കൊച്ചി: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
2018ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടായിരുന്നു കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്ബാടിയിലാണ് സംഭവം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു കേസ്.
സ്കൂള്‍ ബസില്‍ വെച്ച് 13കാരിയുടെ കൈയിലിടിച്ചുവെന്ന പരാതിയില്‍ ബസുടമക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, ബസിലുണ്ടായിരുന്ന മറ്റ് കുട്ടികളുള്‍പെടെയുള്ളവര്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ നിരീക്ഷണം നടത്തിയത്.