെ പൂവാലശല്യത്തെ കുറിച്ച് പറയുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. മാധുരിയെ പെണ്ണുകാണാന്‍ വരുന്ന പയ്യനോട് ഇക്കാര്യം പറയുമ്പോള്‍ ബസ് യാത്രക്കിടയില്‍ ഇതൊക്കെ പതിവുള്ളതല്ലേ എന്ന മട്ടിലാണ് അയാള്‍ പോലും അവളോട് സംസാരിക്കുന്നത്. എന്നാല്‍ ഇതൊക്കെ അത്രയ്ക്ക വലിയ പ്രസ്‌നമാണോ എന്ന് സമൂഹം നിസാരവല്‍ക്കരിക്കുന്നിടത്തു നിന്നും ഇതും വലിയ പ്രാധാന്യത്തോടെ കാണേണ്ട വിഷയം തന്നെയാണെന്ന് ചിത്രം സമര്‍ത്ഥിക്കുന്നുണ്ട്. കാരണം സമാനമായ ദുരനുഭവങ്ങളില്‍ നീറിപ്പുകഞ്ഞ സ്ത്രീകള്‍ക്ക് ഇതിലെ മാധുരി നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. തനിക്ക് ചെയ്യാന്‍ കഴിയാതെ പോയത് സിനിമയിലെ നായിക ചെയ്യുന്ന് കാണുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും ഇത്തരം ദുരുദ്ദേശപരമായി പെരുമാറുന്ന പുരുഷന്‍മാരോട് അവര്‍ക്ക് എത്രമാത്രം വെറുപ്പുണ്ടെന്ന് തെളിയിക്കുന്നു. ആദ്യപകുതിയില്‍ ഒരു പഞ്ചോട് കൂടി അവസാനിക്കുന്ന ചിത്രം ഇടവേളയ്ക് ശേഷവും അത് വേഗത നിലനിര്‍ത്തുന്നു. ഒരവരത്തിലും ആകാംഷയും ഉത്ക്കണ്ഠയും പ്രേക്ഷകനെ വിട്ടു പോകുന്നില്ല. അത് വളരെ സമര്‍ത്ഥമായി തന്നെ കഥാന്ത്യം വരെ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.

മാധുരിയായി എത്തുന്ന മഞ്ജു വാര്യരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാധുരി മാറും എന്നുറപ്പാണ്. സ്ത്രീശാക്തീകരണം ഉയര്‍ത്തിക്കാട്ടുന്ന കഥാപാത്രങ്ങള്‍ തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ ചിത്രത്തിലെ മാധുരിയും. വൈകാരികക്ഷോഭവും പ്രതികാരമനോഭാവവും ഒരു പോലെ ജ്വലിക്കുന്ന അവസരങ്ങള്‍ നിരവധിയുണ്ട് ഈ ചിത്രത്തില്‍. ഏറ്റവുമൊടുവില്‍ ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത പൂവാലനെ പെരുവഴിയിലിട്ട് പ്രഹരിക്കുമ്പോള്‍ അത് ഇത്തരം മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ക്കു വേണ്ടി കൂടിയുളളതാകുന്നു. ഒരു പെണ്‍കുട്ടിയെ അപമാനിച്ച ശേഷം രക്ഷപെടാന്‍ നോക്കുന്ന പൂവാലനെ മാധുരി പ്രഹരിക്കുമ്പോള്‍ കാര്യമറിഞ്ഞിട്ടും കാഴ്ചക്കാരായി നില്‍ക്കുന്നവരെയും നമുക്ക് അവിടെ കാണാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ പോലും പ്രതികരിക്കാതെ മൗനം പാലിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് നമുക്കവിടെ കാണാന്‍ കഴിയുന്നത്. ഒടുവില്‍ പൂവാല ശല്യം സഹിക്കേണ്ടി വന്ന പെണ്‍കുട്ടി തന്നെയാണ് അയാള്‍ക്ക് തിരിച്ച് ഒരടി വച്ചു കൊടുക്കുന്നത്. പ്രതി പൂവന്‍കോഴി എന്നത് ഒരു കുടുംബചിത്രത്തിന്റെ ഗണത്തിലോ, ത്രില്ലറിലോ, എന്റര്‍ടെയ്‌നറോ ഒന്നുമായി താരതമ്യം ചെയ്യാനാകില്ല. പക്ഷേ ഈ പറഞ്ഞ വിഭാഗങ്ങളുടെയെല്ലാം സത്ത ഈ സിനിമയ്ക്കുണ്ട് താനും.       

ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന്റേതാണ്. ആന്റപ്പന്‍ എന്ന അറുവഷളന്‍ ഗുണ്ടയെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും വില്ലന്റെ എല്ലാ ഭാവങ്ങളിലും റോഷന്‍ തിളങ്ങി. അയാളുടെ ക്രൂര സ്വഭാവം വെളിപ്പെടുത്ത സ്റ്റണ്ട് സീനില്‍ ശരിക്കും ഇരുത്തം വന്ന ഒരു നടനെ പോലെ തന്നെ കസറിയിട്ടുണ്ട് റോഷന്‍.

അനുശ്രീ, അലന്‍സിയര്‍, ഗ്രേസ് ആന്റിണി, സൈജു കുറുപ്പ്, ബോബന്‍ ആലുംമൂടന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സംഗീതവും പശ്ചാത്തല സംഗീവും ഗോപീ സുന്ദറാണ്. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങും മികച്ചതായി. മികച്ച സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്.

നമുക്ക് പരിചിതമാണ് ഈ പൂവന്‍കോഴിയെ
നമുക്ക് പരിചിതമാണ് ഈ പൂവന്‍കോഴിയെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക